കാവേരി ഫ്ലാറ്റിന്റെ കമ്മ്യൂണിറ്റി ഹാളിൽ എല്ലാ ബ്ലോക്കിലെയും പ്രതിനിധികൾ അടിയന്തര യോഗത്തിന് എത്തണം എന്ന അറിയിപ്പ് കിട്ടിയതിനെ തുടർന്ന് പെട്ടെന്ന് തന്നെ എല്ലാവരും ഒത്തുകൂടി. പുതിയ പ്രസിഡൻറ് ചെറുപ്പക്കാരനാണ്. വക്കീലുമാണ്. വയസ്സന്മാർ ഒക്കെ മാറി ഈവക ചുമതലകൾ യുവാക്കൾ ഏറ്റെടുക്കണം എങ്കിലേ കൂടുതൽ ഊർജ്ജസ്വലമായി കാര്യങ്ങൾ ഫ്ലാറ്റിൽ നടപ്പാവൂ എന്നൊക്കെയുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് അഭിലാഷ് മേനോൻ ഫ്ലാറ്റിന്‍റെ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. വക്കീൽ സെക്രട്ടറി പദം ഏറ്റെടുത്തിട്ട് ആദ്യം വരുന്ന പ്രശ്നമാണ്.അദ്ദേഹം അത് എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ഫ്ലാറ്റ് നിവാസികൾ.
പ്രശ്നം ഇതായിരുന്നു. ഫ്ലാറ്റിന്റെ ലൈറ്റ് റൂഫ് ഭാഗത്തുനിന്ന് അസമയത്ത് ചില ശബ്ദകോലാഹലങ്ങൾ കേൾക്കുന്നു. ഇടവപ്പാതിയിലെ കനത്ത മഴ കാരണം പലപ്പോഴും കറണ്ട് പോകും. ആർക്കും ആ സമയത്ത് കതക് തുറന്ന് കള്ളനെ പിടിക്കാനുള്ള ധൈര്യവുമില്ല. ഒരാൾക്ക് മാത്രമല്ല പലർക്കുമുണ്ട് ഇതേ പരാതി. എല്ലാവരും അവരവരുടെ അനുഭവങ്ങൾ പങ്കു വച്ചു. പക്ഷേ ഒന്നും മോഷണം പോയതായി ആരും പറഞ്ഞു കേട്ടില്ല. ഇനി പൂവാലന്മാർ ആയിരിക്കുമോ? അന്വേഷണം പലവഴിക്കും തിരിഞ്ഞു. ക്ലീനിങ് സ്റ്റാഫും പരാതിയുമായെത്തി.
ഒരു ദിവസം അവർ ശേഖരിച്ച ഫുഡ് വേസ്റ്റ് ഇട്ട ഡ്രം തട്ടി മറിച്ചിട്ടിരുന്നു. ഇനി ശബ്ദം കേട്ടാൽ ഉടനെ ആ ആൾ എല്ലാവരെയും വാട്ട്സ്ആപ്പ് കോൾ ചെയ്ത് ഉണർത്തി ഒന്നിച്ച് കള്ളനെ കൈകാര്യം ചെയ്യാം എന്ന ധാരണയുണ്ടാക്കി എല്ലാവരും അന്നത്തേക്ക് പിരിഞ്ഞു.രണ്ട് ദിവസം അനക്കം ഒന്നും ഉണ്ടായില്ല. അടിയന്തര യോഗം കൂടിയത് കള്ളന്റെയോ പൂവാലന്റെയോ ചെവിലെത്തി ആൾ പിൻവാങ്ങിയത് ആകുമോ? എല്ലാവരുടെയും ഭയം ഇരട്ടിച്ചു. ഇനി കള്ളൻ കപ്പലിൽ തന്നെയാണോ? രാത്രിയാവുന്നതോടെ കുട്ടികളും സ്ത്രീകളും ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകാൻ കൂട്ട് വേണമെന്ന അവസ്ഥയിലായി.
വക്കീലിനെ കാണുമ്പോഴൊക്കെ ഫ്ലാറ്റ് നിവാസികൾ “സാറേ എന്തായി? കള്ളനെ കിട്ടിയോ? ഇതിനുമുമ്പ് ഇവിടെ ഇങ്ങനെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. പുതിയ ഭരണം ഉഗ്രൻ. അയ്യോ!നമുക്ക് സെക്രട്ടറിയായി വയസ്സന്മാർ തന്നെ മതിയേ”…..
