അത്തച്ചമയം
——————————–
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം.
ചരിത്രം
*****
1947 -വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949-ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961-ൽ കേരളാ ഗവൺമെന്റ് ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു. മഹാരാജാവിന്റെ എഴുന്നള്ളത്ത് മാത്രം കേന്ദ്രബിന്ദുവാക്കിയുള്ള രാജകീയ അത്തച്ചമയത്തിന് രാമവർമ്മ പരീക്ഷിത്ത് മഹാരാജാവാണ് ഏറ്റവുമൊടുവിൽ ദർശനം നൽകിയത്. അന്നത്തെ അത്തച്ചമയക്രമം ചിട്ടപ്പെടുത്തിക്കൊണ്ട് കൊച്ചി സർക്കാർ ഹുജൂർ സെക്രട്ടറിയേറ്റിൽ നിന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 1947 ഓഗസ്റ്റ് 20-ന് നടന്ന അത്തം ഘോഷയാത്രയിൽ -24 -ഇനങ്ങളാണുണ്ടായിരുന്നത്.
ചടങ്ങുകൾ
******
രാജകീയ അത്തച്ചമയത്തിന് മൂന്നു ദിവസംമുൻപ് ആനപ്പുറത്ത് നകാര കൊട്ടി കാഹളം മുഴക്കി ഒരു ദിവസം ഒരു കോട്ടവാതിൽ വീതം മൂന്നു കോട്ടവാതിൽക്കലും ചെന്ന് സർക്കാർ അറിയിപ്പ് വിളംബരപ്പെടുത്തുന്നു. ഇതിന് “ദേശം അറിയിക്കൽ” എന്നാണ് പറയുന്നത്. നാലാം ദിവസം അത്തം നാൾ നാടുവാഴികൾ, പ്രഭുക്കൾ, കർത്താക്കൻമാർ, തണ്ടാൻ, അരയൻ, കത്തനാർ തുടങ്ങിയവർ എത്തിച്ചേരണമെന്നാണ് കൽപ്പന… കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെടൂർ തങ്ങളും വരാതെ അത്തച്ചമയം നടത്തില്ലെന്നാണ് വയ്പ്… അത്തച്ചമയത്തിന് തലേന്നാൾ(ഉത്രം) മഹാരാജാവിന് ബ്രഹ്മചര്യവ്രതമാണ്. വിശേഷാൽ പൂജയും ക്ഷദരവും നടത്തും. അത്തം നാൾ രാവിലെ സ്നാനം ചെയ്‌ത് പൂർണത്രയീശക്ഷേത്ര ദർശനം ചെയ്‌ത് അലങ്കാരമുറിയിൽ പ്രവേശിക്കുന്ന മഹാരാജാവിനെ നമ്പൂരിമാരും തിരുമുൽപ്പാടുകളും ചെങ്ങഴി നമ്പ്യാന്മാരും ചേർന്ന് ആടയാഭരണങ്ങൾ അണിയിച്ച് ഉടവാൾ കൊടുക്കുന്നു. കക്കാട് കാരണവർ മഹാരാജാവിനെ പൂമുഖത്തേക്ക് ആനയിക്കുന്നു.
വലിയ വെള്ളി വിളക്കിനും നിറപറയ്ക്കും, പച്ചക്കുല, പഴക്കുല, വീരമദ്ദളം, ചങ്ങലവട്ട, പള്ളിശംഖ് എന്നിവയ്ക്കഭിമുഖമായിരുന്ന വെള്ളിസിംഹാസനത്തിൽ അദ്ദേഹം ഉപവിഷ്ടനാകുന്നു. പെരുമാക്കൻമാരിൽ നിന്ന് പെരുമ്പടപ്പ് സ്വരൂപത്തിന് സിദ്ധിച്ചതും സാമൂതിരിയുമായുണ്ടായ യുദ്ധത്തിൽ വന്നേരിയിൽ നിന്ന് നിഷ്കാസിതരായശേഷം കൊച്ചി രാജാക്കൻമാർ തലയിൽ ചൂടാത്തതുമായ രത്നക്കിരീടം മഹാരാജാവ് മടിയിൽ വയ്ക്കുന്നു. ഇതിനു ശേഷം നഗരപ്രദക്ഷിണത്തിനു മുന്നോടിയായി ശംഖനാദം മുഴങ്ങുന്നു. മഹാരാജാവ് സിംഹാസനത്തിൽനിന്നിറങ്ങി ദന്തപ്പല്ലക്കിൽ കയറുന്നതോടെ പീരങ്കികൾ ആചാരവെടി മുഴക്കും. തുടർന്ന് നഗരപ്രദക്ഷിണം തുടങ്ങുകയായി. എഴുന്നള്ളത്തിന് ചെട്ടിവാദ്യം, പഞ്ചവാദ്യം, നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകൾ എന്നിവ അകമ്പടി സേവിക്കും. വലതുഭാഗത്ത് ദിവാനും മന്ത്രിമാരും. ഇടതുവശത്ത് തിരൂപ്പാടും എ.ഡി.സികളും മുന്നിലും പിന്നിലുമായി ചെങ്ങഴി നമ്പ്യാന്മാരും ഊരിപ്പിടിച്ച വാളുകളുമായി അംഗരക്ഷകരും.
