അനുഭവക്കടലിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് വാരിക്കോരി എടുക്കുവാൻ മുത്തുകളും, പവിഴങ്ങളും ഒട്ടേറെ യുണ്ടെങ്കിലും, ഇടയ്ക്കിടെ ശക്തമായെത്തുന്ന ഓർമ്മത്തിരയിൽ ആഞ്ഞടിച്ച് മനോതീരത്തു തെറിച്ചു വീണു തിരിച്ചു പോകാൻ വെമ്പൽ കൊള്ളുന്ന ചെറു ജലജീവികൾ കണക്കെയുള്ള അനുഭവങ്ങളെ പെറുക്കിയെടുക്കാൻ വെറുതെയൊരു ശ്രമം.
അധ്യാപനജീവിതത്തിന്റെ ആകർഷണീയത അനുഭവപ്പെട്ടത് ഹൈസ്കൂൾ അധ്യാപികയായിരുന്ന അമ്മയെ നോക്കിക്കണ്ടറിഞ്ഞാണ്.കുട്ടികളുടെ മനസറിഞ്ഞ് സ്നേഹിച്ചതിൽ നിന്നു ലഭിച്ചു കൊണ്ടിരുന്ന ആദരവിൻ്റെ അനുരണനമെന്നിലുമെത്തി.
ക്ലാസിൽ ഉറങ്ങുന്ന ഒരു കുട്ടിയെ നാൽപ്പതോ അമ്പതോ വർഷങ്ങൾക്കു മുമ്പ് സഹപാഠികളും അധ്യാപകരും എങ്ങനെ സമീപിച്ചിരുന്നുവെന്ന് കാലഘട്ടത്തിലെ പ്രത്യേകതകളെ അനുഭവിച്ചറിഞ്ഞവർക്കു മനസിലാകും.
അമ്മ പറയും, അവൻ രാത്രി മുഴുവൻ ചീനവല വലിച്ചിട്ടാണ് വീടു നോക്കുന്നത്. മറ്റൊരുവൻ സ്കൂൾ വിട്ടാൽ കപ്പലണ്ടി കച്ചവടത്തിനു പോയിട്ടാണ് വരുന്നത്. ഒരു കുടുംബത്തിലെ അന്നദാതാക്കളെ ക്ലാസുമുറിയിൽ കളിയാക്കി വിയർപ്പിച്ചു വിഷമിപ്പിക്കാൻ അമ്മ ആഗ്രഹിച്ചിരുന്നില്ല.
അച്ചടക്കത്തിന് ദണ്ഡനമുറകൾ അത്യാവശ്യമെന്നു കരുതിയിരുന്ന കാലത്തും, ആൺകുട്ടികളുടെ വിഭാഗത്തിൽ വടി എന്ന,ആയുധമുപയോഗിക്കാതെ അധ്യയനവും , അച്ചടക്കവുമൊന്നിച്ചു കൊണ്ടുപോയ അമ്മയാണ് എന്റെ മാതൃക.
ഓരോ കുട്ടിയുടെയും ജീവിതസാഹചര്യങ്ങളെക്കുറിച്ചറിഞ്ഞുള്ള സ്നേഹ സമീപനം മാത്രമല്ല, സഹായങ്ങളും ആരുമറിയാതെ ചെയ്തിരുന്നുവെന്ന് അമ്മയുടെ മക്കൾ എന്നവകാശപ്പെടുന്ന പൂർവ വിദ്യാർത്ഥികൾ തന്നെ പറഞ്ഞാണു ഞങ്ങൾ പോലും അറിഞ്ഞത്.
ഇന്നത്തെ കാലത്ത് ഗുരുശിഷ്യ ബന്ധത്തിനു മാറ്റങ്ങളേറെയായി. അതെല്ലാം വിവരിച്ചു പറയേണ്ടതില്ല.തൊണ്ണൂറുകളിൽ അധ്യാപന വൃത്തിയെ ഞാനും കുലത്തൊഴിൽ പോലെ സ്വീകരിച്ചേറ്റെടുത്തപ്പോൾ പത്താംക്ലാസിലെ പെൺകുട്ടികളുമായി അന്ന് ആറേഴു വയസിനു വ്യത്യാസം മാത്രമേ എനിക്കു ണ്ടായിരുന്നുള്ളു.
