Tuesday, June 2, 2026
Homeഅമേരിക്കപത്താം ദിവസത്തെ ഉത്തരം (കഥ) ✍ബെന്നി സെബാസ്റ്റ്യൻ

പത്താം ദിവസത്തെ ഉത്തരം (കഥ) ✍ബെന്നി സെബാസ്റ്റ്യൻ

അവസാനത്തെ വണ്ടിയും ഗേറ്റു കടന്നു. ഇരുട്ടു വീണതു കൊണ്ട് കാറിന്‍റെ പിറകിലെ ചുവന്ന വെളിച്ചം ബ്രേക്കു ചവിട്ടുമ്പോള്‍ തീവ്രമാവുകയും മങ്ങുകയും ചെയ്യുന്നു . റോഡ് വലതു വശത്തേക്കു വളവു തിരിഞ്ഞപ്പോള്‍ പ്രകാശം കൂടിയ ചുവന്ന വെട്ടം ജ്വലിച്ച് അടങ്ങി.

ഗേറ്റു മുതല്‍ ദൂരേക്കു പടര്‍ന്നിരുന്ന ഇരുട്ട് ലൈറ്റണച്ചാല്‍ മുറ്റത്തേക്ക് ചാടി വീഴാന്‍ തയ്യാറായി മതിലിനു പുറത്തും മാദകഗന്ധം പരത്തുന്ന പാരിജാതത്തിന്‍റേയും, തഴച്ചു വളര്‍ന്ന ബോഗന്‍വില്ലയുടേയും, പനിനീര്‍ചാമ്പയുടേയും ഇല ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിച്ചു നിന്നു.

അടുക്കളയില്‍ എന്തോ തട്ടിമറിഞ്ഞു വീണശബ്ദം.

എടിയേ പൂച്ച അടുക്കളയില്‍…

ഓളമടങ്ങിയ കായല്‍ പോലെ നിശബ്ദത തളം കെട്ടിയ വീടിനുള്ളില്‍ നിന്നും പതിവു പോലൊരു ശബ്ദവും ഉയര്‍ന്നില്ല.

സിമന്‍റു തറയിലൂടെ സ്റ്റീല്‍ ഗ്ളാസുരുളുന്ന ശബ്ദം .

ആരാണ് ഇനി അയാളുടെ ചോദ്യങ്ങള്‍ക്കു മറുപടി തരാനുള്ളത്..?

ആരാണിനി അയാളുടെ വരവു കാത്ത് ഗേറ്റിലേക്ക് നോക്കി വരാന്തയില്‍ നിന്നും കൊച്ചുതിണ്ണയിലേക്ക് കാലും തൂക്കിയിട്ട് വൈകുന്നേരങ്ങളില്‍ കാത്തിരിക്കാനുള്ളത്..?

വരാന്തയിലിട്ട കസേരയിലിരുന്നു നാട്ടു വിശേഷങ്ങളും വീട്ടുകാര്യങ്ങളും മകന്‍റേയും മകളുടേയും അവരുടെ കുഞ്ഞുങ്ങളുടേയും കഥകള്‍ വര്‍ണ്ണിക്കാനുള്ളത്..?

ഇന്നേക്ക് പത്തു ദിവസം മുന്‍പാണവള്‍ അടുക്കളപ്പുറത്ത് അലക്കു കല്ലിനടത്തു മരിച്ചു കിടന്നത് .
പകലെപ്പോളോ പണികള്‍ക്കിടയിലവള്‍ നിനച്ചിരിക്കാത്ത നേരത്ത് കൂടു വിട്ടു പോയി.

അയാള്‍ ഓഫീസുവിട്ടു വന്ന് അവളെ തിരഞ്ഞ് അടുക്കള വശത്തെത്തിയപ്പോളാണ് അലക്കു കല്ലിനരുകില്‍ മുഷിഞ്ഞ തുണികള്‍ക്കരുകിലവള്‍ വീണുകിടക്കുന്നത് കണ്ടത്..

തൈതെങ്ങില്‍ നിന്നും താഴേക്ക് ഞാന്നു കിടന്നിരുന്ന ഓലമടലിലൂടെ നിരനിരയായെത്തിയ നീറിന്‍ കൂട്ടം ശത്രുവിനെയെന്നപോലെ അവളെ പൊതിഞ്ഞു തുടങ്ങിയിരുന്നു .
അവ അയാളെ നോക്കി മധുരമായി പുഞ്ചിരിച്ചിരുന്ന ചുണ്ടുകളിലും പ്രണയത്തോടെ കാതരമായി നോക്കിയിരുന്ന അവളുടെ കണ്‍കോണുകളും അരിച്ചു തുടങ്ങിയിരുന്നു.

അതെല്ലാം കഴിഞ്ഞിട്ട് ഇന്നു പത്തു ദിവസമായിരിക്കുന്നു.

