Friday, August 14, 2026
Homeഅമേരിക്കഓണം - മലയാളനാടിന്റെ സാംസ്കാരിക പെെതൃകം (ലേഖനം) ✍ രാജൻ പടുതോൾ

ഓണം – മലയാളനാടിന്റെ സാംസ്കാരിക പെെതൃകം (ലേഖനം) ✍ രാജൻ പടുതോൾ

–മലയാളിമനസ്സിന്റെ എല്ലാ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍—

മഹാഭാഗവതം പുരാണത്തില്‍ അഷ്ടമസ്കന്ധത്തിലെ നാല് അധ്യായങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്ന വാമനാവതാരം കഥയാണ് മാമലനാട്ടിലെ തിരുവോണത്തിന്റെ പുരാവൃത്തത്തിന് ആധാരം. ആ കഥ നിങ്ങള്‍ക്കും അറിയാമെങ്കിലും ഒന്ന് ചുരുക്കി പറയാം. ദേവേന്ദ്രനെ തോല്‍പ്പിച്ച് ഭൂമിയും സ്വര്‍ഗ്ഗവും അടക്കിവാണ അസുരചക്രവര്‍ത്തിയായ മഹാബലിയുടെ കഥയാണത്. ദാനശീലനും ബ്രാഹ്മണ ഭക്തനുമായിരുന്നു ബലി. അസുരവംശത്തില്‍ പിറന്നു എന്ന ഒരേ ഒരു ദോഷമേ അദ്ദേഹത്തിനുണ്ടാതിരുന്നുള്ളു.സ്വര്‍ഗ്ഗത്തിലെ സിംഹാസനം പിടിച്ചെടുത്ത അദ്ദേഹത്തെ അമര്‍ത്തേണ്ടത് ദേവന്മാരുടെ ആവശ്യമായിരുന്നു. അവരുടെ നഷ്ടസ്വര്‍ഗ്ഗം വീണ്ടെടുക്കുവാനായി മഹാവിഷ്ണു വാമനരൂപംപൂണ്ട ഒരു ബ്രഹ്മചാരിയായി ബലിയുടെ യഞ്ജശാലയില്‍ എത്തുന്നതാണ് വാമനാവതാരകഥയുടെയും ഓണത്തിന്റെയും നാടകീയ മുഹുര്‍ത്തം. യാഗശാലയിലെത്തിയ ബ്രാഹ്മണകുമാരനെ മാനിച്ചിരുത്തി ബലി. ദാനശീലനായ അദ്ദേഹത്തോട് വാമനന്‍,
”അല്ലയോ അസുരാധിപതേ!, വരദർഷഭനായ അങ്ങിൽനിന്നും എന്റെ കാലുകൊണ്ടു് ഞാൻ‌തന്നെ അളെന്നുടുക്കുന്ന മൂന്നടി ഭൂമിയെ മാത്രം ഞാൻ വരിച്ചുകൊള്ളാം. ഈ ലോകങ്ങളുടെയെല്ലാം ഈശ്വരനും അത്യുദാരനുമായ അങ്ങയിൽനിന്നും മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, വേണ്ടുന്നതുമാത്രം സ്വീകരിക്കുന്ന വിവേകിയായവൻ ഒരിക്കലും പാപം നേടുകയില്ല.” (ഭാഗവതം ഗദ്യവിവര്‍ത്തനം )
എന്ന് പണ്ഡിതോചിതമായി അപേക്ഷിക്കുന്നു. ‘എത്ര വിനീതമായ അഭ്യര്‍ത്ഥന!’ ബലി അത്ഭുതപ്പെട്ടു. ഹ്രസ്വാകാരനായ ആ ബ്രഹ്മചാരിയുടെ കാലുകൊണ്ട് മൂന്നടി മണ്ണ്, എത്ര തുച്ഛമാണ് ഈ യാചന!

