Friday, March 21, 2025
Homeഅമേരിക്കആറ്റുകാൽ പൊങ്കാല🙏 മഹോത്സവം മാർച്ച്‌ 13-2025. (മേരി ജോസി മലയിൽ ✍️ തിരുവനന്തപുരം.).

ആറ്റുകാൽ പൊങ്കാല🙏 മഹോത്സവം മാർച്ച്‌ 13-2025. (മേരി ജോസി മലയിൽ ✍️ തിരുവനന്തപുരം.).

മേരി ജോസി മലയിൽ തിരുവനന്തപുരം.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ‘ആറ്റുകാലമ്മ’ എന്നറിയപ്പെടുന്നത്. എന്നാല്‍ കണ്ണകി, അന്നപൂര്‍ണേശ്വരി ഭാവങ്ങളിലും സങ്കല്‍പ്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് ‘പൊങ്കാല മഹോത്സവം’.

കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാല്‍ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തില്‍ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവില്‍ മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

ഐതിഹ്യം

ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരു ദിവസം കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ബാലിക വന്ന് ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകില്‍ കയറ്റി ബാലികയെ മറുകരയില്‍ കൊണ്ടെത്തിച്ചു. തന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടില്‍ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയില്‍ കാരണവര്‍ കണ്ട സ്വപ്നത്തില്‍ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: ‘നിന്റെ മുന്നില്‍ ബാലികാ രൂപത്തില്‍ ഞാന്‍ വന്നപ്പോള്‍ നീ അറിഞ്ഞില്ല. ഞാന്‍ അടയാളപ്പെടുത്തുന്ന സ്ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കില്‍ ഈ സ്ഥലത്തിന് മേല്‍ക്കുമേല്‍ അഭിവൃദ്ധിയുണ്ടാകും.’ പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവര്‍ ശൂലത്താല്‍ അടയാളപ്പെടുത്തിയ മൂന്നു രേഖകള്‍ കണ്ടു. പിറ്റേന്ന് അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരില്‍ വാഴുന്ന സര്‍വേശ്വരിയായ ശ്രീഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ് വിശ്വാസം. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ‘ശൂലം, അസി, ഫലകം, കങ്കാളം’ എന്നിവ ധരിച്ച ചതുര്‍ബാഹുവായ ശ്രീഭദ്രകാളിയെ വടക്ക് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ദാരികവധത്തിനു ശേഷം ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കാളിയെ സ്ത്രീജനങ്ങള്‍ പൊങ്കാലനിവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്.

കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റു. അതിന്‍റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാലടോൊപ്പം ചേർത്തു വായിക്കുന്നവരുണ്ട്.

പൊങ്കാല വ്രതം
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അർപ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങൾ.

പഞ്ചഭൂതങ്ങൾ സംഗമിക്കുന്ന പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഭൂമിയുടെ പ്രതീകമായ മൺകലവും ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽനിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്,

1977 ൽ ഞങ്ങൾതിരുവനന്തപുരത്ത് എത്തുമ്പോഴാണ് ഇങ്ങനെയൊരു ഉത്സവത്തെ പറ്റി ആദ്യമായി കേൾക്കുന്നത് തന്നെ. കിഴക്കേകോട്ടയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള ക്ഷേത്രത്തിനു ചുറ്റും പരിസരപ്രദേശങ്ങളിലുമുള്ള വീടുകളിലും റോഡിലും സ്ത്രീജനങ്ങൾ ഒരു ദിവസം മുമ്പ് എത്തുന്നു. അവിടെയിരുന്ന് പുതിയ മൺകലങ്ങളിൽ പായസം ഉണ്ടാക്കുന്നു.

കേരളത്തിൽ പല നാട്ടിലും ഞങ്ങൾ മാറി മാറി താമസിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാര്യം കാണുന്നത് ആദ്യമായിട്ടാണ്. 2025 ആയപ്പോഴേക്ക് ഞങ്ങൾ താമസിക്കുന്ന വീടിൻറെ റോഡ് വരെ ആൾക്കാർ ബുക്ക് ചെയ്ത് പൊങ്കാല ഇടാൻ തുടങ്ങി. വീട്ടിലെ പുരുഷന്മാരും സർക്കാർ തന്നെ എല്ലാവിധ പ്രോത്സാഹനവും പിന്തുണയും കൊടുത്തു ഇങ്ങനെ ഒരു ഉത്സവം ആഘോഷിക്കുന്നത് തിരുവനന്തപുരത്തിന്റെ മാത്രം പ്രത്യേകത.

മേരി ജോസി മലയിൽ ✍️
തിരുവനന്തപുരം.

RELATED ARTICLES

3 COMMENTS

  1. ആറ്റുകാൽക്ഷേത്ര വിവരണവും പൊങ്കാല ഐതീഹ്യങ്ങളും വായനക്കാർക്കായി ആറ്റുകാലമ്മയുടെ പൊങ്കാല ദിനത്തിൽ പങ്കുവെച്ചത് വളരെ വിജ്ഞാനപ്രദമായിരിക്കുന്നു🤝 അഭിനന്ദനങ്ങൾ മാഡം💐🙏❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments