പ്രിയരേ ;
മലയാളി മനസ്സ് വായനക്കാർക്ക് വേണ്ടി അവലോകനം നടത്തുന്നത്
ശ്രീ. പദ്മരാജൻ സംവിധാനം ചെയ്ത ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന അതിമനോഹരമായ സിനിമയാണ് ‘
..1986 സപ്തംബർ പന്ത്രണ്ടിനാണ് ഈ പ്രണയകാവ്യം അഭ്രപാളികളിൽ എത്തിയത്.
1985 ൽ ഒരു പ്രമുഖ ആഴ്ചപ്പതിപ്പിൽ വന്ന കെ.കെ സുധാകരൻ്റെ നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം എന്ന നോവലാണ് പദ്മരാജൻ മധുരമൂറും മുന്തിരിത്തോപ്പുകൾ ആക്കി മാറ്റിയത്.
‘”നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം ” അതിന്റെ അടുത്ത വരികൾ എന്താണെന്നറിയാമോ ? സോളമൻ സോഫിയയോട് ചോദിച്ചു.
ഊഹും ( അറിയില്ല)
അല്ലെങ്കിൽ വേണ്ട എന്ന് സോളമൻ
പറയ്
പോയി ബൈബിൾ എടുത്തുവച്ചു നോക്ക്….
സോളമൻ പറഞ്ഞു നിറുത്തിയതിൻ്റെ അടുത്ത വരികൾ എന്താണെന്നറിയാൻ വീട്ടിലേക്ക് ഓടിയെത്തിയ സോഫി ബൈബിൾ എടുത്തു വായിക്കുമ്പോൾ ‘അവിടെവച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും.’ എന്നു വായിക്കുന്ന ആ രംഗങ്ങൾ മലയാള പ്രേക്ഷകർ നെഞ്ചിലേറ്റി..ആ രംഗങ്ങൾക്ക് കൂടുതൽ ചാരുത നൽകാൻ ജോൺസൺൻ്റെ പശ്ചാത്തല സംഗീതവും കരുത്തേകി.’ അക്കാലത്ത് അതിലെ ഡയലോഗുകൾ യുവഹൃദയം ഏറ്റുപറഞ്ഞു. ബൈബിൾ തുറന്ന് നോക്കാത്തവർ പോലും ശാലമോന്റെ ഉത്തമഗീതം വായിക്കാൻ മാത്രമായിട്ടെങ്കിലും അതിൽ ആകൃഷ്ടരായി. മൊബൈൽ ഫോൺ എന്നത് ചിന്തിച്ചിട്ടു പോലുമില്ലാത്ത ആ കാലഘട്ടത്തിലെ പ്രണയലേഖനങ്ങളിലെ വരികൾ എല്ലാം ഈ സിനിമയിൽ നിന്നും ലഭിച്ചതായിരുന്നു. കെ കെ.സുധാകരൻ്റെ നോവലിന് പദ്മരാജൻ്റെ തിരക്കഥയും സംവിധാനവും കൂടിയായപ്പോൾ മലയാളികൾ എന്നെന്നും ഓർക്കുന്ന ഒരു ഹിറ്റ് സിനിമയ്ക്കു പിറവി കുറിക്കുകയായിരുന്നു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിൽ എടുത്തു പറയേണ്ട ഈ ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും ഹരിതാഭയോടെ നിൽക്കുന്നു. തിലകൻ്റെ അഭിനയവും എടുത്തു പറയേണ്ടതാണ്. പ്രേക്ഷകർ 100 % വെറുത്തു പോകുന്ന വിധത്തിൽ പോൾ പൈലോക്കാരൻ എന്ന കഥാപാത്രമായി തിലകൻ മാറി.
മറ്റു അഭിനേതാക്കൾ
കവിയൂർ പൊന്നമ്മ (റീത്ത:സോളമൻ്റെ അമ്മ )
ശാരി – സോഫിയ
വിനീത് – ആന്റണി (സോളമൻ്റെ അമ്മാവൻ്റെ മകൻ)
ഓമന
ആനി
മിനി
വിഷ്ണുപ്രകാശ് ( വക്കച്ചൻ )
എൽ. നാരായണൻ
പള്ളിക്കൽ പി.എൻ.വി.
പൂജപ്പുര രാധാകൃഷ്ണൻ.
ബാനർ:രാഗം മൂവീസ്
ഗാനരചന: ഓ .എൻ .വി
സംഗീതം: ജോൺസൺ
ആലാപനം: യേശുദാസ്’ (പവിഴം പോൽ, ആകാശമാകെ)
ഛായാഗ്രഹണം: വേണു.
