Sunday, April 26, 2026
Homeഅമേരിക്കതാലപത്രം: (ഭാഗം അഞ്ച്) 'ഭഗവദ്ഗീത' (കൈകൊണ്ടുനിർമ്മിച്ച കടലാസിലെഴുതിയ രജപുത് ചിത്രരചനാരീതിയിലുള്ള അപൂർവ ഗ്രന്ഥം) ✍...

താലപത്രം: (ഭാഗം അഞ്ച്) ‘ഭഗവദ്ഗീത’ (കൈകൊണ്ടുനിർമ്മിച്ച കടലാസിലെഴുതിയ രജപുത് ചിത്രരചനാരീതിയിലുള്ള അപൂർവ ഗ്രന്ഥം) ✍ പ്രൊഫ. ആർ.ബി. ശ്രീകല

‘ഭഗവദ്ഗീത’

(കൈകൊണ്ടുനിർമ്മിച്ച കടലാസിലെഴുതിയ രജപുത് ചിത്രരചനാരീതിയിലുള്ള അപൂർവ ഗ്രന്ഥം)

ഗീതോപദേശം

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രാചീനഗ്രന്ഥശേഖരങ്ങളിൽ ഒന്നാണ് കേരളസർവകലാശാലയുടെ അഭിമാനസ്ഥാപനമായ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻറ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി. ഇവിടെ സൂക്ഷിച്ചിട്ടുള്ള 65,000 ത്തിൽ അധികം ഹസ്തലിഖിതഗ്രന്ഥങ്ങളിൽ 80 ശതമാനവും താളിയോലയിൽ എഴുതിയ കൃതികൾ ആണെങ്കിലും പേപ്പർ മാനുസ്ക്രിപ്റ്റിന്റെ നല്ലൊരു ശേഖരവും ഇവിടെയുണ്ട്. താളിയോല ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തു പ്രതലമായിരുന്നു എന്നതിന് കേരളത്തിലും ഇന്ത്യയിലാകമാനവും വിദേശ ലൈബ്രറികളിലും സൂക്ഷിച്ചിട്ടുള്ള താളിയോല ഗ്രന്ഥങ്ങൾ തെളിവാണ്. അതിനു ശേഷം കൈകൊണ്ട് നിർമ്മിച്ച കടലാസുകളാണ് പ്രധാന എഴുത്തുപ്രതലമായത്. കാര്യവട്ടത്തെ ഹസ്തലിഖിതഗ്രന്ഥശേഖരത്തിൽ കൈകൊണ്ട് നിർമ്മിച്ച കടലാസുകളിൽ എഴുതിയ ഗ്രന്ഥങ്ങളിൽ നല്ലൊരു ശതമാനവും ദേവനാഗരി ലിപിയിലുള്ള സംസ്കൃത ഗ്രന്ഥങ്ങൾ ആണ്. മാത്രമല്ല മുഴുവൻ ഗ്രന്ഥശേഖരത്തിന്റെ പകുതിയിൽ അധികവും സംസ്കൃതഗ്രന്ഥങ്ങളാണ്. ഗ്രന്ഥ ലിപി, മലയാളം, ദേവനാഗരി തുടങ്ങിയുള്ള ലിപികളിലാണ് സംസ്കൃതഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ളത്. താലപത്രത്തിന്റെ ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത് കൈകൊണ്ട് നിർമ്മിച്ച കടലാസിൽ വിരചിതമായിട്ടുള്ള അപൂർവ്വവും അമൂല്യമായ ഒരു ഗ്രന്ഥമാണ്, ഭഗവത് ഗീത. താലപത്രം എന്ന പേര് താളിയോല ഗ്രന്ഥങ്ങളെ കുറിക്കുന്നതാണെങ്കിലും താളിയോല ഉൾപ്പെടെയുള്ള എല്ലാത്തരം പ്രാചീന എഴുത്തു പ്രതലങ്ങളിലും എഴുതിയിട്ടുള്ള വിശിഷ്ട ഗ്രന്ഥങ്ങൾ താലപത്രത്തിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

