ഒന്നാം താളിൽ നീയൊരു
കുഞ്ഞാണെനിയ്ക്ക്
അമ്മയെ തൊടാൻ കണ്ണ് നിറഞ്ഞ്
കാത്തിരിക്കുന്ന കുഞ്ഞ്
ലോകം മുഴുവൻ അമ്മയാവുന്നു
ഒറ്റയാവാൻ തുടങ്ങിയ നിന്റെ
ബാല്യത്തെ
എനിക്ക് മഷി നിറച്ച് ആരവമുള്ള
രാപകലാക്കണം
രണ്ടാം താളിൽ
നിന്റെ കരച്ചിൽ കേൾക്കാത്ത
ചുമരുകൾക്ക്
ഞാൻ ചെവിയാവണം
നിന്റെ ഉറക്കം തട്ടുന്ന ഇരുട്ടിന്
ഞാൻ വിളക്കാവണം
മൂന്നാം താളിലെനിക്ക്
നിന്റെ നോവിന്റെ ഉൾക്കാടിൽ
കൈ ചേർത്ത് പിടിച്ച് നടക്കണം
നാലാം താളിലെനിക്ക്
നിന്റെ കണ്ണിലെ ചുവപ്പിൽ ചുവന്ന്
നിനക്കായി പൂക്കുന്ന
ഗുൽമോഹറാവണം
അഞ്ചാമത്തെ താളിൽ
നീ പുകയുന്ന ദൂരത്തിലേക്ക്
വാക്കിലയിൽ പറന്നെത്തി
ഞാനിവിടെ ഉണ്ടെന്നറിയിച്ച്
നിന്റെ പൊള്ളലിൽ വീശണം
ആറാം താളിൽ നീ ഒളിച്ച
വിഷാദത്തിന്റെ മരുഭൂമിയിലെത്തി
നിന്നെ എനിക്ക് ജീവിതത്തിന്റെ
ഇന്നുകളിലേക്ക് നടത്തണം
ഏഴാം താളിൽ
സ്നേഹത്തിന് ഏഴു ജന്മമുണ്ടെങ്കിൽ
അവിടെയൊരു മഷിയടരിൽ
നീ എന്ന കവിതയെ
തൊടാൻ ഞാനൊരു ചിത്രം വരയ്ക്കും
അവസാന താളിൽ
കാലം കീറിപ്പോയാലും
വരകൾ മാഞ്ഞുപോയാലും
ഇറ്റിവീണ മഷിയിൽ
നീയെന്ന വരി തെളിഞ്ഞുകിടക്കും
ഇനിയുമൊരു കവിതയ്ക്കായി
മറ്റൊരു ജന്മത്തിലാവും




നന്നായിട്ടുണ്ട്