കഥയിലൂടെ;
സോളമനും അമ്മയും മൈസൂരിലാണ് താമസിക്കുന്നത്. മരണപ്പെടും വരെ അപ്പച്ചൻ നോക്കി നടത്തിയിരുന്ന ഏക്കറ് കണക്കിന് കൃഷിത്തോട്ടത്തിൽ സോളമൻ മുന്തിരി കൃഷി വ്യാപകമാക്കി.കൂടാതെ ആട് പശു ഫാമും ആരംഭിച്ചു. പാലുൽപ്പാദനം കൂടാതെ ഫാം ഹൗസിൽ മുന്തിരി വൈൻ നിർമ്മാണവും ഉണ്ട്.
ബാംഗ്ലൂരിൽ പോയി വരുന്ന വഴി അമ്മയെ കാണാൻ എത്തിയപ്പോൾ പാതിരാത്രിയായി.ലോറി ഹോൺ അടിച്ചപ്പോൾ അമ്മ (കവിയൂർ പൊന്നമ്മ ) ഉണർന്നെങ്കിലും എഴുന്നേറ്റ് വാതിൽ തുറന്നത് കസിൻ (വിനീത് ) ആയിരുന്നു. രാത്രിയിൽ ഉറക്കമൊഴിച്ച് ലോറി ഓടിക്കരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞത് അനുസരിക്കാത്തതിൽ പിണക്കം ഭാവിച്ചെങ്കിലും അല്പസമയം കഴിഞ്ഞ് അമ്മ പുറത്തേക്ക് വന്നു. അമ്മയെക്കൊണ്ട് ഭക്ഷണമുണ്ടാക്കി കഴിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. വരും വഴി തട്ടുകടയിൽ നിന്ന് വയറു നിറയെ ഭക്ഷണം കഴിച്ച കാര്യം കസിനായ ആൻറണിയോട് മാത്രം പറഞ്ഞു. വച്ചു വിളമ്പിത്തരുമ്പോഴുള്ള അമ്മയുടെ സന്തോഷത്തിന് വേണ്ടിയാണ് വിശക്കുന്നു എന്ന് പറഞ്ഞത്.
രാവിലെ അടുത്ത വീട്ടിലെ പറമ്പിൽ കിളയ്ക്കുന്ന ശബ്ദം കേട്ടാണ് സോളമൻ ഉണർന്നത്. ജനലിലൂടെ നോക്കിയപ്പോൾ രണ്ട് പെൺകുട്ടികളെ കണ്ടു.മൺവെട്ടി കൊണ്ട് കിളയ്ക്കുന്നത് സോഫിയും മറ്റേത് അനിയത്തി എലിസബത്തുമാണെന്ന് ആൻറണി സോളമനോട് പറഞ്ഞു.
രാത്രി കിടക്കാൻ നേരം അമ്മ പറഞ്ഞേൽപ്പിച്ച പ്രകാരം രാവിലെ സോളമനും അമ്മയും കൂടി അപ്പൻ്റെ കുഴിമാടത്തിൽ പ്രാർത്ഥിക്കാൻ പോകവേ സോഫിയെ കണ്ടപ്പോൾ സോളമൻ വളരെ ശ്രദ്ധിച്ചു. വല്ലാത്ത ഒരു ആകർഷണം തോന്നി.
പ്രാർത്ഥനയ്ക്ക് ശേഷം അപ്പച്ചൻ്റെ ആത്മാവ് പറഞ്ഞതായി സോളമനോട് അമ്മ ഇപ്രകാരം പറഞ്ഞു ‘ അടുത്ത ഓർമ്മ ദിനത്തിൽ എത്തുമ്പോൾ കൂടെ മരുമകളും ഉണ്ടാകണമെന്ന് അപ്പച്ചൻ്റെ ആത്മാവ് പറഞ്ഞു എന്ന് : അപ്പച്ചൻ്റെ ആവശ്യം നിരാകരിക്കരുതെന്ന് പറഞ്ഞ് സോളമനെക്കൊണ്ട് സമ്മതിപ്പിച്ചു. കുറച്ച് പെൺകുട്ടികളുടെ ഫോട്ടോ കാണിച്ചു കൊടുത്ത് ഇതിൽ ഏതാണ് ഇഷ്ടമായത് എന്ന് ചോദിച്ചു.
അതിനിടെ സോഫി സോളമൻ്റെ വീട്ടിലെ സഹായിയായ മേരിയെ കാണാനെത്തി.
