നഷ്ടമാകുന്ന ചില വലിയ കാര്യങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.
തിരിച്ചെടുക്കാൻ കഴിയാത്തവ!
സർവീസ് കാലഘട്ടത്തിൽ 95 ൽ ടൂറിസം വകുപ്പിൽ പ്രവേശിച്ചത് മുതൽ
2009 വരെ വർക്കഹോളിക് എന്ന ആശയത്തിന്റെ നിത്യാരാധകനായിരുന്നു ഞാൻ!
ഓവർ ഷൈൻ ചെയ്യുന്നു എന്ന പരാതി പോലും ചില ‘അനുകൂല ശത്രുക്കൾ’ ഉയർത്തി!
അവർ വാരി വിതറിയ മുള്ളുകളിൽ ചവിട്ടിയും ചവിട്ടാതെയും ഞാൻ മുന്നേറി.
എല്ലാം എൻ്റെ സർവീസ് സ്റ്റോറിയിൽ വരുന്നുണ്ട് !
പിന്നെയുള്ള 14 വർഷങ്ങളിൽ രണ്ടുമൂന്നു വർഷം ഒഴികെ ടൂറിസം വകുപ്പിന് അങ്ങനെയൊരു വർക്കഹോളിക് സമീപനം പോയിട്ട് ആത്മാർത്ഥത പോലും വേണ്ടതായി എനിക്ക് തോന്നിയില്ല ! മേലുദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പെട്ട സിസ്റ്റത്തിന്റെ സമീപനം അങ്ങനെയായിരുന്നു. അവർക്ക് ആത്മാർത്ഥതയോ പെർഫെക്ഷനോ പുതിയ ആശയങ്ങളോ ഒന്നും വേണ്ടിയിരുന്നില്ല. അവിടെ ഞാനും റുട്ടീൻ ആയി മാറുകയോ മാറിനിൽക്കുകയോ ചെയ്തു.
അമിതമായി വർക്കഹോളിക്കാവുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും ഒക്കെയാണ്. വർക്കഹോളിക് ആവുക എന്നതിന്റെ മറ്റൊരർത്ഥം ചുറ്റുമുള്ള ചിലരുടെ പ്രശംസയ്ക്കും അഭിനന്ദനത്തിനും നമ്മൾ പാത്രമാവുക എന്നതാണ്. അതൊരിക്കലും മോശമല്ല. പക്ഷേ അത് ദീർഘകാല ഗുണം ചെയ്യുന്ന ഒന്നല്ല.
നമ്മുടെ മേലധികാരിക്ക് നമ്മെ ആവശ്യമുള്ളത് അയാൾ നമ്മുടെ മേലധികാരി ആയിരിക്കുമ്പോൾ മാത്രമാണ് . ആസ്ഥാനം വിട്ട് അയാൾ പോകുമ്പോൾ നമ്മളെയും അയാൾ മറക്കുന്നു. വളരെ അപൂർവ്വം ചിലരേ ഇതിന് അപവാദമായി ഉള്ളൂ.
അയാൾ ഫയലിൽ കുറിച്ചിട്ട, അല്ലെങ്കിൽ നേരിട്ട് പറഞ്ഞ അഭിനന്ദന / പ്രോത്സാഹന വാക്കുകൾക്ക് പിന്നെ നമ്മുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല.
ആ ഫയലുകൾ പരതി നോക്കി പിന്നാലെ വരുന്ന ആരും നമ്മളെക്കുറിച്ചോർത്ത് അഭിമാനിക്കുകയോ നമ്മളെ അഭിനന്ദിക്കുകയോ നമ്മളെപ്പറ്റി മറ്റുള്ളവരോട് നല്ലതു പറയുകയോ ഒന്നും ചെയ്യുന്നില്ല.
സർവീസിലെ അഭിനന്ദനങ്ങൾ നമ്മുടെ താൽക്കാലിക മാനസിക സംതൃപ്തി മാത്രമാണ് . സർവീസിൽ നാല് ഗുഡ് സർവീസ് എൻട്രി കിട്ടിയ ആളാണ് ഞാൻ.
അതിങ്ങനെ എഴുതാം എന്നല്ലാതെ, ആ സമയത്ത് അതിന് കിട്ടിയ ഒരു മാനസിക സംതൃപ്തി എന്നല്ലാതെ അതിന് മറ്റൊരു പ്രാധാന്യവും ഞാൻ കാണുന്നില്ല.