ഭാരതീയ ഇതിഹാസ ഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമാണ് ഭഗവദ്ഗീത. സംസ്കൃതത്തിൽരചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അധ്യായങ്ങളിലായി അർജുനനും സാരഥിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. വ്യാസമഹർഷിയാണ് ഇത് ക്രോഡീകരിച്ചിട്ടുള്ളത് എന്ന് വിശ്വസിക്കുന്നു.
“വ്യാസേന ഗ്രഥിതാം പുരാണ മുനിനാം മധ്യേ മഹാഭാരതം” എന്ന് തുടക്കത്തിൽ കാണുന്നുണ്ട്.
“മഹാഭാരതയുദ്ധ രംഗത്തുവച്ച്, എതിർഭാഗത്ത് അണിനിരന്ന ബന്ധു ജനങ്ങളെക്കണ്ട് വിഷണ്ണനും ഇതികർത്തവ്യതാമൂഢനുമായ അർജുനന് കർമവീര്യം പകരാൻ ഗീതയിലെ ഏതാനും ശ്ലോകങ്ങളേ പ്രസക്തമായുള്ളൂ. അത്രയും അന്ന് ഭാരതകവിയാൽത്തന്നെ രചിക്കപ്പെട്ടിരിക്കാം. പിന്നീടുണ്ടായ കൂട്ടിച്ചേർക്കലുകളാണ് അധികഭാഗവും എന്നത് ഇന്ന് അംഗീകൃതമായിട്ടുണ്ട്. ഭാഷാശാസ്ത്രപരമായും ഇത് തെളിയിക്കപ്പെട്ടു. രണ്ടോ മൂന്നോ ഘട്ടങ്ങളിലൂടെ വിപുലീകരിക്കപ്പെട്ടു എന്നത് ഗീതയുടെ മഹത്വത്തെ ഒരുതരത്തിലും മങ്ങലേൽപിക്കുന്നില്ല. മറിച്ച്, പല ഘട്ടങ്ങളിലൂടെ വികാസം നേടിയ ഭാരതീയ ദർശ നങ്ങളെ സമഗ്രമായി ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നതാണ് ഗീതാകാവ്യത്തിന്റെ മഹത്വം.”(ഡോ.പുതുശ്ശേരി രാമചന്ദ്രൻ ഭഗവദ്‌ഗീത:പല കാലം പല കാഴ്ചകൾ, പുറം: 593 )

ഭീഷ്മ പർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അധ്യായങ്ങളിലായി ഭഗവദ്ഗീത ചേർത്തിരിക്കുന്നു. അനുഷ്ഠഭവൃത്തത്തിൽ എഴുതിയ ശ്ലോകങ്ങളാണ് ഉള്ളടക്കം. ആകെ 71 ശ്ലോകങ്ങളാണ് ഭഗവദ്ഗീതയിലുള്ളത്. യുദ്ധത്തിൽ കൗരവസൈന്യത്തോട് ഏറ്റുമുട്ടാനായി കുരുക്ഷേത്രത്തിൽ എത്തുന്ന സമയത്ത് ആകെ പരവശനായിപ്പോകുന്ന അർജുനനെ യുദ്ധസന്നദ്ധനും കർമ്മോത്സുകനും ആക്കാൻ വേണ്ടി ശ്രീകൃഷ്ണൻ നൽകുന്ന ഉപദേശരൂപത്തിലാണ് ഇതിന്റെ രചന. മഹാഭാരതയുദ്ധത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അന്ധനായ ധൃതരാഷ്ട്രർ സഞ്ജയനോട് ചോദിക്കുമ്പോൾ അതിന്റെ ഉത്തരമായിട്ട് സഞ്ജയൻ നൽകുന്ന വിശദീകരണമാണ് മഹാഭാരതത്തിലെ ഭഗവദ്ഗീതാഭാഗം.
എഴുത്തച്ഛനാകട്ടെ മഹാഭാരതംകിളിപ്പാട്ടിൽ

“പരമപുരുഷനുമതിനുപരിചൊടരുളീടിനാൻ
പ്രാർത്ഥനധ്യാത്മമായുള്ളതെപ്പേരുമേ”,
എന്ന് സംഗ്രഹിച്ച് ഒതുക്കിയിരിക്കുന്നു.

