Friday, March 21, 2025
Homeഅമേരിക്ക' മനസ്സ് ഒരു യാത്രക്കാരൻ ' (ലേഖനം) ✍ സി.ഐ ഇയ്യപ്പൻ, തൃശൂർ

‘ മനസ്സ് ഒരു യാത്രക്കാരൻ ‘ (ലേഖനം) ✍ സി.ഐ ഇയ്യപ്പൻ, തൃശൂർ

സി.ഐ അയ്യപ്പൻ, തൃശൂർ

ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന ജീവനുള്ളവയിൽ ഒന്നു മാത്രമാണ് മനുഷ്യൻ. സമൂഹമായി ഒന്നിച്ച് ജീവിക്കുന്ന മനുഷ്യരിൽ ഓരോ മനുഷ്യനും തുലനം ചെയ്യാൻ കഴിയാത്ത വിധം പലതരക്കാരാണ്. ഒരു വ്യക്തിയുടെ സ്വഭാവം തിരിച്ചറിയാൻ അയാളുടെ മനസ് ഒരു പ്രധാന ഘടകമാണ്.

ചില ആളുകളെ വിശേഷിപ്പിക്കുക , ഒരു മനസ്സാക്ഷിയും ഇല്ലാത്തവനാണ് അയാൾ എന്നാണ്. ഇതേ സ്വഭാവക്കാരെ ജനം വിശേഷിപ്പിക്കുന്നത് കഠിന ഹൃദയം ഉള്ളവർ എന്നാണ്. ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് , ആത്മാവും, മനസ്സും ഒരു നാണയത്തിന്റെ 2 വശങ്ങളാണെന്നാണ്. അനേകം പ്രശ്നങ്ങളാൽ സമാധാനം നഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സിനെയാണ് അത് ആദ്യമായി ബാധിക്കുക. സങ്കടവും, വേദന വരുമ്പോഴും അത് ആദ്യമായി അനുഭവിക്കുന്നത് മനസ്സാണ്. വിജയം ആഘോഷിക്കുമ്പോഴും സന്തോഷം പങ്കിടുമ്പോഴും അത് മനസ്സിലേക്കാണ് ആദ്യം എത്തിച്ചേരുക.

സമൂഹത്തിൽ ജീവിക്കുന്നവരിൽ, സൗന്ദര്യമുള്ളവരേക്കാളും, വിദ്യാഭ്യാസമുള്ളവരേക്കാളും, ആരോഗ്യവും മറ്റു പല വിശേഷണങ്ങളും ഉള്ളവരെക്കാളും ഒരുപടി മുന്നിൽ നിൽക്കും ഒരു നല്ല മനസ്സിന്റെ ഉടമ. കാരണം ഈ മനസ്സ് ഇതുപോലെ രൂപം പ്രാപിച്ചു വരാൻ എത്രയോ ജന്മങ്ങൾ പിന്നടേണ്ടി വന്നു എന്നതാണതിന്റെ സവിശേഷത. പല ജന്മങ്ങളിലൂടെയും കടന്നുവന്ന മനസ്സിനെ ഉയർന്ന ഒരു ബോധതലത്തേക്ക് ഉയർത്തുക എന്ന വലിയൊരു ദൗത്യമാണ് ഇപ്പോഴത്തെ ഈ ജന്മം കൊണ്ട് പൂർത്തീകരിക്കാനുള്ളത്.
ജന്മജന്മാന്തരങ്ങളായി നശിക്കാതെ ജീവിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ നമ്മുടേതെന്ന് അവകാശപ്പെടുന്ന മനസ്സ് മാത്രമാണ്. അത് ഒരു ദിവസം ഈ ശരീരത്തിൽ നിന്ന് വേർപെട്ടു പോയി വേറൊരു ശരീരത്തിൽ വീണ്ടും ജന്മമെടുക്കും.

ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ ഒന്ന് ശ്രദ്ധിച്ചാൽ കാണാൻ കഴിയും,അവരുടെ മുഖഭാവങ്ങൾ. സന്തോഷവും സങ്കടവും, മാറിമാറി വരുന്നത്.മുൻജന്മങ്ങളിൽ അവർ അനുഭവിച്ച കാഴ്ചകൾ കാണുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്.
നശിക്കാതെ ജീവിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ നമ്മുടേതെന്ന് അവകാശപ്പെടുന്ന മനസ്സ് മാത്രമാണ്.