അവരിൽ നിന്നു പലതും കണ്ടുംകേട്ടും പഠിച്ചറിഞ്ഞു. അവരുമായുള്ള സ്നേഹസൗഹൃദത്തിലാഹ്ലാദിച്ചു .വടി ഒരിക്കലും,ഉപയോഗിക്കില്ല,എന്ന അമ്മയുടെ,ചിന്തയെഹൃദയത്തിൽ,സ്വീകരിച്ചു.
പാഠപുസ്തകത്തിനപ്പുറമൊരു,ലോകത്തിലേയക്കവരെ അന്നേകൊണ്ടു നടന്നു. അതുകൊണ്ടാവും ആ സ്നേഹച്ചാലുകൾ ഇന്നുമൊഴുകി എന്നിലേയ്ക്കെത്തിക്കൊണ്ടിരിക്കുന്നത് . സന്ദർശനമായി സന്ദേശമായി , സ്നേഹ വിളികളായി…
വാനവീഥികളിലലയുന്ന മേഘക്കൂട്ടം പലവഴി ചിന്നി ചിതറി നീന്തുന്ന പോലെ ചിന്തക ളങ്ങനെ അലഞ്ഞു നടന്നാൽ വിഷയത്തിലേക്കെത്താൻ ഇനിയും വൈകും.
നമ്മുടെ സ്വന്തം മക്കളെ എങ്ങനെ സ്നേഹിക്കുന്നു, വഴക്കുപറയുന്നു, അവരുടെ ഉയർച്ചയിൽ എത്രകണ്ടാഹ്ലാദിക്കുന്നു അതുപോലെ ക്ലാസുമുറിയിൽ എന്നെത്തന്നെ നോക്കിയിരിക്കുന്ന മിഴികൾക്കും ആത്മ വിശ്വാസ തിളക്കമേകിയാൽ അവിടെയും വിജയ മുറപ്പല്ലേ ?
പിന്നെ കൊടുക്കുന്നതെല്ലാം തിരിച്ചു കിട്ടുമെന്നാശ വേണ്ട. പൂമഴയും കന്മഴയും,പ്രതീക്ഷിക്കുകയും വേണം.
എന്റെ ക്ലാസുറൂമിലെ എണ്ണിയാലൊടുങ്ങാത്ത,അനുഭവങ്ങളെ , കുറിപ്പാക്കുമ്പോ
ഏതെടുക്കണമെന്ന ആശങ്ക വല്ലാതെ ഹൃദയത്തെ മഥിക്കുന്നുമുണ്ട്.
എസ്.എസ് എൽ .സി ബുക്ക് കൈ കൊണ്ട് എഴുതൽ എന്ന കടമ്പ മാറി ഓൺലൈൻ ഡാറ്റാ ടൈപ്പിംഗിന്റെ തലത്തിലേയ്ക്ക് എത്തിയപ്പോഴുണ്ടായ , ഒരനുഭവമാണ് ആദ്യ മോടിയെത്തുന്നത്.
പതിവുപോലെ ലാപ്ടോപ്പിൽ അൻപതു കുട്ടികളുടെയും സർവ വിവര ശേഖരണവും എഴുതി ചേർത്തു.
അക്ഷരത്തെറ്റുകളോ, എന്തെങ്കിലും അബദ്ധങ്ങളോ സംഭവിച്ചാൽ ക്ലാസ് ടീച്ചറുടെ,ഉത്തരവാദിത്തമാണ് അതു പരിഹരിക്കേണ്ടത്. തിരുവനന്തപുരത്തേയ്ക്ക് അയക്കും മുമ്പ് കുട്ടികളെ,ഓരോരുത്തരെയും ഒപ്പം ഇരുത്തി എഴുതിയത് വായിച്ചും കാണിച്ചും കൊടുക്കും.
അതിനു ശേഷം പ്രിന്റ് എടുത്ത് വീട്ടിൽ കൊടുത്തു വിട്ട് ഒന്നു കൂടി മാതാപിതാക്കളെ കാണിച്ച് എല്ലാം ശരിയെന്ന് ഒപ്പിട്ടു വാങ്ങിച്ചു വെയ്ക്കും.
വിദ്യാഭ്യാസ വകുപ്പിലേയ്ക്ക് മൊത്തം കുട്ടികളുടെ സകലമാന വിവിരങ്ങളുമടങ്ങിയത് എല്ലാ ഡിവിഷനിലെയും ഒന്നിച്ചാണ് അയച്ചു കൊടുക്കുന്നത്.
അന്നു ഉച്ചതിരിഞ്ഞ് കിട്ടിയ ഒരു ഫ്രീ പീരിയഡിൽഓരോ കുട്ടികളെ നമ്പറനുസരിച്ച് വിളിച്ച് തൊട്ടടുത്തിരുത്തി പുന:പരിശോധന നടത്തുകയാണ്.
രജനിയുടെ ഊഴമായി. എഴുതി കൊണ്ടുവന്ന വിവരങ്ങൾ കുട്ടിയുടെ കൈയ്യിലുണ്ട്. മുടി രണ്ടായി മെടഞ്ഞിട്ട് ഭവ്യതയോടെ വന്നു നിന്നു. എന്റെയൊപ്പം ഒരേ ബഞ്ചിലിരിക്കാൻ ക്ഷണിച്ചപ്പോൾ നാണിച്ച്,പുഞ്ചിരിയോടെ ഒതുങ്ങിയിരുന്നു.
ടൈപ്പു ചെയ്തു വെച്ചതു പരിശോധിക്കുന്നതിനിടയിൽ രജനിയുടെ മട്ടും ഭാവവും പെട്ടെന്നു മാറി. “ടീച്ചറെ ഇതെന്റെ അമ്മയുടെ പേരല്ല. മാറിപ്പോയി.”ദേഷ്യത്തോടെയാണവൾ പറഞ്ഞത്. ഞാൻ ഞെട്ടി.
വീട്ടിൽ പാതിരാ വരെയിരുന്നു പരിശോധന നടത്തിയതാണ്. ഒന്നല്ല മൂന്നാലുതവണ .
സ്കൂൾ തുറന്നപ്പോൾ തന്നെ ബർത്തു സർട്ടിഫിക്കറ്റിന്റെ കോപ്പി മുതൽ ആധാറിന്റെ കോപ്പി വരെ വാങ്ങിവെച്ചു തുടങ്ങിയ,ജോലിയാണ്
ഉടനെ ബർത്തു സർട്ടിഫിക്കറ്റ് എടുത്തു നോക്കി. ഞാൻ ടൈപ്പു ചെയ്തത് അതേ പേരു തന്നെ.
എന്നാൽ അവളുടെ കൈവശമുള്ള പേപ്പറിൽ മറ്റൊരു പേര് “ഇതെഴുതിയാൽ മതി.”
അവരുടെ പെറ്റമ്മ ഉപക്ഷിച്ചു പോയെന്നും, രജനിയും ചേച്ചിയും അമ്മയെന്നു വിളിക്കുന്നത് അച്ഛൻ രണ്ടാമതു വിവാഹം ചെയ്തയാളെയാണെന്നുമെനിക്കറിയാം. കുട്ടികളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന
സ്ത്രീയാണിപ്പോഴത്തെ അമ്മ.
അവരുടെ പേരെഴുതിയാൽ മതിയെന്നവൾ ശാഠ്യം പിടിക്കാൻ തുടങ്ങി. എത്ര പറഞ്ഞിട്ടും വാശി മാറുന്നില്ല. അവളുടെ ചേച്ചി തലേ വർഷം ബെർത്തുസർട്ടിഫിക്കറ്റു,പ്രകാരംപെറ്റമ്മയുടെ പേരെഴുതിയാണ് കൊടുത്തത്.അതൊക്കെ പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല.
ബെല്ലടിച്ചു . അഞ്ചു കുട്ടികളെ പോലും കൂടെ ഇരുത്തി ചെക്കുചെയ്തു തീർക്കാനാവാതെ അടുത്ത പീരിയഡനുസരിച്ച് മറ്റൊരു ക്ലാസിലേയ്ക്ക് എനിക്കു പോകേണ്ടി വന്നു.
അടുത്ത ദിവസം ക്ലാസ് മുറിയൊഴിഞ്ഞ് കുട്ടികളെല്ലാം ഗ്രൗണ്ടിലേയ്ക്കു പോയ സമയം,ഞാനുംരജനിയും മാത്രമായി. അവളെന്തെങ്കിലും,
സംസാരിച്ചു തുടങ്ങാൻ ഞാൻ,കാതോർത്തിരുന്നു..
