Thursday, July 17, 2025
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (116) ക്ഷേത്രാചാരങ്ങൾ (തുടർച്ച) 'പുഷ്പാഞ്ജലിയും നാളികേരമുടയ്ക്കലും' ✍ പി. എം.എൻ.നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ – (116) ക്ഷേത്രാചാരങ്ങൾ (തുടർച്ച) ‘പുഷ്പാഞ്ജലിയും നാളികേരമുടയ്ക്കലും’ ✍ പി. എം.എൻ.നമ്പൂതിരി

പുഷ്പാഞ്ജലിയും നാളികേരമുടയ്ക്കലും

പുഷ്പാഞ്ജലി

അതത് ഭക്തൻ്റെ പേരും നാളും ഉച്ചരിച്ചുകൊണ്ട്, ദേവൻ്റെ മന്ത്രം കൊണ്ടും മൃത്യുഞ്ജയം, സുദർശനം മുതലായ ഇച്ഛാശക്തിയെ സവിശേഷാവസ്തയിൽ ചലിപ്പിയ്ക്കാവുന്ന മന്ത്രങ്ങളേ കൊണ്ടും പുഷ്പാഞ്ജലി ചെയ്യാറുണ്ട്. ഓരോ ദേവൻ്റെയും അഷ്ടോത്തരശതനാമം, സഹസ്രനാമം എന്നീ മന്ത്രങ്ങളേക്കൊണ്ടും അർച്ചന ചെയ്യാറുണ്ടല്ലോ. ഓരോതരം പുഷ്പങ്ങളെക്കൊണ്ടും അർച്ചനയ്ക്ക് സവിശേഷമായ ഫലപ്രാപ്തിയുണ്ടെന്ന് ആഗമങ്ങൾ സിദ്ധാന്തിയ്ക്കുന്നുണ്ട്. ചില ദേവന്മാർക്ക് ചില പ്രത്യേകപുഷ്പങ്ങൾ വർജ്ജ്യവും ചിലത് അഭിലക്ഷണീയവുമാണ്. ഉദാഹരണമായി, ശിവന് വില്വപത്രം (കൂവളം), വിഷ്ണുവിന് തുളസി സരസ്വതിയ്ക്ക് താമര ദേവിയ്ക്ക് കുങ്കുമപ്പൂവ് ഭദ്രകാളിയ്ക്കും മറ്റും രജോഗുണ സ്ഥമായ രക്തപുഷ്പങ്ങൾ (ജപാപുഷ്പം എന്നറിയപ്പെടുന്ന ചെമ്പരത്തിപ്പൂവ്) എന്നിവ അതത് ദേവതകളുടെ സവിശേഷതയനുസരിച്ച് ആഗമങ്ങൾ നിബന്ധിച്ചിരിക്കുന്നു. ഏതായാലും ഭക്തൻ്റെ (ആകാശഭൂതത്തെ ചന്ദനജലം തളിച്ചതിനാൽ ദേഹപ്രതീകമായ ദ്യാവാപൃഥ്വി എന്നും കൂടെയുണ്ട് ) ദേവങ്കൽ അർപ്പിയ്ക്കപ്പെടുന്ന പ്രക്രിയയിലൂടെ ആകാശോപരി വർദ്ധിയ്ക്കുന്ന മനോമയാദി കോശങ്ങളിലെ അവൻ്റെ പ്രജ്ഞയെ കൈപിടിച്ചുയർത്താൻ പുഷ്പാഞ്ജലി കൊണ്ട് സാധിയ്ക്കേണ്ടതാണ്. സഹസ്രനാമാദി അർച്ചനകൾകൊണ്ടും മറ്റും ലഭ്യമാകുന്ന ദൂരവ്യാപകമായ ഫലപ്രാപ്തിയെപ്പറ്റി ഓരോ സഹസ്രനാമത്തിൻ്റെ ഉത്തരാർദ്ധത്തിലും പ്രതിപാദിച്ചിട്ടുള്ളതായി കാണാം.

ധാരാളം ക്ഷേത്രങ്ങളിൽ അടുത്ത കാലത്തായി ലക്ഷാർച്ചന, കോടി അർച്ചന എന്നിങ്ങനെ മൂലമന്ത്രങ്ങൾകൊണ്ടും സഹസ്രനാമങ്ങളെ കൊണ്ടും അർച്ചന തുടർച്ചയായി ചെയ്യുന്നത് സാർവ്വത്രികമായിട്ടുണ്ട്. ഇത്തരം യജ്ഞങ്ങൾകൊണ്ട് ദേവചൈതന്യം കൂടുതൽ ശക്തിപ്പെടുകയും ആയതിൽ പങ്കെടുക്കുന്ന ഭക്തന്മാർക്ക് അത്ഭുതകരമായ ഫലപ്രാപ്തി ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

