നരച്ച പ്രഭാതം…..
ആലിന്റെ മുകളിൽ നിന്ന് കിളികളുടെ കളകളാരവം ഒഴുകിവന്നു. ആലിലകൾക്കിടയിലൂടെ ആദിത്യ കിരണങ്ങൾ ചൂഴ്ന്നിറങ്ങി.
ഷൂട്ടിംഗ് കാണാൻ പോകാനുള്ള സന്തോഷത്തിൽ എല്ലാവരും നേരത്തെ എണീറ്റു. സദാനന്ദൻ മാഷ് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. എങ്ങനെയോ നേരം വെളുപ്പിച്ചു.
പുലർച്ചെ എണീറ്റ് കുളിയും മറ്റും കഴിഞ്ഞു. എട്ട് മണി ആയപ്പോഴേക്കും എല്ലാവരും പുഴകടന്ന് റോഡിൽ എത്തി.
“ജീപ്പ് വേഗം കിട്ടിയാൽ മതിയായിരുന്നു..!
മോഹൻലാലിനെ കാണാൻ പറ്റുമോ ?
മിണ്ടാൻ പറ്റുമോ..?”
“എന്റെ സദാനന്ദൻ മാഷേ നിങ്ങൾ ഇങ്ങനെ ബേജാറാവല്ലേ?
ഷൂട്ടിംഗ് ഇന്നൊന്നും തീരില്ല .ഒരു മാസത്തോളം അഗളിയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ് ഉണ്ടാകും എന്നല്ലേ നാന മാസികയിൽ കണ്ടത്.”
“ഉം… എന്നാലും”
” ഒരു എന്നാലും ഇല്ല… ”
ദൂരെ നിന്നും ജീപ്പിന്റെ ഹോൺ കേട്ടതും സദാനന്ദൻ മാഷ് സന്തോഷം കൊണ്ട് തുള്ളിച്ചാടി . ജീപ്പ് വന്നതും ചാടിക്കയറി.
പുറത്ത് മനോഹരമായ കാഴ്ചകൾ..! ദൂരെ തെന്നി നീങ്ങുന്ന വെള്ളി മേഘങ്ങൾ നിറഞ്ഞ മനോഹരമായ ആകാശം…!
താഴെ കുന്നിൻചെരുവിൽ വയലുകളിൽ വിളഞ്ഞ ധാന്യങ്ങൾ കൈവീശി നിന്നു. അതിനു താഴെ ശിരുവാണിപ്പുഴ ശാന്തമായി വളഞ്ഞുപുളഞ്ഞ് ഒഴുകുന്നു..
ഗൂളിക്കടവ് എത്തുന്നതിന് രണ്ട് കിലോമീറ്റർ മുൻപ് ഒരു വളവിൽ എത്തിയപ്പോൾ ഡ്രൈവർ ജീപ്പ് നിർത്തി.
” ദാ അവിടെയാണ് ഷൂട്ടിംഗ് നടക്കുന്നത്”
ഡ്രൈവർ പറഞ്ഞതും സദാനന്ദൻ മാഷ് ജീപ്പിൽ നിന്നും ചാടി ഇറങ്ങി.റോഡിലൂടെ മുന്നോട്ട് നടന്നു.
“ഹലോ..!
ഞങ്ങളുമുണ്ട്,നിൽക്കൂ..”
ഒരു പുഞ്ചിരിയായിരുന്നു മറുപടി.
റോഡ് ചെന്നു നിൽക്കുന്നത് പുഴയുടെ തീരത്താണ് . വറ്റിവരണ്ട പുഴ .
ചെറുതും വലുതുമായ ഉരുണ്ട വെള്ളാരം കല്ലുകൾ പരന്നു കിടക്കുന്നു . ഒറ്റനോട്ടത്തിൽ വെള്ളാരം കല്ലുകൾ പാകിയ തറ പോലുണ്ട്. മണൽപ്പരപ്പിൽ കല്ലുകൾ ആരോ പതിച്ച പോലെ…!
