എം.മോഹൻ
വ്യത്യസ്തതയാർന്ന ചിത്രങ്ങൾ സമ്മാനിച്ച
സംവിധായക പ്രതിഭ .
കാലത്തിനു മുന്നേ ചലിച്ച വ്യത്യസ്തതയാർന്ന സിനിമകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത പ്രഗല്ഭ സംവിധായകനാണ് ശ്രീ.എം. മോഹൻ .1948 ജനുവരി 15 ന് ഇരിങ്ങാലക്കുടയിലാണ് മോഹൻ്റെ ജനനം.2024 ആഗസ്റ്റ് 27 ന് 76 -ാം വയസ്സിൽ കൊച്ചിയിലായിരുന്നു അന്ത്യം. ആ വിയോഗം അർഹമായ പരിഗണനയോടെ മാധ്യമങ്ങൾ ചർച്ച ചെയ്തോ. ഇല്ല എന്ന് എന്നു തന്നെ പറയേണ്ടി വരും. അതിനെന്തായിരിക്കും കാരണം.
സിനിമാരംഗത്തെയാകെ പിടിച്ചുലച്ച വിവാദങ്ങൾ തുടർബഹളങ്ങൾ നടക്കുന്ന സമയമാണ് ഈ മികച്ച സംവിധായകൻ വിടവാങ്ങിയത് . വേണ്ടത്ര പ്രാധാന്യത്തോടെ മോഹൻ്റെ മരണം ചർച്ച ചെയ്യപ്പെടാതിരിക്കാൻ അത് കാരണമായിട്ടുണ്ടാകാം . എന്തു തന്നെയായാലും ഇത്തരത്തിൽ വേണ്ട വിധം ചർച്ചയാകാതെ, പരിഗണിക്കപ്പെടാതെ മറഞ്ഞോ മാഞ്ഞോ പോകേണ്ടയാളല്ല ഈ മഹാപ്രതിഭ.
ഇഷ്ട സംവിധായകരിൽ മോഹൻ എന്ന പേര് ചേർത്തുവെക്കാത്തവർ ഒരു പക്ഷേ ഉണ്ടായേക്കാം. അതിന് എന്തെങ്കിലുമൊക്കെ കാരണങ്ങൾ അവർക്കുണ്ടാകാം.
എന്നാൽ ആ കഴിവിനെ അംഗീകരിക്കാത്തവർ ഉണ്ടാകുമെന്നു തോന്നുന്നില്ല. മലയാളത്തിലെ മികച്ച സംവിധായരുടെ കൂട്ടത്തിൽ എം.മോഹന് മുൻനിരയിൽ തന്നെ സ്ഥാനമുണ്ട് എന്നതിലും ആർക്കും തർക്കമുണ്ടാകില്ല . അദ്ദേഹത്തെ അദ്ദേഹത്തിൻ്റെ സിനിമകളെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന പതിനായിരക്കണക്കിന് ആസ്വാദകരുണ്ട്. എന്നുമെന്നും മലയാളിക്കും മലയാളത്തിനു മോർക്കാൻ അഭിമാനിക്കാൻ അദ്ദേഹത്തിൻ്റെ കൈയൊപ്പ് പതിഞ്ഞ ഒരു പാട് സിനിമകളുമുണ്ട്. അത് നിഷേധിക്കാനാകില്ല.
ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങുകയാ ഒതുക്കാൻ കഴിയുകയോ ചെയ്യുന്ന കലാസൃഷ്ടികൾക്കല്ല മോഹൻ രൂപം നൽകിയത്. മലയാള ചലച്ചിത്രരംഗത്തെ കാലങ്ങൾക്കപ്പുറത്തേക്കും അടയാളപ്പെടുത്തിയ ക്ലാസിക് സംവിധായകൻ എന്ന വിശേഷണം നന്നായി ചേരുന്ന ഈ സംവിധായകൻ്റെ ധീരമായ പരീക്ഷണങ്ങളാണ് സിനിമയുടെ വഴിയിൽ നമ്മുടെ പൊതുവായ ആസ്വാദനരീതികളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ പ്രേരകമായ ഘടകങ്ങളിൽ ഒന്ന്. നമ്മെ അതിനു പ്രാപ്തമാക്കിയെടുക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ചതും ഇത്തരം തൻ്റേടികൾ തന്നെ .
1978ൽ പുറത്തിറങ്ങിയ “വാടക വീട്” മുതൽ 2005 ൽ പുറത്തിറങ്ങിയ “ദി ക്യാമ്പസ് ” വരെ 23 സിനിമകൾ. ഓരോന്നോരോന്നായി ആ സിനിമകൾ നമ്മുടെ മനസ്സിലേക്കോടിയെത്തുന്നില്ലേ?
ശാലിനി എൻ്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ, ഇളക്കങ്ങൾ, മുഖം ,മംഗളം നേരുന്നു, തീർത്ഥം, ആലോലം, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല,പക്ഷേ തുടങ്ങി മോഹൻ്റെ എതെങ്കിലും സിനിമകൾ തമ്മിൽ തമ്മിൽ സാമ്യമുണ്ടോ? എത്ര ആഴത്തിൽ പരിശോധിച്ചാലും ഇഴകീറി ചിന്തിച്ചാലും നമുക്ക് കണ്ടെത്താൻ പ്രയാസമായ ആ സാമ്യതയില്ലായ്മയാണ് മോഹൻ എന്ന സംവിധായകൻ്റെ തലപ്പൊക്കം. ഈ സിനിമകളിൽ വിട പറയും മുമ്പേ, മുഖം ,ആലോലം, ശ്രുതി അങ്ങനെ ഒരവധിക്കാലത്ത് എന്നീ അഞ്ച് സിനിമകളുടെ തിരക്കഥയും മോഹൻ തന്നെ. ഇതിലേ ഇനിയും വരൂ, കഥയറിയാതെ എന്നീ സിനിമകൾക്ക് മോഹൻ കഥയുമെഴുതി.
സിനിമ പൂർണമായും സംവിധായകൻ്റെ കലയാണ് എന്ന ബോധവും ബോധ്യവും വിട്ടുവീഴ്ചയില്ലാത്ത ആ ധാരണയും തന്നെയായിരുന്നു ഇദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ കാതൽ. എൻ്റെ സെറ്റിൽ ഞാനാണ് സർവ്വാധികാരി എന്ന തലക്കെട്ടിൽ അദ്ദേഹത്തിൻ്റെ ഒരു അഭിമുഖം ഒരു പ്രസിദ്ധീകരണത്തിൽ വായിച്ചതോർക്കുന്നു. ഒരു താരാധിപത്യത്തിനും ഒട്ടുംവഴങ്ങാതെ അതുറക്കെ വിളിച്ചു പറഞ്ഞ ചങ്കുറ്റത്തിൻ്റ പേരു കൂടിയാണ് എം.മോഹൻ.
രണ്ടു പെൺകുട്ടികൾ എന്ന സിനിമയിലൂടെ ആദ്യമായി ലെസ്ബിയൻസ് കഥ വെള്ളിത്തിരയിൽ എത്തിച്ചത് മോഹനാണ്. എൺപതുകളുടെ തുടക്കത്തിലെ ധീരമായ പരീക്ഷണം. വി.ടി.നന്ദകുമാറിൻ്റെ പ്രസിദ്ധ നോവലായ രണ്ട് പെൺ കുട്ടികൾക്ക് മോഹൻ ചമച്ച ചലച്ചിത്രഭാഷ്യം ഒരു പരിപൂർണ സിനിമ എന്നു തന്നെ വിലയിരുത്തപ്പെട്ടു. സിനിമയിൽ അനുപമയും ശോഭയും നായികമാരായെത്തി. അനുപമ പിന്നീട് മോഹൻ്റെ ജീവിത നായികയുമായി. പുരേന്ദർ മോഹൻ ഉപേന്ദർ മോഹൻ എന്നിവരാണ് മക്കൾ.
നെടുമുടി വേണു എന്ന മലയാളത്തിലെ മഹാ നടനെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കാലാകാലത്തേക്ക് കുടിയിരുത്തുന്നതിൽ മോഹൻ ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. വിട പറയും മുമ്പേ എന്ന അത്രമേൽ ആസ്വദിക്കപ്പെട്ട ചലച്ചിത്രത്തിലെ സേവ്യർ എന്ന കഥാപാത്രം നെടുമുടി വേണു എന്ന ജനപ്രിയ താരത്തെ വാർത്തെടുക്കുന്നതിൽ ഈ സിനിമ വഹിച്ച സ്ഥാനം ആർക്ക് നിഷേധിക്കാനാകും. ഇന്നസെൻ്റിനെ മലയാള സിനിമയുടെ മുഖ്യധാരയിലെത്തിക്കുന്നതും മോഹൻ ആണെന്നു പറയാം.മലയാളത്തിലെ പോലീസ് കഥകൾക്ക് വേറിട്ട മുഖം നൽകിയതും മുഖം എന്ന ചിത്രത്തിലൂടെ മോഹൻ തന്നെ.