അയൽപക്കത്ത് വാടകക്ക് താമസിക്കുന്ന സോഫിയുടെ അച്ഛൻ പോൾ പൈലോക്കാരൻ്റേയും അമ്മ റോസിയുടേയും ‘ വീടും സ്ഥലവും കുടുംബ ചരിത്രവും എല്ലാം അമ്മ സോളമന് വിവരിച്ചു കൊടുത്തു. അച്ഛൻ റെയിൽവേയിൽ അമ്മ നഴ്സ്.എലിസബത്ത് വിദ്യാർത്ഥിനി. മേരിയിൽ നിന്നും വാഷിംഗ് സോപ്പ് വാങ്ങാനായിരുന്നു സോഫി എത്തിയത്. അത് കിട്ടിയ പാടേ പോയി മുറ്റത്തെ അലക്കു കല്ലിൽ തുണിയലക്ക് തുടങ്ങി. അലക്കി നിൽക്കവേ പോസ്റ്റ്മാൻ ഒരു കത്ത് കൊടുത്തു പോയി. കത്തു വായിച്ച ശേഷം സോഫിയുടെ ഭാവമാറ്റവും കരച്ചിലും സോളമൻ ജനലഴികളിലൂടെ ശ്രദ്ധിച്ചു . ജോലിക്ക് വേണ്ടി അയച്ച അപ്പോയ്മെൻറ് ലെറ്റർ അച്ഛൻ ഒപ്പിട്ടു വാങ്ങി എന്ന കാര്യം അറിയിച്ചു കൊണ്ടുള്ള കത്തായിരുന്നു വന്നത്..വിവരം അമ്മയോടു പറഞ്ഞു. അച്ഛൻ കത്ത് ഒളിപ്പിച്ചു വച്ചതാണെന്ന് അവർക്ക് മനസ്സിലായി.
ഉച്ചക്ക് ശേഷം സോളമനും ആൻറണിയും ഷട്ടിൽ ബാറ്റ് കളിക്കുമ്പോൾ
സോഫിയും എലിസബത്തും ഒപ്പം കൂടി .കളി ആവേശത്തിൽ പുരോഗമിക്കവേ അത് കണ്ട് വന്ന പൈലോക്കാരൻ സോഫിയെ ‘ശകാരിച്ച് തിരിച്ചുവിളിച്ചു.കൂടെ എലിസബത്തും കളി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി.
അപ്പോയ്മെൻ്റ് ലെറ്റർ ഒപ്പിട്ടു വാങ്ങിയ ശേഷം കൊടുക്കാതിരുന്നതിനെക്കുറിച്ച് അമ്മ ചോദിച്ചു. ചോദ്യം ചെയ്യലുകൾ പൈലോക്കാരന് ഇഷ്ടമല്ല.
രൂക്ഷമായ തർക്കവും വഴക്കും ആയി .അററൻഡർ പണിക്ക് പോകാതിരിക്കാൻ വേണ്ടി കാർഡ് മനപ്പൂർവ്വം കൊടുക്കാതിരുന്നതാണ് എന്ന് പോൾ പൈലോ ക്കാരൻ .അതു കേട്ട് വന്ന സോഫി ചോദിച്ചു. പത്താം ക്ലാസുകാരിക്ക് അതിനേക്കാൾ വലിയ ജോലി എവിടെ നിന്ന് കിട്ടാനാണ് എന്ന്. ഈ വഴക്കുകൾ എല്ലാം സോളമൻ അവരുടെ ഗൃഹാങ്കണത്തിൽ വച്ച് കേൾക്കുന്നുണ്ടായിരുന്നു.
രാത്രിയിൽ കോർട്ട് യാഡിൽ മദ്യപിച്ചു കൊണ്ടിരുന്ന പൈലോക്കാരൻ ഇളയ മകൾ എലിസബത്തിനെ വിളിച്ച് നീ സോഫിയെപ്പോലെയാകരുതെന്ന് ഉപദേശിച്ചു. ഇഷ്ടപ്പെടാതിരുന്ന അവൾ , പഠിക്കാനുണ്ടെന്ന് പറഞ്ഞ് അകത്തു പോയി.
വീടിൻ്റെ അതിർത്തിയിലെ വേലി ‘ അഴികൾ ഉറപ്പിക്കുന്ന സോഫിയുടെ അടുത്തെത്തി സോളമൻ കുശലാന്വേഷണം നടത്തി. വിദ്യാഭ്യാസ കാര്യവും മറ്റു വിശേഷങ്ങളും ചോദിച്ചറിഞ്ഞു. ഇന്നലെ ഉണ്ടായ കാര്യങ്ങളും ചോദിച്ചു.വ്യക്തമായ മറുപടി സോഫി നൽകിയില്ല.