ശോഷിച്ച പുഴ…!
ഉരുളൻ കല്ലേലിനു മുകളിലൂടെ വെള്ളം പതഞ്ഞൊഴുകുന്നു.
ഓരം ചേർന്ന് ചാല് പോലെയുള്ള ഒഴുക്ക് കാണാൻ തന്നെ നല്ല ചന്തം. കണ്ണുനീർ പോലെയുള്ള വെള്ളം…!
സദാനന്ദൻ മാഷ് ലൂണാർ ചെരിപ്പ് ഊരി കയ്യിൽ പിടിച്ചു. വെള്ളാരം കല്ലിലൂടെ മെല്ലെ നടന്നു .
മാഷിന് തന്റെ കുട്ടിക്കാലം ഓർമ്മ വന്നു.
സ്വപ്നങ്ങൾക്കു ചിറക് വിടർന്ന കുട്ടിക്കാലം…!
മണ്ണ് കൊണ്ട് കൊട്ടാരവും രാജകുമാരനെയും രാജകുമാരിയേയും ഉണ്ടാക്കും.
പുഴയുടെ തീരത്ത് നിന്നും വെള്ള ത്തിലേക്ക് കാലു കുത്തി നിൽക്കുമ്പോൾ പള്ളത്തി മീൻ കാലിൽ ഉമ്മ വയ്ക്കും..
“സദാനന്ദൻ മാഷ് എന്താണ് ആലോചിക്കുന്നത്?”
“ഏയ് ഈ മണൽപ്പരപ്പും വെള്ളാരം കല്ലുകളും കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയി…”
സദാനന്ദൻ മാഷ് സ്ഫടികം പോലെയുള്ള ജലം കൈക്കുമ്പിളിൽ കോരിയെടുത്ത് മുഖം കഴുകി.
ഹായ്..!എന്തൊരു തണുപ്പ്….!
പുഴ കടന്നതും ദൂരെ കരിമ്പിൻതോട്ടം ദൃശ്യമായി. എല്ലാവരും വരമ്പിലൂടെ മെല്ലെ നടന്നു പത്തു മിനിറ്റ് നടന്നതും ദൂരെ കുറച്ചുപേർ കൂട്ടം ചേർന്ന് നിൽക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ അറിയാം സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടവരാണെന്ന്.
കരിമ്പിൻ തോട്ടം കഴിഞ്ഞതും ദൂരെ ഒരു ഓലമേഞ്ഞ വീട് കണ്ടു. ആ വീട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. വീടിന്റെ മുറ്റത്ത് ഓരം ചേർന്ന് ഒരു പ്ലാവും, മാവും നിൽപ്പുണ്ട്. വീടിനോട് ചേർന്ന് ഇടതുഭാഗത്തായി ഒരു തൊഴുത്ത് കാണാം. അതിനടുത്തായി ഒരു കോഴിക്കൂടും ഉണ്ട്. വീടിന്റെ വലതുഭാഗത്ത് ഒരു ചെറിയ ആല പോലെ ഒരു കൂരയും കാണാം.
ഷൂട്ടിംഗ് കാണാൻ ഏതാണ്ട് പത്തിൽ താഴെ ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളൂ .വീടിന്റെ തൊട്ടു താഴെ ഒരു കൈത്തോട് ഒഴുകുന്നുണ്ട്. കൈത്തോടിന്റെ വരമ്പിലാണ് കാണികൾ നിൽക്കുന്നത് .ഇപ്പോൾ വീട് കൂടുതൽ വ്യക്തമായി കാണാം. നല്ല മിനുസമുള്ള ചുമര്….
കൊച്ചു തിണ്ണ.
അതിനു താഴെയായി വരാന്ത.
തിണ്ണയും വരാന്തയും മണ്ണ് കൊണ്ട് തേച്ച് മിനുക്കിയതാണ്.
