എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ.
അത്രമേൽ നെഞ്ചോടു ചേർക്കുന്നതെന്തും “പൊന്ന് ” എന്ന വാക്ക് ചേർത്തു വിളിക്കാൻ മലയാളികൾക്കിഷ്ടമാണ്. പൊന്നുമക്കളെന്ന വാത്സല്യം, എന്റെ മാത്രം പൊന്നെന്ന പ്രണയം, പൊന്നുപോലെന്ന കരുതൽ.. ആ കൂട്ടത്തിൽ മറ്റൊരു മലയാള മാസത്തിനുമില്ലാത്ത പൊന്നിൻ തിലകം ചിങ്ങമാസത്തിനു നമ്മൾ ചാർത്തിക്കൊടുത്തിട്ടുണ്ട്..
ഗൃഹാതുരത്വം ഉണർത്തുന്ന പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം കള്ളവും ചതിയും അരുതെന്ന സന്ദേശവുമായി സുതലത്തിൽ നിന്നും ഭൂതലത്തിലേക്കു ക്ഷേമാന്വേഷണവുമായി വരുന്ന പിതൃഹൃദയമുള്ള പ്രജാവത്സലന്റെ മാത്രം ആഘോഷമാണ്… ഓണാഘോഷങ്ങൾ തീർത്തും നഗരവൽക്കരിക്കപ്പെട്ട കാലഘട്ടത്തിലാണെങ്കിലും തുമ്പപ്പൂവും മുക്കുറ്റിയും ചെമ്പരത്തിയും പോലുള്ള നാട്ടുപൂക്കൾ നിറഞ്ഞ വട്ടപൂക്കളം നനവോർമയായി മനസ്സിലുണ്ട്.
നടുമുറ്റത്തു അരിമാവ് കൊണ്ട് അണിഞ്ഞു സുന്ദരനാക്കിയ തൃക്കാക്കരപ്പന് ചാറ്റൽ
മഴ കൊള്ളാതിരിക്കാൻ അമ്മ ചെരിച്ചു വെക്കുന്ന ഓലക്കുട ഇനി ഓർമയിൽ മാത്രം. അതിരാവിലെ തുയിലുണർത്താൻ വന്നിരുന്ന രാമനും ലക്ഷ്മിയും എന്നോ മൺ മറഞ്ഞു കഴിഞ്ഞു.കാഴ്ചക്കുലകളും ഉറിയിൽ ഊഞ്ഞാലാടുന്ന വെള്ളരിക്കയും കുമ്പളങ്ങയും ഏതോ ജന്മത്തിലെ ഓർമ്മയായി.
ഓണം കഴിഞ്ഞു ശൂന്യമായ നടുമുറ്റത്തേക്ക് നോക്കുമ്പോൾ തോന്നുന്ന നഷ്ടബോധം ഒന്നുകൂടി അനുഭവിക്കാൻ കൊതിയാവുന്നു. മുടി മെടഞ്ഞിട്ട പട്ടു പാവാടക്കാരിയും കുഞ്ഞി മുണ്ടുടുത്ത മൂന്നു ആങ്ങളമാരും ഓർമ്മ പടിപ്പുര വാതിലിനപ്പുറത്ത് ഒളിച്ചു നിൽപ്പുണ്ട് .അമ്മയുടെ പ്രിയപ്പെട്ട പശുക്കൾ ശാന്തിക്കും സുരഭിക്കും കഴുത്തിൽ കെട്ടിക്കൊടുക്കുന്ന ഓട്ടുമണിയുടെ ഒച്ച പുലർകാല സ്വപ്നത്തിലെങ്കിലും
കേട്ടിരുന്നെങ്കിൽ എന്നു മോഹിച്ചുപോകുന്നു.