വാമനന്റെ ബാലിശമായ യാചന അദ്ദേഹത്തിന് ഉള്‍കക്കൊള്ളാനായില്ല. ഭൂമിമുഴുവന്‍ തന്റേതാണെന്ന അഹങ്കരം വാമനനെ ബോധിപ്പിക്കുന്ന മട്ടില്‍ ബലി ബ്രാഹ്മണകുമാരനോട് പറഞ്ഞു- “അല്ലയോ ബ്രാഹ്മണകുമാരാ!, അതിശയമായിരിക്കുന്നു! അങ്ങയെ മുതിർന്നവർ പോലും അംഗീകരിച്ചുവെന്നുള്ളതു സത്യമാണു. എങ്കിലും, അങ്ങ് ബുദ്ധി വളർന്നിട്ടില്ലാത്ത ഒരു കുട്ടിയായതിനാൽ തൻ‌കാര്യത്തെക്കുറിച്ച് വേണ്ടവണ്ണം അറിയുന്നവനല്ല. ഇക്കണ്ട ലോകങ്ങൾക്കെല്ലാം ഈശ്വരനും, ഒരു ദ്വീപിനെതന്നെ ദാനം ചെയ്യുവാൻ കഴിവുള്ളവനുമായ എന്നെ വേണ്ടത്ര മനസ്സിലാക്കിക്കഴിഞ്ഞിട്ടും മൂന്നടി ഭൂമി മാത്രം യാചിക്കുന്നവൻ ബുദ്ധിയില്ലാത്തവനാണു. ഹേ കുമാരാ!, എന്നെ സമീപിച്ചതിനുശേഷം യാതൊരുത്തരും മറ്റുള്ളവരോടു് യാചിക്കുവാനുള്ള ഇടയുണ്ടാകാൻ പാടില്ല. ആയതിനാൽ, ജീവിക്കുവാൻ വേണ്ടുന്നത്ര ഭൂമിയെ ഇഷ്ടമനുസരിച്ച് എന്നിൽനിന്നും വരിച്ചുകൊള്ളുക.”

രാജാവിന്റെ വാഗ്ദാനം കേട്ട രാജഗുരു ശുക്രാചാര്യന്‍ വാമനന്റെ അഭ്യര്‍ത്ഥനയുടെ പിന്നിലെ ചതി അദ്ദേഹത്തെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും തന്റെ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറാന്‍ ബലി തയ്യാറായില്ല. ഗുരുവിന്റെ ഉപദേശം ചെവിക്കോള്ളാതിരുന്നതിന്റെ ദുരിതഫലം നിസ്സാരമായിരുന്നില്ല. ഭൂമി ദാനം കിട്ടിയ ഉടന്‍ വാമനന്‍ വിരാട്സ്വരൂപിയായി വളരുകയും തന്റെ ഭീമാകാരമായ പാദംകൊണ്ട് ഭൂമിയും സ്വര്‍ഗ്ഗവും അളന്നെടുക്കുകയും ചെയ്തു. മൂന്നാമത്തെ അടിയളക്കാനായി ഉയര്‍ത്തിയ പാദംവെയ്ക്കാന്‍ തലതാഴ്ത്തിക്കൊടുത്ത് കൃതാര്‍ത്ഥനായി ബലി ചക്രവര്‍ത്തി. അതിനു ശേഷം സുതലം എന്ന പാതാളം തന്റെ വാസസ്ഥലമായി സ്വമേധയാ സ്വീകരിച്ച് അദ്ദഹം ഭൂമിയില്‍നിന്ന് വിടവാങ്ങി. ദേവേന്ദ്രന് സ്വര്‍ഗ്ഗരാജ്യം തിരികെ കിട്ടുകയും ചെയ്തു. ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുകയും അധര്‍മ്മം പെരുകുകയും ചെയ്യുന്ന യുഗസന്ധ്യകളില്‍ താന്‍ എത്തും എന്ന അവതാരധര്‍മ്മം നിര്‍വ്വഹിച്ച് വാമനനും അപ്രത്യക്ഷമായി.

വാമനാവതാരത്തിലെ ധര്‍മ്മാധര്‍മ്മ വിചിന്തനത്തിന് ഞാന്‍ കടക്കുന്നില്ല. ‘ലോകത്തിന് മുഴുവന്‍ ഈശ്വരനും ഒരു ദ്വീപുതന്നെ ദാനം ചെയ്യുവാന്‍ കഴിയുന്നവനുമാണ് താന്‍’ എന്ന ബലിയുടെ അഹങ്കാരത്തെയാണത്രെ വാമനനന്‍ അമര്‍ത്തിയടക്കിയത്. അത് അവിടെ നില്‍ക്കട്ടെ.നമുക്ക് കഥയിലേക്ക് തിയിച്ചുവരാം.