മരത്തണൽ ഉള്ളതുകൊണ്ട് ചൂട് അനുഭവപ്പെട്ടില്ല . കുറച്ചുനേരം കഴിഞ്ഞപ്പോൾ മുറ്റത്ത് കൂടി ഒന്ന് രണ്ട് ആൾക്കാർ നടക്കുന്നത് കണ്ടു . പാന്റ്സ് ആണ് ആ ചെറുപ്പക്കാരുടെ വേഷം.
ഒരു താടിക്കാരൻ വീടിനുള്ളിൽ നിന്നും ഇറങ്ങിവന്നു. തലയിൽ ഒരു തോർത്തുമുണ്ട് കെട്ടിയിട്ടുണ്ട്.
“അതാ ഭരതൻ …!”
സദാനന്ദൻ മാഷ് വിളിച്ചുപറഞ്ഞു.
അദ്ദേഹം മാവിന്റെ ചുവട്ടിൽ കിടന്നിരുന്ന തുണി കൊണ്ടുള്ള കസേരയിൽ ചാരിയിരുന്നു.കയ്യിൽ ഒരു പാഡും, പേനയും ഉണ്ട്. ഷൂട്ടിംഗ് തുടങ്ങാറായി എന്ന് തോന്നുന്നു. കോഴിക്കൂട്ടിൽ നിന്നും കുറെ കോഴികളെ ആരോ മുറ്റത്തേക്ക് തുറന്നു വിട്ടു. കുഞ്ഞുങ്ങൾ മുതൽ പല പ്രായത്തിലുള്ള കോഴികൾ …
അവ മുറ്റത്ത് കൂടിയും വരാന്തയിലൂടെയും കയറി നടന്നു.
വലിയ ക്യാമറയും കൊണ്ട് ഒരാൾ വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു. താടിയുണ്ട്.നല്ല ഉയരം. നല്ല മുടിയും ഉണ്ട് അയാൾ ട്രോളിയിൽ കയറിയിരുന്നു. ക്യാമറയിലൂടെ വീട് ഷൂട്ട് ചെയ്യുന്നതുപോലെ തോന്നി.
മുറിക്കുള്ളിൽ നിന്നും ഒരു സ്ത്രീ ഇറങ്ങിവന്നു. ഏതാണ്ട് 25 വയസ്സ് പ്രായം. വെളുത്ത നിറം കൈലിമുണ്ടും മഞ്ഞ നിറമുള്ള ബ്ലൗസും ആണ് വേഷം. മേൽ മുണ്ട് ഇല്ല. മുടി തലയിൽ ചുറ്റിക്കെട്ടി വെച്ചിട്ടുണ്ട്.
“അതാണ് സുമലത”
സദാനന്ദൻ മാഷ് പറഞ്ഞു.
“ആണോ…?
സുന്ദരിയാണല്ലോ..?”
കൊച്ചു മാഷുടെ വക കമന്റ്..
ഭരതൻ കസേരയിൽ നിന്നും എഴുന്നേറ്റു. സുമലതയുടെ അടുത്ത് പോയി എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്.
പെട്ടെന്ന് ഒരു പയ്യൻ ഒരു മുറ്റം അടിക്കുന്ന ചൂൽ സുമലതയുടെ കയ്യിൽ കൊടുത്തിട്ട് പോയി. വീടിന് പിറകിൽ നിന്നും പുക ഉയർന്നു. കുറേ കോഴികളെക്കൂടി മുറ്റത്തേക്ക് തുറന്നു വിട്ടു.
ഭരതൻ ക്യാമറമാൻ വേണുവിനോട് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട്.
സുമലത മുറ്റം അടിക്കുവാൻ തുടങ്ങി .രംഗം ട്രോളിയിൽ ഇരുന്നുകൊണ്ട് വേണു പകർത്തി.