നമ്മൾ ഉറങ്ങി ഉണരുമ്പോൾ നമ്മുടെ പ്രായം കൂടുന്നു. അതോടെ നമ്മളുടെ അവയവങ്ങൾക്കും പഴക്കം സംഭവിക്കുന്നു. അത് നാൾക്കുനാൾ തുടർന്നു കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രായത്തിലോ, നമ്മുടേതെന്ന് അവകാശപ്പെടുന്ന കണ്ണ്, മൂക്ക് കൈകാലുകളിലൊന്നിലും നമുക്ക് ആധിപത്യമില്ല . നമ്മുടേതെന്ന് നമുക്ക് പൂർണ്ണമായി അവകാശപ്പെടാവുന്നതും, നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതും നമ്മുടെ മനസ്സ് മാത്രമാണ്.

ഒന്നു ചിന്തിച്ചു നോക്കൂ. നമ്മുടെ മനസ്സിൽ നിമിഷ നേരം കൊണ്ട് ഏതു കാഴ്ചകളും കാണാൻ കഴിയും. മനസ്സ് എങ്ങിനെയായിരുന്നോവോ അതുപോലെ ഇന്നും,എന്നും ഒരുപോലെ ഇരിക്കും. മനസ്സിന് പ്രായമോ, പഴക്കമോ ഇല്ല എന്ന് ചുരുക്കം.
ഒരു പ്രസവത്തിൽ തന്നെ രണ്ടും, മൂന്നും കുഞ്ഞുങ്ങൾ പ്രസവിക്കുന്നത് ഇന്ന് സാധാരണമാണ്. കുഞ്ഞുങ്ങൾ തമ്മിൽ മുഖച്ഛായയിൽ സാമ്യവും കാണും. എന്നാൽ സ്വഭാവത്തിന്റെ കാര്യത്തിൽ ഒരു യോജിപ്പും കാണില്ല. അവരിൽ നല്ലതും ചീത്തയും ഉള്ളവരെയു കാണാം. പല ജീവാന്മാക്കളിൽ കൂടി ജീവൻ പ്രാപിച്ചവരാണ് ആ കുഞ്ഞുങ്ങൾ അതുകൊണ്ട് അവരുടെ മനസ്സുകളും വിപന്നങ്ങൾ ആയിരിക്കും.

മുൻജന്മങ്ങളിൽ ചീത്ത ജീവിത സാഹചര്യങ്ങൾ കൊണ്ട് കൂടെകൂടിയ സ്വഭാവങ്ങൾ ഉള്ളവരും, അതിൽകാണുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്.
ഇവിടെയൊന്നും നശിക്കുകയോ പുതിയതായി സൃഷ്ടിക്കപെടുകയോ ചെയ്യുന്നില്ല . വേർപിരിയലും, കൂടിച്ചേരലും മാത്രമാണ് സംഭവിക്കുന്നത്. കടലിലെ ജലം തിരമാലകളായി കരയിലേക്ക് കയറുന്നു. ആ ജലം തന്നെ വീണ്ടും കടലിലേക്ക് ഒഴുകി ചേരുന്നു. പുതിയൊരു ജലം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടില്ല.

മലയാളികൾ പൊതുവേ സ്വർണ്ണ ആഭരണങ്ങളിൽ ബ്രമം ഉള്ളവരാണ്. പുരുഷന്മാരാണെങ്കിൽ, ചെറിയതോതിലും, സ്ത്രീകൾ അതിരുവിട്ടും ആഭരണങ്ങൾ അണിയുന്നവരാണ്. വളകൾ, മാലകൾ, മോതിരം അങ്ങിനെയുള്ള ആഭരണങ്ങൾ ഉരുക്കിയാൽ അത് സ്വർണ്ണമാകും. അത് ഉപയോഗിച്ച് വീണ്ടും ആഭരണങ്ങൾ ഉണ്ടാക്കും. വീണ്ടും, വീണ്ടും ആഭരണങ്ങൾ ഉണ്ടാക്കിയാലും സ്വർണ്ണം ,സ്വർണ്ണമായി തന്നെ നിലനിൽക്കും.

