Thursday, July 17, 2025
Homeഅമേരിക്കഞാൻ വേൾഡ് ജോടോ യാത്ര നടത്തിയിട്ടുള്ളവനാണ് Mr രാഹുൽ ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ഞാൻ വേൾഡ് ജോടോ യാത്ര നടത്തിയിട്ടുള്ളവനാണ് Mr രാഹുൽ ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

രാഹുൽ ഗാന്ധിയും ശശി തരൂരും തമ്മിലുള്ള സൗന്ദര്യ പിണക്കവും ഈഗോയും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. അതിന് ഏതാണ്ട് പതിനാറു വർഷത്തെ പഴക്കം ഉണ്ട്

രണ്ടായിരത്തി ആറിൽ യൂ എൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിച്ചു നിസാര വോട്ടിനു ദക്ഷിണ കൊറിയയുടെ ബാൻകി മൂണിനോട് പരാജയപ്പെട്ട ശേഷം വളരെ നാടകീയമായാണ് തരൂർ രണ്ടായിരത്തി എട്ടിൽ അമേരിക്കയിലെ സ്‌ഥിര താമസം അവസാനിപ്പിച്ചു ഇന്ത്യയിൽ മടങ്ങി എത്തിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ അംഗത്വം സ്വീകരിക്കുന്നതും

രണ്ടായിരത്തി നാലു മുതൽ ഇന്ത്യ ഭരിച്ച ഒന്നാം യൂ പി എ ഗവണ്മെന്റ് ൽ കൊള്ളാവുന്ന വിദേശകാര്യ മന്ത്രി ഇല്ലാഞ്ഞിട്ടു പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻസിങ്ങും യൂ പി എ ചെയർപേഴ്സൺ സോണിയ ഗാന്ധിയും കൂടി ന്യൂയോർക്കിൽ ആയിരുന്ന തരൂരിനെ ചൂണ്ടയിൽ കൊളുത്തിയതാണോ അതോ യൂ എൻ ഇലക്ഷനിൽ പരാജയപ്പെട്ട ശേഷം ഇനി അമേരിക്കയിൽ നിന്നും കുറച്ചു കാലം മാറി നിൽക്കാം എന്നു തീരുമാനിച്ച തരൂർ മൻമോഹൻ സിങ്ങിനെ സ്‌ഥിരമായി ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയിരുന്നത് കൊണ്ടാണോ തരൂർ കോൺഗ്രസുകാരൻ ആയത് എന്നുള്ള രഹസ്യം അറിയണമെങ്കിൽ ജിത്തു ജോസഫിന്റെ ദൃശ്യം സിനിമയിലെ ജോർജ്കുട്ടിയോട് ചോദിക്കണം

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം ഇന്ത്യയിൽ മടങ്ങി എത്തി ഗാന്ധി കുടുംബത്തിന്റെ മേൽവിലാസത്തിൽ നേരിട്ട് എം പി യോ മന്ത്രിയോ ആകാൻ നിൽക്കാതെ കെ എസ് യൂ വും എൻ എസ് യൂ വും പോലുള്ള വിദ്യാർത്ഥി സംഘടനകളിൽ പ്രവർത്തിച്ചാണ് രാഹുൽ കോൺഗ്രസുകാരൻ ആയത്

രണ്ടായിരത്തി നാലിൽ അമേടിയിൽ നിന്നും ആദ്യമായി പാർലമെന്റിലേക്കു മത്സരിച്ചു ജയിച്ച രാഹുലിന് യൂ പി എ മുന്നണി അധികാരത്തിൽ വന്നത് കൊണ്ടു വേണമെങ്കിൽ മന്ത്രി ആകാമായിരുന്നു. സോണിയ പ്രധാനമന്ത്രി സ്‌ഥാനം വിദേശ പൗരത്വത്തിന്റെ പേരിൽ നിരസിച്ചപ്പോൾ ഗാന്ധി കുടുംബത്തിന്റെ അവകാശം പറഞ്ഞു രാഹുലിന് പിന്തുണച്ചവർ കോൺഗ്രസ്‌ പാർട്ടിയിൽ അന്ന് ഏറെ പേർ ഉണ്ടായിരുന്നു. പക്ഷേ പ്രധാനമന്ത്രി ആകാനും മന്ത്രി ആകാനും രാഹുൽ നിന്നു കൊടുത്തില്ല. പകരം അധികാരത്തിൽ നിന്നും മാറിനിന്നു ഒരു രാഷ്ട്രീയ വിദ്യാർത്ഥിയെ പോലെ എല്ലാം കണ്ടു പഠിക്കുകയായിരുന്നു

രണ്ടായിരത്തി പതിനാലു മുതൽ നരേന്ദ്രമോദിയുടെ നേതൃത്വതിൽ ബി ജെ പി അധികാരത്തിൽ വരികയും കോൺഗ്രസ്‌ ദുർബലമാകുകയും സോണിയ ഗാന്ധി രോഗവസ്‌ഥയിൽ ആകുകയും ചെയ്തപ്പോൾ ആണ്‌ പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും നിരന്തരമായ അഭ്യർത്ഥനയിൽ രാഹുൽ തന്റെ ഇരുപതു വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരിചയത്തിൽ രണ്ടായിരത്തി പതിനേഴിൽ കോൺഗ്രസ്‌ പ്രസിഡന്റ് ആകുന്നത്