ഒരാൾ വന്നു കാണികളോട് വരമ്പിൽ നിന്നും ഇടതുവശത്തേക്ക് മാറി നിൽക്കുവാൻ പറഞ്ഞു.
“എന്തിനാ നമ്മളെ മാറ്റിനിർത്തുന്നത്?”
സജിമോൻ ചോദിച്ചു
“ആ….ചിലപ്പോൾ ഈ ഭാഗം കൂടി ക്യാമറയുടെ പരിധിയിൽ വരുന്ന രംഗം ഉണ്ടാവാം!”
സദാനന്ദൻ മാഷ് പറഞ്ഞു.
പെട്ടെന്ന് വീടിനുള്ളിൽ നിന്നും കരിമ്പടം കൊണ്ട് തലയും ശരീരവും മൂടിയ നിലയിൽ ഒരാൾ പുറത്തേക്ക് വന്നു. വീടി ന്റെ മുറ്റത്ത് നിന്നും സ്റ്റെപ്പ് ഇറങ്ങി
കൈത്തോടിന്റെ വരമ്പിൽ വന്നു നിന്നു .
അയാളുടെ പിന്നിലായി കുറച്ചു ദൂരെ ക്യാമറ ഉറപ്പിച്ചു .
“ആക്ഷൻ “…
സംവിധായകന്റെ ഉച്ചത്തിലുള്ള വാക്ക് ഇത് കേട്ടതും കരിമ്പടം പുതിച്ച ആൾ കൈത്തോടിന്റെ പടികൾ കയറി മുറ്റത്ത് നിന്നു.
“കട്ട്…. ഇറ്റ്….”
ഭരതന്റെ ശബ്ദം.
പെട്ടെന്നാണ് ആ കാഴ്ച കണ്ടത്..
ഭരതൻ കരിമ്പടം പുതച്ച ആളിന്റെ അടുത്തേക്ക് ചെന്നു. അയാൾ തലയിൽ നിന്നും കറുത്ത പുതപ്പ് നീക്കി.
“അതാ മോഹൻലാൽ…!”
സദാനന്ദൻ മാഷ് പരിസരം മറന്നു വിളിച്ചുകൂവി….
“എവിടെ,എവിടെ…?”
“ശരിക്ക് നോക്കൂ. അത് ലാൽ ആണ്. കൈലി മുണ്ട് ഉടുത്ത്, ഒരു പഴയ ഷർട്ട് ധരിച്ചിട്ടുണ്ട്.ഷേവ് ചെയ്യാത്ത മുഖം… കറുത്ത കരുവാളിച്ച മുഖം…!
“ആ ചരിഞ്ഞുള്ള നടത്തം കണ്ടപ്പോഴേ എനിക്ക് സംശയം തോന്നി, അത് മോഹൻലാൽ ആണല്ലോ എന്ന്”
സദാനന്ദൻ മാഷ് പറഞ്ഞു.
“ആണോ..?”
ഭരതൻ മോഹൻലാലിന് എന്തെല്ലാമോ നിർദ്ദേശങ്ങൾ നൽകുന്നു .
സുമലത അകത്തുനിന്നും ഇറങ്ങി വരുന്നു. നേരത്തെ കണ്ട അതേ വേഷം. ചൂല് കയ്യിലുണ്ട്.
സുമലത മുറ്റം അടിക്കുവാൻ തുടങ്ങി..
വീണ്ടും മുറ്റമടിക്കുന്നതു തന്നെ
പലപ്രാവശ്യം ആവർത്തിച്ചു.
ലാൽ മെല്ലെ മുറ്റത്തിന്റെ ഓരത്തേക്ക് നീങ്ങി നിന്ന് ചുമച്ചു.
ഭരതൻ സംഭാഷണം പ്രോംപ്റ്റ് ചെയ്തു. സുമലത അത് ഏറ്റു പറഞ്ഞു. പക്ഷേ സുമലത പറയുന്ന ശബ്ദം കാണികൾക്ക് കേൾക്കാൻ പാടില്ല. പക്ഷേ, സുമലതയുടെ ചുണ്ട് അനങ്ങുന്നുണ്ട്.
