സിഗരറ്റ് മണമുള്ള സന്യാസിനി
—————————-
കുട്ടിക്കാലത്ത് ഞങ്ങൾ പന്തയം വെക്കുമായിരുന്നു “രഞ്ജിനി”യിൽ ഇനി കേൾക്കാൻ പോണ പാട്ട് ഏതാണ് എന്ന്. ഞാൻ പറയും യേശുദാസിന്റെ പാട്ട് എന്ന്. അനിയൻ പറയും ജയചന്ദ്രനെന്ന്. അനിയത്തി ചിലപ്പോൾ പി സുശീല എന്നാകും പറയുക, അമ്മ എസ് ജാനകി. പക്ഷെ ഇതൊന്നുമല്ലാത്ത ഒരു ഗായകന്റെ, ചിലപ്പോൾ , ബ്രഹ്മാനന്ദന്റെ, പാട്ടാണ് നമ്മൾ കേൾക്കുക.
അതാണ് റേഡിയോയുടെ സസ്പെൻസ്. റേഡിയോയ്ക്ക് മാത്രം അവകാശപ്പെട്ടത്.
മറ്റൊന്നു കൂടിയുണ്ട്. റേഡിയോയെ സാധാരണക്കാർ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനായി കാണുന്നു. വേദനകളും ആഹ്ളാദങ്ങളും ഒരുപോലെ പങ്കുവെക്കാൻ കഴിയുന്ന ആത്മസുഹൃത്ത്. പ്രിയപ്പെട്ട റേഡിയോ അവതാരകർക്ക് മുന്നിൽ പൊട്ടിക്കരയാൻ പോലും മടിയില്ല അവർക്ക്. കുറച്ചു മുൻപൊരു നാൾ ആകാശവാണിയുടെ ഫോൺ ഇൻ പരിപാടിയിൽ കേട്ട സംഭാഷണം ഓർമ്മവരുന്നു. റേഡിയോ ഒരു മനുഷ്യന്റെ ജീവിതത്തെ എത്ര ആഴത്തിൽ സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല സാക്ഷ്യം.

ഫോൺ വിളിച്ച സ്ത്രീ ഭിന്നശേഷിക്കാരിയാണ്. പോളിയോ ബാധിച്ച് ചെറുപ്പത്തിലേ ചക്രക്കസേരയിൽ ഒതുങ്ങിപ്പോയ ജീവിതം. വിവാഹിതയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയി. മക്കളില്ല. അച്ഛനുമമ്മയും നേരത്തെ മരിച്ചു. ആകെയുള്ളത് കാഴ്ച്ച പരിമിതിയുള്ള ഒരു ചേച്ചി മാത്രം. പ്രായാധിക്യത്തിന്റെ പ്രശ്‍നങ്ങളുള്ള ഒരാൾ. ദുരിതമയമായ ജീവിതത്തിൽ ഒരേയൊരു സുഹൃത്തേയുള്ളൂ അവർക്ക്: വീട്ടിലെ കൊച്ചു ട്രാൻസിസ്റ്റർ റേഡിയോ. കാലത്ത് ആറു മുതൽ രാത്രി പതിനൊന്ന് വരെ ആ കൂട്ടുകാരിക്ക് മുന്നിൽ തപസ്സിരിക്കും അവർ. ഇടയ്ക്കിടെ ശരീരമാസകലം പടരുന്ന വേദന പോലും റേഡിയോയിൽ നിന്ന് ഒഴുകിയെത്തുന്ന പഴയ ചലച്ചിത്ര ഗാനങ്ങളിൽ മുഴുകി അതിജീവിക്കുന്നു അവർ.
വേദനകളുടെ കൂമ്പാരമായ സ്വന്തം ജീവിത കഥ പങ്കുവെക്കുമ്പോൾ ഒരിക്കൽ പോലും അവരുടെ ശബ്ദം ഇടറിയില്ല എന്നതാണ് അത്ഭുതപ്പെടുത്തിയ കാര്യം. വിഷമം മുഴുവൻ റേഡിയോ അവതാരകനായിരുന്നു. ഫോണിലൂടെ കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ പലപ്പോഴും നിശ്ശബ്ദനായി നിന്നുപോയി അയാൾ.
ഒടുവിൽ “സന്യാസിനി” എന്ന ഗാനം റേഡിയോയിലൂടെ കേൾപ്പിച്ചു തരാമോ എന്ന് കേൾവിക്കാരി ആരാഞ്ഞപ്പോൾ അത്ഭുതത്തോടെ അവതാരകൻ ചോദിച്ചു: “ഇത്രയും ദുഃഖങ്ങളും തിരിച്ചടികളും നിറഞ്ഞ ജീവിതത്തിലേക്ക് ഇനിയും ഒരു ദുഃഖഗാനത്തെ ക്ഷണിക്കണോ? സന്തോഷം പകരുന്ന ഒരു പാട്ട് ആവശ്യപ്പെടുമെന്നാണ് ഞാൻ കരുതിയത്..”
ഫോൺ വിളിച്ചയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു: “ഇതാണെന്റെ ഓർമ്മകളിലെ ഏറ്റവും സന്തോഷം നിറഞ്ഞ പാട്ട്. എന്റെ അച്ഛന്റെ ഇഷ്ടഗാനം. രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ ഞാൻ എന്ന വരി പാടുമ്പോൾ കുട്ടിയായ എന്നെ ചേർത്തുപിടിക്കുമായിരുന്നു അച്ഛൻ. എന്റെ എല്ലാ വേദനകളും ആ ആശ്ലേഷത്തിൽ അലിഞ്ഞു ഇല്ലാതാകുമായിരുന്നു. അച്ഛന്റെ സിഗരറ്റ് മണം പോലും അനുഭവിക്കാൻ കഴിയും എനിക്ക് ഇന്നും ആ പാട്ട് കേൾക്കുമ്പോൾ….”
“സന്യാസിനി” കേൾക്കുമ്പോൾ ഇന്ന് ഞാനും തൊട്ടറിയുന്നു ആ ആശ്ലേഷത്തിലെ സ്നേഹം; ഒപ്പം ആ സിഗരറ്റ് മണവും. റേഡിയോയ്ക്ക് നന്ദി.




ഇഷ്ടഗാനം🥰👌✍️