സ്കൂൾ വിട്ട് എല്ലാവരും പോയിക്കഴിഞ്ഞിട്ടും എൽ.പി. സ്കൂളിന്റെ ചവിട്ടുപടികളിൽ അമ്മയെ കാത്തിരുന്ന രണ്ടു,പിഞ്ചുകുട്ടികളുടെ നിസഹായത, ഇന്ന് രോഷമായി,കൗമാരമെത്തിയ കണ്ണിൽ കത്തി.
“അച്ഛൻ പണിക്കു പോയതാ ടീച്ചറെ. അമ്മ വന്നാണ് ഞങ്ങളെ സ്കൂളിൽ നിന്ന് എന്നും കൂട്ടിക്കൊണ്ടു പോയിരുന്നത്. അന്ന് വല്ലാതെ വിശന്നിരിക്കയായിരുന്നു. നാലുമണിക്ക് സ്കൂൾ വിട്ടതാ അഞ്ചര മണിയായിട്ടും അമ്മ വന്നില്ല. തന്നിരിക്കുന്ന നമ്പറിലേക്ക് കന്യാസ്ത്രീയായ
എച്ച്.എം. വിളിച്ചു കൊണ്ടേയിരുന്നു ആരും എടുത്തില്ല”. ബാക്കി പറയാൻ കഴിയാതെ അവൾ വീർപ്പുമുട്ടിയിരുന്നു.
പണി കഴിഞ്ഞു വന്ന അച്ഛൻ ഇരുളു മൂടിയ തന്റെ വീട്ടിലേയ്ക്ക് ആശങ്കയോടെ നോക്കിയപ്പോൾ അറിഞ്ഞില്ല ജീവിതം അന്ധകാരമാക്കി മറ്റൊരിടം തേടി ഭാര്യ നാടുവിട്ട വിവരം.
ഓടിക്കിതച്ച് സ്കൂളിലെത്തിയ അയാൾ കണ്ടത് സിസ്റ്റർ കൊടുത്ത ബിസ്ക്കറ്റു പോലും കഴിക്കാനാകാതെ വിങ്ങി വിതുമ്പിയിരിക്കുന്ന മക്കളെയാണ്.
അനാഥത്വത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്ന മക്കളെ ചേർത്തുപിടിച്ച് വീട്ടിലേയ്ക്കു വേച്ചു വേച്ചു അയാൾ നടന്നു പോയി.
വർഷങ്ങൾക്കു ശേഷം രണ്ടാമതൊരു വിവാഹം ചെയ്തപ്പോൾ അയാളുടെ ഭാര്യ,സ്വന്തം മക്കളായി തന്നെ കുഞ്ഞുങ്ങളെ കരുതി അമ്മയുടെ കുറവു പരിഹരിക്കാൻ ശ്രമിച്ചു,കൊണ്ടേയിരുന്നു.
“പ്രസവിച്ചാൽ മാത്രം അമ്മയാകുമോ ? എനിക്കവരുടെ പേര് എന്റെ ബുക്കിൽ വേണ്ട. ഇപ്പോഴത്തെ അമ്മയുടേതു മതി” .
നിർദ്ദാക്ഷിണ്യം ഉപേക്ഷിക്കപ്പെട്ടതിൻ്റെ ആത്മരോഷം കണ്ണീരായി ഒഴുകുന്നതു കണ്ട് ഞാൻ മിണ്ടാതിരുന്നു.
ആദ്യമായാണ് രണ്ടാനമ്മയ്ക്കു വേണ്ടി വാദിക്കുന്ന ഒരു കുഞ്ഞിനെ കാണുന്നത്. മറിച്ചനുഭവങ്ങൾ ഒത്തിരി കേട്ടിട്ടുണ്ട്.
അമ്മയുടെ പേരുപോലും , ഉച്ഛരിക്കാനാകാത്ത വിധം വെറുത്തു പോയ മകളെ,ആശ്വസിപ്പിക്കാൻ ഒത്തിരി പണിപ്പെട്ടു.
” ഒൻപതുമാസം ചുമന്നതും പ്രസവിച്ചതുമല്ല കണക്കെങ്കിലും അവർ തന്നു പോയ പൊക്കിൾക്കൊടി അടയാളത്തെ എങ്ങനെ മായിച്ചെറിയും? ഭൂമിയുടെ ഏതോ കോണിൽ നിങ്ങളെ ഒരു ദിനമെങ്കിലും ഓർമിക്കാതെ അവർക്കു ജീവിക്കാനാകുമോ?”
