Thursday, July 17, 2025
Homeസ്പെഷ്യൽശുഭചിന്ത - (121) പ്രകാശഗോപുരങ്ങൾ - (97) 'ക്രിയാത്മകത' ✍ പി. എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (121) പ്രകാശഗോപുരങ്ങൾ – (97) ‘ക്രിയാത്മകത’ ✍ പി. എം.എൻ.നമ്പൂതിരി.

ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് നിരവധി ക്രിയാത്മകമായ കഴിവുകളോടുകൂടിയാണ്. മനുഷ്യരിൽ ഒരു ചെറിയഭാഗം മാത്രമേ ഈ കഴിവുകൾ വ്യക്തമായി മനസ്സിലാക്കുകയു, വളർത്തിയെടുക്കുകയു അതുവഴി ജീവിതത്തിൽ വിജയം കൈവരിക്കുകയും ചെയ്യുന്നത്. വലിയഒരുവിഭാഗം ആളുകളും ഈശ്വരൻ തങ്ങൾക്ക് നല്കിയിരിക്കുന്ന കഴിവുകൾ വേണ്ടവിധം മനസ്സിലാക്കാതെ അലസമായും നിഷ്ക്രിയമായും ജീവിതം തള്ളിനീക്കുകയാണ്. ദൈവം നമുക്ക് നൽകിയിരിക്കുന്ന ക്രിയാത്മകമായ കഴിവുകൾ വികസിക്കണമെങ്കിൽ നമ്മൾ നിരന്തരം പ്രയത്നിച്ചേ മതിയാകൂ

ദൈനംദിന ജീവിതത്തിൽ നാം കാണുന്ന എന്തിലും നന്മയുടെയും തിന്മയുടെയും അംശമുണ്ട്. എല്ലാറ്റിൽനിന്നും നല്ലതുമാത്രം സ്വീകരിക്കണം. തിന്മയെ നിശ്ശേഷം ഉപേക്ഷിക്കണം. ഇതിനെയാണ് ക്രിയാത്മകത എന്ന് പറയുന്നത്. ജിവിതത്തിലുടനീളം നമുക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണവിശേഷമാണിത്.ക്രിയാത്മകവും സൃഷ്ടിപരവുമായ കർമ്മങ്ങൾ വളരെ സാവധാനത്തിലാണ് നടക്കുന്നത്. പ്രകൃതിയുടെ കാര്യം പോലും ഇതിൽനിന്ന് ഒട്ടുംതന്നെ വിത്യസ്തമല്ല. ഉദാഹരണമായി പൂക്കൾ വിരിയുന്നതും, സൂര്യോദയവും ചന്ദ്രോദയവും എല്ലാം കൃത്യമായി സംഭവിക്കുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. ഒരു വൃക്ഷത്തെ വെട്ടിമുറിച്ചു കളയാൻ അധികം സമയം വേണ്ട. പക്ഷെ ഒരു വൃക്ഷതൈ വൻവൃക്ഷമായിത്തീരുവാനും ഫലം ഉണ്ടാകുവാനും നിരവധി മാസങ്ങളും വർഷങ്ങളും വേണ്ടിവരുന്നു. ചുരുക്കം പറയുകയാണെങ്കിൽ ക്രിയാത്മകമായ ഏതൊരു കാര്യവും സഫലമാകുവാൻ ദീർഘനാൾ വേണ്ടിവരും.

ഇന്ന് സമൂഹത്തിൽ കൂടുതൽ ആളുകളിൽ, പ്രത്യേകിച്ച് യുവജനങ്ങളിൽ, നശീകരണ പ്രവണതയാണ് അധികമായി കണ്ടുവരുന്നത്. ഒരു നല്ല ക്രിയാത്മകമായ സൃഷ്ടിക്ക് രൂപം കൊടുക്കുന്നതിനു പകരം ഉള്ളതെല്ലാം നശിപ്പിക്കവാനുള്ള തീവ്രമായ വാസനയാണ് മിക്കവരിലും കണ്ടുവരുന്നത്. നശീകരണ വാസന പെരുകുന്നത് നാടിനും സമൂഹത്തിനും ഒന്നുകൊണ്ടും നല്ലതായിരിക്കുകയില്ല. ഈ നശീകരണ പ്രവണത യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്നത് നമ്മളിലുള്ള മൃഗീയവാസനകളെയാണ്. നമ്മുടെ ഉള്ളിലുള്ള ഇത്തരം തെറ്റായ പ്രവണതകളെ ഇച്ഛാശക്തിയും മന:ശക്തിയും ഉപയോഗിച്ച് നിയന്ത്രണത്തിൽ കൊണ്ടുവരുവാനും അതിജീവിക്കുവാനും ആത്മാർത്ഥമായി ശ്രമിക്കുകയാണെങ്കിൽ നമുക്ക് അവയെ നിയന്ത്രിക്കാൻ സാധിക്കും. നശീകരണ വാസനകളെ അതിൻ്റെ ആരംഭത്തിൽ തന്നെ പുറത്താക്കണം. കാരണം ഇവ നമ്മളിൽ ആഴത്തിൽ വേരൂന്നിയാൽ പിന്നീട് അവയെ പുറന്തള്ളാൻ പ്രയാസമായിരിക്കും. ദൈവം നമുക്ക് ക്രിയാത്മകമായ കഴിവുകൾ നൽകിയിരിക്കുന്നത് സ്വയം വളരാനും മറ്റു വ്യക്തികളുടെ വളർച്ചയിൽ നല്ല നിലയിൽ സഹായിക്കുന്നതിനും വേണ്ടിയാണെന്ന കാര്യം നാം വിസ്മരിക്കരുത്. നമുക്ക് ലഭിച്ചിട്ടുള്ള ക്രിയാത്മകമായ കഴിവുകൾ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുക വഴി സാമൂഹ്യ പുരോഗതിയിലും രാഷ്ട്ര നിർമ്മാണത്തിലും മഹത്തായ സ്വാധീനം ചെലുത്തുവാൻ കഴിയുമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. നമ്മളിൽ ചെറിയ തോതിൽ നശീകരണ ശീലം ഉണ്ടെങ്കിൽ തന്നെ അവയെ പുറന്തള്ളി എന്തിനോടും ക്രിയാത്മകവും സൃഷ്ടിപരവുമായ രീതിയിലുള്ള വീക്ഷണവും സമീപനവും വളർത്തിയെടുക്കുവാൻ പ്രത്യേകം പരിശ്രമിക്കണം.