റീത്ത ആൻ്റി പറഞ്ഞു കേട്ട സോളമൻ്റെ മുന്തിരിത്തോട്ടത്തിൻ്റെ കാര്യങ്ങൾ സോഫി ചോദിച്ചറിഞ്ഞു. സോളമൻ വിശദമായി പറഞ്ഞു കൊടുത്തു. അതിനു ശേഷം സോഫിയോടു ചോദിച്ചു: മുന്തിരിത്തോട്ടങ്ങൾ കണ്ടിട്ടുണ്ടോ എന്ന്
ഇല്ല :പഴയ സോളമൻ രാജാവിൻ്റെ മുന്തിരിത്തോട്ടങ്ങളെപ്പറ്റി ബൈബിളിൽ വായിച്ചിട്ടുണ്ട്. ഈ സോളമൻ്റെ തോട്ടങ്ങൾ അതിനെക്കാൾ മനോഹരമാണ്.ഒരു ദിവസം സോഫിയെ ഞാൻ അവിടെ കൊണ്ടു പോകാം എന്ന് പറഞ്ഞപ്പോൾ
പരിഭ്രമിച്ചു പോയ സോഫിയോട് അമ്മയും ആൻ്റണിയും മേരിയും എലിസബത്തും സോഫിയുടെ അമ്മയും കൂടി ഒരു പ്ലഷർ ട്രിപ്പ് എന്ന് പറഞ്ഞു .
എനിക്ക് കാണണമെന്നുണ്ട് എന്ന് സോഫി.
സോളമൻ സോഫിയോടു ചോദിച്ചു.ശാലമോൻ്റെ ഉത്തമ ഗീതത്തിലെ വരികൾ വായിച്ചിട്ടുണ്ടോ?
“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.
അതികാലത്ത് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും ‘മാതളനാരങ്ങ പൂത്തോ എന്നും നോക്കാം “.
അതിൻ്റെ അടുത്ത വരികൾ അറിയാമോ എന്ന സോളമൻ്റെ ചോദ്യത്തിന് “അറിയില്ല ” എന്ന് സോഫി
“പറയൂ ” എന്ന് പറഞ്ഞ സോഫിയോട് പോയി ബൈബിൽ എടുത്ത് നോക്കൂ എന്ന് സോളമൻ’
സോഫി ഓടിപ്പോയി അകത്തുചെന്ന് ബൈബിൾ തുറന്നു സോളമൻ പറഞ്ഞു നിറുത്തിയതിൻ്റെ
അടുത്ത വരികൾ വായിച്ചു തുടങ്ങി .
‘ഞാൻ അവിടെ വച്ച് നിനക്ക് എൻ്റെ പ്രേമം തരും.
സോഫി ആ വരികൾ വായിച്ച് കോരിത്തരിച്ചു പോയി . വരികൾ ആവർത്തിച്ച് വായിച്ചു.
അടുത്ത ദിവസം സോളമൻ ടാങ്കർ ലോറിയിൽ തിരിച്ചു പോകുമ്പോൾ സോഫി ചന്തയിലേക്ക് പോകുകയായിരുന്നു ലോറി നിറത്തി സോളമൻ പറഞ്ഞു . “ഒന്നു കറങ്ങിയിട്ടു വരാം” വിസമ്മതത്തോടെ യാണെങ്കിലും അവൾ ലോറിയിൽ കയറി. ഉത്തമ ഗീതത്തിലെ അടുത്ത ലൈൻ വായിച്ചോ എന്ന് ചോദിച്ചു. വായിച്ചു എന്ന് സോഫി .
എന്താണത് എന്ന് ചോദിച്ചപ്പാൾ ഒന്നുമില്ല എന്ന് ഉത്തരം.
അതി മനോഹരമായ സ്ഥലങ്ങൾ നടന്നും ലോറിയിലൂടെ കണ്ടുകൊണ്ടും ഏറെ നേരം യാത്ര ചെയ്ത്
സോഫിയെ തിരികെ വീട്ടിനടുത്ത് തന്നെ കൊണ്ടു വിട്ടു.
ആൻറണിയും എലിസബത്തും കൂടി കോളേജിൽ പോകും വഴി സോളമനും സോഫിയും തമ്മിൽ അടുപ്പമായ കാര്യവും സോഫിയേയും കൊണ്ട് മൈസൂരിൽ ചുറ്റിയോ എന്ന സംശയവും പറഞ്ഞു.