നൂറ്റമ്പതു പേരുള്ള ബോയ്സ് സ്കൌട്ട്, സ്റ്റേറ്റ് ബാന്റ്, സൈന്യാധിപൻ കുതിരപ്പട്ടാളം, 27 വില്ലക്കാരൻമാർ, വാളുമായി സ്ഥാനീയർ, നായർ പട്ടാളം, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം അവയ്ക്കുപിന്നിൽ ദാസിയാട്ടക്കാർ, പൗരപ്രധാനികൾ, ഉദ്യോഗസ്ഥർ. എല്ലാവരും ഔദ്യോഗിക വേഷത്തിലായിരിക്കും. പുറപ്പെട്ടയിടത്തു തന്നെ തിരിച്ച് എത്തുമ്പോൾ ഘോഷയാത്ര പൂർണ്ണമാവുന്നു. വീണ്ടും സിംഹാസനത്തിൽ ഉപവിഷ്ടനാകുന്ന മഹാരാജാവ് പ്രധാനികൾക്ക് ‘അത്തപ്പണം’ നൽകുന്നു. ദിവാന് 101 പുത്തനും (19 പുത്തൻ ഒരു രൂപ) മറ്റുള്ളവർക്ക് 25 പുത്തനും കക്കാട് കാരണവർക്ക് ഓണപ്പുടവയും നൽകും. പ്രത്യേക ക്ഷണിതാക്കൾക്ക് 64 വിഭവങ്ങളുള്ള സദ്യയുമുണ്ട്…
കനകക്കുന്നിലേക്ക് ആസ്ഥാനം മാറ്റുംമുൻപുവരെ അത്തച്ചമയം കളിക്കോട്ടയിൽ തുടങ്ങി തെക്കേ റോഡിൽകൂടി കിഴക്കേ കോട്ടവാതിൽ എത്തി പടിഞ്ഞാറേക്ക് തിരിഞ്ഞ് ശ്രീപൂർണ്ണത്രയീശക്ഷേത്ര നടയിലെത്തി മഹാരാജാവ് ഭഗവാനെ വണങ്ങിയശേഷം തെക്കോട്ട് തിരിഞ്ഞ് കളിക്കോട്ടയിൽ തിരിച്ചെത്തി അവസാനിച്ചിരുന്നു. കനക്കുന്നിലേക്ക് ആസ്ഥാനം മാറിയശേഷം പൂർണത്രയീശക്ഷേത്ര നടവരെ വന്ന് തിരിച്ചുപോവുകയായിരുന്നു പതിവ്. പിന്നീട് ഇത് കനകക്കുന്ന് കൊട്ടാരവളപ്പിൽ മാത്രമായി ഒതുങ്ങി. മഹാരാജാക്കൻമാരുടെ ആസ്ഥാനം എവിടെയാണോ അവിടെവച്ചാണ് അത്തച്ചമയം നടക്കേണ്ടത്. ഇക്കാരണത്താൽ ചാഴൂർ കോവിലകത്തുവച്ചും, തൃശൂർ, കണയന്നൂർ, എറണാകുളം എന്നിവിടങ്ങളിൽ വച്ചും അത്തച്ചമയം നടന്നിട്ടുണ്ട്.
ഇപ്പോൾ
****
നാനാജാതിമതസ്ഥരും പങ്കെടുക്കുന്നതിനാൽ ഇന്ന് ഇതൊരു മതേതര ആഘോഷമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു . ഔദ്യോഗികതലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ് അത്തച്ചമയം ഇന്ന്. തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഓണപതാക ഉയർത്തുന്നതോടെയാണ് ഔദ്യോഗിക തുടക്കം. ചമയഘോഷയാത്രയും അതിനോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളുമാണ് ഇപ്പോൾ അത്തച്ചമയത്തിൽ കാണുന്നത്. സർക്കാർ വക ബോയ്സ് ഹൈസ്ക്കൂൾ അങ്കണത്തിലാണ് ഘോഷയാത്രയുടെ തുടക്കം. നാടൻകലാരൂപങ്ങളും പഞ്ചവാദ്യം, പെരുമ്പറ വാദ്യം, താലപ്പൊലി, ഉത്‌പ്ലവന കലാദൃശ്യങ്ങൾ (ഫ്‌ളോട്ടുകൾ), ഇരുചക്രവാഹനത്തിലെ പ്രച്‌ഛന്ന വേഷക്കാർ തുടങ്ങിയവയും ഘോഷയാത്രയിലെ പ്രധാന ഇനങ്ങളാണ്., മികച്ച പ്രദർശനത്തിനു സമ്മാനങ്ങളും നൽകിവരുന്നു…




അത്തച്ചമയം കഴിഞ്ഞ് ദാ എത്തിയതേയുള്ളൂ😊❤️🌹 ഓണാശംസകൾ മാഷേ 😊❤️🌹