ഫ്ലാറ്റിലെ പെണ്ണുങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും വക്കീലാണ് ലൈറ്റ് റൂഫിനു മുകളിൽ കൂടി ഓടുന്നതെന്ന്. “ദേ ചേട്ടാ 24 മണിക്കൂറിനകം കള്ളനെ പിടിച്ചോണം. അല്ലെങ്കിൽ എൻറെ മാനം കപ്പൽ കയറും. നാളെ കൂട്ടുകാരികളോട് ഒപ്പം അമ്പലത്തിൽ പോകുന്നതിനു മുമ്പ് കള്ളനെ പിടിച്ചില്ലെങ്കിൽ താൻ ഇനി എങ്ങനെ ശ്രീവിദ്യയുടെയും ലക്ഷ്മിയുടെയും മുഖത്ത് നോക്കും” എന്ന് വാമഭാഗം. വല്ല കാര്യമുണ്ടായിരുന്നോ, വെറുതെ സെക്രട്ടറി സ്ഥാനം ഒന്നും ഏറ്റെടുക്കേണ്ട എന്ന് താൻ പറഞ്ഞിരുന്നതല്ലേ എന്ന് ഭാര്യ. പെൺബുദ്ധി പിൻബുദ്ധി എന്നൊക്ക ആരാണ് പറഞ്ഞത്? എല്ലായിടത്തും നേതൃസ്ഥാനത്തേക്ക് വരാനുള്ള മോഹം കൊണ്ട് പറ്റിപ്പോയതാണ്. എന്താണ് ഇതിനൊരു പോംവഴി? വക്കീൽ തലങ്ങുംവിലങ്ങും ആലോചിച്ചു. ഒരു കേസ് പഠിക്കാൻ പോലും ഇത്രയധികം ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഇത് ഇപ്പോൾ തന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുന്നു. ഇന്ന് രാത്രി മുഴുവൻ ഉണർന്നിരുന്ന് കള്ളനെ പിടിക്കുക തന്നെ. ഓരോ വക വയ്യാവേലികൾ!🤔 ടോർച്ചും വടിയും ഒക്കെയായി കള്ളനെ പിടിക്കാൻ പാതിരാത്രിവരെ ഉറക്കമൊഴിച്ചു വക്കീൽ കാത്തിരുന്നു. കള്ളന്റെ പൊടി പോലുമില്ല.
ഫ്ലാറ്റിലെ കൗമാരക്കാരികളെയൊക്കെ വക്കിൽ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. ഇവളുമാരെ കാണാൻ ഇനി വല്ല പൂവാലന്മാരും വരുന്നതായിരിക്കുമോ? അതോ ഇനി ഫ്ലാറ്റിലെ വല്ലവർക്കും എംഡിഎംഎ. യോ കഞ്ചാവോ സപ്ലൈ നടത്താൻ വരുന്നവർ ആയിരിക്കുമോ?
നാലാം ദിവസം വീണ്ടും പരാതികൾ എത്തിത്തുടങ്ങി.
വെളുപ്പിനെ നാലുമണിക്ക് ശബ്ദം കേട്ടു.പക്ഷേ ലൈറ്റ് ഒക്കെ ഇട്ട് ആളെക്കൂട്ടാൻ തുടങ്ങിയപ്പോൾ ശബ്ദം നിലച്ചു. ഇതെന്തു മായ? ഇനി വല്ല പ്രേതങ്ങളും ആയിരിക്കുമോ? രാത്രി മഴയത്ത് സുന്ദരമായി എല്ലാവരും പുതച്ചുമൂടി കിടന്നുറങ്ങുമ്പോൾ സെക്രട്ടറി മാത്രം ഉറക്കം നഷ്ടപ്പെട്ട് കള്ളനെ പിടിക്കാൻ ചെവിയോർത്ത് തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി.
അഞ്ചാംദിവസം മനസ്സു മടുത്ത് ക്ലബ്ബിലേക്ക് ചീട്ടു കളിക്കാനിറങ്ങിയ വക്കീൽ ഇന്നിനി കളിക്കാൻ ഒരു മൂഡില്ല എന്ന് കരുതി ഫ്ലാറ്റിന്റെ നേരെ മുമ്പിൽ കച്ചവടം നടത്തുന്ന രാമേട്ടന്റെ കടയിൽ ചെന്നിരുന്ന് വെറുതെ സൊറ പറഞ്ഞിരുന്നപ്പോഴാണ്, സൗഹൃദ സംഭാഷണത്തിനിടയിൽ രാമേട്ടൻ പറയുന്നത് ഇവിടെ മൂന്നാല് ദിവസമായി ഒരു കള്ളൻ ഉണ്ടായിരുന്നു ഇന്നലെ താനതിനെ കയ്യോടെ പൊക്കിയെന്ന്. രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല് എന്ന് പറഞ്ഞ അവസ്ഥയായി വക്കീലിന്റേത്.