ഗീതയുടെ രചനാകാലത്തെപ്പറ്റി ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ഗീതയുടെ കാലം ഗുപ്തകാലത്തോട് ചേർന്ന് ആകണം എന്ന് കൊസാംബിയെയും ബാഷാമിനെയും പോലുള്ള ചരിത്ര ഗവേഷകർ ഉറപ്പിച്ചുപറയുന്നുണ്ട്. പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ട അനേകം ഭാഗങ്ങൾ പൗരാണികരചനകളിൽ ഉണ്ടെന്നും അങ്ങനെ പ്രക്ഷിപ്തമായ ഒന്നാണ് ഗീത എന്നും ഇവർക്കുള്ള പൊതുവായ അഭിപ്രായത്തോടാണ് ചരിത്രകാരന്മാർക്ക് യോജിപ്പ്. വേദാന്തമാണ് ഗീതയുടെ സ്വഭാവം എന്ന് പറയുമ്പോഴും സാംഖ്യദർശനമാണ് ഗീതയിൽ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നത് എന്ന് ദേവി പ്രസാദ് ചതോപാദ്ധ്യായ തെളിവുകൾ ഉദ്ധരിച്ചുസ്ഥാപിക്കുന്നുണ്ട്.

.”ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവ:
മാമകാപാണ്ഡവാശ്ചൈവ
കിമ കുർവത സഞ്ജയ ?”.
എന്ന ധൃതരാഷ്ട്രയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സഞ്ജയൻ വിശദീകരണം നൽകുന്നത്. അർജുനവിഷാദയോഗം, സാംഖ്യയോഗം, കർമ്മയോഗം, ജ്ഞാന കർമ്മസന്യാസയോഗം, സന്യാസയോഗം, ആത്മസംയമയോഗം തുടങ്ങി 18 അധ്യായങ്ങളാണ് ഗീതയിൽ ഉള്ളത്. 18 എന്ന സംഖ്യ മഹാഭാരതത്തിലെ പ്രമേയത്തെയും അതിന്റെ ഘടനയെയും സംബന്ധിച്ച് പ്രശസ്തമാണല്ലോ.

ഗ്രന്ഥവിവരങ്ങൾ

1301 A എന്ന രജിസ്റ്റർ നമ്പറിൽ കേരളസർവകലാശാല മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിലെ സംസ്കൃതം കാറ്റലോഗിൽ ചേർത്തിരിക്കുന്ന ഗ്രന്ഥമാണ് കടലാസിൽ എഴുതിയിട്ടുള്ള ഭഗവദ്ഗീത. ഇതിലെ ഭാഷ ഗൈർവാണി എന്നും ലിപി ദേവനാഗരി എന്നും വിഷയം വേദാന്തം എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയിൽ ശേഖരിക്കപ്പെട്ടിട്ടുള്ള പ്രാചീന കടലാസ്ഗ്രന്ഥങ്ങളിൽ പ്രധാനമായും വ്യത്യസ്ത തരത്തിലുള്ള നാലുതരം ചിത്രീകരണ സമ്പ്രദായങ്ങൾ ഉണ്ട്.
1. മുഗൾ സമ്പ്രദായം
2. രജപുത് സമ്പ്രദായം
3. പഹാരി സമ്പ്രദായം
4. ജൈന സമ്പ്രദായം

ഇവയിൽ രാമായണം,മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങൾ രജപുത് സമ്പ്രദായത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. നമ്മുടെ ശേഖരത്തിലുള്ള ഭഗവദ്ഗീതയും അത്തരത്തിൽ കണക്കാക്കാം. ഈ ഗ്രന്ഥം വടക്കേ ഇന്ത്യയിൽ നിന്ന് ശേഖരിക്കപ്പെട്ടിട്ടുള്ളതാണ്. കുടിൽവ്യവസായം പോലെ ഇത്തരത്തിലുള്ള രചനകൾ അവിടെ ഇന്നും നടത്തിവരുന്നുണ്ട്. വിവിധ നിറങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ വരച്ചുചേർത്തും പ്രത്യേകതരം ശൈലിയിൽ മനോഹരമായ ലിപികൾ എഴുതിയും ആണ് ഇത്തരത്തിൽ കടലാസ്ഗ്രന്ഥങ്ങൾ തയ്യാറാക്കുന്നത്. അവയിൽ കൂടുതലും രജപുത് ശൈലിയിൽ ആണ് വരച്ചിട്ടുള്ളത്. കടലാസിലുള്ള മഹാഭാരതഗ്രന്ഥത്തിൽ അനേകം വർണ്ണചിത്രങ്ങൾ ഉണ്ട്. ഉപകഥകൾക്കനുസൃതമായി വരച്ച ചിത്രങ്ങൾ ഓരോ അധ്യായം തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ മഹാഭാരതപേപ്പർ ഗ്രന്ഥങ്ങളിൽ കാണുന്നു. എന്നാൽ കടലാസിൽ ഉള്ള ഭഗവദ്ഗീതയിൽ ആകെ 3 ചിത്രങ്ങളാണ് ഉള്ളത്.


