Sunday, July 19, 2026
Homeഅമേരിക്കവെള്ളിത്തിരയിലെ അണിയറ കഥകൾ (1) ഇരയുടെ മുറിവുകൾ സമൂഹത്തിന്‍റെ കണ്ണാടിയാകുമ്പോൾ ✍തയ്യാറാക്കിയത്:  കെ. ആര്‍...

വെള്ളിത്തിരയിലെ അണിയറ കഥകൾ (1) ഇരയുടെ മുറിവുകൾ സമൂഹത്തിന്‍റെ കണ്ണാടിയാകുമ്പോൾ ✍തയ്യാറാക്കിയത്:  കെ. ആര്‍ മോഹന്‍ദാസ്

വെള്ളിത്തിരയിലെ അണിയറ കഥകൾ

(മലയാള സിനിമയുടെ ഹൃദയത്തിലേക്കൊരു യാത്ര…)

ഓരോ സിനിമയ്ക്കും പറയാനുണ്ട് ഒട്ടനവധി അണിയറ കഥകൾ

ഒരോകഥാപാത്രത്തിനുമുണ്ട് പറയാൻ ഒരുപാട് കഥകൾ

ആ കഥകളെയും, കഥാപാത്രങ്ങളെയും, സിനിമയുടെ പിന്നാമ്പുറങ്ങളെയും തൊട്ടറിയാം.

ഇന്നുമുതൽ എല്ലാ ഞായറാഴ്ചയും നിങ്ങളുടെ മലയാളി മനസ്സ് USAയിൽ വായിക്കുക…

കെ. ആർ. മോഹൻദാസ് തയ്യാറാക്കി അവതരിപ്പിക്കുന്നു ..

വെള്ളിത്തിരയിലെ അണിയറ കഥകൾ

(മലയാള സിനിമയുടെ ഹൃദയത്തിലേക്കൊരു യാത്ര…)

**********************************************************************

ഇരയുടെ മുറിവുകൾ സമൂഹത്തിന്‍റെ കണ്ണാടിയാകുമ്പോൾ

കെജി ജോർജ്ജിന്‍റെ ഇരകൾ വീണ്ടും കണ്ടു. 1985 ഇൽ ഇതുപോലെ ഒരു സിനിമ വിഷ്വലൈസ് ചെയ്ത കെ. ജി ജോർജ്ജ് ഇന്ത്യന്‍ സിനിമയിലെ റിയല്‍ ജീനിയസ്സ് തന്നെ.

അതുവരെ അപരിചിതമായിരുന്ന ഒരു ചലച്ചിത്രഭാഷ അവതരിപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ജോർജ്ജിന്‍റെ സിനിമാജീവിതത്തിലെ ഏറ്റവും പ്രധാന പ്പെട്ട സംഭാവനകൾ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളാണ് – സ്വപ്നാടനം, കോലങ്ങൾ, യവനിക ലേഖയുടെ മരണം ഒരു ഫ്ളാഷ്‌ബാക്ക്, ആദാമിന്‍റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ തുടങ്ങിയ സിനിമകൾ.

കെ ജി ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത സൈക്കോളജിക്കൽ ത്രില്ലറായ ഇരകൾ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒറിജിനൽ തിരക്കഥയായാണ് സിനിമാ നിരൂപകർ വാഴ്ത്തുന്നത്.

‘ഇരകൾ’ എന്ന സിനിമയുടെ പിറവിയെക്കുറിച്ച് കെ. ജി. ജോർജ്ജ് തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് രാജ്യത്ത് അരങ്ങേറിയ അക്രമവും പ്രതികാരവികാരവും മനുഷ്യഹൃദയങ്ങളിൽ സൃഷ്ടിച്ച ആഴത്തിലുള്ള മുറിവുകളാണ് അദ്ദേഹത്തെ ഗാഢമായി അലട്ടിയത്. വയലന്‍സ് എന്ന ഭയാനകമായ അവസ്ഥ മനുഷ്യജീവിതത്തെ തകിടം മറിക്കുന്നതിന്‍റെ ക്രൂരമായ നേര്‍ക്കാഴ്ചകള്‍. ആ അനുഭവങ്ങളുടെ തീക്ഷ്ണതയിൽ നിന്നാണ് ‘ഇരകൾ’ എന്ന സിനിമയുടെ പിറവി.

മധ്യതിരുവിതാംകൂറിലെ ഒരു ധനിക ക്രൈസ്തവകുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പണം കൊണ്ടും സ്വാധീനം കൊണ്ടും എല്ലാം വെട്ടിപ്പിടിക്കാമെന്ന് വിശ്വസിക്കുന്ന പാലക്കുന്നേല്‍ മാത്യൂസ് എന്ന മാത്തുക്കുട്ടിയുടെയും മക്കളുടെയും കഥ.