അവളുടെ മരണാനന്തര ചടങ്ങുകള്‍ ഒന്‍പതിന്‍റന്നു കഴിഞ്ഞു. യുകെയിലുള്ള മോനും അവന്‍റെ കുടുംബത്തിനും ഓസ്ട്രേലിയയിലുള്ള മകള്‍ക്കും കുടുംബത്തിനും അവധിയില്ല. അയാള്‍ക്ക് നാല്‍പ്പത്തിയൊന്നിന് അവളുടെ പുല വീടണമെന്നായിരുന്നു ആഗ്രഹം പക്ഷേ …

അയാള്‍ അതുവരെ പള്ളിയില്‍ പോകാനും അതിനുശേഷം പുലതീര്‍ക്കാനും തീരുമാനിച്ചു .

വീണ്ടും ഗ്ളാസുരുളുന്ന ശബ്ദം.അടുക്കളയില്‍ ഒരു കറുത്തപൂച്ച . അത് ഗ്ളാസ് തട്ടിമറിച്ചിട്ട് അതിലുണ്ടായിരുന്നു എന്തോ നക്കി കുടിക്കുകയാണ്.
അയാളെ കണ്ട പൂച്ച തലയുയര്‍ത്തി നോക്കിയശേഷം ഒരു പേടിയും കൂടാതെ അടുക്കള സ്ളാബിന്‍റെ അടിയില്‍ മെത്തപോലെ മടക്കിയിട്ടിരുന്ന ഒരു ചാക്കില്‍ കിടന്ന് കൈകളും കാലും ശരീരഭാഗങ്ങളും നാവുകൊണ്ട് വൃത്തിയാക്കാന്‍ തുടങ്ങി.

അയാളാദ്യമായാണ് അതിനെ കാണുന്നതെങ്കിലും അതിന്‍റെ മുഖത്ത് അപരിചത്വത്തിന്‍റെ അങ്കലാപ്പോ ഭയമോ കണ്ടില്ല.
പകലിന്‍റെ വിരസതകളില്‍ ഒരു പക്ഷേ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനോ അല്ലെങ്കില്‍ കൂട്ടുകാരിയോ അത് ആയിരുന്നിരിക്കാം.

അയാളുടെ ശ്രദ്ധയില്‍ വരാതെ അടുക്കളയിലെ ഇരുട്ടില്‍ അത് തന്‍റെ ശരീരത്തെ വിദഗ്ദമായി ഒളിപ്പിച്ചിരിക്കാം. എപ്പോളെങ്കിലും അവളതിനോട് അയാള്‍ക്ക് പൂച്ചകളെ ഇഷ്ടമല്ലെന്നു പറഞ്ഞിട്ടുണ്ടാവാം..

അയാള്‍ വീണ്ടും വരാന്തയിലത്തി കാല്‍ താഴേക്ക് തൂക്കിയിട്ടിരുന്നു.
പുറത്ത് ഇരുട്ടിന് കനം വച്ചു തുടങ്ങിയിരുന്നിരുന്നു.

അവളും അയാളും സന്ധ്യകളില്‍ ഗേറ്റിനു പുറത്തെ കാഴ്ച്ചകള്‍ കണ്ടിരിക്കുമ്പോള്‍ പലപ്പോളും അവള്‍ അയാളുടെ മനസ്സറിയാന്‍ ചോദിക്കാറുണ്ട്.

അടുത്ത ജന്മത്തില്‍ ഞാന്‍ തന്നെ നിങ്ങളുടെ ഭാര്യയായി വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണോ..? എന്താ നിങ്ങളുടെ അഭിപ്രായം ..?

അയാള്‍ പലപ്പോളും അതു കേള്‍ക്കാത്തതു പോലിരിക്കും .
കുറേ നേരം അയാളുടെ മറുപടിക്കായി മുഖത്തേക്ക് നോക്കിയിരുന്ന ശേഷം നിശബ്ദയായി എഴുന്നേറ്റു പോകും..

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവളാചോദ്യം ആവര്‍ത്തിക്കും ..

അയാള്‍ ചിലനേരം മറുപടി പറയും

ഈ ഭൂമിയില്‍ ജനിച്ചു മരിച്ച കോടാനു കോടി മൃഗങ്ങളില്‍ ഒന്നു മാത്രമാണ് മനുഷ്യന്‍ .
അത് പിന്നീട് ജനിക്കുന്നുമില്ല. മരിക്കുന്നുമില്ല. നീ നിന്‍റെ പണിക്ക് പോ…

ആര് പറഞ്ഞു..?
നല്ല മനുഷ്യരെല്ലാം പുനഃര്‍ജ്ജനിക്കും..

ഓ…ഞാന്‍ നല്ല മനുഷ്യനല്ല..

