അകലേയ്ക്കലക്ഷ്യം വലിച്ചെറിഞ്ഞു
തൊടിയിലൊരു തേങ്ങലോടവ
ചിതറിവീണു.
ഗണിതവും ഹിന്ദിയും രസതന്ത്രവും
കാട്ടുചെമ്പകക്കൊമ്പിൽ
കുരുങ്ങിവീണു.
പുസ്തകസ്സഞ്ചി തട്ടിക്കുടഞ്ഞു,
അസുരമസ്തകം
പേവിഷത്താലുണർന്നു.
ലഹരിതൻപൊതികളടുക്കിവച്ചു
സഞ്ചിയൊരുപൊതിച്ചോറിൻമണം
കൊതിച്ചു.
കത്തിയും വാളും ഇടംപിടിച്ചു കൂടെ-
നഞ്ചക്കൊരെണ്ണം എടുത്തുവച്ചു.
കണ്ണിൽ പകക്കനൽത്തീയെരിഞ്ഞു
കൊന്നുതള്ളിടാനക്കരങ്ങൾ തരിച്ചു.
വിദ്യാലയത്തിന്റെചുറ്റുവട്ടങ്ങളിൽ
മിഠായിഭരണികൾ വാണ കാലം.
സുഖദമപ്പൂങ്കുയിൽപ്പാട്ടിന്റെ താളത്തി-
ലെതിർപാട്ട് പാടിക്കളിച്ച കാലം.
അറിവിൻപവിത്രമാംക്ഷേത്രാങ്കണങ്ങ
ളില്‍
ഗുരുശിഷ്യബന്ധം വിതച്ച കാലം.
എന്റെനിന്റേതെന്ന ഭേദങ്ങളില്ലാതെ-
യെല്ലാം നമുക്കായ് പകുത്ത കാലം.
എവിടെയപ്പഴയ വിദ്യാലയങ്ങൾ?
കാലമെവിടുപേക്ഷിച്ചാ ഗുരുപ്രതാപം?
ഇനിയും തളിർക്കുമോ പൂമരങ്ങൾ?
അതിൽ നിറയുമോ
സൗഹൃദത്തേൻകണങ്ങൾ?
❤️👍
നല്ല കവിത 👌❤️
🌹👍
നന്നായിട്ടുണ്ട്