Saturday, June 20, 2026
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ - അദ്ധ്യായം 19) 'കണ്ണുകെട്ട്...

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ – അദ്ധ്യായം 19) ‘കണ്ണുകെട്ട് ‘ ✍ സോഫിയാമ്മ ജോസ്, വാഴക്കുളം , മുവാറ്റുപുഴ

“എടാ,ആ വെട്ടം ഇങ്ങോട്ട് അല്ലേ വരുന്നത് “?

രമേശൻ തിരക്കി.

“അല്ലടാ.അത് അങ്ങോട്ട് പോവുകയാണെന്ന് തോന്നുന്നു”.

ഗോപിക്കുട്ടന് അങ്ങനെയാണ് തോന്നിയത്.

ഏതായാലും മങ്ങിയ ആ വെളിച്ചം ചലിക്കുന്നുണ്ട്.

“ഇനി അത് അവിടെ തന്നെ നിൽക്കുകയാണോ?”

 

” ആരെങ്കിലും നമ്മളെ അന്വേഷിച്ചു വരുന്നതായിരിക്കുമൊ? ”

രമേശൻ സംശയം പ്രകടിപ്പിച്ചു.

“ഏയ്‌.
വല്ലവരും കടയിൽ പോയിട്ട് മടങ്ങി വരുന്നതായിരിക്കും ” അമ്പാടി പിറുപിറുത്തു.

വെളിച്ചം ഏകദേശം അടുത്തെത്തിയപ്പോൾ അവർക്ക് ആശ്വാസമായി.

പ്രകാശം എന്തോ കൊണ്ട് മറച്ചു പിടിച്ചിരിക്കുന്നതിനാൽ അതിനു പിന്നിലുള്ള ആളെ തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല.

” ചേട്ടാ ഒന്ന് നിക്കണേ”

കുട്ടികൾ വിളിച്ചു.
അത് അയാൾ കേട്ടില്ലെന്നുതോന്നി.

ചേട്ടാ,ഞങ്ങക്കു വെട്ടമില്ല. ഒന്നു നിക്കണേ”.

പെട്ടെന്ന് ആ വെളിച്ചം ഒന്നു നിന്നു.

“വാടാ നമുക്ക് അങ്ങോട്ട് നടക്കാം.”

എന്നാൽ അടുത്ത ക്ഷണത്തിൽ തന്നെ ആ പ്രകാശനാളം അപ്രത്യക്ഷമായി.

കുട്ടികൾ അമ്പരന്നുപോയി.

” വെളിച്ചമെവിടെ”?

ആഞ്ഞിലി മരത്തിന്റെ മുകളിലിരുന്ന് പുള്ള് ചിലച്ചു.

അത് ചിറകടിച്ചു പറന്നു.

അവർ പരസ്പരം കൈകൾ കോർത്തു പിടിച്ചു.
തങ്ങൾ പാറയിടുക്കിന് അപ്പുറത്തുള്ള വിജനമായ ഇഞ്ചക്കാട്ടിലേയ്ക്കാണ് നടന്നു നീങ്ങിയതെന്ന് ഒരു ഉൾക്കിടത്തോടെ അവർ മനസ്സിലാക്കി.

പെട്ടെന്ന് ബോധം ഉണർന്നു. പുകവലിച്ചതിന്റെ കെട്ടടങ്ങി.

വിപരീത ദിശയിലേക്ക് ആവുന്നത്ര വേഗത്തിൽ അവർ നടന്നു.

അല്ല ഓടുകയായിരുന്നു.

എന്നാലും ആ വെട്ടം പെട്ടെന്ന് കാണാതായത് എങ്ങനെ ?
അത് ഇരുൾ മൂടിയ ഇഞ്ചക്കാടിനുള്ളിലേയ്ക്ക് കടന്നുപോയത് എന്തിനാണ്?

ഒരു കടവാവൽ അവരുടെ അടുത്തുകൂടി ചിറകടിച്ചു പറന്നു .
കാൽച്ചുവട്ടിലൂടെ എന്തൊക്കെയോ ഓടിപ്പോകുന്ന ശബ്ദങ്ങൾ.

ആരോ അർത്ഥം വെച്ച് മൂളുന്നതുപോലെ ആഞ്ഞിലി മരത്തിന്റെ മുകളിലിരുന്ന് കൂമൻ മൂളിക്കൊണ്ടിരുന്നു.

‘”ഒരു ‘ചൂട്ടുകറ്റ’ ഉണ്ടായിരുന്നെങ്കിൽ”

ഭയം ഗ്രസിച്ചിരുന്നതിനാൽ അവർ പരസ്പരം മിണ്ടിയതേയില്ല.

പണ്ട് ‘കോന്തി ‘എന്നൊരാൾ ഇവിടെ എവിടെയോ തൂങ്ങിച്ചത്തിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

ആ വെട്ടം കണ്ടത് ‘കോന്തി’യുടെ പ്രേതമായിരിക്കുമോ?

ആ ദുർമമ്മരണം നടന്നതിൽ പ്പിന്നെയാണ് ഈ കടവിൽ ആരും കുളിക്കാൻ വരാതെയായത്.

പ്രേതങ്ങൾ ആളുകളെ വഴിതെറ്റിച്ചു കൊണ്ടുപോകുമെന്ന് കേട്ടിട്ടുണ്ട്.

ഒരു നിമിഷാർദ്ധം കൊണ്ട് എന്തെല്ലാം ചിന്തകളാണ് മനസ്സിന്റെ കണ്ണാടിയിൽ മിന്നി മറയുന്നത്!

മരത്തലപ്പുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചന്ദ്രികയിൽ ഇരുളും വെളിച്ചവും ഇടകലർന്ന് അവ്യക്തമായ രൂപങ്ങൾ പ്രാപിച്ചപ്പോൾ എങ്ങോട്ടും നോക്കാൻ ധൈര്യമില്ലാതെ അവർ ഓട്ടത്തിനു വേഗം കൂട്ടി.

പൊന്തക്കാടുകളുടെ ഉയരം കുറഞ്ഞു ഇപ്പോൾ തെങ്ങിൻ തോപ്പിലൂടെ ആണ് നടക്കുന്നത് ആശ്വാസമായി ഇനി കുഴപ്പമില്ല സ്ഥിരം നടക്കുന്ന വഴിയെത്തി . അകലെ വീടുകളിൽ നിന്നും വെളിച്ചം കണ്ടുതുടങ്ങി.

കാര്യമായൊന്നും സംസാരിക്കാതെ അവർ താന്താങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ തിരിഞ്ഞു .

അപ്പോഴാണ് അപ്പു ശ്രദ്ധിച്ചത്, തന്റെ കൈവിരലുകൾ നിക്കറിന്റെ പടിയിലുള്ള ആണിയിൽ എപ്പോഴോമുതലേ തിരുപ്പിടിച്ചിരിക്കുകയായിരുന്നു എന്ന കാര്യം.

(തുടരും… )

സോഫിയാമ്മ ജോസ്, വാഴക്കുളം , മുവാറ്റുപുഴ✍

RELATED ARTICLES

1 COMMENT

  1. കുട്ടിക്കാലത്തേക്ക് തിരിച്ചുപോയ പ്രതീതി
    തുടരൂ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com