Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
പിന്നിട്ട ചരിത്രങ്ങളുടെ വേറിട്ട ചിന്തകൾ – (10) ‘ മാമുക്കോയ ‘ ✍ റിജേഷ് പൊന്നാനി | മലയാളിമനസ്സ്
Tuesday, October 27, 2026
Homeഅമേരിക്കപിന്നിട്ട ചരിത്രങ്ങളുടെ വേറിട്ട ചിന്തകൾ - (10) ' മാമുക്കോയ ' ✍ റിജേഷ് പൊന്നാനി

പിന്നിട്ട ചരിത്രങ്ങളുടെ വേറിട്ട ചിന്തകൾ – (10) ‘ മാമുക്കോയ ‘ ✍ റിജേഷ് പൊന്നാനി

അതിശക്തമായ തിരക്കഥയും ഒന്നാന്തരം സംവിധാനവും ഒത്തൊരുമിച്ചാൽ ആ ചിത്രങ്ങളിൽ അടിമുടി കഥാപാത്രങ്ങളായി മാറി എക്കാലത്തും ഓർമ്മയിൽ നിൽക്കുന്ന ഗംഭീര പ്രകടനം നടത്തിയ നടീനടന്മാർ നമുക്ക് നിരവധി ഉണ്ടെങ്കിലും രചനയും സംവിധാനവും ശരാശരിയിൽ ഒതുങ്ങുമ്പോൾ അത്തരം സിനിമകളിൽ അവിസ്മരണീയ പ്രകടനം നടത്തി പ്രേക്ഷകരെ കീഴടക്കിയ അഭിനേതാക്കളുടെ എണ്ണമെടുത്താൽ ചുരുക്കം ചില പ്രതിഭകളെ മാത്രമേ നമുക്ക് കാണാൻ കഴിയൂ. വലിയ സംഭവം ഒന്നുമല്ലാത്ത ചിത്രങ്ങളിൽ അഭിനേതാക്കൾ സ്വന്തം മികവുകൊണ്ട് അഴിഞ്ഞാടിയാൽ അവരുടെ ചിത്രങ്ങളെല്ലാം പരമാവധി ഞാൻ കാണാൻ ശ്രമിക്കും. ആ ഗണത്തിൽപ്പെട്ട എന്നെ അത്ഭുതപ്പെടുത്തിയ നടനാണ് ശ്രീ. മാമുക്കോയ….

വർഷം 32 ആയിട്ടും ആമിന ടൈലേഴ്സ് എന്ന കൊച്ചു ചിത്രം ഇന്നും നമ്മുടെ മനസ്സിലേക്ക് വരുന്നുണ്ടെങ്കിൽ ആ ചിത്രത്തിൽ മാമുക്കോയ വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. മാമുക്കോയ ആമിന ടൈലേഴ്സ് എന്ന സിനിമയുടെ ഭാഗമായിരുന്നില്ലെങ്കിൽ എന്നോ മറന്നു പോകേണ്ട ചിത്രമായിരുന്നു അത്. ശങ്കരാടി, കുതിരവട്ടം പപ്പു, ഇന്നസെൻറ്, പറവൂർ ഭരതൻ, മാള അരവിന്ദൻ, ഫിലോമിന തുടങ്ങിയ പ്രതിഭാധനരുടെ ഒരു നീണ്ടനിര ആമിന ടൈലേഴ്സിൽ ഉണ്ടെങ്കിലും വിരസമായ ആദ്യ പകുതിയോട് അടുക്കുമ്പോൾ കുന്നത്തങ്ങാടിയിൽ മലപ്പുറം മൊയ്തീനും മഞ്ചേരി മജീദും രംഗപ്രവേശം ചെയ്തതോടെ അതുവരെ ഫസ്റ്റ് ഗിയറിൽ ഇഴഞ്ഞുനീങ്ങിയ ആമിന ടൈലേഴ്സ് വളരെ പെട്ടെന്ന് രണ്ടും മൂന്നും കടന്ന് ഫോർത്ത് ഗിയറിലോട്ട് നീങ്ങുന്ന കാഴ്ചയാണ് നാം കണ്ടത്. മാമുക്കോയ അവതരിപ്പിച്ച മലപ്പുറം മൊയ്തീന്റെ ഉറുമി വീശലും തുടർന്നുള്ള ഓരോ രംഗങ്ങളും കണ്ടുകണ്ട് മതി മറന്ന് ചിരിച്ചവരാണ് നമ്മൾ. ജഗദീഷ് അവതരിപ്പിച്ച മഞ്ചേരി മജീദിന്റെയും പ്രകടനം മികച്ചതായിരുന്നു. മലപ്പുറം മൊയ്തീനേയും മഞ്ചേരി മജീദിനെയും വളർത്തി വലുതാക്കിയതിൽ സോഷ്യൽ മീഡിയക്കും നിർണായക പങ്കുണ്ട്….

