മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ 46ാംഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ അദ്ദേഹമാണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
തിക്കോടിയൻ – (15/02/1916-(28/01/2001)

കോഴിക്കോടു ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽപ്പെട്ട തിക്കോടി എന്ന ഗ്രാമത്തിൽ 1916 ഫെബ്രുവരി പതിനഞ്ചാം തീയതി തിക്കോടിയൻ ജനിച്ചു. പി. കുഞ്ഞനന്തൻ നായർ എന്നാണ് ശരിയായ നാമം. ബാല്യകാലത്തുതന്നെ അച്ഛനും അമ്മയും മരിച്ചുപോയതിനാൽ മുത്തച്ഛൻ്റെ സംരക്ഷണത്തിലാണ് തിക്കോടിയൻ വളർന്നത്. ആദ്യത്തെ ഗുരുവും മുത്തച്ഛൻ തന്നെയായിരുന്നു. തിക്കോടി സ്ക്കൂളിൽ സെക്കൻ്ററി വിദ്യാഭ്യാസം പൂർത്തികരിച്ചു. തുടർന്നു വായനശാലാ പ്രസ്ഥാനത്തിൽ സജീവ പങ്കാളിയായി തീർന്നു. കലാമേളകൾ ആസ്വദിക്കുകയും അതിൽ പങ്കാളിയാവുകയും ചെയ്തിരുന്ന അദ്ദേഹം നാടകാഭിനയത്തിലും താല്പര്യമുണ്ടായിരുന്നു.
കൊയിലാണ്ടി ബാസൽ മിഷൻ മിഡിൽ സ്ക്കൂളിൽ പഠിച്ച ശേഷം വടകര ടീച്ചേഴ്സ് ട്രെയിനിങ്ങ് സ്ക്കൂളിൽ ചേർന്നു. അവിടെ നിന്നും പാസ്സായ ശേഷം പഠിച്ച കൊയിലാണ്ടി സ്ക്കൂളിൽ അധ്യാപകനായി നിയമനം ലഭിച്ചു.
സ്ക്കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം മലബാർ എയിഡഡ് സ്കൂൾ അദ്ധ്യാപക സംഘടനയുടെ പ്രവർത്തകനായിരുന്നു. ഇക്കാലത്തു തന്നെ പി. കുഞ്ഞനന്തൻ നായർ ‘തിക്കോടി’ എന്ന പേരിൽ മാതൃഭൂമി ആഴ്ചപതിപ്പിൽ കവിതകൾ എഴുതിയിരുന്നു. ‘ആനന്ദ് ‘ എന്ന തുലികാനാമത്തിലും കവിതകൾ എഴുതിയിട്ടുണ്ട്. ഹാസ്യസാഹിത്യകാരനായിരുന്ന സഞ്ജയനുമായി പരിചയപ്പെടുവാൻ ഇടയാകുകയും, അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്ന സഞ്ജയൻ എന്ന മാസികയിൽ രചനകൾ പ്രസിദ്ധീകരിക്കവാൻ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. തുടർന്നാണ്
‘തിക്കോടിയൻ’ എന്ന പേരിൽ എഴുതുവാൻ ആരംഭിച്ചത്.
സഞ്ജയനുമായുള്ള സമ്പർക്കം കൊണ്ടാവാം തിക്കോടിയൻ്റെ കൃതികളെല്ലാം തന്നെ ഫലിതമയമാണെന്നു പറയാം. സാഹിത്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ സാമൂഹ്യസേവന രംഗങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. കൊയിലാണ്ടിയ്ക്കടുത്ത് കേളപ്പജിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ഹരിജനോദ്ധാരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് ‘പഞ്ചമി സ്ക്കൂൾ’ എന്ന പേരിൽ ഉണ്ടായിരുന്ന വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
കൂടാതെ സ്വാതന്ത്ര്യ സമരനേതാവ് ഗോപാലകൃഷ്ണ ഗോഖെലെ സ്ഥാപിച്ച സെർവൻ്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി(ഭാരത് സേവാ സമാജം), അനാഥക്കുട്ടികളെ സംരക്ഷിച്ചിടുന്ന ബാലികാസദൻ തുടങ്ങിയ പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ഇതിനിടയിൽ ‘ദിനപ്രഭ’ എന്ന പത്രത്തിൽ സബ് എഡിറ്ററായും ജോലി ചെയ്തു. പിന്നീട് കോഴിക്കോട് ആകാശവാണി നിലയത്തിൽ സിക്രിപ്റ്റ് ജോലി കിട്ടി. അവിടെ ഡ്രാമാ പ്രൊഡ്യൂസറായി തീർന്നു. ആകാശവാണിയുടെ നാടക പ്രക്ഷേപണ പരിപാടി വൻവിജയത്തിലെത്തിക്കുവാൻ തിക്കോടിയൻ്റെ സേവനം വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്.
മാതൃഭൂമി ആഴ്ചപതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ആത്മകഥാപരമായ കൃതിയാണ് ‘അരങ്ങു കാണാത്ത നടൻ’. ആൾക്കരടി, കന്യാദാനം, പ്രേതലോകം, പുഷ്പവൃഷ്ടി, ഒരേകുടുംബം തുടങ്ങിയ നാടകങ്ങളും അശ്വഹൃദയം, ചുവന്ന കടൽ, പഴശ്ശിയുടെ പടവാൾ തുടങ്ങിയ നോവലുകളാണ് തിക്കോടിയൻ്റെ മറ്റു പ്രധാന കൃതികൾ.
കേരള, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
2001 ജനുവരി ഇരുപത്തൊന്നാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕




Thank You Sri.Raju Sankarathil Sir🙏❤️🥰