“രാമ ഇന്ന് മൂന്നാള് വന്നാൽ മതി. ആവശ്യമില്ലാത്തപ്പോൾ നൂറ് ആളുകൾ പണിക്കു വരും.
ആവശ്യമുള്ളപ്പോഴോ?
മഷിയിട്ടു നോക്കിയാൽ ഒന്നിനെയും കാണാനുമില്ല.”
ഈ രംഗം പലതവണ ആവർത്തിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ സുമലത മുറ്റം അടിക്കുന്നത് നിർത്തി.
കരിമ്പടം പുതച്ചിരുന്ന ലാൽ മാവിന്റെ ചുവട്ടിലേക്ക് നീങ്ങി നിന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ഭരതൻ വീണ്ടും പ്രോംപ്റ്റ് ചെയ്യുവാൻ തുടങ്ങി.
” ആരാ…? ”
“രാജു എണീറ്റില്ലേ…?”
“ഏതു രാജു..?”
ഇവിടെ താമസിക്കുന്ന രാജു.
“അച്ഛാ ഏതോ രാജുവിനെ ചോദിക്കുന്നു.”
വീടിനുള്ളിൽ നിന്നും ശങ്കരാടി ഇറങ്ങി വരുന്നു. വെള്ളമുണ്ടും സ്വെറ്ററും ആണ് വേഷം. തലയിൽ ഒരു തൊപ്പി വെച്ചിട്ടുമുണ്ട്.
“മനസ്സിലായില്ല.. ”
ഭരതൻ പറയുന്നത് കേട്ട് ശങ്കരാടി ആവർത്തിച്ചു.
“രാജുവില്ലേ?
കുറേക്കാലമായി രാജു ഇവിടെയാണ് താമസിക്കുന്നത് എന്ന് ആരോ പറഞ്ഞു.”
മോഹൻലാൽ അനായാസമായി പറഞ്ഞു.
“രാഘവൻ……
രാഘവനെയാണ് ചോദിക്കുന്നത് അല്ലേ ?”
“അതേ ഞങ്ങൾ നാട്ടിൽ വിളിക്കുന്നത് രാജു.”
“രാഘവന്റെ നാട്ടിൽ നിന്നാ അല്ലേ..?
ദാ…. അവിടെയാ താമസിക്കുന്നത്.”
ഒരു സൈഡിലുള്ള ആല ചൂണ്ടി ശങ്കരാടി പറഞ്ഞു.
“നമുക്ക് പോയാലോ..?”
വിപിൻ ചോദിച്ചു.
“എങ്ങോട്ട്…?”
“പരുത്തിമല റൂമിലേക്ക്. ”
“ഞാനില്ല,നിങ്ങൾ പൊയ്ക്കോളൂ.”
സദാനന്ദൻ മാഷ് പറഞ്ഞു.
“എനിക്ക് ഇത് കണ്ട് തലയ്ക്ക് വട്ടു പിടിക്കുന്നു. ഇനിമേലിൽ ഞാൻ ഷൂട്ടിംഗ് കാണാൻ വരില്ല.”
തലയിൽ കൈ ചൊറിഞ്ഞുകൊണ്ട് വിപിൻ പറഞ്ഞു.
“എന്താ വിപിൻ മാഷേ അങ്ങനെ പറഞ്ഞത്..?”
“എന്റെ പൊന്നേ…..
എന്തൊരു ബോറാണ് ഈ ഷൂട്ടിംഗ്!
ഒരു സീൻ എടുക്കാൻ എത്ര തവണയാണ് സംഭാഷണങ്ങൾ വീണ്ടും വീണ്ടും പറയുന്നത്?”
“ഓരോ ജോലിക്കും അതിന്റെതായ കഷ്ടപ്പാടും ബുദ്ധിമുട്ടുമുണ്ട്. എത്രപേരുടെ അധ്വാനത്തിന്റെ ഫലമാണ് ഒരു സിനിമ യുടെ ജനനം!