സരസ്വതിയും ബ്രഹ്മാവും

തുടക്കത്തിലെ ചിത്രം സരസ്വതി ദേവിയും ബ്രഹ്മാവും തമ്മിലുള്ള സംഭാഷണമാണ്. രണ്ടാമത്തെ ചിത്രം ശ്രീകൃഷ്ണൻ കുരുക്ഷേത്ര ഭൂമിയിൽ വച്ച് അർജുനനു നൽകുന്ന ഗീതോപദേശം ആണ്. ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപം കാണിക്കുന്നതാണ് മൂന്നാമത്തെ ചിത്രം.

ചിത്രരചനാരീതി

കടലാസ് നന്നായി മിനുസപ്പെടുത്തി രൂപരേഖ വരച്ചശേഷം പ്രകൃതിയിലുള്ള ധാതുക്കളും സസ്യങ്ങളുടെ ചാറിൽ നിന്നെടുത്ത നിറങ്ങളും ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരുന്നത്. സ്വർണ്ണപ്പൊടിയോ വെള്ളിപ്പൊടിയോ തേച്ചുപിടിപ്പിച്ച് ചിത്രങ്ങൾക്ക് മോടി കൂട്ടുന്നു യൂറോപ്പിലും പേർഷ്യയിലും ചൈനയിലും ജപ്പാനിലും ഇത്തരത്തിൽ വർണ്ണ ചിത്രങ്ങൾ ഉള്ള ഗ്രന്ഥങ്ങൾ ധാരാളമായി കാണാം.
കറുപ്പ്, ചെമപ്പ്,പച്ച, നീല,വെള്ള,കോഫി ബ്രൗൺ തുടങ്ങിയ നിറങ്ങളാണ് പൊതുവേ ഇത്തരം ചിത്രങ്ങളിൽ കാണുന്നത്

കറുപ്പ് നിറം – വിളക്കിലെ കരിയും ഗം അറബിക്കും വെള്ളവും ചേർത്ത്കറുപ്പ് നിറം ഉണ്ടാക്കുന്നു. നല്ല കട്ടിയുള്ള പേപ്പറിൽ നന്നായി എഴുതാൻ കഴിയുന്നതുംപെട്ടെന്ന് മായാത്തതുമായ മഷിയാണിത്. ഇതിന് സംസ്കൃതത്തിൽ മസി എന്നാണ് പേര്.

ചെമപ്പ് – ഇരുമ്പിന്റെ ഓക്സൈഡ് ആയ Red ochre (geru)ഉം ഗം അറബിക് അല്ലെങ്കിൽ സ്വാഭാവിക പശയും ഉപയോഗിച്ചാണ് ചെമപ്പ് നിറം നിർമ്മിക്കുന്നത്.

വെള്ള – ചോക്ക് അഥവാ ലെഡ് വൈറ്റിൽ നിന്നാണ് വെള്ളം നിറം

ബ്രൗൺ – ഇരുമ്പിന്റെ ഓക്സൈഡിൽ നിന്നും ചെടിയിൽ നിന്നും ബ്രൗൺ നിറം ഉണ്ടാക്കുന്നു. ഇത്തരത്തിൽ സ്വാഭാവികമായ രീതിയിൽ ഉണ്ടാക്കുന്ന നിറങ്ങളിൽ സ്വർണപ്പൊടി പശയുമായി കൂട്ടിക്കലർത്തി ചിത്രങ്ങളിൽ വരച്ചു ചേർക്കാറുണ്ട്. സ്വർണ്ണം അലങ്കാരത്തിന് ഉപയോഗിക്കുന്നതിനു മുമ്പ് പേപ്പറിൽ പശ തേയ്ക്കാറുണ്ട്. ഗം അറബിക്കോ മുട്ടയുടെ വെള്ളക്കരുവോ ആണ് പുരട്ടുക. ചിത്രങ്ങളിലെ വസ്ത്രത്തിലോ ആഭരണത്തിലോ 4 ബോർഡറുകളിലോ ആയിരിക്കും സ്വർണ്ണലേപനം നടത്തുക. ഇത്തരത്തിൽ സ്വർണം പൂശിയ ഗ്രന്ഥങ്ങൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും തിളങ്ങിക്കൊണ്ടിരിക്കും എന്നതിന് നമ്മുടെ ഗ്രന്ഥങ്ങൾ തെളിവാണ്.

