Tuesday, June 16, 2026
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ-അദ്ധ്യായം 18) 'പുകവലിക്കാർ' ✍ സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ-അദ്ധ്യായം 18) ‘പുകവലിക്കാർ’ ✍ സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ

പുകവലിക്കാർ

ഇനി ജീവിതത്തിൽ ആദ്യമായി പുകവലിക്കാൻ പോവുകയാണ്.

അമ്പാടി ഇതിനുമുമ്പും അച്ഛന്റെ ബീഡിയെടുത്ത് വലിച്ചിട്ടുണ്ട്.

സിഗരറ്റ് ഇപ്പോൾ ആദ്യമായിട്ടാണ്.

‘തങ്ങൾ മുതിർന്നവർ ആകാൻ പോകുന്നു’.

ഓർത്തപ്പോൾ അപ്പുവിനും തെല്ലു സന്തോഷം തോന്നാതിരുന്നില്ല.

ഒളിച്ചിരിക്കാൻ ഒരു സ്ഥലം വേണം.
അരുവിയുടെ താഴെ കടവിലേയ്ക്ക് അധികം ദൂരമില്ല. അരുവി മുറിച്ച് കിടന്നാൽ അപ്പുറത്ത് ചെറിയൊരു കുന്നുണ്ട്. അതിന്റെ മുകൾഭാഗം കുറെ സ്ഥലം മൈതാനം പോലെ ഉള്ള പാറപ്പുറമാണ്.

സായം സന്ധ്യയിൽ പാറപ്പുറത്തിരുന്നാൽ ആകാശവും ഭൂമിയും അതിന്റെ വശ്യ മോഹനമായ വർണ്ണക്കാഴ്ചകളുടെ മോഹവലയത്തിൽ തളച്ചിടും.

പിന്നെ സമയം പോകുന്നത് അറിയുകയേയില്ല.

ഒരൊറ്റ ഓട്ടത്തിന് അവർ പാറയുടെ സമീപത്തെത്തി. അതിനുചുറ്റും ധാരാളം പുൽച്ചെടികളും വള്ളിപ്പടർപ്പുകളും ഇടതൂർന്ന് വളർന്നു നിന്നിരുന്നു.

ഇരുണ്ട് തഴച്ചു നിൽക്കുന്ന വീണ്ട ച്ചെടിയിൽ ഇളം വയലറ്റ് നിറത്തിലുള്ള പൂക്കൾ മനോഹരമായി കാണപ്പെട്ടു.

“ഇവിടെയെങ്ങും ഒരു വഴിച്ചാലും കാണുന്നില്ലല്ലോ”

“ഇതിലെ അതിന് ആര് നടക്കാനാ?”

ഉണങ്ങിയ ഓരോ കമ്പുകൾ എടുത്ത് ചെടിപ്പടർപ്പുകൾ വകഞ്ഞു മാറ്റി അവർ നടന്നു

“വല്ല പാമ്പോ മറ്റോ കാണുവോ “?

“അതിനല്ലേ ഈ കമ്പുകൊണ്ട് പുല്ലിൽ തല്ലുന്നത്?

“ഒച്ച കേട്ടാൽ അത് പൊക്കോളും”

‘തലയിൽ ചുവന്ന പൂവുള്ള പാമ്പുണ്ടന്നാ പറയണേ'”

“അത് നൊണയാരിക്കും”

സംഭാഷണത്തിനിടയിൽ അവർ കുന്നിൻമുകളിലെത്തി.

പാറപ്പുറത്ത് കയറിയിരുന്നു.

പാറയുടെ ഉയർന്ന ഭാഗത്തിരുന്നാൽ അങ്ങ്, അരുവിയുടെ അപ്പുറത്ത്, വളവിനോട് ചേർന്നുള്ള കടവിൽ, പണി കഴിഞ്ഞു വന്ന് അലക്കിക്കുളിക്കുന്ന ആളുകളെ കാണാം.

തങ്ങളെ കണ്ടാലും അവർക്കൊന്നും തിരിച്ചറിയാൻ പറ്റാത്തത്ര ദൂരമുണ്ട്.

പിൻവശത്താണെങ്കിൽ ഇഞ്ചപ്പടർപ്പും കൂർമുള്ളുകളും ഉയരത്തിൽ വളർന്ന് ഒരു കോട്ട പോലെ കാടിന് ഒരു അതിർത്തിയായി നിലകൊണ്ടു.

അതിനപ്പുറത്തേയ്ക്കൊന്നും കൃഷിയിടങ്ങളില്ല..

കാട് തന്നെ.

രമേശന്റെ പോക്കറ്റിൽ തീപ്പെട്ടിയുണ്ട്.
അവൻ കടയിൽ പോയിട്ട് വന്ന വഴിയാണ് ഇവരോടൊപ്പം കൂടിയത്.

കുട്ടികൾ ഏതോ സിനിമയിലെ നായകനെയോ വില്ലനെയോ ഒക്കെ അനുസ്മരിപ്പിക്കുമാറ് അംഗചേഷ്ടകളോടെ ആഹ്ലാദപൂർവം
സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി.

ആഹാ……. എന്തൊരു പുതുമ….
എന്തൊരു അനുഭൂതി..

പക്ഷെ എന്തുപറയാൻ!