ഓണനിലാവിന്റെ ചന്തവും തൊട്ടുപോയ രാകാറ്റുകളുടെ കുളിർമ്മയും മുക്കുറ്റിയും തുമ്പയും തെച്ചിയും ചെമ്പരത്തിയും പൂക്കളമിട്ട നടുമുറ്റവും ഓർമ്മകളുടെ ഊഞ്ഞാലിലേറി ഓണക്കാലത്തു വിരുന്നുവരുന്നു.സന്തോഷത്തിന്റെ മാത്രമല്ല നഷ്ടത്തിന്റെയും ഓർമ്മ പുതുക്കലാണ് ഓണമെന്ന് കാലം ചെവിയിൽ മന്ത്രിക്കുന്നുണ്ട്. നന്മ വറ്റിയിട്ടില്ലെന്നും ആത്യന്തികമായി മനുഷ്യർ നല്ലവരാണെന്നുമുള്ള മഹാ ബലിയുടെ വിശ്വാസം തെറ്റരുതെന്നാണ് പ്രാർത്ഥന.
പിതൃലോകത്തിലിരിക്കുന്ന അച്ഛനും അമ്മയും കുട്ടികൾ ഓണത്തിന് ഒന്നിച്ചുണ്ടാവുമോ എന്നൊക്കെ ഓർക്കുന്നുണ്ടാവുമെന്ന് വെറുതെ തോന്നും . ബാല്യ കൌമാരങ്ങൾ ഇന്നും മോഹിപ്പിക്കുന്നതു കൊണ്ടാവാം, അച്ഛന്റെ ഗീതാമണി എന്നും ഉള്ളിലുള്ളതുകൊണ്ടുമാവാം.
എങ്കിലും, ഓർമ്മകൾക്ക് മരണമില്ലല്ലോ.
ഒരു ചാറ്റൽമഴ പെയ്താൽ, എവിടെ നിന്നോ ഒരു ഓണക്കാലം മനസ്സിലേക്ക് ഇറങ്ങിവരും.
ഒരു മാവില വീണാൽ, അച്ഛന്റെ കൈപിടിച്ച് നടന്ന ഇടവഴികൾ ഓർമ്മ വരും.
ഒരു പായസത്തിന്റെ മണം വന്നാൽ, അമ്മയുടെ അടുക്കള വീണ്ടും ജീവൻ പ്രാപിക്കും.
ഇന്ന് വീടുകളുണ്ട്…
പക്ഷേ നടുമുറ്റങ്ങളില്ല.
തുമ്പയും മുക്കുറ്റിയും തെച്ചിയും ചെമ്പരത്തിയുംഇന്നും വിടരുന്നുണ്ട്.
എന്നാൽ പുലർച്ചെ മഞ്ഞുതുള്ളി തട്ടിമാറ്റി
അവയെ സ്നേഹത്തോടെ പറിച്ചെടുക്കാൻ
കുഞ്ഞി വിരലുകൾ ഓടിയെത്താറില്ല.
പൂമ്പാറ്റകൾക്കും വഴിതെറ്റിയിരിക്കണം…
പൂക്കളെക്കാൾ സുഗന്ധം
മനുഷ്യഹൃദയങ്ങളിലായിരുന്ന കാലം
അവയ്ക്കിപ്പോഴും ഓർമ്മയുണ്ടാകാം.
അതുകൊണ്ടാവാം
അവയും മുറ്റങ്ങൾ മറന്നുപോയത്.
സദ്യകളുണ്ട്.പലവിധ വിഭവങ്ങൾ നിറഞ്ഞ മേശകളുണ്ട്. പക്ഷേ ഒരേ നിരയിൽ
വാഴയില വിരിച്ച്,
“കുറച്ച് കൂടി പായസം ഒഴിക്കട്ടെ…”
എന്ന അമ്മ സ്നേഹം കേൾക്കാനില്ല.
നിറഞ്ഞ വയറുകളും ഒഴിഞ്ഞ മനസ്സുകളുംബാക്കിവെച്ച്
സദ്യയും ഒരു ചടങ്ങായി മാറിപ്പോകുന്നു.
അകന്നുപോയവരെ സ്നേഹത്തോടെ ഓർക്കാനും, കൂടെയുള്ളവരെ ചേർത്തുപിടിക്കാനും, പരിഭവങ്ങൾ മറന്ന് മനസ്സുകൾ ഒന്നിക്കാനും ഈ ഓണത്തിനു കഴിയട്ടെ.




തീർച്ചയായും ഓണം ചേർത്ത് പിടിക്കലിന്റെ ഉത്സവമാണ്…