(ഒരു രഹസ്യം: കേരള സർക്കാർ ‘മിന്നൽ മാജിക്’ എന്ന പേരിൽ, ഒരു മുന്തിയ ഇനം ബ്രാൻഡി വിപണിയിലെത്തിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ, അതിൻ്റെ ലഹരിയിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് എഴുതിയതാണീ കുറിപ്പ്. എന്നാൽ ഒട്ടും നിനച്ചിരിക്കാതെ സർക്കാർ സംവിധാനത്തിൽ, ‘വീണ, വീണാ’ എന്ന പേരിൽ ഒരു ആക്ഷൻ ത്രില്ലർ ഇറക്കി കളം നിറച്ചപ്പോൾ, ഞാനീ കുറിപ്പ് നാലായി മടക്കി പോക്കറ്റിലിട്ടു. വലിയ വലിയ വാർത്തകൾക്കിടയിൽ ഈ ചെറിയ കുറിപ്പിനു എന്തു പ്രസക്തി? ഒരു ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം വെറും രണ്ടു ദിവസം കൊണ്ട് ‘നൂറു കോടി ക്ലബി’ലെത്തുന്നതുപോലെ ‘വീണ-വീണയും’ ബോക്സോഫീസിൽ വൻ വിജയം നേടി.
ചില ‘പഴയ’ പരിചയക്കാർ, വല്ലപ്പോഴുമൊരിക്കൽ കാണുമ്പോൾ ‘ഈയിടെയായി ഒന്നും എഴുതാറില്ലേ?’ എന്നു ചോദിക്കാറുണ്ട്. ‘ഞാൻ എഴുതാറുണ്ട്- പക്ഷേ ആരും വായിക്കുന്നില്ല’ എന്നു പറയണമെന്നു തോന്നുമെങ്കിലും, ഒരു വിളറിയ ചിരികൊണ്ടു ഞാൻ മറുപടി ഒതുക്കും.
എന്നാൽ ഇനി ഇതു പ്രസിദ്ധീകരിക്കാമെന്നു കരുതിയപ്പോൾ, അതാ വീണ്ടും വരുന്നു, ‘വീണ-വീണാ’ യുടെ രണ്ടാം ഭാഗം.
പട്ടാപ്പകൽ, പോലീസ് സുരക്ഷിത വലയത്തിൽ നിന്ന നായികയെ, ചില കിരാതന്മാർ അതിസാഹസികമായി വധിക്കുവാൻ ശ്രമിക്കുന്നു.- ‘കഴുത്തു പിടിച്ചു ഞെരിക്കുകയും, കൈ പിടിച്ചു തിരിക്കുകയും ചെയ്യുന്ന’ ചില ഭീകരദൃശ്യങ്ങൾ ഈ സിനിമയിലുണ്ട്. കൊലപാതക ശ്രമത്തെ, ഉണ്ണിയാർച്ചയുടെ ശൗര്യത്തോടെ എതിർത്തു തോൽപ്പിച്ചെങ്കിലും, കഴുത്തിനു ഗുരുതരമായ ക്ഷതമേറ്റ അവരെ നേരെ ഐ.സി.യു. വിൽ പ്രവേശിപ്പിച്ചു. ഒരു വിദഗ്ദ്ധ സംഘം ഡോക്ടറന്മാരുടെ പരിശോധനക്കു ശേഷം, ഒരു മാസത്തെ പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചു.
അപ്പോഴിതാ കഥയ്ക്കൊരു സർപ്രൈസ് ട്വിസ്റ്റ്.
ഇരുട്ടിന്റെ മറവിൽ, സകലരുടെയും കണ്ണുവെട്ടിച്ച്
കഴുത്ത് അനക്കാൻ പറ്റാത്ത നായികയുടെ അതിസാഹസീകമായ നൂറു മൈൽ, കരമാർഗ്ഗം കാറിലൂടെയുള്ള യാത്ര.
വീട്ടിലെത്തിയ നായികയോട്, ‘ഈ പടി ചവിട്ടിപ്പോകരുത്’ എന്ന് ഭർത്താവിന്റെ ഉഗ്രശാസന.
‘ദൃശ്യം’ സിനിമയുടെ മൂന്നാം ഭാഗം പോലെ ‘വീണ-വീണാ’ യുടെ അടുത്ത റിലീംസിംഗ് ഉടനെ പ്രതീക്ഷിക്കാം.
ഇനി കാത്തിരുന്നിട്ടു കാര്യമില്ല. ഒരു മമ്മൂട്ടി ചിത്രത്തോട്, ഒരു മാമുക്കുമോയ ചിത്രം ഏറ്റുമുട്ടിയാലുള്ള അവസ്ഥ.
ഏതായാലും എൻ്റെ ഈ കുറിപ്പ് പ്രസിദ്ധീകരണത്തിന് അയക്കുന്നു. ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ, ഒരു പത്തു ദിവസം മുമ്പുള്ള മാനസീകാവസ്ഥയിൽ വായിക്കണമെന്നപേക്ഷിക്കുന്നു.
