യൗവ്വനത്തിൽ വ്യസനപൂർവ്വം പിരിഞ്ഞരണ്ടു ചൂണ്ടുവിരലുകൾ,
ഒന്ന് നീണ്ടുമെലിഞ്ഞത് , രണ്ടാമത്തേത് അല്പം തടിച്ചുകുറുകിയത് ,
രണ്ടും ചുക്കിച്ചുളിഞ്ഞത്,
വർഷങ്ങൾക്കുശേഷം അവർ ജനിച്ചു വളർന്ന നാട്ടിലെ 52-ാം നമ്പർ റേഷൻകടയിലെ ഇ പോസ് മെഷിനിൽ വിരലമർത്താൻ ക്യൂവിൽ നിന്നു. അടുത്തടുത്തായിരുന്നു അവരുടെ സ്ഥാനം. തികച്ചും യാദൃച്ഛികമായിരുന്നു ആ നില്പ്. അവരുടെ മുന്നിൽ അഞ്ചാറു പേരും അത്രയും പേർ പിന്നിലുമായി അല്പം നീണ്ട ചെറിയ ക്യൂവായിരുന്നു അത്. ഇടയ്ക്ക് ചുക്കിച്ചുളിഞ്ഞ് നീണ്ടു മെലിഞ്ഞ വിരലിന്റെ മഷിയെഴുതിയ കണ്ണുകൾ വെറുതെ ഒന്നു തിരിഞ്ഞു നോക്കി. തൊട്ടുപിന്നിൽ നിൽക്കുന്ന തടിച്ചു കുറുകിയ വിരലിന്റെ കണ്ണട വെച്ച കണ്ണുകളിൽ അന്നേരം വീണ നീണ്ടു മെലിഞ്ഞ രശ്മികൾ കാലം മറന്ന് ഒന്നും പറയാതെ വിസ്മയിച്ചങ്ങനെ നിന്നു പോയി.
ക്യുവിന്റെ മുമ്പിലെ 2 പേരുടെ നീളം കുറഞ്ഞപ്പോൾ പിന്നിൽ നിന്ന് ഒരു തള്ളൽ അനുഭവപ്പെട്ടു. പെട്ടെന്ന് അവർക്കിടയിൽ കാലം തിരിച്ചു വന്നു. രണ്ടു വിരലുകളും ക്യൂവിന്റെ അച്ചടക്കത്തിന്റെ ഭാഗമായി. അവർ ചേർന്നു നിന്നു. ചൂടുപിടിച്ച ഉച്ഛ്വാസവായുവിന്റെയും പരിഭവത്തിന്റെയും സ്പർശനത്തിന്റെയും
ഇടയിൽ ഒരു കടൽ ഇരമ്പി.
ഇ പോസ് മെഷിനിൽ വിരൽ വക്കേണ്ട ഊഴമെത്തിയപ്പോൾ മെലിഞ്ഞു നീണ്ട ചൂണ്ടുവിരലിന്റെ മുകളിൽ വെപ്രാളത്തോടെ തൊട്ടടുത്തെത്തിയ കറുകിയ വിരലും അമർന്നു.. അന്നേരം ഹൃദയത്തിൽ നിന്നെന്ന പോലെ ഒരു ബീപ് ശബ്ദം പുറത്തേക്കു വന്നു.. വിരൽത്തുമ്പുകൾ വേർപെടാൻ മടിച്ച് മെഷിനിൽ അമർന്നു. ചൂണ്ടുവിരലുകളുടെ അഗ്രഭാഗത്തുനിന്നും ഒരു വൈബ്രേഷൻ കാൽ വിരലുകളിലേക്ക് പടർന്നിറങ്ങുന്നത് അവരറിഞ്ഞു.




👌