ഏറ്റവും വലിയ വേദപണ്ഡിതനായിരുന്ന വേദരത്നം ഏർക്കര രാമൻ നമ്പൂതിരി, പ്രശസ്ത കവിയും വേദപണ്ഡിതനമായിരുന്ന ശ്രീ ഒ.എം.സി.നാരായണൻ നമ്പൂതിരിപ്പാട് തുടങ്ങിയ മഹാത്മാക്കളുടെ ശ്രമഫലമായി പല മഹാക്ഷേത്രങ്ങളിലും വേദലക്ഷാർച്ചനായജ്ഞങ്ങൾ നിർവ്വഹിച്ചുവന്നിരുന്നു. അക്ഷയ ജ്ഞാനധാരയായ ഋഗ് – യജുർവേദാന്തർഗ്ഗതങ്ങളായ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടുള്ള ഈ മഹായജ്ഞത്തിൻ്റെ ഫലം അവാച്യമത്രെ. ഋഗ്വേദാന്തർഗതങ്ങളായ ആയുസ്സുക്തം, ഭാഗ്യസൂക്തം, സംവാദസൂക്തം മുതലായ സൂക്തങ്ങൾ, പ്രത്യക്ഷമായ അഭീഷ്ട പ്രാർത്ഥനകളോടുകൂടിയ അനേകം മന്ത്രങ്ങൾ എന്നിവകൊണ്ട് മനുഷ്യജീവിതത്തിനാവശ്യമായ എല്ലാ കാര്യങ്ങളുടേയും ഫലപ്രാപ്തി സുലഭമായിത്തന്നെ ലഭ്യമാണ്.

നാളികേരമുടക്കൽ അഥവാ നാളികേരമടിയ്ക്കൽ

മിക്ക ക്ഷേത്രങ്ങളിലും ഗണപതി ഭഗവാനെ സങ്കല്പിച്ച് ചെയ്യുന്ന നാളികേരം അടിച്ചുടയ്ക്കുന്ന വഴിപാട് സർവ്വസാധാരണമാണല്ലോ. ക്ഷേത്രങ്ങളിൽ ഇതിനായി സംവിധാനം ചെയ്തിരുന്ന ശിലയിലോ, കരങ്കൽതറന്മേലോ നാളികേരം ആഞ്ഞടിയ്ക്കുമ്പോൾ ബാഹ്യാവരണമായ ചിരട്ടയും അകത്തെ കഴമ്പും ചേർന്ന് ചിന്നഭിന്നമാവുകയും അന്തർഭാഗത്തുള്ള ജലം ബഹിർഗമിച്ച് ഒഴുകുകയും ചെയ്യുന്നുണ്ടല്ലോ. അനേകം സാധനാമാർഗ്ഗങ്ങളിലൂടെ യോഗശാസ്ത്രദൃഷ്ട്യാ മൂലാധാരപത്മത്തിൽ സപ്താവസ്ഥയിലുള്ള കുണ്ഡലിനീ ശക്തിയിൽ ആഞ്ഞടിയ്ക്കുമ്പോഴാണല്ലോ ഈ ശക്തി ഉപര്യുപരിയായുള്ള ഷഡാധാരങ്ങളേയും ഭേദിച്ച് തൻ്റെ ലക്ഷ്യസ്ഥാനമായ സഹസ്രാരപത്മത്തിലെ പരമശിവപദത്തിൽ ലയിയ്ക്കുന്നത്. ഗണപത്യസങ്കല്പമാകട്ടെ, പൃഥ്വീസ്ഥാനമായ മൂലാധാരചക്രത്തിൻ്റെ അധിഷ്ഠാന ദേവതയാണ് ഗണപതി എന്നതാണ്. അതായത് യോഗമന്ത്രസാധനകളിലൂടെ ഉയർന്നു ബോധതലത്തിലേയ്ക്ക് കുതിച്ചുയരാൻ തയ്യാറായിട്ടുള്ള കുണ്ഡലിനീ യിടെ സ്വരൂപമാണെന്നർത്ഥം. നാളികേരത്തിൻ്റെ പുറംതോട് സ്ഥൂല ശരീരപ്രതീകവും അകത്തെ കഴമ്പ് സൂക്ഷ്മ ശരീരവും അതിനകത്തെ മധുരപൂർണ്ണമായ വെള്ളം കാരണജലമെന്ന ആപസ്സിൻ്റെ പ്രതീകവുമാണ്. അന്തർമുഖമായ സാധനയിലൂടെ തൻ്റെ ബോധതലത്തെ (പ്രാർത്ഥീവമായതിനാൽ ഞാൻ ദേഹമാണെന്ന ബോധമാണ്) ഉയർത്തി ‘അഹം ബ്രഹ്മാസ്മി” എന്ന ബോധതലത്തിലേയ്ക്ക് ( consciousness plane) എത്തിയ്ക്കുന്ന പ്രക്രിയയാണിത്. അഭീഷ്ടകാര്യസിദ്ധിയ്ക്ക് നേരിടുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യുവാൻ വിഘ്‌നവിനാശകനായ വിനായകഭഗവാൻ്റെ ആരാധനയ്ക്ക് ഈ വഴിപാട് അനുയോജ്യം തന്നെയാണ്. ഛിന്നഭിന്നമായ നാളികേരത്തെ പോലെ തൻ്റെ വിഘ് നിവാരണം ഈ ആരാധനയിലൂടെ സാധിത പ്രായമാകാത്ത ഭക്തന്മാർ ആരാണ് ഉണ്ടാവുക?