ക്രിയാത്മകം എന്നു പറഞ്ഞാൽ, പുതുതായി ഒരു വസ്തുവിനെ വികസിപ്പിക്കുക, രൂപം നൽകുക, സൃഷ്ടിക്കുക എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ ദൈനംദിന ചിന്തകളേയും പ്രവർത്തികളേയും ക്രിയാത്മകമായ ദിശയിലേക്ക്‌ തിരിച്ചുവിടണം. എങ്കിൽ അവ അത്ഭുതകരമായ ഫലങ്ങൾ പുറപ്പെടുവിക്കും. ക്രിയാത്മകമായ പ്രവർത്തന ശൈലി നമ്മെ ധാരാളം നേട്ടങ്ങളുടെ ഉടമയാക്കിത്തീർക്കും. നിർമ്മാണാത്മകമായ പ്രവർത്തനത്തിലുള്ള താല്പര്യത്തിലൂടെ മനസ്സിൽ ധാരാളം നല്ല അനുഭവങ്ങൾ ഉടലെടുക്കുന്നു. ക്രിയാത്മക പ്രവർത്തനങ്ങളുടെ പ്രധാന ശത്രു അലസതയാണ്. അലസത നമ്മളിൽ കടന്നുകൂടിയാൽ എല്ലാ വളർച്ചയും അതോടെ മുരടിക്കും. സർവ്വശക്തിയും ഉപയോഗിച്ച് അലസതയെ എതിർത്ത് തോല്പിക്കണം. ക്രിയാത്മകമായ ചിന്തകൾ ബുദ്ധിശക്തി വർദ്ധിപ്പിക്കുവാൻ സഹായകമാണ്. ധാരാളം ക്രിയാത്മകവാസനകൾ ഉള്ളവർ ഏതൊരു കാര്യവും ചെയ്യുന്നതിൽ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തവും ആകർഷണീയവുമായ രീതി കണ്ടെത്തുന്നു. എപ്പോഴും ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയുമാണെങ്കിൽ ഒരിക്കലും നാം ജീവിതത്തിൽ പരാജയപ്പെടുകയില്ല. ജീവിതം പ്രതിസന്ധി നിറഞ്ഞതാണെങ്കിലും അതിനോടുള്ള നമ്മുടെ സമീപനം ക്രിയാത്മകമായിരിക്കണം. ദുഷ്ടശക്തികൾക്കും, ഛിദ്രവാസനകൾക്കും പ്രവേശിക്കുവാൻ ഒരു ചെറിയ അവസരം പോലും നൽകാതെ നമ്മുടെ മനസ്സും ബുദ്ധിയും ക്രിയാത്മകമായ ആശയങ്ങൾ കൊണ്ട് നിറഞ്ഞു തുളുമ്പണം. നിരന്തരം ക്രിയാത്മകമായി ചിന്തിക്കുന്നവരുടെ മസ്തിഷ്ക്കം പുതുമയുള്ള ആശയങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും. നിഷേധാത്മകമായ ചിന്തകൾ നമ്മുടെ മനസ്സിൻ്റെ സുരക്ഷാവലയങ്ങളെ ഭേദിച്ചുകൊണ്ട് അകത്തേയ്ക്ക് തുളച്ചുകയറാൻ സാധ്യതയുള്ളതുകൊണ്ട്, ഇവയെ ദൂരെ അകറ്റിനിർത്തുകയും, ഇവയിൽ നിന്ന് അകന്നു നിൽക്കുകയും വേണം. മാത്രവുമല്ല ക്രിയാത്മകമായ സമീപനം പുലർത്തുന്നവർ മിന്നുന്ന വേഗത്തിൽ വിജയത്തിലെത്തിച്ചേരുകയും ചെയ്യും.

പി. എം.എൻ.നമ്പൂതിരി✍

RELATED ARTICLES

5 COMMENTS

  1. നല്ല അറിവ് ഗുരുജി. ധാരാളം കഴിവുകളുള്ള മനുഷ്യമനസ്സിലെ മൃഗീയ ശക്തികളാകുന്ന തിന്മകളെ തിരിച്ചറിഞ്ഞു നശിപ്പിച്ച് നന്മനിറഞ്ഞ ക്രിയാത്മകതയെ കഠിന പ്രയത്നത്തിലൂടെ വളർത്തിയെടുത്താൽ അത് സമൂഹത്തിനും രാഷ്ട്രത്തിനും മാത്രമല്ല അവനവനും ജീവിത വിജയം നേടിത്തരുന്നു. നന്ദി ഗുരുജി . നമസ്ക്കാരം ‘

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