മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ മുപ്പത്തിമൂന്നാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
ഹാസ്യകവിതാ സാമ്രാട്ടായിരുന്ന കുഞ്ചൻ നമ്പ്യാർക്കു ശേഷം മലയാളത്തിൽ ഹാസ്യ കവിതയിൽ ഏറ്റവുമധികം സംഭാവന ചെയ്തിട്ടുള്ള കവി ശ്രീ. ചെമ്മനം ചാക്കോ ആണ് ഇന്നത്തെ നക്ഷത്രപൂവ്!
ചെമ്മനം ചാക്കോ (3️⃣3️⃣) 07/03/1926 – 14/08/2018)
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ് 1926 മാർച്ച് ഏഴാം തീയതിയാണ് അദ്ദേഹം ജനിച്ചത്. വൈദികനായിരുന്ന യോഹന്നാൻ കത്തനാരും, സാറയുമായിരുന്നു മാതാപിതാക്കൾ. ചെമ്മനം എന്നത് കുടുംബപേരാണ്.
പിറവം സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ, ആലുവ യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിറവം സെൻ്റ് ജോസഫ്സ് സ്ക്കൂൾ, പാളയം സെൻ്റ് ജോസഫ്സ് കോളേജ്, കേരള സർവ്വകലാശാല എന്നിവിടങ്ങളിൽ ജോലി ചെയ്തു. കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്!
ഇംഗ്ലീഷിൽ സറ്റയർ(Satire) എന്നു പറയുന്ന സാഹിത്യരൂപമാണ് മലയാളത്തിലെ ആക്ഷേപഹാസ്യം. ആക്ഷേപം… നിന്ദ തുടങ്ങിയവയെ പ്രതിഫലിപ്പിക്കുവാൻ ഫലിതത്തെ അല്പ്പം വിമർശനപരമായി പ്രയോഗിക്കുന്നതാണ് ആക്ഷേപഹാസ്യം. ഇതു വ്യക്തിക്കു നേരേയോ, സമൂഹത്തിനു നേരേയോ സംഭവത്തിനു നേരെയോ ഒക്കെ ആകാം. ഗദ്യമോ, പദ്യമോ, നാടകമോ കഥയോ എന്തുമാകാം. ഇതിൻ്റെ മാദ്ധ്യമം ഫലിതമോ, നർമ്മമോ ഒക്കെ ആണെന്നു പെട്ടെന്നു തോന്നുമെങ്കിലും അതിൻ്റെ ഉള്ളിൽ ആഴമേറിയ ചിന്താഗതികളോ, സാമൂഹിക പ്രശ്നങ്ങളോ ഉണ്ടാകാം. ഹാസ്യമാകുന്ന ശർക്കരയിൽ പൊതിഞ്ഞു കൊടുക്കുന്ന കയ്പേറിയ ഔഷധങ്ങളാണിതെന്നും പറയാം!
സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന ശൈലിയിൽ ഋജുവും ലളിതവുമായ ആവിഷ്ക്കാര രീതിയാണ് ചെമ്മനം സ്വീകരിച്ചിട്ടുളളത്.
വിളംബരം, കനകാക്ഷരങ്ങൾ, പുത്തരി, അസ്ത്രം, ചക്കരമാമ്പഴം, ഇന്ന്, ദുഃഖത്തിൻ്റെ ചിരി, രാജാവിനു വസ്ത്രമില്ല, ആളില്ലാ കസേരകൾ, ധർമ്മ സങ്കടം,ജൈത്രയാത്ര,ആവനാഴി, ദാഹജലം, അമ്പുവില്ലും തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ.
ഇന്നു സമൂഹത്തിൽ കാണുന്ന സംസ്ക്കാര രാഹിത്യം മൂല്യച്യുതി, ജാതിസ്പർദ്ധ, ഉത്തരവാദിത്വബോധമില്ലായ്മ, സ്വന്തം സംസ്കാരത്തെ പുച്ഛിച്ചു തള്ളി പുത്തൻ പരിഷ്ക്കാരത്തിൻ്റെ പേരിൽ കാണിച്ചു കൂട്ടുന്ന വിക്രിയകൾ തുടങ്ങിയവയെല്ലാം അദ്ദേഹത്തിൻ്റെ കവിതയിൽ വിഷയമായിട്ടുണ്ട്.
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ തയ്യാറല്ലാത്ത ഉദ്യോഗസ്ഥന്മാരെക്കുറിച്ച് വിവരിക്കുന്ന കവിതയാണ് ആളില്ലാത്ത കസേര
‘യു.ഡി.എഫ് പോയതാം പാഴ്പ്പാതയിൽത്തന്നെ
എൽ.ഡി.എഫ് മുന്നോട്ടു പോകുമെങ്കിൽ
സറ്റയറെഴുതാൻ കൊതിക്കുമെൻ പേനയ്ക്കു
പട്ടിണി വേണ്ടി വരില്ലല്ലോ…’
ഞാൻ മുഖ്യമന്ത്രിയായായൽ എന്ന കവിത ഭരണാധികാരികളെ ശരിക്കും വിമർശിക്കുന്നതാണ്.
മരിക്കാൻ കിടക്കുന്ന മുത്തശ്ശിയുടെ അടുത്തു നിന്ന് മക്കളും, ചെറുമക്കളും എല്ലാം മമ്മീ, ഗ്രാൻമമ്മീ എന്നു വിളിച്ചു കൊണ്ട് ആത്മാർത്ഥമായി ശുശ്രൂഷിക്കുന്നു. അപ്പോൾ അമ്മ എന്ന ഒരു വാക്കു വിളിക്കുന്നത് കേട്ടാൽ മതി എന്ന് മുത്തശ്ശി. അധികം താമസിയാതെ ആ ‘മമ്മി’ യഥാർത്ഥത്തിൽ ‘മമ്മി’ യായിത്തീർന്നു. വളരെ അർത്ഥവത്തായ കവിതയാണ് മമ്മി!
രക്തദൂഷ്യം അമ്മുമ്മപ്പോര് തുടങ്ങിയ കവിതകളും ഏറെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വരികളിലൂടെ രൂപം കൊണ്ടതാണ്.
‘ജാതിയില്ലേട്ടിൽ, പക്ഷേ ഭാരതനാടേ, നിൻ്റെ ജാതകം വിചിത്രം! നീ
ജാതിയാൽ നശിക്കുന്നു.’
സത്യമല്ലേ ഈ വരികൾ….
2018 ആഗസ്റ്റ് പതിനാലാം തീയതി അദ്ദേഹം അന്തരിച്ചു🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕
Thank You Sri.Raju Sankarathil Sir🙏❤️🙏
ചെമ്മനം ചാക്കോ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ചിരി വരും..
അദ്ദേഹത്തിന് രചനകൾ അത്രയ്ക്ക് രസകരമാണ്.
അദ്ദേഹത്തിന്റെ ജീവിത വഴികൾ നന്നായി എഴുതി
നല്ല അവതരണം 🌹