സോളമനും സോഫിയും വഴിയരികിൽ സംസാരിച്ചു നിൽക്കുന്നത് പോൾ പൈലോക്കാരൻ്റെ കൂടെ ജോലി ചെയ്യുന്ന വക്കച്ചൻ കണ്ടു. എലിസബത്തിനോട് ഡാഡിക്ക് വലിയ വാത്സല്യമാണല്ലോ എന്ന് സോളമൻ പറഞ്ഞപ്പോൾ
താൻ പോൾ പൈലോക്കാരൻ്റെ മകളല്ല എന്ന സത്യം സോഫി തുറന്ന് പറഞ്ഞു. എലിസബത്ത് സ്വന്തം മകളാളെന്ന കാര്യവും ‘.റോസി സ്വന്തം അമ്മ തന്നെയാണെന്നും അച്ഛൻ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും അവൾ പറഞ്ഞു. സ്വന്തം മകളല്ലാത്തതു കൊണ്ടാണ്ട് ഇത്രയും ക്രൂരതയോട്ടെ പെരുമാറുന്നത് എന്ന് അവൾ സങ്കടപ്പെട്ടു .
അന്നു രാത്രിയിൽ മദ്യസേവയ്ക്ക് വക്കച്ചൻ പൈലോക്കാരൻ്റെ വീട്ടിലെത്തി. വക്കച്ചൻ സോഫിയെ വിവാഹം കഴിക്കാൻ പോകുന്ന ആളാണെന്നും വഴിയിൽ കണ്ടപ്പോൾ അപമാനിച്ചത് ശരിയായില്ല എന്നും പൈലോക്കാരൻ പറഞ്ഞു. സോളമനുമായി സംസാരിച്ചു നിന്നതിൽ ശാസിക്കുകയും ചെയ്തു. എനിക്ക് ഇഷ്ടമുള്ളവരോട് സംസാരിക്കും എന്ന് മറുപടിയിൽ പൈലോ ക്കാരൻ സോഫിയ പൊതിരെ തല്ലി. അതെല്ലാം കണ്ട് വീടിനു പുറത്ത് നിന്നിരുന്ന സോളമൻ മർദ്ദനം രൂക്ഷമായപ്പോൾ വേലിയുടെ അഴിമാറ്റി വന്ന് പൈലോക്കാരനെ പിടിച്ചു മാറ്റി.
പൈലോക്കാരൻ സോളമനെ ചവിട്ടിവീഴ്ത്തി. എഴുന്നേറ്റ് വന്ന സോളമൻ പൈലോക്കാരനെയും ചവിട്ടി നിലത്തിട്ടു. അമ്മയും മേരിയും ആൻ്റണിയും വന്ന് സോളമനെ വീടിനുള്ളിലേക്ക് തിരിച്ചു കൊണ്ടു പോയി –
സംസ്ക്കാരമില്ലാത്തവരുടെ കാര്യങ്ങളിൽ ഇടപെടാൻ പോകരുതെന്ന് പറഞ്ഞു.
പിറ്റേന്ന് രാവിലെ പല്ലു തേക്കുന്ന പൈലോക്കാരനോട് സോളമൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അത് കൂടുതൽ വഴക്കിലേക്കാണ് പരിണമിച്ചത്. ഇതെല്ലാം കണ്ടുകൊണ്ട് സോഫി നിർവ്വികാരയായി വീട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
ഭർത്താവ് പൈലോക്കാരനെ റോസി വിളിച്ചു കൊണ്ടുപോയി.സോളമൻ്റെ അമ്മക്കും മകനെ അധിക്ഷേപിച്ചത് ഇഷ്ടപ്പെട്ടില്ല. ‘ ആ വീട്ടിലെ ആരോടും ഇനി മേലിൽ സംസാരിക്കരുതെന്ന് അമ്മ താക്കീതു ചെയ്തു.
ഏതാനും സമയം കഴിഞ്ഞ് സോളമൻ സോഫിയെ വീടിൻ്റെ പരിസരത്തേക്ക് വിളിച്ച് സംസാരിച്ചു.എല്ലാ തവണയും വന്ന് പോകുന്നത് പോലെയല്ല ഇന്ന് ഞാൻ പോകുമ്പോൾ എന്നോടൊപ്പം സോഫിയും ഉണ്ടാകും എന്ന് പറഞ്ഞു. സോളമൻ്റെ
അമ്മ അവരുടെ സംസാരം കണ്ടു കൊണ്ട് വന്ന് സോഫിയെ ശകാരിച്ചു.ഇനി മേലിൽ ഈ പടി കടക്കരുത് എന്ന് പറഞ്ഞു. അമ്മ അങ്ങനെ പറഞ്ഞതിൽ സോളമന് പരിഭവമായി.
സോളമൻ ടാങ്കർ ലോറിയുമായി തിരിച്ചു പോയി.
സോഫിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വക്കച്ചൻ വീണ്ടുമെത്തി.അത് നടക്കില്ല എന്ന് റോസി ഭർത്താവിനോട് തീർത്തു പറഞ്ഞു. സോളമൻ കസിൻ ആൻ്റണിയ്ക്ക് ,അയയ്ക്കുന്ന എല്ലാ കത്തുകളിലും സോഫിയോടുള്ള അന്വേഷണം ഉണ്ടായിരുന്നു –
സമരം മൂലം കോളേജ് അടച്ചപ്പോൾ ആൻ്റണി സോളമൻ്റെ ഫാം ഹൗസിലേക്ക് പോയി -.മുന്തിരിത്തോട്ടങ്ങൾ നടന്നു കണ്ടു.
സോഫി എഴുതി നൽകിയ പ്രണയലേഖനം സോളമന് കൈമാറി.
അതിൽ ബൈബിളിലെ അധ്യായത്തിൽ നിന്നും
5678 ശാ എന്ന് മാത്രമാണ് ഉണ്ടായിരുന്നത്.ആൻറണിക്ക് അത്കണ്ട് ഒന്നും മനസ്സിലായില്ല ‘രണ്ടുപേരും കൂടി ബൈബിൾ തുറന്ന് വച്ച് കണ്ടു പിടിച്ചു.
അത് ഇപ്രകാരമായിരുന്നു’
“ഞാൻ എൻ്റെ പ്രിയന് വേണ്ടി വാതിൽ തുറന്നു എൻ്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു. അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു.
ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല’ ഞാൻ അവനെ വിളിച്ചു. അവൻ ഉത്തരം പറഞ്ഞില്ല. നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു. അവർ എന്നെ അടിച്ചു. മുറിവേൽപ്പിച്ചു. അവർ എൻ്റെ മൂടുപടം എടുത്തു കളഞ്ഞു.”
യരുശലേം പുത്രിമാരെ നിങ്ങൾ എൻ്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമ പരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കണം എന്ന് ഞാൻ നിങ്ങളോട് ആണയിടുന്നു “.
അവർ ഒന്നിച്ച് വായിച്ചു തീർത്തു..
ദിനരാത്രങ്ങൾ സോളമൻ്റെ ഫാം ഹൗസിൽ
ആഘോഷപൂർവ്വം കഴിഞ്ഞ് ആൻറണി തിരിച്ച് റീത്ത ആൻ്റിയുടെ വീട്ടിലേക്ക് തന്നെ വന്നു ‘സോളമൻ പറഞ്ഞേൽപ്പിച്ച കാര്യങ്ങൾ സോഫി യോട് പറഞ്ഞു.
ഒരു മാസത്തിനകം സോളമൻ എത്തുമെന്ന് സോഫിയെ അറിയിച്ചു.
വിവരം എലിസബത്തിനോടും പങ്കുവച്ചു.
എത്രയും വേഗം കത്തയച്ച് സോളമനോട് വരാൻ നിർദ്ദേശിച്ചു. ഇല്ലെങ്കിൽ അപ്പച്ചൻ വക്കച്ചനെ കൊണ്ട് കെട്ടിക്കും എന്ന് എലിസബത്ത് ഉപദേശിച്ചു.
ആസമയം അപ്പച്ചൻ സോഫിയെ വിളിച്ചു.
അമ്മക്ക് നൈറ്റ് ഡ്യൂട്ടിയാണോ എന്ന് ചോദിച്ചറിഞ്ഞു. ചുമരിൽ ലാസ്റ്റ് സപ്പറിൻ്റെ ഫോട്ടോ ആണിയടിച്ചു വക്കാൻ സോഫിയെ വിളിച്ചു. സോഫി താഴെ നിന്ന് ഫോട്ടോ പിടിച്ചു നിൽക്കുമ്പോൾ അപ്പച്ചൻ്റെ നോട്ടം ശരീര ഭാഗങ്ങളിലേക്ക് ആണെന്ന് അവൾ തിരിച്ചറിഞ്ഞു. അതിനിടെ സോളമനെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്തു.ശരീരത്തിൽ സ്പർശിക്കുക കൂടി ചെയ്തപ്പോൾ ഡാഡിയെന്ന് വിളിക്കുന്ന മനുഷ്യൻ്റെ മനസ്സിലിരിപ്പ് മറ്റൊന്നാണെന്ന് അറിഞ്ഞ ഉടനെ ഫോട്ടോയിൽ നിന്ന് അവൾ പിടി വിടുകയും ആ നിമിഷത്തിൽ തന്നെ ചില്ല് പൊട്ടിച്ചിതറി. ശബ്ദം കേട്ട് എലിസബത്ത് ഓടി വന്നു. ‘.വെറുതെയിരുന്ന് തിന്നാനേ അറിയൂ എന്ന് പറഞ്ഞ് സോഫിയെ ശകാരിച്ചു.