മഷി തയ്യാറാക്കുന്ന വിധം

അതത് നിറങ്ങൾക്കു വേണ്ടി ലഭ്യമായ വസ്തു വെള്ളവും പശയും ചേർത്ത് കലക്കി കല്ലിൽ ഉണ്ടാക്കിയ ഒരു പാത്രത്തിൽ തയ്യാറാക്കുന്നു. എന്നിട്ട് ചിരട്ടയിലോ കളിമൺ പാത്രത്തിലോ ലോഹപാത്രങ്ങളിലോ സൂക്ഷിക്കുന്നു. തുടർന്ന് അണ്ണിവാൽ കൊണ്ടുണ്ടാക്കിയ ബ്രഷ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നു. ഇത്തരത്തിലുള്ള മഷി ഉപയോഗിക്കുമ്പോൾ ചിത്രം മങ്ങിപ്പോകുകയോ പേപ്പറിന് കേടുവരികയോ ചെയ്യുന്നില്ല. വിളക്കുകരി ഉപയോഗിച്ച് തയ്യാറാക്കിയ മഷികൊണ്ട് എഴുതിയ പേപ്പർ ഗ്രന്ഥങ്ങളിലെ അക്ഷരങ്ങൾ വളരെക്കാലം നിലനിൽക്കുന്നവയാണ്. താളിയോലയും കൈകൊണ്ട് നിർമ്മിച്ച പേപ്പറും എഴുതുന്നതിന് മുമ്പ് ഉരുളൻ കല്ലുകൊണ്ടോ ശംഖു കൊണ്ടോ മിനുസപ്പെടുത്താറുണ്ട്. അത്തരത്തിൽ തയ്യാറാക്കിയ പേപ്പറിൽ സ്വർണക്കൂട്ടായാലും മഷിയായാലും നന്നായി വരച്ചു ചേർത്ത് ചിത്രങ്ങൾ മനോഹരമാക്കാൻ സാധിക്കും. നമുക്ക് ലഭ്യമായിട്ടുള്ള കടലാസ് ഗ്രന്ഥങ്ങളിലെ ചിത്രങ്ങളിലെല്ലാം ഇത്തരത്തിൽ പൊതുവായ സവിശേഷതകൾ കാണാൻ സാധിക്കും.
ഭഗവദ്ഗീതയിൽ വരച്ചു ചേർത്തിട്ടുള്ള മൂന്നുചിത്രങ്ങളും ഇത്തരത്തിൽ തയ്യാറാക്കിയ നിറക്കൂട്ടുകളും സ്വർണപ്പൊടിയും ചേർത്ത് മനോഹരമാക്കിയവയാണ്.