ഗണേഷ് കുമാർ എന്ന നടന്‍റെ സിനിമാജീവിതത്തിന് ആരംഭം കുറിച്ച സിനിമ കൂടിയാണ് ഇരകൾ. അദ്ദേഹം അവതരിപ്പിച്ച ‘സൈക്കോ ബേബി’ എന്ന കഥാപാത്രം ഏറ്റവും സങ്കീർണവും അസ്വസ്ഥതയുണർത്തുന്നതുമായ കഥാപാത്രങ്ങളിലൊന്നായി ഇന്നും പ്രേക്ഷകമനസ്സുകളില്‍ ജീവിക്കുന്നു.

സൈക്കോ കഥാപാത്രങ്ങൾ പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ഇരകൾ അവയിൽ നിന്ന് വേറിട്ടുനിൽക്കുന്നത് ബേബിയുടെ മനസ്സിനുള്ളിൽ നിരന്തരം പുകയുന്ന ആന്തരിക സംഘർഷങ്ങളെയാണ് പ്രേക്ഷകർക്കു മുന്നിൽ തുറന്നുകാട്ടുന്നതുകൊണ്ടാണ്. ഇരയും വേട്ടക്കാരനും ഒരാൾ തന്നെയാവുന്ന ഭീകരത ആണ് ഈ സിനിമയുടെ ഹൈലൈറ്റ്.

ഒരര്‍ത്ഥത്തില്‍ ബേബി ഒരു സീരിയല്‍ കില്ലര്‍ ആകുന്നത് കുടുംബത്തോടുള്ള പ്രതികാരത്തിന്‍റെ ഭാഗമാകാം. അവൻ കണ്ടുശീലിച്ചത് അക്രമത്തിൻ്റെ കാഴ്‌ചകളാണ് അവനു പരിചയമുള്ള ശൈലി വയലൻസിൻ്റേതാണ്.

‘’നിനക്കറിയാന്‍ വയ്യ , ഞങ്ങളുടെ വീട്ടിലെ എല്ലാവരും കള്ളമേ പറയൂ അതു കേട്ട് എനിക്കിപ്പം കള്ളമേതാ സത്യമേതാ എന്നു തിരിച്ചറിയാൻ വയ്യ . രാഘവാ,’’എന്ന് ബേബി സുഹൃത്തിനോട് പറയുന്നുണ്ട്. പലപ്പോഴും നോർമൽ മനസ്സുള്ളവര്‍ എന്ന് കരുതുന്നവർക്ക് പോലും ഒരു ബ്രേക്ക്‌ അപ്പിൽ നിന്നും പുറത്തുവരാൻ നാളുകൾ ഒരുപാട് എടുക്കും…അപ്പോൾ പിന്നെ ഒരു സൈക്കോയ്ക്ക് എങ്ങനെ അത് സാധിക്കും?

അതുപോലെ, ബേബിയുടെ സഹോദരി ആനി എന്ന ശ്രീവിദ്യയുടെ കഥാപാത്രവും ചർച്ച ചെയ്യപ്പെടേണ്ട ഒരു കഥാപാത്രമാണ്. ബേബിയേക്കാൾ ആഴത്തിൽ പഠിക്കപ്പെടേണ്ട ഒന്നാണ് ഇവര്‍. ആനിയുടെ കഥാപാത്രത്തെ ധാർമ്മികതയുടെ കറുപ്പും വെളുപ്പുമായി മാത്രം വിലയിരുത്താൻ കഴിയില്ല. അടിച്ചമർത്തപ്പെട്ട മോഹങ്ങളും, ദാമ്പത്യത്തിലെ അസംതൃപ്തിയും, ചേർന്നുണ്ടാകുന്ന സങ്കീർണ്ണമായ ഒരു കഥാപാത്രത്തെയാണ് അവർ പ്രതിനിധീകരിക്കുന്നത്. അതിനാല്‍, സിനിമയിൽ ബേബിയെപ്പോലെ തന്നെ, ഒരുപക്ഷേ അതിലും കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ട കഥാപാത്രമാണ് ശ്രീവിദ്യ അവതരിപ്പിച്ച ആനി.

ആനിക്ക് ഒരു മാതൃകാഭർത്താവുണ്ട്—സൗമ്യനും മാന്യനുമായ ഒരാൾ. എന്നാൽ ഒരു ദാമ്പത്യബന്ധത്തിന്‍റെ തുറക്കാത്ത ജാലകങ്ങള്‍ക്കുള്ളിലെ കാഴ്ചകള്‍ ഭയാനകവും വികൃതവുമാണ് . വൈകാരികമായോ ശാരീരികമായോ താന്‍ ആഗ്രഹിക്കുന്ന സ്നേഹവും കരുതലും സംതൃപ്തിയും ആ ബന്ധത്തിൽ ലഭിക്കാതെ വരുമ്പോൾ, ആനി സ്വന്തം വീട്ടിലെ ആരോഗ്യവാനായ ജോലിക്കാരനുമായി രഹസ്യബന്ധം സ്ഥാപിക്കുന്നു. മാസംതോറും കുറച്ച് ദിവസങ്ങൾ അവൾ അയാളുടെ അടുത്തേക്ക് പോകുന്നത്, വെറും അവിഹിതബന്ധത്തിന്‍റെ ആവേശത്തിനുവേണ്ടിയല്ല; സ്വന്തം ജീവിതത്തിൽ ലഭിക്കാതെ പോയ ആനന്ദത്തിന്‍റെ ഒരു ശൂന്യത നികത്താനുള്ള ശ്രമമായാണ് സിനിമ അതിനെ അവതരിപ്പിക്കുന്നത്.