പറഞ്ഞുവരുന്നത് എന്തെന്നാൽ ജീവിതത്തിൻറെ സുവർണ്ണ കാലഘട്ടങ്ങളിൽ മറ്റുള്ളവരെ ‘ഇംപ്രസ്’ ചെയ്യിക്കാനായി നമ്മൾ ജീവിക്കരുത്. അത് തൊഴിലിടത്തിൽ ആയാലും മറ്റു മേഖലകളിൽ ആയാലും. നമ്മുടെ ജോലി ആത്മാർത്ഥമായി ചെയ്യുക എന്നതിനപ്പുറം അതിന് അഭിനന്ദനങ്ങൾ പ്രതീക്ഷിക്കുകയോ അംഗീകാരങ്ങൾ പ്രതീക്ഷിക്കുകയോ over enthusiasm കാട്ടുകയോ അതിൻറെ ഫലം പ്രതീക്ഷിക്കുകയോ ചെയ്യരുത്.
നിങ്ങളുടെ ഫയലിൽ കൃത്യസമയത്ത് നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്ത് സമർപ്പിക്കുക.
നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലി സമയബന്ധിതമായി തീർക്കുക. നിങ്ങളുടെ പ്രതീക്ഷകളിലല്ല ഒരു സിസ്റ്റവും നിലകൊള്ളുന്നത്. സിസ്റ്റത്തിന് സിസ്റ്റത്തിന്റേതായ രീതികളുണ്ട്. അതിനെ ചെറുതായി ഒന്ന് ഉലയ്ക്കാം എന്നല്ലാതെ സമഗ്രമായ ഒരു മാറ്റവും വരുത്താൻ നിങ്ങൾക്ക് കഴിയില്ല. ഇത് നെഗറ്റിവിറ്റി അല്ല മറിച്ച് വാസ്തവമാണ്.
ഫയലിന്റെ വഴികളിൽ അല്ലെങ്കിൽ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ വഴികളിൽ തടസ്സങ്ങൾ നിൽക്കുന്നവരോട് യുദ്ധം ചെയ്താൽ നഷ്ടം നമുക്കാണ്. അവരെ അവഗണിച്ചുകൊണ്ട് നമുക്ക് ചെയ്യാവുന്നത് മാത്രം ചെയ്യുക. ചില ശകാരങ്ങളൊക്കെ കേൾക്കേണ്ടിവന്നേയ്ക്കാം. അതിനെ റോഡിലൂടെ നടക്കുമ്പോൾ ദേഹത്ത് ഒരു വാഹനം തട്ടിത്തെറിപ്പിക്കുന്ന ചെളിവെള്ളമായി കരുതി അങ്ങ് കഴുകിക്കളയുക.
ഏറ്റവും പ്രധാനം നമുക്ക് ലഭിക്കുന്ന, ലഭിക്കേണ്ട ‘ദീർഘകാല മാനസിക സംതൃപ്തി’യാണ് . Result oriented തന്നെയാവണം സമീപനം. അതിന് ആത്മാർത്ഥത തീർച്ചയായും വേണം. പക്ഷേ റിസൾട്ടിനെ നോക്കി ഇരിക്കരുത്. അത് വന്നോട്ടെ, പൊയ്ക്കോട്ടെ. Impress ചെയ്യാൻ നിന്ന് ജീവിതം നഷ്ടമാക്കരുത്.
അവകാശപ്പെട്ട ലീവുകളും ഓഫും എടുക്കാൻ മടിയ്ക്കരുത്. യാത്രകൾ പോയിരിക്കണം. കുടുംബത്തെ മറക്കരുത്. ഫയലുകൾ വീട്ടിൽ കൊണ്ടു പോകരുത്.
നിങ്ങളിൽ നിന്ന് അമിതമായി സിസ്റ്റം ഒന്നും ആഗ്രഹിയ്ക്കുന്നില്ല എന്ന തിരിച്ചറിവാണ് പ്രധാനം. അത് പൊതുമേഖല ആയാലും സ്വകാര്യ മേഖലയായാലും .
സ്നേഹം🩸
💗നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും
പ്രശാന്ത് വാസുദേവ്
(മുൻ ഡെപ്യൂട്ടി ഡയറക്ടർ – കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്).




നിലത്തു നില്ക്കാം.
നിവർന്നുനിൽക്കാം.
Smartness is good..
Over Smartness is bad
👍
🙏👍