ഞാൻ പറയുന്നതു കേൾക്കാൻ ഒരു താൽപര്യമില്ലാത്ത പോലെ ക്ലാസുറൂമിലെ ശാന്തശീല,പരുഷഭാവത്തോടിരുന്നു.
“ചേച്ചിയുടെ എസ്.എസ്.എൽ സി ബുക്കിൽ സ്വന്തം അമ്മയുടെ പേരും , രജനിയുടേതിൽ ഇപ്പോഴത്തെ അമ്മയുടെ പേരും വരും. മാത്രമല്ല ബർത്ത് സർട്ടിഫിക്കറ്റ് നോക്കിയാണ് ഞങ്ങൾ പേരെഴുതുന്നത്. അതു മാറ്റി,എഴുതിച്ചു
കൊണ്ടു വരാതെ പുതിയ പേരു ചേർക്കാനും പറ്റില്ല. ” സാങ്കേതിക വശത്തെ പിടിച്ചായി പിന്നെ എന്റെ ഉപദേശം.
വിവരങ്ങൾ രേഖപ്പെടുത്തിയത് ശരിയെന്ന് അംഗീകരിച്ച്, മാതാപിതാക്കളുടെ ഒപ്പുമിട്ട് കുട്ടികളെല്ലാവരും കൊണ്ടുവന്ന ദിനം രജനി പേപ്പർ കൊണ്ടു വന്നില്ല.
പിറ്റേന്ന്,എവിടെയോ ജീവിച്ചിരിക്കുന്ന സ്വന്തം അമ്മയുടെ പേരഴുതിയ പ്രിന്റ് ഔട്ട് കൈയ്യിൽ പിടിച്ചവൾ എൻ്റെ മുൻപിലെത്തി.
എഴുതിയത് എല്ലാം സത്യവും, കൃത്യവുമാണെന്നു സമ്മതിച്ച് , ഒപ്പിടേണ്ട കോളത്തിൽ വളർത്തമ്മയുടെ ഒപ്പുമിടീച്ചു കൊണ്ടുവന്നു തന്നു.
നിസംഗതയോടെ എന്നാൽ ഉറച്ച ശബ്ദത്തിവൾ പറഞ്ഞു. “അവർ ഈ പേപ്പറിൽ മാത്രമാണ് അമ്മ . ഹൃദയത്തിലില്ല ”
വീണ്ടും വിളിച്ചു മാറ്റി നിർത്തി ഉപേക്ഷിച്ചു പോയ അമ്മയെ സ്നേഹിക്കാൻ ഉപദേശിക്കാൻ എനിക്കും,തോന്നിയില്ല.
മക്കളുടെ മനസിൽ വെറുപ്പിൻ കനലായി എരിയുന്ന അമ്മയുടെ രൂപം . അതെടുത്തു മാറ്റാൻ കാലത്തിനും , ദൈവത്തിനും മാത്രമേ കഴിയു.
ടൂറിനു പോകുമ്പോൾ തൊട്ടടുത്തു വന്നിരുന്ന് എന്റെ തോളത്തു തല വെച്ചുറങ്ങാൻ സ്വാതന്ത്യം കാട്ടുമ്പോൾ സഹപാഠികൾ,അത്ഭുതത്തോടെ നോക്കിയിരിക്കും. കുട്ടികളെ ഇത്രയധിമടുപ്പിക്കുന്നതു ശരിയല്ല എന്നാരോ മുതിർന്നവർ എനിക്ക് മുന്നറിയിപ്പു ,തരുന്നു മുണ്ട്.ഞാനതൊന്നും ഗൗനിച്ചില്ല ഇവിടെ ഞാനല്ലേ അവളുടെ അമ്മ.
പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല എന്ന പഴമൊഴിയിലെ പെറ്റമ്മ കൊടുക്കേണ്ട സ്നേഹം, കരുതൽ, എത്ര അമ്മമാർ ചേർന്നു കൊടുത്താലും തീരാദാഹം പോലെ ജീവിതത്തിലുടനീളം തേടിക്കൊണ്ടേയിരിക്കുമോ!