ഈ ലേഖനം വായിക്കുമ്പോൾ , ഇതിൽ എഴുതിയ ചില കാര്യങ്ങളുടെ പിന്നാലെ പോകുമ്പോഴും ഞാൻ ഇവിടെ ഉണ്ട് എന്ന ബോധം കാത്തുസൂക്ഷിക്കണം.
നമ്മളിൽ വസിക്കുന്ന ഈശ്വരനെ ദർശിക്കാൻ കഴിയുകയില്ല, അറിയാനും,അനുഭവിക്കാനും മാത്രമേ കഴിയൂ.നമ്മൾ തീയിനെ കുറിച്ച് അറിയാത്ത ഒരാളോട് പറയുമ്പോൾ, തീയ്യ് കത്തുമ്പോൾ നല്ല പ്രകാശം ഉണ്ടാകും. അതുകേട്ട് അയാൾ നോക്കുമ്പോൾ ശരിയാണ് നല്ല പ്രകാശമുണ്ട്. അതിനു നല്ല ചൂടാണ്. അത് അറിയണമെങ്കിൽ തീയിൽ തൊടണം. അപ്പോൾ മാത്രമാണ് എന്താണ് ചൂട് എന്ന് അനുഭവിച്ചറിയു. നമ്മൾ എല്ലാം ഒരു പ്രാവശ്യമെങ്കിലും തീയിന്റെ ചൂട് അനുഭവിച്ചവരാണ്‌.മരിക്കുന്നതുവരെ അത് മറക്കുകയും ഇല്ല.

ജനങ്ങൾക്ക് സാരോപദേശങ്ങൾ കഥകളിൽ കൂടിയും ഉപമകൾ കൂടിയും വളരെ സ്നേഹമുള്ള ഭാഷയിൽ വിനയത്തോടെ പറയുന്നവരെ കേൾക്കാൻ ജനങ്ങൾ കൂടുക സ്വാഭാവികമാണ്. അങ്ങിനെ പ്രഭാഷണങ്ങൾ കേൾക്കാൻ വരുന്നവരുടെ ശക്തിയിൽ, ഒരു ദിവസം അവരെ നയിച്ച് ചട്ടമ്പി തരം കാണിച്ചാൽ കൂടെ കൂടിയ ജനങ്ങൾ പ്രഭാഷകനെ ഉപേക്ഷിച്ച് ചിതറി ഓടുക തന്നെ ചെയ്യും. അതുകൊണ്ട് നിമിഷ നേരം കൊണ്ട് ഒരു ചെറിയ പ്രവർത്തി കൊണ്ട് ആരെയും വെറുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.ഈ ലോകത്ത് വസിക്കുന്ന മനുഷ്യർ എല്ലാവരും ഒന്നിനൊന്ന് കേമന്മാരാണ്. വിദ്യ പഠിപ്പിച്ച ഗുരുവിനെക്കാൾ മിടുക്കന്മാർ ആവും ആ ഗുരുവിന്റെ ശിഷ്യന്മാർ. ആത്മീയതയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുക.

ഉറങ്ങുമ്പോൾ സ്വപ്നങ്ങൾ കാണുന്നവരാണ് നാം എല്ലാവരും. മനോഹരങ്ങളായ കാഴ്ചകളും കണ്ട് അങ്ങിനെ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് ഉണർന്നാലത്തെ കാര്യം സങ്കടം തന്നെയാണ്. ഈ ജീവിത കാലത്ത് ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളും, അവിടങ്ങളിലുള്ളവരുടെ നമ്മൾ കേൾക്കാത്ത ഭാഷകളും, കാണുകയും കേൾക്കുകയും, അതിനെല്ലാം നമ്മൾ മറുപടിയും പറയും, ഇതെങ്ങിനെ സംഭവിക്കുന്നു. ഈ ജീവിതകാലത്ത് കണ്ട സ്ഥലങ്ങളിൽ കൂടിയുള്ള യാത്രകളാണ് പതിവുള്ള കാഴ്ചകൾ. ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ടത് നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ മനസ്സ് യാത്രയിലാണ് എന്നുള്ളതാണ്.