ഇരകള്‍ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഇരകൾ തന്നെയാണ്. കാരണവരായ പാപ്പി രോഗത്തിന്‍റെ ഇരയാകുമ്പോൾ, മകൻ മാത്തുക്കുട്ടി പണം ഉണ്ടാക്കാനുള്ള അവസാനമില്ലാത്ത ഓട്ടത്തിന്‍റെ ഇരയായി മാറുന്നു. മാത്തുക്കുട്ചിയുടെ ഭാര്യ പുരുഷാധിപത്യ വ്യവസ്ഥയുടെ നിശ്ശബ്ദ ഇരയാണ്. അവരുടെ മക്കൾ വിഷലിപ്തമായ രക്ഷാകർതൃത്വത്തിന്‍റെ മുറിവുകൾ പേറുന്നവരാണ്. ആ മക്കളുടെ ഭാര്യമാരും മറ്റൊരു തലത്തിൽ അതേ കുടുംബവ്യവസ്ഥയുടെ ആഘാതങ്ങൾ അനുഭവിക്കുന്ന ഇരകളാണ്.

ഇരകളിലെ റോസ്‌ലിൻ ഒരു നിശബ്ദ കഥാപാത്രമാണ്. ബേബിയുടെ മൂത്ത സഹോദരനായ സണ്ണിയുടെ ഭാര്യയായ അവര്‍, ഈ കുടുംബത്തിലെ വിഷലിപ്തമായ അന്തരീക്ഷത്തിന് നടുവിൽ എല്ലാം സഹിച്ചുനിൽക്കുന്ന ഒരു സാക്ഷിയെപ്പോലെയാണ്.

ഈ കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ സണ്ണി അത്രത്തോളം ടോക്സിക് സ്വഭാവമുള്ള ആളല്ല. ഈ വീടും, ഈ പാപഭാരവും, ഈ ശ്വാസംമുട്ടിക്കുന്ന ജീവിതവും ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി പുതുതായി ജീവിക്കണമെന്നാണ് അയാളുടെ ആഗ്രഹം. എന്നാൽ അപ്പനായ മാത്തുക്കുട്ടിയുടെ പിടിവാശിക്കും ഏകാധിപത്യത്തിനും മുന്നിൽ സ്വന്തം ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തി അയാൾ തകർന്നുപോകുന്നു. ആ നിസ്സഹായതയിൽ നിന്ന് മോചനം തേടാൻ അയാൾ കണ്ടെത്തുന്ന ഏക വഴിയാണ് മദ്യപാനം.

ബേബി ഒരു ദുരന്തമായി മാറുമ്പോഴും, ആ ദുരന്തത്തിനു പിന്നിലെ കര്‍മ്മദോഷങ്ങളെ കാണാനോ തിരുത്താനോ മാത്തുക്കുട്ടി തയ്യാറാകുന്നില്ല. അവിടെയാണ് ഇരകൾ എന്ന സിനിമയുടെ വയലന്‍സ് ഏറ്റവും തീക്ഷ്ണമായി വെളിപ്പെടുന്നത്. മാത്തുക്കുട്ടിയെ അനശ്വരനാക്കിയത് മലയാളത്തിന്‍റെ നടനവൈഭവമായ തിലകനായിരുന്നു.
സ്വന്തം താൽപര്യങ്ങൾക്കായി വളംവെച്ച് വളർത്തിയെടുത്ത ഒരാൾ ഒരുനാൾ അതേ അധികാരഘടനയ്ക്കെതിരെ ആയുധമുയർത്തുമ്പോൾ, അവനെ മനസ്സിലാക്കാനല്ല അധികാരം ശ്രമിക്കുക; മറിച്ച് അവനെ നിശ്ശബ്ദനാക്കാനാണ്. ചരിത്രത്തിലുടനീളം ഏകാധിപത്യങ്ങൾ സ്വീകരിച്ച അതേ വഴിയാണ് മാത്തുക്കുട്ടിയും തിരഞ്ഞെടുക്കുന്നത്. എതിർപ്പിനെ സംവാദത്തിലൂടെ നേരിടാതെ, വെടിയുണ്ടകളിലൂടെ അവസാനിപ്പിക്കുക.

അധികാരവും കാമവും പണത്തോടുള്ള ആസക്തിയും പുരുഷാധിപത്യവും വിഷലിപ്തമായ കുടുംബബന്ധങ്ങളും എങ്ങനെ ഓരോ മനുഷ്യനെയും ഓരോ രീതിയിൽ ഇരകളാക്കി മാറ്റുന്നു എന്നതിന്‍റെ അതിശക്തമായ കലാപരമായ ആവിഷ്കാരമാണ് ഇരകൾ.

കെ. ആർ. മോഹൻദാസ്✍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com