രണ്ടായിരത്തി ഒൻപതിൽ ആദ്യമായി തിരുവനന്തപുരത്തു നിന്നും പാർലമെന്റിലേക്കു മത്സരിച്ചു വൻ വിജയം നേടിയ തരൂർ അടുത്ത ഫ്ലൈറ്റ് പിടിച്ചു ഡൽഹിയിൽ പറന്നിറങ്ങി നേരെ പത്താം നമ്പർ ജൻപത്തിൽ ചർച്ചയിൽ ആയിരുന്ന സോണിയാജിയെയും മൻമോഹൻസിംഗ് ജി യെയും കണ്ടു തന്റെ വരവ് അറിയിച്ചെങ്കിലും നിർഭാഗ്യം കൊണ്ടാണോ ആരുടെ എങ്കിലും ഇടപെടൽ കൊണ്ടാണോ എന്നറിയില്ല രണ്ടാം യൂ പി എ ഗവണ്മെന്റ് ൽ ക്യാബിനറ്റ് റാങ്കോട് കൂടിയ മന്ത്രി സ്‌ഥാനം ലഭിച്ചില്ല കിട്ടിയ സഹ മന്ത്രി സ്‌ഥാനം അഞ്ചു വർഷത്തിനിടയിൽ രണ്ടു തവണ രാജി വയ്ക്കേണ്ടി വന്നു

രണ്ടായിരത്തി പതിനാലു മുതൽ പതിനൊന്നു വർഷമായി അധികാരം നഷ്ടപ്പെട്ട കോൺഗ്രസ്‌ പാർട്ടിയിൽ കേവലം ഒരു എം പി മാത്രം ആയി നിശബ്ദനായി വിവാദങ്ങളിൽ പെടാതെ പോയ്കൊണ്ടിരുന്ന തരൂർ വാർത്തകളിൽ സ്‌ഥാനം പിടിക്കുവാൻ തുടങ്ങിയത് രണ്ടായിരത്തി ഇരുപത്തിരണ്ടിൽ നടന്ന എ ഐ സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുതൽ ആണ്‌

രാഹുൽ ഗാന്ധിയും ശശി തരൂരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറ നീക്കി പുറത്ത് വന്ന ആ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെയും പ്രിയങ്കയുടെയും മൗന സമ്മതം ഉണ്ടായിരുന്നിട്ടു കൂടി മത്സരം ഒഴിവാക്കി തരൂരിനെ പിന്തുണയ്ക്കാൻ രാഹുൽ തയ്യാറായില്ല

ഇംഗ്ലണ്ടിലെ ബാല്യ കാലവും വളരെ യവ്വനത്തിൽ തന്നെ ഉണ്ടായ അമേരിക്കൻ അധിനിവേശവും ജീവിതത്തിൽ പരമോന്നത പദവികളിൽ കൂടി കടന്നു പോകുവാൻ സഹായിച്ച തരൂർ ഒരു അസാധാരണ പ്രതിഭ ആയിരുന്നു എന്നതിന് തെളിവാണ് ഓക്സ്ഫോർഡും കേബ്രിഡ്ജ്ഉം ഹവാർടും തുടങ്ങി അമേരിക്കയിലെയും യൂറോപ്പിലേയും നൂറുകണക്കിന് യൂണിവേഴ്സിറ്റികളിൽ ഗാന ഗന്ധർവ്വൻ യേശുദാസ് സംഗീത കച്ചേരി നടത്തുന്നത് പോലെയുള്ള ശബ്ദ മാധുര്യത്തിലും സച്ചിൻ സിക്സെർ അടിക്കുമ്പോൾ ബോൾ ഗാലറിയിലേക്ക് പോകുന്ന വേഗതയിലും ഉള്ള അദ്ദേഹത്തിന്റെ കോടികൾ പ്രതിഫലം പറ്റുന്ന ഇംഗ്ലീഷ് സ്പീച്

രണ്ടു ധ്രുവങ്ങളിൽ കൂടി ചിന്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന പ്രായത്തിൽ അന്തരം ഉണ്ടെങ്കിലും ഇംഗ്ലണ്ടിലെ സർവകലാശാലയിൽ നിന്നും ഉപരി പഠനം പൂർത്തിയാക്കിയ ഇരുവരിലെയും ഈഗോ ഒരാൾക്ക് കീഴ്പ്പെടാൻ മറ്റൊരാൾ തയ്യാറാകുന്നില്ല

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടി ‌ ഗാന്ധി കുടുംബത്തിന്റെ കുടുംബ സ്വത്താണ്. അതിൽ പ്രവർത്തിക്കുന്നവർ ഗാന്ധി കുടുംബത്തോട് വിധേയത്വം കാണിക്കണം എന്നു രാഹുൽ ചിന്തിക്കുന്നുണ്ടെങ്കിൽ കുറ്റം പറയുവാൻ പറ്റില്ല

അതുപോലെ യുണൈറ്റഡ് നേഷൻ ന്റെ സെക്രട്ടറി ജനറൽ പദവി ഒഴിച്ച് അതിന് താഴെയുള്ള എല്ലാ സ്‌ഥാനവും വഹിച്ചിട്ടുള്ള തന്നെ സാധാരണ കോൺഗ്രസ്‌ നേതാവിനെ കാണുന്നപോലെ ഗാന്ധി കുടുംബം കണ്ടാൽ പോരാ എന്നു തരൂർ ചിന്തിക്കുന്നുണ്ടെങ്കിലും കുറ്റം പറയുവാൻ പറ്റില്ല

ഇപ്പോൾ അമേരിക്ക, ഗയന, പനാമ, കോളംബിയ, ബ്രസിൽ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യ ഗവണ്മെന്റ് ന്റെ പ്രതിനിധി സംഘത്തിന്റെ ലീഡർ ആയ തരൂർ ഇനിയിപ്പോൾ ബി ജെ പി യുടെ പ്രലോഭനത്തിൽ വീണു ആ പാർട്ടിയിൽ ചേർന്നാലും വിശ്വ പൗരൻ ആയ തരൂർ പക്ഷേ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം അതീതനാകാനാണ് സാധ്യത.

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