രാജൻ ബാലകൃഷ്ണൻ സംവിധാനം ചെയ്ത കൺകെട്ട് എന്ന ചിത്രത്തിൽ കീലേരി അച്ചുവിൻ്റെ വരവോടു കൂടിയാണ് ആ ചിത്രം രസകരമായ ചലച്ചിത്രാനുഭവമായി മാറുന്നത്. മാമുക്കോയ ഇല്ലാത്ത കൺകെട്ട് ക്യാപ്റ്റനില്ലാതെ ഇറങ്ങുന്ന ഒരു ക്രിക്കറ്റ് ടീമിന് തുല്യമാണ്. ഗ്രൗണ്ടിനകത്ത് കളിക്കാരെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥ. കീലേരി അച്ചുവിനെ കാണിക്കുന്ന സീൻ തൊട്ട് പിന്നീടങ്ങോട്ട് സിനിമയെ തൻ്റെ നിയന്ത്രണത്തിലാക്കി അച്ചുവേട്ടനെ മാമുക്കോയ മഹാസംഭവമാക്കി….

കൂടെയുള്ളവർ നന്നായി അഭിനയിച്ചാൽ മാത്രമേ എത്ര വലിയ നടനായാലും അയാളുടെ മികവ് പുറത്തു വരികയുള്ളൂ. ഇന്നസെൻറ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗജകേസരിയോഗം എന്ന ചിത്രത്തിൽ ഇന്നസെൻ്റിൻ്റെ അയ്യപ്പൻ നായർ ഇന്നും അണയാതെ ജ്വലിച്ച് നിൽക്കുന്നത് മാമുക്കോയയുടെ കിടിലൻ പെർഫോമൻസിന്റെ ബലത്തിൽ കൂടിയാണ്. ചില അഭിനേതാക്കൾ ഒത്തുചേർന്നാൽ പ്രേക്ഷകർക്ക് കിട്ടുന്നത് വിലമതിക്കാനാവാത്ത സമ്മാനമായിരിക്കും. മാമുക്കോയയും ഇന്നസെൻ്റും ഒത്തുചേർന്നാൽ അവിടെ പൊട്ടിച്ചിരിയുടെ പൂരമായിരിക്കും….

മാമുക്കോയ VS ഫിലോമിന…

മാമുക്കോയയും ഫിലോമിനയും കൊമ്പു കോർക്കുന്ന രംഗങ്ങൾ കണ്ടാൽ ആരാണ് കൂടുതൽ സ്കോർ ചെയ്യുന്നതെന്ന് അതിശയോക്തിയോടെ ഞാൻ നോക്കിക്കാണാറുണ്ട്. രണ്ടു പ്രതിഭകളും പരസ്പരം വിട്ടുകൊടുക്കാതെ മത്സരിച്ചഭിനയിക്കുമ്പോൾ ആ സിനിമയിലെ ഏറ്റവും മികച്ച സീനുകളായി അതു മാറും. തുളസീദാസിന്റെ കൗതുക വാർത്തകളിൽ മാമുക്കോയയും ഫിലോമിനയും ഫോണിലൂടെ ഏറ്റുമുട്ടുമ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് നിർത്താതെയുള്ള ചിരിയുടെ മേളമാണ്. ചകോരം, മാലയോഗം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇവർ പോരടിച്ച് മലയാളികളെ കീഴടക്കിയത്….

മാമുക്കോയ തകർത്താടിയ വേഷങ്ങൾ നിരവധിയാണ്. ആ ചിത്രങ്ങളിലേക്ക് ഒന്നും പ്രവേശിക്കാതെ ഈ കൊച്ചു ചിത്രങ്ങളെ കുറിച്ച് എഴുതാൻ കാരണം സ്വന്തം മികവുകൊണ്ട് മാമുക്കോയ കെട്ടിപ്പടുത്ത അസ്സൽ കഥാപാത്രങ്ങളായത് കൊണ്ടാണ്…

മലയാളികളെ നിർത്താതെ ചിരിപ്പിച്ച സ്നേഹസമ്പന്നനായ ആ പച്ചയായ മനുഷ്യൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. 🙏🌹🌹

റിജേഷ് പൊന്നാനി✍

RELATED ARTICLES

1 COMMENT

  1. അഭിനയ മികവുകൊണ്ട് ശ്രദ്ധ നേടിയ
    നടൻ..
    നല്ല വിവരണം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