ശ്രീകൃഷ്ണന്റെ വിശ്വരൂപം
എഴുത്തുരീതി

ഭഗവദ്ഗീതയിലെ 18 അധ്യായവും ദേവനാഗരിലിപിയിൽ വലിയ അക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്. അധ്യായആരംഭവും അവസാനവും ചെമന്ന മഷിയിലാണ് എഴുതിയിട്ടുള്ളത്. ബാക്കി ഭാഗങ്ങൾ കറുപ്പ്മഷിയിലും. ഒരു പുറത്തിൽ നാലുവശവും കൃത്യമായി മാർജിൻ കൊടുത്ത് 6 വരികളിലായി എഴുതിയിരിക്കുന്നു. അക്ഷരങ്ങൾക്ക് നല്ല വലിപ്പവും വരകൾക്ക് നല്ല വീതിയും ഉണ്ട്. വീതിയുള്ള ബ്രഷ്കൊണ്ട് എഴുതിയതിനാൽ പല ലിപികൾക്കും സാദൃശ്യമുണ്ട്. പ,യ എന്നിവ ദേവനാഗരിയിൽ ഒരുപോലെ കാണുന്നു. ‘ഋ’കാരം സൂക്ഷിച്ചു നോക്കിയാൽ മാത്രമേ മനസ്സിലാവുകയുള്ളൂ . ദേവനാഗരിലിപികൾക്കു മുകളിൽ വരുന്ന ചിഹ്നവും അനുസ്വാരത്തിന്റെ ചിഹ്നവും ഒന്നുതന്നെയാണ് കാണുന്നത്. ‘ജ’കാരവും ‘ത’കാരവും തമ്മിൽ നേരിയ വ്യത്യാസമേ ഉള്ളൂ. പുറം115 ലെ 13. 14 അധ്യായാവസാനം പറയുന്ന ഭാഗം ചെമപ്പും കറുപ്പും മഷിയിൽ മാറിമാറി എഴുതിയിരിക്കുന്നു. പുറം 74 മുതൽ 110 വരെ നമ്പർ ഇട്ടിട്ടില്ല. എഴുതാൻ ഉപയോഗിച്ചിരിക്കുന്ന കടലാസ് കൈകൊണ്ട് നിർമ്മിച്ചതും വളരെ മിനുസമുള്ളതും ആണ്. ഒരുപക്ഷേ കടലാസ് ഗ്രന്ഥങ്ങളിൽ ഏറ്റവും വലിയ ലിപിയിൽ എഴുതിയിട്ടുള്ള ഗ്രന്ഥമാണ് ഈ ഭഗവദ്ഗീതാഗ്രന്ഥം എന്നു പറയാം.


ഇന്ത്യയിൽ കേരളത്തിൽ എന്നാണ് ആദ്യമായി ഒരു പ്രാദേശികഭാഷയിൽ ഗീതാവ്യാഖ്യാനം ഉണ്ടായത്. പിന്നീട് തമിഴിലും ഉണ്ടായി. ഇന്ത്യൻ ഭാഷകളിലെ ഈ വിവർത്തനങ്ങൾക്കു ശേഷമാണ് മറ്റു ഭാരതീയ ഭാഷകളിൽ ഗീതാ വിവർത്തനം ഉണ്ടാകുന്നത്. നിരണം കവികളിൽ ഒരാളായ മാധവൻ ആണ് ഭാഷാഭഗവദ്ഗീത എന്ന പേരിൽ മലയാളത്തിൽ ഗീതാഭാഷ്യം നിർമ്മിച്ചത്. നമ്മുടെ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള പ്രസ്തുത കടലാസ്ഗ്രന്ഥം അതിന്റെ രചനാരീതിയും ചിത്രാഖ്യാനരീതിയും മുൻനിർത്തി വടക്കേ ഇന്ത്യയിൽ നിന്ന് ലഭിച്ചതാണെന്ന് നിസ്സംശയം പറയാം. വർണ്ണ ശബളമായ ചിത്രാഖ്യാനത്തോടുകൂടിയ കടലാസ് ഗ്രന്ഥങ്ങൾ കുടിൽവ്യവസായമായി വടക്കേയിന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോഴും നിർമ്മിക്കുന്നുണ്ട്. എന്നാൽ ഇവിടെ പരിചയപ്പെടുത്തിയ ഭഗവദ്ഗീതാഗ്രന്ഥം നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ള കൈകൊണ്ട് നിർമ്മിച്ച കടലാസിന്റെ മേന്മയും ഗുണനിലവാരവും പുതിയ കടലാസിന് ഉണ്ടെന്ന് പറയാനാവില്ല. പ്രസ്തുത കൃതിയുടെ കാലം ഏതാണ്ട് 200 വർഷം പഴക്കം വരും എന്ന് കടലാസിന്റെ സ്വഭാവം നോക്കി പറയാൻ കഴിയും. മറ്റു ഗ്രന്ഥങ്ങളിൽ നിന്ന് പകർത്തിയ ഗ്രന്ഥമാണിത്. കർത്താവിനെക്കുറിച്ചോ കാലത്തെക്കുറിച്ചോ സൂചനകളില്ല.


ഇന്ത്യയുടെ ലിഖിതപാരമ്പര്യത്തെയും കലാചരിത്ര പാരമ്പര്യത്തെയും വൈജ്ഞാനിക പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്ന ഇത്തരം ഗ്രന്ഥങ്ങൾ നമ്മുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും മുതൽക്കൂട്ടുകളാണ്.

പ്രൊഫ. ആർ.ബി. ശ്രീകല✍

RELATED ARTICLES

7 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com