കാര്യങ്ങൾ വേഗം മലക്കം മറിഞ്ഞു.

ചുമയുംവിമ്മിട്ടവും പരവേശവും കാരണം അപ്പുക്കുട്ടൻ വല്ലാതായി.

അവൻ പാറപ്പുറത്ത് തളർന്നുകിടന്നു.

മറ്റുള്ളവരുടെയും സ്ഥിതി വിഭിന്നമായിരുന്നില്ല.

മേഘങ്ങളിൽ അന്തിവെയിൽ തട്ടിയപ്പോൾ, അവയെല്ലാം
ഭൂമിയിലേക്ക് പതിക്കാൻ നിൽക്കുന്ന തീക്കട്ടകളെപ്പോലെ തോന്നിച്ചു.

മലർന്നുകിടക്കാൻ അപ്പുവിന് ഭയം തോന്നി.

നോക്കി നോക്കി കിടക്കെ കൂട്ടുകാർ പറയുന്നതൊന്നും എന്താണെന്ന് അവനു മനസ്സിലായില്ല……

ഇപ്പോൾ വെയിൽത്തിളക്കം മാഞ്ഞിരിക്കുന്നു.

കുങ്കുമം പൂശിയ വെള്ളമേഘത്തുണ്ടുകൾ വേഗം വേഗം രൂപം മാറുന്നത് അവൻ കണ്ടു.

ഒരു കൊമ്പനാനയുടെ രൂപം അതിവേഗം തന്നെ വിമാനമായി. പിന്നീട് ഒരു പരുന്താകുന്നതും അതിനുശേഷം അമ്മയുടെയും കുഞ്ഞിന്റെയും രൂപം പ്രാപിക്കുന്നതും അവൻ കണ്ടു.

കുറച്ചു കഴിഞ്ഞപ്പോൾ കടലിലെ തിരമാലയായും പിന്നീട് കണ്ടത്തിലെ കൃഷിയായും, ചെമ്മരിയാടുകൾ മേയുന്നതായും അവർക്കു തോന്നി…..

ഇപ്പോൾ അവയ്ക്കെല്ലാം ചാരനിറമാണ്.

സന്ധ്യ മയങ്ങാൻ തുടങ്ങിയിരിക്കുന്നു..
അവർ മെല്ലെ എഴുന്നേറ്റു.

പാറയിടുക്കൽ നിന്നും താഴെയിറങ്ങാൻ തുടങ്ങിയപ്പോഴേയ്ക്കും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു.

മുകളിലിരുന്നപ്പോൾ ഇത്രയും നേരം പോയെന്ന് തോന്നിയിരുന്നില്ല.

ഇങ്ങോട്ട് കയറിയതിനെക്കാൾ ബുദ്ധിമുട്ടാണ് തിരിച്ചിറങ്ങാൻ.

ചുറ്റുപാടുമുള്ള പൊന്തക്കാടുകളും വള്ളിപ്പടർപ്പുകളും കുട്ടികളെ ഭയപ്പെടുത്തി.

അവർ പരസ്പരം കൈപിടിച്ച് ഒരുവിധത്തിൽ പാറ ഇറങ്ങി.

കൂറ്റാക്കൂരിരുട്ടാണ്.തലയ്ക്ക് വല്ലാത്ത പെരുപ്പുണ്ട്.

കാൽ നിലത്തു കുത്താതെ ഓടാൻ പറ്റിയിരുന്നെങ്കിലെന്ന് അവർ ആശിച്ചു.

പോകെപ്പോകെ ഇരുട്ട് കനപ്പെട്ടു വന്നു.

ഇഞ്ചക്കാടിനു മുകളിലെ വീണ്ടപ്പൂക്കൾ മാത്രം യക്ഷിയുടെ തലയിൽ ചൂടിയ പാരിജാതം പോലെ തോന്നിച്ചു.
അത് അവരെ നോക്കി ഭയപ്പെടുത്തുന്ന രീതിയിൽ അർത്ഥ ഗർഭമായി ചിരിവിതറിക്കൊണ്ടു നിന്നു.

കാപ്പിപ്പൂവിന്റെ മനംമയക്കുന്ന ഗന്ധവും അവരെ ഭീതിപ്പെടുത്തി.

വഴിയേത്?…. ദിശയേത്?…..

ഇരുട്ട് കൂടിക്കൂടി വരുന്നു.

അപ്പോഴതാ കുറച്ച് അകലെയായി ഒരു വെളിച്ചം.

” ദാ……നോക്കൂ……

” ഒരാൾ വരുന്നതാണെന്ന് തോന്നുന്നു. ”

“ശരിയാ….. ഞാനും കണ്ടു”

ആ വെളിച്ചം ചലിക്കുന്നുണ്ട്.

അത് അവരുടെ നേർക്കാണ് വരുന്നതെന്നു തോന്നി .

അവർ വെളിച്ചം ലക്ഷ്യമാക്കി നടന്നു.

തങ്ങൾ നടന്നു നീങ്ങുന്നത് എങ്ങോട്ടാണെന്നറിയാതെ.

( തുടരും……..)

സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ✍

RELATED ARTICLES

2 COMMENTS

  1. അപ്പുവിന്റെ വികൃതികൾ നമ്മുടെ ഓരോരുത്തരുടെയും കൂടിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com