ഇനി ‘മിന്നലേ….അടി മിന്നലേ’ ആരംഭിക്കാം.
ഒരു ഉദ്ഘാടന വേദി: (അനൗൺസ്മെന്റ്)
സഹൃദയരേ! നല്ലവരായ നാട്ടുകാരേ! കേരള സർക്കാരിൻ്റെ താങ്ങും തണലുമായി നിൽക്കുന്ന സാമ്പത്തീക സ്രോതസുകളേ! മീറ്റിംഗ് ഉടൻ തന്നെ ആരംഭിക്കും. മന്ത്രി ഗസ്റ്റ് ഹൗസിൽ എത്തിയിട്ടുണ്ട്. ഊണിനു ചൂരക്കറി’ വിളമ്പിയതിൽ അദ്ദേഹം അതൃപ്തിയിലാണ്. നെയ്യ്മീൻ കറിയും, വരാൽ വറുത്തതും തയ്യാറായാൽ ഉടൻ തന്നെ. ഊണു കഴിച്ചിട്ട് അദ്ദേഹം ഇവിടേക്ക് എഴുന്നെള്ളുന്നതാണ്. അതുവരെ നിങ്ങൾ അക്ഷമരായി കാത്തിരിക്കുവാൻ അപേക്ഷിക്കുന്നു. കൂട്ടത്തിൽ ഒരു സന്തോഷ വാർത്ത കൂടിയുണ്ട്. മീറ്റിംഗിൽ ആദ്യാവസാനം പങ്കെടുക്കുന്നവർക്ക് ‘പൊതിച്ചോർ’ നൽകുന്നതാണ്. ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഇതിൽ പങ്കെടുക്കുവാൻ എത്തിയിരിക്കുന്ന ബംഗാളിൽ മുദ്രാവാക്യം വിളിക്കുമ്പോൾ തെറ്റിക്കരുത്. അവർക്കുള്ള പരിശീലനം മൈതാനത്തിന്റെ കിഴക്കു വശത്തു നടക്കുന്നുണ്ട്.
(മൈക്കുകാരനോട്…. പാട്ടു വെയ്ക്കടാ തെണ്ടി)
ഉച്ചഭാഷിണിയിൽക്കൂടി ഒരു ഗാനം ഒഴുകിയെത്തുന്നു:
‘നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട് സ്വർഗ്ഗത്തിലെ മുത്തച്ഛന്മാർക്ക് ഇനി ഇഷ്ടം പോലെ കുടിക്കാമല്ലോ!’
മന്ത്രി പുംഗുവൻ തന്റെ പരിവാരങ്ങളുമായി എത്തുന്നു. കള്ളൻമാർക്കു പോലീസ് കാവൽ നിൽക്കുന്നതു പോലെ, അയാളുടെ ചുറ്റും ‘ഗൺ’ ഏന്തിയ ഗൺമാൻമാരുണ്ട്. ഇ.ഡി. എന്നെങ്ങാനാം കേട്ടാൽ, അദ്ദേഹം ഓടിപ്പോകാതിരിക്കുവാനായിരിക്കും, ഒരു പക്ഷേ!
മന്ത്രി തന്റെ പ്രസംഗം ആരംഭിക്കുന്നു :
പ്രിയ സഹോദരീ, സഹോദരങ്ങളേ..!
ഈ അടുത്ത കാലത്തായി കേരളത്തിൻ്റെ പ്രതിഛായ ലോകമെമ്പാടും വർദ്ധിച്ചു വരികയാണല്ലോ! പ്രത്യേകിച്ചും നമ്മുടെ ആരോഗ്യ മേഖല, ലോകത്തിലെ നമ്പർ വൺ ആണ്. ചൊറി, ചിരങ്ങ്, മലമ്പനി, കുരങ്ങു പനി മുതലായ മാറാരോഗങ്ങളുമായി ഇവിടെ ചികിത്സ നടത്തുവാനെത്തുന്ന അമേരിക്കൻ മലയാളികൾക്ക് പത്തു ശതമാനം ഡിസ്ക്കൗണ്ട് നൽകും എന്നുള്ള കാര്യം സന്തോഷപൂർവ്വം അറിയിക്കുന്നു.
എന്നാൽ മദ്യമേഖല രംഗത്ത് നമ്മൾക്ക് കുറച്ചു ജാഗ്രത കുറവുണ്ടായി. തന്മൂലം നമ്മുടെ ടൂറിസത്തിനു ചെറിയ ഇടിവുണ്ടായി.