ഏത്തമിടൽ എന്ന ആരാധന

ഏതു പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലും കന്നിമൂലയിൽ പ്രതിഷ്ഠിക്കപ്പെട്ട ഉപദേവനായ ഗണപതി മൂലാധാരചക്രത്തിൻ്റെ അധിദേവതയും പരമശിവമേളത്തിന് തയ്യാറായി കുതിച്ചുയരാൻ നിൽക്കുന്ന കുണ്ഡലിന്യുഗ്നിയുടെ സ്വരൂപവുമാണെന്ന് മനസ്സിലാക്കുക. ആയതുകൊണ്ടാകണം തനി വൈഷ്ണവമായ പാഞ്ചരാത്രക സിദ്ധാന്തത്തെ മാത്രം അനുവർത്തിയ്ക്കുന്നവർ പോലും ഗണപതിയെ വിഷ്വക്സേനൻ എന്ന രൂപത്തിൽ ( സാങ്കേതമായി) ഉപാസിയ്ക്കുന്നത്. ഇടതുകൈ വലതുചെവിയിലും വലതുകൈ ഇടതുചെവിയിലും പിടിച്ച് രണ്ടു കാലുകളും അവയുടെ സ്ഥാനം മാറ്റി നിന്നുകൊണ്ട് രണ്ടു കൈമുട്ടുകളേയും തറയിൽ നന്നായി മുട്ടിയ്ക്കുന്ന സമ്പ്രദായമാണല്ലോ ഏത്തമിടൽ. രണ്ടു കൈകളും കാലുകളും സൂക്ഷ്മശരീരത്തിൽ സുഷ്മ്നാനാഡിയെ വേഷ്ടനം ചെയ്ത് നിൽക്കുന്ന ഇഡാ പിംഗളാ നാഡികളുടെ ചിത്രമാണ് നമുക്ക് കാണിച്ചുതരുന്നത്. മൂലധാന പത്മ സ്ഥാനമായ താഴത്തെ പടിയിൽ സാധനയാകുന്ന മുകളിൽനിന്നുള്ള ശക്തിപാതത്തെയാണ് ഈ അനുഷ്ഠാനംകൊണ്ട് നാം അനുധാവനം ചെയ്യുന്നത്. ഗണപതിഹോമം, ഗണപതി നിവേദ്യം, ഗണപതിയ്ക്ക് വിളക്ക് മുതലായവ എല്ലാ ഗണപത്യ ആരാധനയും ആത്മീയ സാധനയുടെ ആദ്യ പ്രക്രിയ അഥവാ മൂലാധാരസ്ഥാനമായ ആത്മശക്തിയെ ഉണർത്തുവാനുള്ള സാധനയുടെ അനിവാര്യവും പ്രഥമലുമായ കാൽവെയ്പ്പാകുന്നു.കൂടാതെ ശബ്ദതന്മാത്രയെ അനുഭവിച്ചറിയാനുള്ള ഇന്ദ്രിയമായ ചെവികളിൽ പിടിച്ച് പൃത്ഥീഭൂതമായ ഭൂമിയിൽ സ്പർശിച്ചുകൊണ്ടുള്ള ഈ പ്രക്രിയിയിലൂടെ ശബ്ദതന്മാത്രയുടെ ഭൂതമായ ആകാശം മുതൽ ഭൂമിതത്വം വരെ വ്യാപ്തമായ പാർത്ഥിസ്വരൂപത്തോടുകൂടിയ ഈശ്വരചൈതന്യമായ ഗണപതിയെ ആരാധിയ്ക്കുന്നു എന്ന സങ്കല്പവും ഇവിടെ യുക്തിസഹമാണ്.

ഏത്തമിടുന്നത് ചുരുങ്ങിയത് 12 പ്രാവശ്യം വേണമെന്നാണ് ശാസ്ത്രം ഈ 12 എന്ന സംഖ്യ ദ്വാദദശ പത്മസ്ഥാനമായ ശിവപദത്തെ സൂചിപ്പിക്കുന്നു. ശിവപദപ്രാപ്തിയ്ക്കുള്ള ഉപാസനയുടെ പരിവർത്തിക രൂപം തന്നെയാണ് ഏത്തമിടൽ

ഒറ്റ അപ്പം, മോദകം എന്നീ ദ്രവ്യങ്ങളുടെ നിവേദ്യം ഗണപതി സങ്കല്പത്തിൻ്റെ സവിശേഷഭാവത്തെ ദ്യോതിപ്പിയ്ക്കുന്നു.

പി. എം.എൻ.നമ്പൂതിരി✍

RELATED ARTICLES

6 COMMENTS

  1. നല്ല അറിവ് ഗുരുജി. നാം ക്ഷേത്രങ്ങളിൽ ചെയ്യുന്ന വഴിപാടുകൾ നമ്മുടെ ശരീരവുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായി പറയുന്നു. നന്ദി ഗുരുജി . നമസ്ക്കാരം ‘

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