മലയാളി മനസ്സ് ലെ എല്ലാവർക്കും “മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ” എന്നപംക്തിയുടെ 52ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
അകാലത്തിൽ നമ്മെ വിട്ടുപോയ പ്രശസ്ത സാഹിത്യകാരൻ നന്തനാർ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
നന്തനാർ (പി.സി. ഗോപാലൻ) (05/01/1926-24/04/1974)

പട്ടാളക്കഥകൾ എഴുതുന്ന മലയാള സാഹിത്യകാരന്മാരിൽ പ്രമുഖനായ ‘നന്തനാർ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ശ്രീ.പി.സി. ഗോപലൻ 1926 ജനുവരി 5 ന് മലപ്പുറം ജില്ലയിൽപ്പെട്ട അങ്ങാടിപ്പുറത്ത് പരമേശ്വരത്തരകൻ്റെയും, നാണിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു.
സാമ്പത്തിക പരാധീനതമൂലം ഉന്നതവിദ്യാഭ്യാസം നേടുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സൈനിക സേവനം ജീവിതമാർഗ്ഗമായി തെരഞ്ഞെടുത്തു. സിഗ്നൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം മ്യാൻമാർ, ഇൻഡോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചു. അതിനുശേഷം മൈസൂറിൽ എൻ.സി.സി. ഇൻസ്ട്രക്ടറായി ജോലി ചെയ്തു. തുടർന്ന് കേരളത്തിൽ വന്ന് ആലുവ എഫ്.എ.സി.റ്റിയിൽ പബ്ലിസിറ്റി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചു.
‘മൊയ്തീൻ’ ആണ് ആദ്യമായി രചിച്ച കഥ. ‘അറിയപ്പെടാത്ത മനുഷ്യജീവികൾ’ ആണ് ആദ്യമായി പ്രസിദ്ധീകരിച്ച നോവൽ. അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്ക്കൂളിൽ, മഞ്ഞക്കെട്ടിടം, ഉണ്ണിക്കുട്ടൻ വളരുന്നു, ആയിരം വല്ലിക്കുന്നിൻ്റെ താഴ്വരയിൽ, അനുഭവങ്ങൾ എന്നിവയാണ് മറ്റു നോവലുകൾ. ആകാശം തെളിഞ്ഞു, സ്നേഹം നിറഞ്ഞ കൂപ്പുകൈ, നെല്ലും പതിരും, തോക്കുകൾക്കിടയിലെ ജീവിതം, ജീവിതത്തിൻ്റെ പൊൻനാളങ്ങൾ, നിഷ്ക്കളങ്കതയുടെ ആത്മാവ്, മിസ്റ്റർ കുൽക്കർണി, ഒരു വർഷകാലരാത്രി, കൊന്നപ്പൂക്കൾ, ഇര, ഒരു സൗഹൃദ സന്ദർശനം എന്നിവ ചെറുകഥാ സമാഹാരങ്ങൾ ആണ്.
ആത്മകഥാപരമായ നോവലാണ് ‘അനുഭവങ്ങൾ’. ‘ഉണ്ണിക്കുട്ടൻ പരമ്പരയിൽപ്പെട്ട കൃതികൾ ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടും. ഇതിൽ കുട്ടികളുടെ വിവിധ മാനസികഭാവങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. ‘ആത്മാവിൻ്റെ നോവുകൾ’ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല ചെറുകഥകളും മറ്റു പല ഭാഷകളിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്.
‘ആത്മാവിൻ്റെ നോവുകൾ’ ക്ക് സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
നന്തനാരെ സാഹിത്യകാരനാക്കിയതിൽ സൈനിക ജീവിതത്തിന് പ്രധാന പങ്കുണ്ട്. ആ ജീവിതാനുഭവങ്ങൾ തൻ്റെ പട്ടാളക്കഥകളിൽ സത്യസന്ധമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. കഥാപാത്രങ്ങളുടെ ഹൃദയവികാരങ്ങൾ ലാളിത്യത്തോടു കൂടി ആവിഷ്ക്കരിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളധികവും പ്രകൃതിയേയും മണ്ണിനേയും സ്നേഹിക്കുന്ന സാധാരണക്കാരാണ്. പ്രകൃതിയുടെ സൂക്ഷ്മമായ വിശകലനം സ്വഭാവികമായി ഈ കഥകളിലൊക്കെ കടന്നുവന്നു. മലബാർകലാപം, ഇൻഡ്യാപാക് വിഭജനം, യുദ്ധക്കെടുതികൾ പട്ടാള ക്യാമ്പുകളിലെ ജീവിതത്തിൻ്റെ പ്രത്യേക അനുഭവങ്ങൾ തുടങ്ങിയവയൊക്കെ നന്തനാരുടെ കഥകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും വിജയം കൈവരിക്കണമെന്ന് ദൃഢനിശ്ചയമുള്ളവർക്ക് ജീവിതത്തിൽ വിജയമുണ്ടാകും എന്നും നന്തനാരുടെ കഥകൾ വായനക്കാരെ ഉത്ബോധിപ്പിക്കുന്നു.
അദ്ദേഹത്തിൻ്റെ പല കഥകളിലും ഒരു നിരാശബോധവും ദുഃഖച്ഛായയും ഉണ്ടായിരുന്നു. ഈ മനോഭാവത്തിൻ്റെ പരിസമാപ്തി എന്ന നിലയിൽ 1974 ഏപ്രിൽ 24ാം തീയതി എഫ്.എ.സി.റ്റിയിൽ ഉദ്യോഗസ്ഥനായിരിക്കെ പാലക്കാട്ട് വെച്ച് വിഷം കഴിച്ച് നന്തനാർ തൻ്റെ ജീവിതത്തിന് പൂർണ്ണവിരാമം ഇട്ടു🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕




Thank You Sri Raju Sankarathil Sir 🙏❤️🥰
നല്ല അനുസ്മരണ കുറിപ്പ്