സർവ്വത്ര സൂക്ഷ്മമായി ഇരിക്കുന്ന ഈശ്വരനെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കാണാൻ കഴിയുകയില്ല. അനുഭവിക്കാനേ കഴിയു! അതിന് ധ്യാനിക്കുകയാണ് വേണ്ടത്. ദിവസവും അഞ്ചുമണിക്ക് ധ്യാനം ആരംഭിക്കാൻ കഴിയുന്ന വിധം അതിനായി നേരത്തെ ഉറക്കം ഉണർന്ന് പ്രാഥമിക ആവശ്യങ്ങളൊക്കെ നിർവഹിച്ചതിനു ശേഷം ശാന്തമായി ഇരിക്കാൻ കഴിയുന്ന സ്ഥലത്ത് സുഖകരമായ അവസ്ഥയിൽ ശ്രദ്ധയോടെ നമ്മുടെ ഉള്ളിലേക്ക് നോക്കി കണ്ണുകൾ അടച്ച് സാക്ഷി ഭാവത്തിൽ മുഴുവനായി ഈശ്വരന് സമർപ്പിച്ച് കൊണ്ടിരിക്കുക. ഇതുമൂലം നമ്മുടെ ജീവിതം സുന്ദരവും ശോഭനവുമായി തീരും. കണ്ണുകൾ അടച്ച് ധ്യാനം ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ കണ്ണുകൾ തുറന്നു വച്ചുതന്നെ ധ്യാനം ചെയ്യാനുള്ള സന്നദ്ധതയിൽ ഇരിക്കുക. ഏതാനും ദിവസത്തെ പരിശീലനം കൊണ്ട് അത് പരിഹരിക്കാൻ കഴിയും.
ബുദ്ധിമതിയായ ഒരു യുവതിയുടെ ബുദ്ധി വൈഭവം വേണ്ടവിധം പ്രകടിപ്പിച്ചതുവഴി ജീവൻ തിരിച്ചു കിട്ടിയ ഒരു കഥയിൽ കൂടി ആകാം ഇന്നത്തെ വായന.
ഒരു രാജ്യത്ത് തെരുവുകളിൽ മാജിക് കാണിച്ച് ഉപജീവനം നടത്തിയിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു. മാജിക് കണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന ആരും വേണ്ടത്ര പണം മാജിക് കാരന് കൊടുത്തിരുന്നില്ല. അങ്ങിനെയിരിക്കെ ആ രാജ്യത്തെ രാജാവ് അദ്ദേഹത്തിന്റെ മകനെ യുവരാജാവായി അവരോധിക്കുന്നതിന്റെ ആഘോഷ പരിപാടിയിൽ നല്ല പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന കലാകാരന്മാർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുക്കുമെന്ന് വിളംബരം ചെയ്തു.
ഇത് കേട്ട മാജിക് കാരൻ ഈ കാര്യം ഭാര്യയെ അറിയിച്ചു. ഭാര്യ പറഞ്ഞു നിങ്ങൾ നല്ലൊരു മാജിക് കാരനാണ്. നിങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ കിട്ടിയ ഈ അവസരം പാഴാക്കരുത് എന്നെല്ലാം പറഞ്ഞ് ധൈര്യം കൊടുത്തു. മാജിക് കാരൻ രാജകൊട്ടാരത്തിലേക്ക് യാത്രയായി. രാജകൊട്ടാരം ദീപാലങ്കാരങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.
രാജകൊട്ടാരം ഒരു ഉത്സവ ഛായയിൽ ആയിരുന്നു. രാജകുമാരനെ അവരോധിക്കുന്നതിന് മൂന്നുദിവസം മുമ്പേ കലാപരിപാടികൾ ആരംഭിച്ചിരുന്നു. കൊട്ടാരത്തിൽ പലയിടത്തായി കലാകാരന്മാർ അവരുടെപരിപാടികൾ പരിശീലിക്കുന്നുമുണ്ട്.
മാജിക്കുകൾ അവതരിപ്പിക്കുന്ന ദിവസമായി. രാജാവ് സിംഹാസനത്തിൽ ഉപവിഷ്ടനായി. രാജകൊട്ടാരം കാണികളെ കൊണ്ട് നിറഞ്ഞു. മാജിക് കലാകാരന്മാർ അവരവരുടെ പ്രകടനങ്ങൾ കാഴ്ചവെച്ച് തുടങ്ങി. ഇത് കണ്ട് രാജാവും കാണികളും സന്തോഷം കൊണ്ട് മതി മറന്നു. തനിക്ക് അറിയുന്ന പല മാജിക്കുകളും അവിടെ അവതരിപ്പിച്ചു കഴിഞ്ഞു. ഇനിയെന്തു ചെയ്യും എന്ന് മാജിക്കുകാരൻ ആലോചിച്ച് അവസാനം ഒരു മാജിക് ചെയ്യാൻ ഉറപ്പിച്ചു. മാജിക്ക് കാരന്റെ ഊഴമായി. മാജിക്ക് കാരൻ കാണിച്ചത്. രാജാവിന്റെ സിംഹാസനം മാറിപ്പോകുന്നത് ആയിട്ടാണ്. ഇത് കണ്ട് കാണികൾ എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ചുവെങ്കിലും രാജാവിന് ഇത് അപമാനം ആയിട്ടാണ് തോന്നിയത്.
രാജാവ് മാജിക് കാരനെ കാരാഗ്രഹത്തിൽ അടയ്ക്കാനും 10 ദിവസത്തിനു ശേഷം വധിക്കാനും ഉത്തരവിട്ടു. മാജിക് കാരൻ രാജാവിനോട് അപേക്ഷിച്ചു. എനിക്ക് അവസാനമായി എന്റെ ഭാര്യയെ ഒന്ന് കാണാൻ അനുവദിക്കണം. രാജാവ് ഉടനെ സേവകരെ വിട്ട് ഭാര്യയെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ബുദ്ധി മതിയായ ഭാര്യ മാജിക്കുകാരന്റെ ചെവിയിൽ എന്തോ പറഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോയി.
മാജിക് കാരനെ വധിക്കേണ്ട ദിവസം മാജിക്ക് കാരനെ രാജാവിന്റെ മുമ്പിൽ ഹാജരാക്കി. മാജിക്ക് കാരൻ അവസാനമായി തന്റെ ആഗ്രഹം രാജാവിന്റെ മുമ്പിൽ ഉണർത്തിച്ചു. എനിക്ക് ഒരു പറക്കുന്ന കുതിരയുണ്ട്. ഞാൻ കുതിരയെ പറക്കാൻ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ കാലശേഷം ആ കുതിരയെ പറക്കാൻ പഠിപ്പിച്ച് അങ്ങ് സംരക്ഷിക്കണം. പറക്കുന്ന കുതിരയോ… രാജാവ് ആശ്ചര്യത്തോടെ ചോദിച്ചു. ആ കുതിരയെ തനിക്ക് കിട്ടിയാൽ ഉണ്ടാകാൻ പോകുന്ന പ്രശസ്തിയെക്കുറിച്ച് രാജാവ് ചിന്തിച്ചു. മാജിക്ക് കാരനോട് രാജാവ് പറഞ്ഞു. രണ്ടുവർഷം സമയം തരാം അതിനിടയ്ക്ക് കുതിരയെ പറക്കാൻ പഠിപ്പിക്കുക അതിനുശേഷം എനിക്ക് അതിനെ തരണം. ഇതും പറഞ്ഞ് മാജിക് കാരനെ വീട്ടിലേക്ക് പറഞ്ഞു വിട്ടു.
വീട്ടിലെത്തിയ മാജിക് കാരനോട് ഭാര്യ പറഞ്ഞു. ഇനി രണ്ടുവർഷം ഇല്ലേ. അതിനിടയ്ക്ക് എന്തൊക്കെ സംഭവിക്കും എന്ന് പറഞ്ഞ് മാജിക് കാരനെ ആശ്വസിപ്പിച്ചു. അധികം കാലം കഴിയുന്നതിനു മുമ്പ് രാജാവ് മരിച്ചു.
രാജകുമാരനെ രാജാവായി അവരോധിക്കാനുള്ള ചടങ്ങുകളുടെ ഭാഗമായി നടത്തുന്ന കലാപരിപാടികളിൽ ഒരു ഇനമായി മാജിക് നടത്താൻ രാജകുമാരൻ മാജിക് കാരനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. രാജാവിന്റെ സിംഹാസനം മാറ്റിയ മാജിക്ക് രാജാവ് ഒഴിച്ച് രാജകുമാരൻ അടക്കം എല്ലാകാണികളും അത്ഭുതത്തോടെയാണ് കണ്ടത്. മാജിക്ക് കാരന്റെ കഴിവുകളിൽ സന്തുഷ്ടനായി രാജകുമാരൻ മാജിക്കുകാരനെ രാജകൊട്ടാരത്തിൽ മാജിക്കുകൾ കാണിക്കാൻ നിയമിച്ചു. മാജിക്ക് കാരന്റെ പറക്കുന്ന കുതിരയെക്കുറിച്ച് രാജകുമാരൻ അന്വേഷിച്ചു. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി കിട്ടാൻ ഭാര്യ ഉപദേശിച്ചതാണ് അതെന്ന് പറഞ്ഞു. ബുദ്ധി മതിയായ ഭാര്യയേയും കൂട്ടി കൊട്ടാരത്തിൽ കുടുംബസമേതം താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ രാജകുമാരൻ കൽപ്പിച്ചു.
എന്റേതും അന്യന്റേതും ഇത് രണ്ടിനും വ്യത്യസ്തങ്ങളായ മനോഭാവങ്ങളാണ് മനുഷ്യരായ നമുക്കുണ്ടാവുക. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ എന്തൊരു ചേല്. ചില കാര്യങ്ങൾ പറയുമ്പോഴും ഇത് ചേർത്ത് പറയുന്നതായി കേട്ടിട്ടുണ്ട്. ഇതുപോലെയുള്ള ഒരു സംഭവമാണ് ഇന്നത്തെ കഥയുടെ സാരാംശം.
ഒരുസർക്കസ് കൂടാരത്തിൽ പലവിധ അഭ്യാസപ്രകടനങ്ങൾ നടക്കുകയാണ് ഓരോ അഭ്യാസങ്ങൾ കഴിയുമ്പോളും കാണികൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട് സർക്കസ് കൂടാരത്തിന്റെ ഒരുഭാഗത്തു നിന്നും മറു ഭാഗത്തേക്ക് ഉയരത്തിൽ കെട്ടിവെച്ച കയറിൽക്കൂടി ഒരു അഭ്യാസി നടന്ന് മധ്യഭാഗത്ത് എത്തിയപ്പോൾ നിലത്ത്,വീഴുമോഎന്ന് കാണികൾ ഭയപ്പെട്ടിരുന്നു അത്രമാത്രം സാഹസിക നിറഞ്ഞതായിരുന്നു ആ പ്രകടനം.കയ്യിലുള്ള വടിയിൽ പിടിച്ച് നിയന്ത്രിച്ച് പിന്നെയും നടന്ന് അക്കരെഎത്തി. കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പിന്നീട് തന്റെ മകനെ ചുമലിൽ വെച്ച് കയറിൽകൂടി നടക്കുന്നതിന് മുമ്പ് തനിക്ക് അതിന് കഴിയുമോ എന്ന് കാണികളോട് ചോദിച്ചു. തീർച്ചയായും താങ്കൾക്ക് അതിന് കഴിയുമെന്ന് കാണികൾ ഒരേ സ്വരത്തിൽ പറഞ്ഞു. ആ അഭ്യാസം പൂർത്തീകരിച്ച ശേഷം സർക്കസുകാരൻ കാണികളോട് ചോദിച്ചു. എന്റെ തോളിൽ കയറ്റി ഇരുത്തി കയറിൽക്കൂടി നടക്കാൻ നിങ്ങളുടെ കുട്ടികളെതരുമോ എന്ന് ചോദിച്ചു. അതിനുത്തരം പറയാതെ കാണികൾ തലകുമ്പിട്ടിരുന്നു അതങ്ങിനെയാണ്. സ്വന്തം കുട്ടിയാകുമ്പോൾ അനേകം ഭവിഷ്യത്തുകൾ മനസ്സിലേക്ക് ഓടിവരും.




Good one first time reading