മോഹൻ വിടപറഞ്ഞു എന്ന വാർത്ത കേട്ട സമയം എൻ്റെ മനസ്സിൽ ആദ്യം തെളിഞ്ഞത് രണ്ട് അനശ്വര ഗാനങ്ങളും ആ ഗാന രംഗ ചിത്രീകരണങ്ങളുമാണ്. കോളേജ് ജീവിതത്തിൻ്റെ അവസാന നാളിൽ യാത്രയയപ്പുവേളയിൽ രവി മേനോൻ പാടുന്നു..
“സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസി തളിരില ചൂടി തുഷാരഹാരം മാറിൽ ചാർത്തി താരുണ്യമേ നീ വന്നു …. ശാലിനി എൻ്റെ കൂട്ടുകാരിയിലെ ആ രംഗം ഒരിക്കൽ കണ്ടവർ എങ്ങനെ മറക്കാൻ .ആ പാട്ടുസീനിൽ രവി മേനോനെ അവതരിപ്പിക്കുന്ന രംഗം ശോഭയുടെ ക്ലോസപ്പ് ഷേട്ടുകൾ അവരുടെ പ്രത്യേകത നിറഞ്ഞ ഭാവങ്ങൾ …. നമിക്കുന്നു മോഹൻ എന്ന സംവിധായകനെ. ആ സിനിമ പുറത്തു വന്ന് 44 കൊല്ലം പിന്നിട്ടിട്ടും ഈ ഗാനത്തെ ആ ചിത്രീകരണത്തെ ആ പ്രണയഭാവത്തെ പിന്നിലാക്കാൻ പിന്നീട്എത്ര ഗാനം പിറന്നിട്ടുണ്ടെന്ന് ചിന്തിച്ചു നോക്കൂ. രവിമേനോനിലൂടെ മോഹൻ സമ്മാനിച്ച ആ പൂർണതയെ മറികടക്കാൻ പിന്നീട് വന്ന സിനിമകളിൽ എത്ര നടൻമാർക്കായി .എന്നിട്ട് നമുക്ക് വിലയിരുത്താം ഈ സംവിധായകനെ.
രവി മേനോൻ അന്തരിച്ചു എന്ന വാർത്തയ്ക്കൊപ്പം എല്ലാ ടി.വി ചാനലുകളും കാണിച്ച രംഗവും അതു തന്നെയായിരുന്നു. “പക്ഷേ “സിനിമയിലെ “സൂര്യാംശു ഓരോ വയൽ പൂവിലും വൈരം പതിക്കുന്നുവോ ” ജയകുമാർ സാറിൻ്റെ വരികളുടെ ചന്തം പൂർണതയിലെത്തിച്ച രംഗ ചിത്രീകരണം ഏത് പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കുക. അതുപോലെ എത്രയെത്ര ഹൃദയസ്പർശിയായ രംഗങ്ങൾ മോഹൻ സിനിമകൾ നമുക്ക് സമ്മാനിച്ചു. അല്ലെങ്കിൽ മോഹൻ സംവിധാനം എത് സിനിമയിലാണ് അത്തരം പ്രത്യേകത നിറഞ്ഞ രംഗങ്ങൾ ഇല്ലാത്തത്.
പറയാൻ തുടങ്ങിയാൽ എത്ര പറയേണ്ടി വരും. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകകാരൻമാരിലൊരാളായ മോഹൻ എന്ന സംവിധായകൻ്റെ, കഥാകാരൻ്റെ , തിരകഥാകൃത്തിൻ്റെ ജ്വലിക്കുന്ന സ്മരണകൾ മലയാള സിനിമയുള്ളിടത്തോളം കാലം നിലനിൽക്കും.നില നിൽക്കട്ടെ.
പ്രണാമം .
😍😍🙏
സംവിധായകൻ മോഹൻ – നെ കുറിച്ചുള്ള വിശദമായ ലേഖനം – ആശംസകൾ
ശാലിനി എൻറെ കൂട്ടുകാരി ഇങ്ങനെ മറക്കാൻ
അതുപോലെ മുഖം
മോഹൻലാലിന് ഒരു പ്രത്യേക മുഖം സമ്മാനിച്ച ചിത്രം