അച്ഛനുപേക്ഷിച്ചവർ, അമ്മ മറന്നു കളഞ്ഞവർ , ഇരുവരുമില്ലാത്തവർ എന്നിങ്ങനെ അധ്യാപനത്തിൻ്റെ മുപ്പതിലധികം വർഷത്തിനിടയിൽ പല ജീവിതങ്ങളെയും കണ്ടറിഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ വേർപിരിഞ്ഞ ജീവിതത്തിനിടയിൽ മൂകരായി കഴിയുന്ന കുരുന്നുകളെ കണ്ടു വേദനിച്ചിട്ടുണ്ട്.
രജനിയുടെ നെഞ്ചിൽ കുടിയേറിയ,നൊമ്പരത്തെ വലിച്ചെറിയാൻ അക്ഷരങ്ങളായി പോലും അമ്മയുടെ സാന്നിധ്യം ഇനി എൻ്റെ കൂടെ വേണ്ട എന്ന നിശ്ചയ ദാർഢ്യ ഭാവത്തെ എനിക്കു മറക്കാനാകുന്നില്ല.
മനോ പുസ്തകത്തിൽ നിന്ന്,ഏതോ,സന്ധ്യയ്ക്കിറങ്ങിപ്പോയ രൂപം സർട്ടിഫിക്കറ്റിൽ നാമധാരിയായി അവൾ പോലും തിരിഞ്ഞു നോക്കാതെ എന്നും മരവിച്ചുകിടപ്പുണ്ടാകും.




അധ്യാപിക അമ്മയാണ് എന്ന വാക്യം അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്ന അനുഭവക്കുറിപ്പ്….
ഒരു കുട്ടിയെ വളർത്തുന്നതും തളർത്തുന്നതും അധ്യാപകരാണ്..
റോമി ടീച്ചറുടെ അനുഭവം വായിക്കുമ്പോൾ നമുക്ക് സങ്കടവും ഒപ്പം അഭിമാനവും തോന്നും…
നല്ല എഴുത്ത്
തുടരു…
Thank you Saji Mash
മലയാളി മനസിലൂടെ വായനക്കാർക്ക് ഒരുകാലത്തിന്റെ ഓർമ്മ മുത്തുകൾ പൊടിപ്പും തൊങ്ങലും വെച്ച് അനുഭവവേദ്യമായ വായനയുടെ പുത്തൻ ചമത്കാരങ്ങൾ സൃഷ്ടിയ്ക്കുന്ന കുറിപ്പുകളും ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളുമായി സാഹിത്യ ചരിത്രത്തിൻ്റെ എഴുത്തു പുരയിലെ മച്ചിൽ സൂക്ഷ്മമായി കരുതപ്പെടട്ടെ . മലയാളത്തിൻ്റെ കൈകളിലേക്ക് പുതുഭാഷ്യങ്ങളുടെ വർണനാതീതമായ അലങ്കാര മാല്യങ്ങളുമായെത്തുന്ന എല്ലാം സ്നേഹപ്പെട്ടവർക്കും അഭിനന്ദനങ്ങൾ.മലയാളിമനസ്സിലൂടെ ഇത്രയേറെ എഴുത്തുകാർക്ക് അവസരമൊരുക്കുന്ന ശ്രീ.രാജു ശങ്കരത്തിൽ അവർകൾക്കും അദ്ദേഹത്തിന്റെ സപ്പോർട്ടിംഗ് ടീമിനും അഭിനന്ദനങ്ങൾ…വിജയരഥം മുന്നോട്ട് പോകട്ടെ ടീം മലയാളി മനസ് ❤️
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.
മനസ്സ് തുറന്നു സംസാരിക്കാൻ ജീവിതത്തിൽ ഒരാൾ ഉണ്ടെങ്കിൽ, അതു തന്നെ ഒരു ഭാഗ്യം. വേദനിക്കുന്നവർക്ക് , അവർ പറയുന്നത് കേൾക്കുവാൻ ഒരാൾ ഉണ്ടെങ്കിൽ അത് തന്നെ ആണ് അവരുടെ വേദനസംഹാരി. അങ്ങനെയുള്ള ഒരാളകുവാൻ ടീച്ചറിന് സാധിച്ചല്ലോ. ആ കുട്ടിക്ക് വേണ്ടിയിരുന്നതും ടീച്ചറിനെ പോലെ ഒരാളെ.
Thank you നിത്യ
തിരക്കിനിടയിലും വായിച്ചെഴുതിയതിന്.
അധ്യാപന ജീവിതത്തിലെ ഒളിമങ്ങാത്ത ഓർമകൾ ഓരോന്നായ് പോരട്ടെ.
മുന്നിലിരിക്കുന്ന കാതുകങ്ങളെ അമ്മ മനസ്സോടെ ചേർത്തു നിർത്തിയ മാതൃ പാരമ്പര്യം സ്വജീവിതത്തിലും പകർന്നാടിയ റോമിയുടെ അധ്യാപിക മനസ്സിനും അഭിനന്ദനങ്ങൾ.❤️❤️
. ആശംസകൾ കേൾക്കുമ്പോൾ കൃതാർത്ഥത വന്നു ഭവിക്കുന്നു.
നന്ദി. കടപ്പാട്.
വളരെ നന്ദി. വായനയ്ക്കും നല്ല കമന്റിനും. സ്നേഹവും കടപ്പാടും അറിയിക്കുന്നു.
ഓർമ്മക്കുറിപ്പ് വായിച്ചപ്പോൾ എന്റെ കണ്ണുകളിൽ നിന്ന് അറിയാതെ രണ്ടു നീർത്തുമുത്തുകൾ വീണു ചിതറി. എന്റെ ഹൈസ്കൂൾ അധ്യാപനകാലത്തെ ചില സമാനനുഭവങ്ങൾ മനസ്സിലേക്ക് ഇരമ്പിയെത്തിയതാണോ, എൻ്റെയും എഴുത്തുകാരിയുടെയും കുഞ്ഞുങ്ങളോടുള്ള സമീപനത്തിന്റെ സമാനതകളാണോ കാരണം എന്നറിയില്ല. എന്തായാലും എന്റെ അധ്യാപന ജീവിതത്തിലെ ഏതാനും കണ്ണീർമുഖങ്ങളെ ഒരക്കൽകൂടി സ്മൃതിപഥത്തിലേക്ക് കൊണ്ടുവരാൻ വായന ഉപകരിച്ചു.
അഭിനന്ദനങ്ങൾ.
*നീർമുത്തുകൾ
സമാനഹൃദയർക്ക് കണ്ണു നനഞ്ഞതിൽ അത്ഭുതമില്ല വായനയ്ക്കും വിശദമായ കുറിപ്പിനും ഒത്തിരി നന്ദി ആനി ടീച്ചർ
മോൾക്ക് കിട്ടിയ വില മതിക്കാനാവാത്ത പുരസ്കാരത്തിന് നിറഞ്ഞ ഹൃദയത്തോടെ ആദ്യമേ തന്നെ അഭിനന്ദനങ്ങൾ അറിയിക്കട്ടെ.
റോമി മോളെ അധ്യയനവർഷത്തിൽ ഒരു ടീച്ചർ എന്നതിനേക്കാൾ ഉപരി രജനിയെ പോലെ ഒരുപാട് കുഞ്ഞുമക്കൾക്ക് മാതൃവാത്സല്യത്തിന്റെ തണലേകിയ മോൾ മറ്റ് അധ്യാപകർക്കൊക്കെ നല്ലൊരു മാതൃകയുടെ മണിമുത്താണ്. മോളുടെ രചന ഈറൻ അണിഞ്ഞ കണ്ണുകളോടെയാണ് ഞാൻ വായിച്ചുതീർത്തത്, ഇനിയും ഒരുപാട് രചനകൾക്ക് വേണ്ടി ഹൃദയപൂർവ്വം കാത്തിരിക്കുന്നു.
നന്ദി ചേച്ചി. കമന്റിടാൻ താൽപ്പര്യമുണ്ട് പക്ഷേ പറ്റുന്നില്ലയെന്നു പറഞ്ഞ് നേരിട്ടു നൽകാറുള്ള പ്രോത്സാഹനത്തിന് എന്നും സ്നേഹം .
ഇന്നത്തെ വിശകലനം ചെയ്ത കുറിപ്പിന് ഒത്തി നന്ദി
കുട്ടികളോട് അധ്യാപകരുടെ സമീപനം അവരുടെ ജീവിതത്തെ വളരെ സ്വാധീനിക്കാറുണ്ട്… വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ… നന്നായി എഴുതി അഭിനന്ദനങ്ങൾ റോമി ബെന്നിക്ക് ❤️
Thank you Reema
പതിവു വായനയ്ക്കും കമന്റിനും
Excellent read
Thank you Dr. Rejath
സൂപ്പർ
നന്ദി സർ