നര്‍മ്മദാനദിയുടെ ഉത്തരതടത്തില്‍ ‘ഭൃഗുകച്ഛം’ എന്നയിടത്ത് നടന്നുവെന്നു പറയുന്ന ഈ അവതാരകഥ മലയാളക്കരയിലെത്തിയപ്പോള്‍ മഹാബലി വാണ നല്ല കാലത്തിന്റെ വാഴ്ത്തുപാട്ടായി എങ്ങനെ മാറിയെന്നതാണ് ഞാന്‍ ഇവിടെ പരിശോധിക്കുന്നത്.
”വരമാബലി നാടു വാണൊരാ
സ്മരണത്തിന്നുതകും പ്രകാരമായ്
ഇരവിപ്പെരുമാള്‍ തുടങ്ങി വന്‍
കര തൃക്കാക്കരവെച്ചൊരുത്സവം” എന്ന് മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതിയത് വാമനാവതാരം സാധിക്കുന്ന ധര്‍മ്മസംസ്ഥാപനത്തെ പുകഴ്ത്താനല്ല. മാബലിയുടെ സ്മരണ അനശ്വരമാക്കുവാനാണ്. പെരുമാള്‍ ഭരണ കാലത്താണ് (9_12century CE ) മാവേലി നാടുവാണ നല്ല കാലം കൊണ്ടാടിത്തുടങ്ങിയത് എന്നാണല്ലോ തമ്പുരാന്‍ സൂചിപ്പിക്കുന്നത്. വാമനാവതാരദിനംതന്നെയാണ് ഇവിടെയും തിരുവോണദിനമായി സ്വീകരിച്ചതും.
”ശ്രവണദ്വാദശിയായ ദിവസം, തിരുവോണത്തിൽ ചന്ദ്രൻ പ്രകാശിക്കുമ്പോൾ, അഭിജിത്ത് എന്ന ശുഭമുഹൂർത്തത്തിൽ, ശ്രീവാമനമൂർത്തി അവതാരം ചെയ്തു. നക്ഷത്രങ്ങളും ഗ്രഹങ്ങളും അതുപോലെ മറ്റെല്ലാ ജ്യോതിർഗണങ്ങളും ഭഗവദവതാരത്തെ ശുഭമാക്കിമാറ്റി.”എന്ന ഭാഗവതപുരാണത്തിലെ കാലനിര്‍ണ്ണയം മഹാബലിയുടെ തിരിച്ചുവരവിന്റെ ദിനമായി മലയാളികള്‍ മാറ്റിപ്പാടിയെന്നു മാത്രം. ഉത്തരേന്ത്യയിലെ ശ്രാവണമാണ് കൊല്ലവര്‍ഷം എന്ന കേരളീയ പഞ്ചാംഗത്തിലെ ചിങ്ങമാസം. ആ മാസത്തിലെ ശുക്ലദ്വാദശിദിനംതന്നെയാണ് കൊല്ലവര്‍ഷം ചിങ്ങമാസത്തിലെ തിരുവോണനാള്‍.

മഹാബലിയുടെ യജ്ഞഭൂമിയായ ‘ഭൃഗുകച്ഛ’ത്തിനും കേരളത്തിനോട് ബന്ധമുണ്ടെന്നത് യാദൃച്ഛികമാകാന്‍ ഇടയില്ല. ഭാര്‍ഗ്ഗവരാമന്‍ കടലില്‍നിന്ന് പൊക്കിയെടുത്ത നാടാണല്ലോ കേരളം! നര്‍മ്മദയുടെ തടങ്ങളില്‍നിന്ന് തെക്കോട്ട് പ്രയാണം ചെയ്ത് കേരളത്തിലെത്തിയ ആര്യബ്രാഹ്മണരാണ് നമ്പൂതിരിമാര്‍ (ഭൃഗുവംശം) എന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ ചരിത്രാംശം ‘ഭൃഗുകച്ഛ’ത്തിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ മറ്റ് അവതാരകഥകള്‍ക്കില്ലാത്ത ജനപ്രീതി വാമനകഥക്ക് കേരളത്തിലുണ്ടായത് സ്വാഭാവിമാണെന്ന് തോന്നുന്നു. ഭാര്‍ഗ്ഗവക്ഷേത്രം സൃഷ്ടിച്ച ഭാര്‍ഗ്ഗവരാമനോടും ഓണത്തിന് കടപ്പാടുണ്ടെന്നാണല്ലോ ഭൃഗുകച്ഛം സൂചിപ്പിക്കുന്നത് !