എത്രപേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്നു..?
പിന്നെ റിഹേഴ്സലിനെപ്പറ്റി പറയുകയാണെങ്കിൽ മോഹൻലാൽ ഒന്നു പറഞ്ഞു രണ്ടാമത് ടേക്കല്ലേ?
മറ്റുള്ളവർ പറയുന്നതാണ് തെറ്റിപ്പോകുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മറ്റുള്ളവരുടെ അഭിനയമാണ് സംവിധായകന്റെ മനസ്സിന് ഒപ്പം വരാത്തത്..”
“നിങ്ങളല്ലേലും മോഹൻലാൽ ഫാൻ അല്ലേ.?”
കൊച്ചു മാഷ് പറഞ്ഞു
എന്തുകൊണ്ട് മോഹൻലാൽ ഫാൻ ആകുന്നു?
അദ്ദേഹത്തിന്റെ സൗന്ദര്യം കണ്ടിട്ട് മാത്രമാണോ?
മോഹൻലാലിന്റെ അഭിനയം നമ്മെ വിസ്മയിപ്പിക്കുന്നു. കഥാപാത്രമായി മാറുമ്പോഴുള്ള അദ്ദേഹത്തിന്റെ മുഖത്തെ ഭാവമാറ്റം….,!
അത് ആരെയും അത്ഭുതപ്പെടുത്തും.! സത്യം പറഞ്ഞാൽ ലാലിന്റെ നിഴൽ പോലും അഭിനയിക്കുന്നു…!
ഓരോ ഫ്രയിമിൽ നിന്നും കൃത്യമായി എന്താണ് പുറത്തെടുക്കേണ്ടത് എന്ന് നല്ല സംവിധായകന് ഒരു കാഴ്ചപ്പാട് ഉണ്ടാകും.പക്ഷേ അതുക്കും മേലെയാണ് മോഹൻലാലിന്റെ പെർഫോമൻസ്……..”
“മോഹൻലാൽ ഫാൻസുകാർ
അങ്ങനെയല്ലേ പറയൂ…”
വിപിൻ മാഷും പറഞ്ഞു.
“നിങ്ങൾ നോക്കിക്കോളൂ…
ഭാവിയിൽ മലയാള സിനിമ സംവിധായകർ മോഹൻലാലിന്റെ തീയതി കിട്ടുവാൻ വേണ്ടി ക്യൂ നിൽക്കും..”
“നമ്മള് തർക്കിക്കാൻ ഇല്ലേ..”
കൊച്ചു മാഷും വിപിനും ഒപ്പം പറഞ്ഞു..
(തുടരും…)
നല്ല കഥ ❤️
സന്തോഷം
മോഹൻ ലാലിനെ കുറിച്ചുള്ള പ്രവചനം കൃത്യതയുള്ളതായി മാറി. സ്ഥല വർണ്ണന മനോഹരം . ഷൂട്ടിംഗിൻ്റെ വിരസത കാണുന്ന വർക്കാണ്. വെള്ളാരംകല്ലുകളും തെളിഞ്ഞ വെള്ളവും മുൻപിൽ ദൃശ്യമായതു പോലെ നല്ലെഴുത്ത്
സന്തോഷം
വായനാ സുഖമുള്ള മനോഹരമായ കഥയും ശൈലിയും…👏👏
വായനയ്ക്ക് നന്ദി
രസകരമായ അവതരണത്തിലൂടെ മനോഹരമായ എഴുത്ത് സർ 🙏
വായനയ്ക്കും പ്രോത്സാഹനത്തിനും ഒരുപാട് സന്തോഷം
മനോഹരം ഈ എഴുത്ത്. താഴ്‌വാരം എന്ന സിനിമയുടെ ഷൂട്ടിംഗ് ആണല്ലേ? 🥰