ഒരു സ്ത്രീ നിശബ്ദയാകുമ്പോൾ, അത് അവൾക്ക് പറയാൻ ഒന്നുമില്ലാത്തതുകൊണ്ടല്ല.
അത് പറയാൻ കഴിയാത്തത്ര ഭാരമുള്ള വാക്കുകൾ ഉള്ളിൽ കെട്ടിക്കിടക്കുന്നതുകൊണ്ടാണ്.
അവളുടെ മൗനം ശൂന്യതയല്ല — അത് നിറഞ്ഞ ഒരു തടാകമാണ്. കാണുന്നവർക്ക് അതിന്റെ ആഴം അറിയില്ല എന്നു മാത്രം.
അവൾ ക്ഷീണിതയാണ്.
ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞ് തെറ്റിദ്ധരിക്കപ്പെടുന്നതിൽ അവൾ മടുത്തു. അവളുടെ ഉള്ളിൽ വിള്ളലുകൾ വീഴുമ്പോൾ കാണാൻ ആരുമില്ല, കേൾക്കാൻ ആരുമില്ല — ആ നിമിഷങ്ങളിൽ പറയുന്നത് നിർത്തുകയല്ലാതെ വേറെ എന്തു ചെയ്യും?
അവളുടെ മൗനം നിസ്സംഗതയല്ല അത് വേദനയാണ്
ആർക്കും കാണാൻ കഴിയാത്ത യുദ്ധങ്ങൾ ഉള്ളിൽ ചുമക്കുന്നതിന്റെ ഭാരമാണ്.
പുറത്ത് “എല്ലാം ശരിയാണ്” എന്ന് നടിക്കുമ്പോഴും അകത്ത് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ പോരാട്ടമാണ്.
ഏറ്റവും ഉച്ചത്തിലുള്ള ചില നിലവിളികൾ ഒരിക്കലും ചുണ്ടിൽ നിന്ന് പുറത്തുവരുന്നില്ല.
അവ മൗനത്തിന്റെ ആഴത്തിൽ മുങ്ങിക്കിടക്കുന്നു. ചിലപ്പോൾ ഏറ്റവും ആഴമേറിയ പോരാട്ടങ്ങൾ നടക്കുന്നത് നിശബ്ദതയ്ക്കുള്ളിലാണ്.
അതിനാൽ, അവൾ നിശബ്ദതയിലേക്ക് പിൻവാങ്ങുന്നത് കണ്ടാൽ, അത് സമാധാനമാണെന്ന് തെറ്റിദ്ധരിക്കരുത്.
അവളോട് ചോദിക്കൂ — “എന്താണ് വേണ്ടത്?”
അവൾക്ക്
കുറച്ച് സമാധാനം കൊടുക്കൂ എന്നാൽ നിങ്ങൾ അടുത്തുണ്ടെന്ന് അവൾ അറിയട്ടെ.
ഒരുപക്ഷേ, അവൾക്ക് ഇപ്പോൾ പരിഹാരങ്ങളോ ഉപദേശങ്ങളോ വേണ്ട.
വിശദീകരണം ആവശ്യപ്പെടാതെ അവൾക്കൊപ്പം ഇരിക്കാൻ ഒരാളെ മാത്രം വേണം. “നീ ഇങ്ങനെ എന്തിനാ?” എന്ന് ചോദിക്കാതെ, “ഞാൻ ഇവിടെ ഉണ്ട്” എന്ന് പറയാൻ ഒരാളെ.
കാരണം, അവളുടെ നിശബ്ദതയ്ക്ക് പിന്നിൽ
എല്ലാം ഉള്ളിൽ ഒതുക്കുന്നതിന്റെ ഭാരത്തിൽ
തകർന്നുകൊണ്ടിരിക്കുന്ന ഒരു ഹൃദയമുണ്ട്.