ഇങ്ങനെ ഭാഗവതകഥയും തിരുവോണവും തമ്മില്‍ സ്ഥലകാല(time-space)ബന്ധങ്ങള്‍ പലതും ഉണ്ടെങ്കിലും വാമനാവതാരകഥ ബലിപ്പെരുമാളിന്റെ കഥയായിപരിണമിച്ചതെങ്ങനെയെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. ഭാഗവതത്തിലെ കഥയില്‍ വാമനന്‍ ബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുന്നില്ല. തന്റെ പ്രജകളെ കാണാന്‍ ചിങ്ങമാസത്തിലെ തിരുവോണനാള്‍ ഭൂമി സന്ദര്‍ശിക്കാമെന്ന അനുവാദകഥയും ഭാഗവതത്തിലില്ല. അതുകൊണ്ടുതന്നെ, ഓണത്തിന്റെ കഥയറിയാന്‍ കേരളക്കരയില്‍ന്നെ അന്വേഷിക്കണം.

ഓണാഘോഷത്തിന്റെ സ്ഥലം(space) ഭൃഗുകച്ഛമല്ല, കേരളത്തിലെ തൃക്കാക്കരയാണ്. വാമനമൂര്‍ത്തിയെ പ്രതിഷ്ഠിച്ച തൃക്കാക്കരക്ഷേത്രത്തില്‍ കര്‍ക്കടകത്തിലെ തിരുവോണം മുതല്‍ -ചിങ്ങമാസത്തിലെ തിരുവോണനാള്‍ വരെ നടന്നുവരുന്ന ഉത്സവം ആണ് പില്‍ക്കാലത്ത് മലയാളനാടിന്റെ ഓണമായത് എന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ സമാപനദിനമായ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ മലനാട്ടിലെ എല്ലാ രാജാക്കന്മാരും തമ്പുരാക്കന്മാരും പ്രമാണികളും തൃക്കാക്കരയെത്തണമെന്നൊരു തിട്ടൂരം ഉണ്ടായിരുന്നുവത്രെ. പക്ഷേ പലര്‍ക്കും ആ ദിവസം എത്തിപ്പെടാന്‍ സാധിക്കാതെവന്നപ്പോള്‍ രാജശാസനക്ക് ചില ഇളവുകള്‍ കല്‍പ്പിക്കേണ്ടിവന്നു. തൃക്കാക്കര എത്താനാവാത്തവര്‍ അതാത് ദേശങ്ങളില്‍ തിരുവോണം ആഘോഷിച്ചാല്‍ മതിയെന്നും ദേശത്തുള്ളവരെല്ലാവരും മാവേലിസ്മരണ കൊണ്ടാടാണമെന്നും നിശ്ചയം ചെയ്തുവെന്ന് പറയപ്പെടുന്നു.

ഒരു ക്ഷേത്രത്തിലെ താന്ത്രികാചാരം സാമാന്യജനങ്ങളുടെ ഉത്സവമായപ്പോള്‍ പുരാണകഥ നാടോടികഥയായി പരിണമിച്ചുപോയതാവാം ഓണാഘോഷത്തിന്റെ തലക്കുറി. ഭൂപ്രഭുക്കളുടെ കുടിയാന്മാരായ സാമാന്യജനങ്ങള്‍ മാവേലിയെ ചവുട്ടിത്താഴ്ത്തിയ വാമനബ്രാഹ്മണനില്‍ അവരുടെ ജന്മിമാരുടെ പ്രതിരൂപം കണ്ടുവെങ്കില്‍ അത്ഭുതപ്പെടാനില്ല. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ആയി പുറംതള്ളപ്പെട്ട അവര്‍ വാമനന്റെ കുടിയേറ്റത്തിനുമുന്‍പ് ഉണ്ടായിരുന്ന മാവേലിക്കാലം പാട്ടാക്കി പാടി- ”മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ”
അത്രയുമല്ല,
”എല്ലാ കൃഷികൾക്കുമെന്നപോലെ
നെല്ലിന്നും നൂറുവിളവതെന്നും
ദുഷ്ടരെക്കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ.
ആലയമൊക്കെയുമൊന്നുപോലെ
ഭൂലോകമൊക്കെയുമൊന്നുപോലെ
നല്ല കനകംകൊണ്ടെല്ലാവരും
നല്ലാഭരണമണിഞ്ഞ കാലം.”
കൃഷിക്കാരുടെയും കീഴാളരുടെയും ഹൃദയത്തില്‍നിന്നുയിര്‍ക്കൊണ്ട പാട്ടാണ് ഇതെന്ന് സംശയമില്ല. മാനുഷരെല്ലാരുമൊന്നാവണമെന്ന അഭിലാഷം പ്രകടമാവുന്നത് അടിച്ചമര്‍ത്തപ്പെട്ടവരിലാണല്ലോ.തമ്പുരാക്കന്മാര്‍ക്ക് അതൊരു വെല്ലുവിളിയാണ്. മാനുഷരെല്ലാരുമൊന്നുപോലെയാവുന്നത് അവരുടെ പ്രഭുത്വത്തെ സ്വാഭാവീകമായും അലോസരപ്പെടുത്തും.