രാത്രി പതിനൊന്നു മണി കഴിയുമ്പോൾ മുതൽ, ‘കള്ള് എവിടെ, കള്ള് എവിടെ?’ എന്നു നെഞ്ചത്തടിച്ചു വിലപിച്ചുകൊണ്ട്, ചെമ്മീനിലെ പരീക്കുട്ടിയേപ്പോലെ കടാപ്പുറത്തു കൂടി, പാടിപ്പാടി ചങ്കുപൊട്ടി നടക്കുന്ന കാഴ്‌ച കണ്ടപ്പോൾ, നമ്മുടെ സർക്കാരിൻ്റെ കരളലിഞ്ഞു.
മൂർത്തമായ സമയത്ത് മൂർത്തമായ തീരുമാനമെടുക്കുന്നതാണല്ലോ, നമ്മുടെ വൈരുദ്ധ്യാത്മിക ഭൗതികവാദം. അതിനാൽ ഇനി മുതൽ നേരത്തോടു നേരം, കള്ളു ഷാപ്പുകൾ ബിവറേജ് ഔട്ട്ലറ്റുകൾ, സ്റ്റാർ ബാറുകൾ എന്നിവിടങ്ങളിൽ മദ്യം ലഭിക്കും.
ദിവസേന, മൂന്നു നേരം മദ്യം കഴിച്ചാൽ, ഉൽക്കണ്‌ഠ, വിഷാദം, വിറയൽ തുടങ്ങിയ രോഗങ്ങൾ മാറിക്കിട്ടും.
മദ്യപാനത്തിനുള്ള പരിശീലനം, ചെറുപ്പം മുതലേ ശീലിപ്പിക്കുവാൻ വേണ്ടി, ഇപ്പോൾ നേഴ്സറി സ്ക്കൂളിൽ കൊടുക്കുന്ന റേഷനരി ബിരിയാണിയോടൊപ്പം, പാലിനു പകരം വീര്യം കുറഞ്ഞ മദ്യം വിളുമ്പുന്നതിനേപ്പറ്റിയും ആലോചനയുണ്ട്.
ഇനി നിങ്ങൾ കാത്തിരിക്കുന്ന നിമിഷം. നമ്മുടെ സർക്കാരിൻ്റെ സ്വന്തം ഡിസ്റ്റിലറിയിൽ, അമൂല്യ ഔഷധഗുണമുള്ള സസ്യങ്ങൾ ഇടിച്ചു പിഴിഞ്ഞ്, അതിൻ്റെ നീരിനോടൊപ്പം, ബാറ്ററി, സ്‌പിരിറ്റ് തുടങ്ങിയ ചേരുവകകൾ കൂടി ചേർത്ത് പ്രത്യേകം തയ്യാറാക്കിയ, ‘മിന്നൽ മാജിക്’.
ഈ മംഗള കർമ്മം നിർവഹിക്കുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു കത്രികകൊണ്ട് നാട മുറിച്ചാണ് ഞാൻ ഈ ഉദ്ഘാടനം നിർവഹിക്കുന്നത്. ഈ കത്രിക ഒരു രോഗിയുടെ വയറ്റിൽ അഞ്ചോ അൻപതോ വർഷങ്ങൾ കിടന്നാലും കത്രികക്ക് ഒരു കേടും സംഭവിക്കില്ല എന്നു മെഡിക്കൽ ഡയറക്ടർ സർട്ടിഫൈ ചെയ്തിട്ടുള്ളതാണ്. രോഗികൾക്ക് ചില നിസ്സാര അസൗകര്യങ്ങൾ ഉണ്ടാകുമെന്ന്, സർക്കാരിന്റെ പ്രതിഛായ മോശമാക്കുവാൻ വേണ്ടി പ്രതിപക്ഷം വെറുതേ പറഞ്ഞു പരത്തുന്നതാണ്.
മിന്നൽ അടിച്ചാൽ, പിറകേ ‘ഇടി’ ഉണ്ടാവുക സ്വാഭാവികമാണല്ലോ! മിന്നലടിച്ച് നല്ലപോലെ മിനുങ്ങി വീട്ടിൽചെല്ലുന്ന നിങ്ങൾ, നിങ്ങളുടെ കെട്ടിയോളുമാർക്ക്് നല്ല നാലു ഇടി കൂടി കൊടുത്ത്, ഈ ആഘോഷത്തെ അതിന്റെ പരിപൂർണ്ണതയിലെത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
രോഗിയുടെ വയറ്റിൽ അഞ്ചുവർഷം കിടന്ന കത്രിക കൊണ്ടു നാടമുറിച്ച് ‘മിന്നൽ മാജിക്’ ഉദ്ഘാടനം ചെയ്‌ത മന്ത്രി, ഗസ്റ്റുഗൗസിലേക്കു പോലീസ് അകമ്പടിയോടു കൂടി മടങ്ങുന്നു.
(‘വീണ-വീണാ’ യുടെ കൂടുതൽ ഭാഗങ്ങൾ ഇലക്ഷൻ കഴിയുന്നതുവരെ പ്രതീക്ഷിക്കാം).
ശുഭം!




കൊള്ളാം. അടിപൊളി 😂😂