തനിയെ നിന്ന് കരയുന്ന സോഫിയുടെ അടുക്കൽ ചെന്ന് വിവരം അമ്മച്ചി യോട് പറഞ്ഞാൽ കൊന്നുകളയും എന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി.
വിവരങ്ങൾ എല്ലാം സോഫി ആൻറണിയോട് രഹസ്യമായി പറഞ്ഞു. സോളമനെ അറിയിക്കേണ്ട എന്ന് പറഞ്ഞു. ആൻ്റണിക്ക് അറിയിക്കാതിരിക്കാൻ കഴിഞ്ഞില്ല.
സോളമൻ പിറ്റേ ദിവസം തന്നെ ബൈക്കിൽ എത്തി. അമ്മയോട് പറഞ്ഞ് സമ്മതിപ്പിക്കാമെന്ന് സോളമൻ സോഫിയോട് പറഞ്ഞു.
സോഫിയുടെ അമ്മ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ പോയി വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു.
സോളമൻ തൻ്റെ അമ്മച്ചിയോട് വിവാഹ കാര്യം പറഞ്ഞപ്പോൾ രൂക്ഷമായി എതിർത്തു.
ഇതല്ലാതെ ഒരു വിവാഹത്തിനും ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു. അപ്പച്ചനോട് പറഞ്ഞ വാക്കിൻ്റെ കാര്യം പറഞ്ഞ് അമ്മയെ അർദ്ധ സമ്മതത്തിലാക്കി.
പോൾ പൈലോക്കാരൻ്റെ വീട്ടുകാർ ഇവിടെ നിന്ന് പോയാലേ ഇനി ഇങ്ങോട്ടു വരൂ എന്ന് പറഞ്ഞ് ഇറങ്ങാൻ നേരം അമ്മ വിവാഹത്തിന് പൂർണ്ണ സമ്മതമാണെന്ന് പറഞ്ഞു.
പോൾ പൈലോക്കാരനെ കണ്ട് വിവാഹാലോചനക്ക് അമ്മയേയും കൂട്ടി … ചെന്നപ്പോൾ താൻ മറ്റൊരാൾക്ക് വാക്ക് കൊടുത്തു പോയി എന്ന് പോൾ പറഞ്ഞു. മാത്രമല്ല സോഫിയുടെ യഥാർത്ഥ അപ്പൻ്റെ സമ്മതം വേണമെന്ന് പോൾ പറഞ്ഞപ്പോൾ സോളമൻ്റെ അമ്മ ഞെട്ടിപ്പോയി.
വീണ്ടും അമ്മയെ പറഞ്ഞ് മനസ്സിലാക്കി.
അമ്മ റോസിയെ വിളിച്ച് പളളിയിലെ ഫാദറിനോട് സംസാരിക്കാൻ ഉടനെ പോകാമെന്ന് പറഞ്ഞു.
വീടിനകത്ത് നിന്ന് പോൾ അവർ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എലി സബത്തും കൂടി ഒന്നിച്ച് കോളേജിൽ പോകുന്നത് പോൾ മറഞ്ഞ് നിന്ന് കണ്ടു.
ജോലിക്ക് പോകാതെ തിരിച്ച് വന്ന് മുറിയിൽ ഒളിച്ചിരുന്നു.
സോളമനും അമ്മയും സോഫിയുടെ അമ്മയും കൂടി പള്ളിയിൽ പോയി അച്ചനെ കണ്ടു. അച്ചൻ വിവാഹം നടത്തിത്തരാൻ തടസ്സമില്ല എന്ന് അറിയിച്ചു.
ഇതേ സമയം മുറിയിൽ ഒളിച്ചിരുന്ന പോൾ വളർത്തുമകൾ സോഫിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു: അവൾ ബോധരഹിതയായി.
തിരിച്ചു വന്ന സോഫിയുടെ അമ്മയുടെ നിലവിളി കേട്ട് സോളമനും അമ്മയും ഓടി വന്നു. ആ ദുഷ്ടൻ എൻ്റെ മകളെ നശിപ്പിച്ചു എന്ന് പറഞ്ഞു. അതു കേട്ട ഉടനെ സോളമൻ്റെ അമ്മ അവിടെ നിന്നും ധൃതിയിൽ വീട്ടിലേക്ക് വന്നു. ഇത്തരം വീട്ടുകാരുമായി ഒരു ബന്ധം വേണ്ട എന്ന് പറഞ്ഞു. അമ്മയുമായി പിണങ്ങി മുറിയുടെ താക്കോൽ ആൻ്റണിക്ക് കൊടുക്കാൻ മേരിയെ ഏൽപ്പിച്ച് സോളമൻ ബൈക്കിൽ ഫാം ഹൗസിലേക്ക് തിരിച്ചു പോയി.