മൂന്നാല് ദിവസമായി ഫ്ലാറ്റിൽ കയറി ഇറങ്ങി നടക്കുന്ന കള്ളനെ കണ്ടു പിടിക്കാൻ പറ്റാത്ത സങ്കടം രാമേട്ടനുമായി പങ്കുവയ്ക്കാൻ ആയിട്ടാണ് താൻ ഇപ്പോൾ ഈ കടയിൽ കയറിയതു തന്നെ എന്ന് പറഞ്ഞതോടെ രാമേട്ടന് ചിരിയടക്കാൻ കഴിഞ്ഞില്ല. കള്ളനെ ഞാൻ കയ്യോടെ പിടിച്ചു. പക്ഷേ ഉപദ്രവിച്ചില്ല രഹസ്യമായി സ്മാർട്ട് ഫോണിൽ കള്ളൻ മോഷ്ടിക്കുന്നത് വീഡിയോയിൽ പകർത്തി എന്നും വക്കീലിന് കാണണോ എന്ന് ചോദിച്ചപ്പോൾ വക്കീലിന്റെ ആകാംക്ഷ ഇരട്ടിയായി.
ഉച്ചനേരത്ത് കടയിൽ ആരും വരാത്തതുകൊണ്ട് അകത്ത് ചെറിയൊരു പായ വിരിച്ച് രാമേട്ടൻ ഒന്നു മയങ്ങും. മൂന്നര മണിയോടെ കടയിൽ കുട്ടികളും മറ്റും വന്നു തുടങ്ങുമ്പോൾ പുറത്തു തൂക്കിയിട്ടിരിക്കുന്ന പഴക്കുലയിൽ നിന്ന് കൃത്യമായി മൂന്നാല് പഴം കാണില്ല. തൊലി മുമ്പിൽ വച്ചിരിക്കുന്ന ചവറ്റുകുട്ടയിൽ നിക്ഷേപിച്ചിട്ടുണ്ടാകും. ഈ കള്ളനെ പിടിക്കണമല്ലോ എന്ന് കരുതി പഴക്കുല കാണാവുന്ന വിധത്തിൽ അന്ന് ഉറക്കം നടിച്ച് പായിൽ കിടന്നു. കൃത്യസമയത്ത് കള്ളൻ എത്തി പഴം ഉരിഞ്ഞെടുത്ത് തിന്നു പഴത്തൊലി കുട്ടയിൽ നിക്ഷേപിച്ച് ഓടിപ്പോയി. താൻ മറഞ്ഞിരുന്ന് ഷൂട്ട് ചെയ്ത വീഡിയോ കാണിച്ചപ്പോൾ വക്കീൽ ചിരിച്ചുപോയി.
ആരായിരുന്നെന്നോ? ഒരു കുരങ്ങൻ. 🐒 മയിലും കീരിയും പ്രാവും ഒക്കെ ആ ചുറ്റുവട്ടത്ത് എത്തിയിരുന്നത് പലരും കാണാറുണ്ടായിരുന്നു. പക്ഷേ ആദ്യമായിട്ടായിരുന്നു ഒരു കുരങ്ങിന്റെ വരവ്.
നിങ്ങളുടെ ഫ്ലാറ്റിലും ഈ കുരങ്ങ് ഓടി നടക്കുന്നത് ഞാൻ ഇവിടെ ഇരുന്ന് പിന്നീട് കണ്ടു എന്നു പറഞ്ഞതോടെ വക്കിൽ ദീർഘനിശ്വാസം വിട്ടു. അപ്പോൾ തന്നെ രാമേട്ടൻ എടുത്ത ആ വീഡിയോ എടുത്ത് കള്ളനെ കിട്ടി എന്ന അടികുറിപ്പോടെ ഫ്ളാറ്റിന്റെ അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് വക്കീൽ പ്രശ്നത്തിൽ നിന്ന് തലയൂരി.
കുരങ്ങൻ ആണ് ഓടിക്കളിച്ചിരുന്നത് എന്നറിഞ്ഞപ്പോൾ ശരിക്കും പറഞ്ഞാൽ എല്ലാവർക്കും ഫ്ലാറ്റ് നിവാസികൾക്കെല്ലാം ഭയങ്കര സന്തോഷമായി.കുരങ്ങ് നമ്മുടെ വീട്ടിൽ വരുന്നത് ഐശ്വര്യം ആണത്രേ! പിറ്റേദിവസം തന്നെ ഭാര്യയുടെ വെറ്റിലമാല വഴിപാട് സമർപ്പിക്കാനായി ഹനുമാൻ സ്വാമി ക്ഷേത്രം ലക്ഷ്യമാക്കി വക്കീലും ഭാര്യയും പുറപ്പെട്ടു എന്ന് പറഞ്ഞാൽ കഥാന്ത്യം ആയി. 🥰
ആനുകാലിക ശക്തിയുള്ള വിഷയം… നന്നായി അവതരിപ്പിച്ചു..
നല്ല കഥ
🙏
😃
👍👍