ഇന്ന്, നമ്മുടെ ചുറ്റുമുള്ള എത്രയോ വീടുകളിൽ…
സ്വന്തമായി ഒരു തുട്ടുപോലും കൈയിലില്ലാത്ത അവൾ
ആവശ്യം വരുമ്പോൾ ഭർത്താവിന്റെ മുന്നിൽ കൈ നീട്ടണം.
ഒരു കപ്പ് ചായ ഉണ്ടാക്കാൻ വേണ്ട പഞ്ചസാരക്ക് പോലും
അവൾ ആരോടെങ്കിലും ചോദിക്കണം
ആ ചോദ്യം ചോദിക്കുമ്പോൾ
ചിലപ്പോൾ കിട്ടുന്നത് പണമല്ല, പരിഹാസമാണ്.
സ്വന്തം അധ്വാനം കൊണ്ട് നടക്കുന്ന ഈ വീടിൽ
ഒരു സാധനം വാങ്ങാൻ പോലും
അവൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ അവകാശമില്ല.
സ്വന്തം വീട്ടിൽ അതിഥിയെപ്പോലെ ജീവിക്കുന്നവൾ
പക്ഷേ ആ വീടിന്റെ നട്ടെല്ല് അവൾ തന്നെയാണ്.
“ഭാര്യ” എന്ന ലേബലിൽ പകൽ മുഴുവൻ അടുക്കളയിൽ, രാത്രി മക്കളുടെ അരികിൽ — അങ്ങനെ ജീവിതം ഒഴുക്കി വിടുന്ന സ്ത്രീകൾ ഉണ്ട്.
“എന്തിന് സഹിക്കണം?,
ഇട്ടിട്ടു പൊയ്ക്കൂടെ കോടതിയിൽ പോകൂ” ഇങ്ങനെ ചോദിക്കുന്നവർക്ക് അറിയാത്ത ഒരു സത്യമുണ്ട്:
ഇറങ്ങിപ്പോകാൻ ഒരിടമില്ല. ആശ്വസിപ്പിക്കാൻ ആരുമില്ല.
അമ്മയുടെ വീടോ, സഹോദരന്മാരോ, സ്നേഹിതരോ — ചിലപ്പോൾ ആ വാതിലുകളൊക്കെ അടഞ്ഞതാണ്. അല്ലെങ്കിൽ അവർ തന്നെ “ഇണങ്ങി ജീവിക്ക്” എന്ന് പറഞ്ഞ് തിരിച്ചയക്കുന്നവരാണ്.
അവർ ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നു.
അത് ചെറിയ കാര്യമല്ല. ആ ജീവിതം ഒരു ധീരതയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് അവർക്കറിയാം. ജീവിതം ഇഷ്ടമാണ് — ഈ ലോകം കാണണം, മക്കൾ വളരുന്നത് കാണണം — ആ ആഗ്രഹം അവരെ ജീവിപ്പിക്കുന്നു.
നാളെ മക്കൾ തന്നെ അകറ്റിനിർത്തുമെന്ന് അറിഞ്ഞിട്ടും, അവർ ജീവിക്കുന്നു.
അതാണ് ഒരു സ്ത്രീയുടെ മൗനത്തിന്റെ ശക്തി.
അവളുടെ നിശബ്ദത ബലഹീനതയല്ല — അത് അതിജീവനമാണ്.
ഒന്നു ചിന്തിക്കൂ
365 ദിവസവും, 24 മണിക്കൂറും, ഒരു ശമ്പളവും പ്രതീക്ഷിക്കാതെ, ഒരു “നന്ദി” പോലും കേൾക്കാതെ നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരാൾ നിങ്ങളുടെ വീട്ടിലുണ്ട്.
ഒരു ചെറിയ പരിഗണന മതി. ഒരു നോട്ടം, ഒരു വാക്ക്, ഒരു സ്നേഹം.
അത് അവളുടെ ജീവിതം മാറ്റിയേക്കാം. 🙏




👌