കഥയുടെ പരിസമാപ്തി.
അർദ്ധരാത്രി വീണ്ടും ടാങ്കർ ലോറിയുടെ ഹോൺ ‘
ആൻ്റണി ഉണർന്നു.
സോളമൻ സോഫിയെ വിളിച്ചു.
അവൾ വന്നില്ല. വേലിയുടെ കുറ്റി ചവിട്ടിപ്പൊളിച്ച് കോളിങ്ങ് ബെൽ അടിച്ചു
പോൾ പൈലോക്കാരൻ കത്തിയുമായി ഒളിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ഇനി കൊണ്ടു പൊയ്ക്കോ എന്ന് പരിഹാസ രൂപത്തിൽ പറഞ്ഞു. ഞാൻ കൊണ്ടു പോകില്ല എന്ന് കരുതിയോ എന്ന് പറഞ്ഞ് പോളിനെ തള്ളി മാറ്റി അടിച്ച് നിലത്തിട്ട് സോഫിയെ ലോറിയിൽ കയറ്റി മുന്തിരിത്തോപ്പുകളിലേക്ക് യാത്ര —
ആ കാഴ്ച നോക്കി സോളമൻ്റെ അമ്മയും സോഫിയുടെ അമ്മയും ആൻറണിയും.:
ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാനുള്ള യാത്ര.
പ്രിയ വായനക്കാരേ…
ഈ അവലോകനം ഇതിൽ കൂടുതൽ ചുരുക്കാൻ സാധിക്കുന്നില്ല… ക്ഷമിക്കുക.
ഓരോ സീനുകളും പ്രധാനപ്പെട്ടതാണ് .അത്രയും മനോഹരമാണ്. പദ്മരാജൻ്റെ സംവിധാന വിസ്മയവും മോഹൻലാലിൻ്റെ അഭിനയവും തിലകൻ്റെ പ്രതിനായക വേഷവും എല്ലാം എടുത്തു പറയേണ്ടതു തന്നെയാണ്.
മൂന്നര പതിറ്റാണ്ടു തികയാറായ ആ സംവിധായക പ്രതിഭയുടെ ആ വേർപാട് തീരാനഷ്ടമായി ഇന്നും സിനിമാ പ്രേമികൾ ഓർക്കുന്നു. 1991 ലെ ഒരു ജനവരി മാസത്തിൽ പ്രകൃതി മകരമഞ്ഞിൻ കമ്പളമണിഞ്ഞു നിൽക്കേ ഗന്ധർവ്വ ലോകത്തേക്ക് പോയ ആ അതുല്യ പ്രതിഭയ്ക്ക് അനന്ത കോടി പ്രണാമം.
ഈ ചിത്രത്തിൽ സംഗീത സംവിധാനത്തേക്കാൾ സിനിമയെ പ്രേക്ഷക ഹൃദയത്തിൽ ആഴ്ന്നിറങ്ങാൻ സഹായിച്ച അകാലത്തിൽ പൊലിഞ്ഞ മാന്ത്രിക സ്പർശം ജോൺസൺ മാഷിനും പ്രണാമം കണ്ണീർപൂക്കൾ:
പവിഴം പോലെ പവിഴാധരം പോലെ മനോഹരമായ വരികൾ നൽകിയ മലയാളികളുടെ തിരുനെറ്റിയിൽ മഞ്ഞൾപ്രസാദം ചാർത്തിയ ഓ എൻ വി കുറുപ്പിനും പ്രണാമം..
പ്രതിനായകവേഷത്തിൽ അഭിനയത്തിൻ്റെ ഉത്തുംഗശൃംഗം കീഴടക്കിയ ഒരു പതിമൂന്നു വർഷം മുമ്പ് വിടവാങ്ങിയ തനതു അഭിനയത്തിൻ്റെ പെരുന്തച്ചൻ തിലകനും പ്രണാമം.
ഈ ചിത്രത്തിൽ സോളമൻ്റെ അമ്മയായി ജീവിച്ച കഴിഞ്ഞ വർഷം വിടപറഞ്ഞ എല്ലാവരുടേയും അമ്മ കവിയൂർ പൊന്നമ്മയ്ക്ക് പ്രണാമം’
ഈ ചിത്രത്തെ അതി മനോഹരമാക്കിയ വരിൽ വേർപിരിഞ്ഞു പോയ മറ്റെല്ലാ കലാകാരൻമാർക്കും സ്മൃതിപ്പൂക്കൾ
എല്ലാ മലയാളിമനസ്സ് വായനക്കാർക്കും നൻമകൾ നേരുന്നു.
സസ്നേഹം




നല്ല അവലോകനം