നിങ്ങള്‍ക്ക് എന്‍റെ കൂടെ ജീവിക്കാനിഷ്ടമല്ലല്ലേ..?
എനിക്കറിയാം…

അറിയാമെങ്കില്‍ നന്നായിപ്പോയി..

നിശബ്ദമായ വീടും പരിസരവും

പുറത്തെ ഇരുട്ടില്‍ നിന്നും വരാന്തയിലെ ട്യൂബുലൈറ്റിന്‍റെ പ്രകാശത്തിലേക്ക് പറന്നു വരുന്ന നിശാശലഭങ്ങള്‍,

ചെറിയൊരു കാറ്റ് അവളുടെ ചെടികളേയും മരങ്ങളേയും തഴുകി കടന്നു പോകുന്നു.
ദൂരെ ആകാശമേലാപ്പിലൂടൊരു നക്ഷത്രം കിഴക്കേ ദിക്കിലേക്ക് പാഞ്ഞു പോകുന്നു.
മുറ്റത്തിനരുകില്‍ നില്‍ക്കുന്ന കുലച്ചവാഴയുടെ കൂമ്പിനു ചുറ്റുമൊരു വവ്വാല്‍ നൃത്തം ചെയ്യുന്നു.

ആകാശ ചെരുവിലാകെ ആരോ കാപ്പിപ്പൂക്കള്‍ വാരിയെറിഞ്ഞതുപോലെ നക്ഷത്രങ്ങള്‍ പൂത്തുതുടങ്ങി.
വാലിന്‍റെയറ്റത്ത് തിളങ്ങുന്ന വെളിച്ചമുള്ളൊരു അട്ട സാവധാനം നടകള്‍ക്കരുകിലൂടെ ഇഴഞ്ഞു പോകുന്നു.

ഏതോ യാത്രകഴിഞ്ഞു അവസാന ബസ്സും കിട്ടാതെ, വീട്ടില്‍ അപ്പനേയും അമ്മയേയും കാത്തിരിയ്ക്കുന്ന കുഞ്ഞുങ്ങളുള്ള , വീട്ടിലെത്താനുള്ള തിടുക്കത്തോടെ വലിയ രണ്ട് നെയ്യുറുമ്പുകള്‍ വരാന്തയിലൂടെ ഓടിയെന്ന പോലെ ഭിത്തിയുടെ മറവിലേക്ക് പോയി.

അയാള്‍ക്ക് അവളോട് എന്തെന്നില്ലാത്ത വലിയ അരിശം വന്നു. ഇതെല്ലാം കാണാതെ,കാച്ചെണ്ണ തേച്ചമുടിയിലെ ഈര്‍പ്പം അയാളുടെ തോളിലേക്ക് ചേര്‍ത്തു വച്ചു മുടിയില്‍ നിന്നും പകരാതെ, അവളെവിടെ പോയെന്നോര്‍ത്തയാള്‍ നെടുവീര്‍പ്പിട്ടു.
അവളുടെ പതിവു ചോദ്യമയാളോര്‍ത്തു.

ഇനി എത്ര ജന്മമുണ്ടെങ്കിലും ഞാന്‍ ആണായും നീപെണ്ണായാലും, നീ ആണായും ഞാന്‍ പെണ്ണായും ജനിച്ചാല്‍ മനുഷ്യനോ മൃഗമോ ആണെങ്കിലും എനിക്ക് നിന്നെ മതി
നിന്നെമാത്രം..
ഇതു പറയാന്‍ ഇത്രകാലം വേണ്ടിയിരുന്നോയെന്ന മട്ടിലൊരു ഇളം കാറ്റയാളെ പൊതിഞ്ഞു .

അയാളുടെ ഇടതുവശത്തൊരനക്കം കണ്ടയാള്‍ അവിടേക്ക് നോക്കി ,
ആ കറുത്ത പൂച്ച പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നു.
അയാള്‍ നോക്കുന്നതു കണ്ട് അതയാളെ ആശ്വസിപ്പിക്കുമ്പോലെ മുഖം അയാളുടെ ശരീരത്തിലുരസി എന്തോ അവ്യക്തമായ ചെറിയശബ്ദം പുറപ്പെടുവിച്ചു . തനിച്ചല്ല ഞാന്‍ കൂട്ടിനുണ്ടെന്നു അയാളെ ബോധ്യപ്പെടുത്തും പോലെ അയാളോടു ചേര്‍ന്നിരുന്നു .

അവരൊരുമിച്ച്, പുറത്തെ ,ഇരുട്ടിലെ, കാഴ്ച്ചകളിലേക്ക് , ശബ്ദങ്ങളിലേക്ക്, മുഖം തിരിച്ചു.

ബെന്നി സെബാസ്റ്റ്യൻ ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com