മനസ്സ് കലുഷിതമായി കലങ്ങി മറിഞ്ഞ അവസരത്തിൽ മനസ്സിനെ സമാധാന അവസ്ഥയിലേക്ക് പെട്ടെന്ന് കൊണ്ടുവരിക അസാധ്യമാണ്. അതുകൊണ്ട് സ്വസ്ഥമായി ഇരിക്കാൻ കഴിയുന്ന ഒരു സ്ഥലത്ത് കണ്ണുകൾ തുറന്നൊ, അടച്ചൊ ഇരുന്ന് തന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ തനിക്ക് കഴിയുമെന്ന ഒരു ദൃഢമായ വിശ്വാസം മനസ്സിൽ രൂപപ്പെടുത്തുക. താനേ പ്രശ്നാ പരിഹാരങ്ങൾക്കുള്ള വഴിയും മനസ്സിൽ തെളിഞ്ഞുവരും. നൂറുകൂട്ടം പ്രശ്നങ്ങൾ ഉള്ളപ്പോൾ അത് സാമ്പത്തികമായും മറ്റും ഉണ്ടെങ്കിൽ ഒരിക്കലും മനസമാധാനം ഉണ്ടാവുകയില്ല. മനസമാധാനമാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യം.

ഈ മായാ ലോകത്ത് നമ്മൾ കാണുന്ന ഓരോ കാഴ്ചകളും. നിമിഷ നേരം കൊണ്ട് മാറി മാറിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. എല്ലാ കാഴ്ചകളും, പുതിയ പുതിയ കാഴ്ചകളായി കാണാൻ ഒന്ന് ശ്രമിച്ചുനോക്കൂ. ആ ഒറ്റ സാധന കൊണ്ട് മനസ്സ് ശാന്തമാകും.
പ്രകൃതിയെ നമ്മുടെ താളത്തിനൊപ്പം കൊണ്ടുപോകാൻ ശ്രമിച്ചാൽ അത് ഒരിക്കലും നടക്കില്ല. പ്രകൃതിയുടെ താളത്തിനൊപ്പം നീങ്ങിയാൽ അത് ശുഭകരമായിരിക്കും.
എന്ത് പ്രതിസന്ധികളെയും തരണം ചെയ്തത് ഞാനത് പ്രാവർത്തികമാക്കും എന്ന പൂർണ്ണ വിശ്വാസത്തോടെ ഒരു കാര്യത്തിന് പുറപ്പെട്ടാൽ തീർച്ചയായും അത് നടന്നിരിക്കും. ഇവിടെയാണ് നമ്മുടെ ഇച്ഛാശക്തി ഉപയോഗിക്കേണ്ടത്.നമ്മളെ മുഴുവനായി ഈശ്വരനിൽ സമർപ്പിച്ച് അല്പസമയം ഹൃദയത്തിലുള്ള ഈശ്വരനെ അനുഭവിക്കുന്നു എന്ന വിശ്വാസത്തോടെ ധ്യാനിക്കുക.

അങ്ങിനെ എല്ലാവിധത്തിലും നിരാശരായവർക്ക് സമാധാനത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം സ്വയം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. നമ്മുടെ മനസ്സ് ചില അവസരങ്ങളിൽ വെകിളി പിടിച്ച കുതിരയുടെ അവസ്ഥയാണ്. അതുപോലെ നൂറുകൂട്ടം പ്രശ്നങ്ങളാൽ മനസ്സമാധാനം നഷ്ട്ടപെട്ടവർ, അനാവശ്യങ്ങളായ ചിന്തകളിൽ നിന്ന് ചിന്തകളിലേക്ക് മനസ്സിനെ തുറന്നുവിട്ടവർ അങ്ങനെ എല്ലാവിധത്തിലും നിരാശരായവർക്ക് ലളിതമായ ധ്യാനമാർഗത്തിലൂടെ ശുദ്ധബോധം കൈവരിക്കാൻ കഴിയും. അത് അനുഭവിച്ചറിയേണ്ട ഒരു അവസ്ഥയാണ്.

നമ്മളെ മുഴുവനായി ഈശ്വരനിൽ സമർപ്പിച്ച് അല്പസമയം ഹൃദയത്തിലുള്ള ഈശ്വരനെ അനുഭവിക്കുന്നു എന്ന വിശ്വാസത്തോടെ ധ്യാനിക്കുക.

സി.ഐ ഇയ്യപ്പൻ, തൃശൂർ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments