ഇന്ത്യയില്‍ പുതിയ പ്രീ പെയ്ഡ് മൊബൈല്‍ റീചാര്‍ജ് സേവനം ആരംഭിച്ച് വാട്‌സാപ്പ്. ഇതോടെ ഉപഭോക്താക്കള്‍ക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കാതെ തന്നെ വാട്‌സാപ്പില്‍ നിന്ന് നേരിട്ട് മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. പേയു (PayU) ആപ്പുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം വാട്‌സാപ്പ് നടപ്പിലാക്കുന്നത്.
ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (Vi) എന്നീ പ്രമുഖ ടെലികോം സേവനദാതാക്കളുടെ നമ്പറുകള്‍ ഇത്തരത്തില്‍ റീചാര്‍ജ് ചെയ്യാം. വാട്‌സാപ്പ് ഹോം സ്‌ക്രീനില്‍ പുതുതായി നല്‍കിയിട്ടുള്ള രൂപ (?) ഐക്കണ്‍ ക്ലിക്ക് ചെയ്ത് വളരെ വേഗത്തില്‍ റീചാര്‍ജ് നടപടികള്‍ പൂര്‍ത്തിയാക്കാം.
യുപിഐ, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവും ആപ്പില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
മെസേജിംഗിന് പുറമെ പേയ്മെന്റ്, ടിക്കറ്റ് ബുക്കിംഗ്, ബില്‍ പേയ്മെന്റ് തുടങ്ങിയ സേവനങ്ങളിലേക്ക് വാട്‌സാപ്പ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ഡിജിറ്റല്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ്. മെട്രോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം നേരത്തെ തന്നെ വാട്‌സാപ്പില്‍ ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് റീചാര്‍ജ് സൗകര്യവും എത്തുന്നത്.
ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നത്. വരും ആഴ്ചകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. സാധാരണക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ റീചാര്‍ജ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാണ് വാട്‌സാപ്പ് ഉയര്‍ത്തുന്നത്.