കഥയുടെ പരിണാമം ഇവിടെ അവസാനിച്ചുവെന്ന് കരുതരുത്. ജന്മിമാരും കുടിയാന്മാരും ചരിത്രമായി. അക്കാലത്തെ കഥകളും സ്വാഭാവികമായി അപ്രസക്തമായിക്കൊണ്ടിരിക്കും. മനുഷ്യബുദ്ധിയെ മറികടന്ന് മുന്നോട്ട് കുതിക്കുന്ന നിര്‍മ്മിതബുദ്ധിയുടെ ഭാവനയില്‍ മാവേലിയും ഓണവും മാറിമറയാതിരിക്കില്ല. കാടത്തത്തില്‍നിന്ന് AIലേക്കുള്ള പരിണാമത്തിന്റെ ഓരോ ദശയിലും കഥകള്‍ പുതിയ പുതിയ രൂപത്തിലും ഭാവത്തിലും അവതരിച്ചിട്ടുണ്ട്. അത് മാനവസമൂഹത്തിന്റെ ആശ്യമാണ്, മനുഷ്യസമൂഹത്തിന്റെ പരിണാമ സിദ്ധാന്തമാണ്. കഥകളിലൂടെയാണ് മാനവസംസ്കാരം വളരുന്നത്. മാറിമാറി വരുന്ന കഥകളാണ് പുരോഗതിയുടെ അടയാളങ്ങള്‍. സമൂഹത്തെയും അതിന്റെ രാഷ്ട്രീയത്തെയും നിര്‍ണ്ണയിക്കുന്നതില്‍ കഥകള്‍ക്ക് സാരമായ പങ്കുണ്ട്. തിരുവോണപ്പുലരിയുടെ തിരുമുറ്റത്ത് വിഷ്ണുവിന്റെ പ്രതിയോഗിയായ അസുര രാജാവ് പൂജിക്കപ്പെടുന്ന കഥ കേരളത്തിന്റെ മതേതരമായ രാഷ്ട്രീയകാഴ്ച്ചപ്പാടിനെ പോലും പുഷ്ടിപ്പെടുത്തിയിട്ടുണ്ടാവാം.

പക്ഷേ, കഥകള്‍ എത്ര മാറിയാലും ശാശ്വതമായ ഒന്നുണ്ട് മനുഷ്യനില്‍ഃ-
-ഇരുണ്ട കര്‍ക്കടകത്തിന് പിന്നാലെയെത്താതിരിക്കില്ല ഓണവെയ്ലൊളി ചിന്നുന്ന ചിങ്ങമാസം എന്ന അവന്റെ പ്രത്യാശ(hope). ഏത് ഇരുളിന്റെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തപ്പെട്ടാലും തുമ്പക്കൂട ചൂടി നമ്മുടെ മുറ്റത്തെത്തും മാവേലി എന്ന വിശ്വാസം. അത് കേവലം കഥയോ സ്മരണയോ അല്ല,ഒരു നാടിന്റെ സ്വപ്നമാണ്.

മഹാകവി വെെലോപ്പിള്ളിയുടെ വരികള്‍ ഓര്‍ക്കുന്നു –
”ഹാ വിജിഗീഷി മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍”

രാജൻ പടുതോൾ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