മഴ മേഘങ്ങൾ പെയ്തൊഴിയാതെ ആകാശനീലിമയെ മറച്ചു പിടിച്ച് അങ്ങുമിങ്ങും പാഞ്ഞു നടക്കുകയാണ് . ഇരമ്പലോടെ ആർത്തു പെയ്തു കഴിഞ്ഞാൽ കുറച്ചാശ്വാസമാകും. വീണ്ടും ചടപട പെയ്ത്ത് . മഴയിഴകളെ കാറ്റ് നേരെ നിർത്തുന്നില്ല. ചരിഞ്ഞു പെയ്യുന്ന മഴയ്ക്കു മറ്റൊരു ഭംഗി .
സ്മരണയിൽ തെളിയുന്ന അഴകാർന്ന ചിത്രങ്ങൾക്ക് മഴച്ചാർത്തുകളുടെ അലങ്കാരപ്പണിയുണ്ട്. മാരിത്തണുപ്പിൻ്റെ നനവാൽ ഉണർവേകി ഓർമ്മയെ കുടഞ്ഞെഴുന്നേൽപ്പിക്കാനാകുന്നുണ്ട്.
അതെ വിസ്മൃതിയുടെ കരിമേഘത്തെ പെയ്തൊഴിക്കാൻ മഴക്കിലുക്കത്തിന്റെ നാദമധുരിമയിൽ മറ്റൊരു ബാല്യകാല ഓർമപ്പെയ്ത്തു കൂടി .
മഴക്കാലമായാൽ മരങ്ങളും , ചെടികളുമൊക്കെ ആലസ്യഭാവത്തിലങ്ങനെ നിൽക്കുമ്പോൾ വെറുതെയിരിക്കാൻ സമ്മതിക്കാതെ കാറ്റു പിടിച്ചുകുലുക്കുന്നുണ്ട്, കുസൃതിക്കുട്ടികളെ പോലെ .
മഴയത്തിറങ്ങാൻ സമ്മതിക്കില്ല. വീടിന്റെ പൂമാനത്തിലൂടെ ( ഓടിനു താഴെ അരികുകളിൽ ഭംഗിക്കുവേണ്ടി പണിത തടിപ്പണി ) ഒരേ നീളത്തിൽ , ഒരേ താളത്തിൽ നിർത്താതെ പെയ്യുന്നത് എത്ര നോക്കി നിന്നാലും മതിയാകില്ല.
നല്ല കാറ്റു വരുമ്പോൾ വീട്ടിലുള്ളവരെല്ലാം വരാന്തയിൽ വന്നു നിൽക്കും. മരങ്ങളുടെ ആട്ടം നിന്ന് മഴനൂൽ പെയ്തിറങ്ങാൻ തുടങ്ങുമ്പോൾ എല്ലാവരും അകത്തേയ്ക്കു പോകും. ഞാനെന്റെ കുഞ്ഞിക്കെ നീട്ടി മഴയെ പിടിച്ചു നിർത്താൻ ശ്രമിക്കും
.’ആരാ അവിടെ ചാറ്റലടി കൊണ്ടു നിൽക്കുന്നത് ‘ എന്ന് അകത്തു നിന്ന് ഒച്ച കേൾക്കുമ്പോൾ തൂണിനു മറവിൽ പതുങ്ങും.
മഴ തോർന്നാൽ പുറത്തിറങ്ങാൻ വെമ്പലാണ്. വെള്ളം ഒഴുകിച്ചെന്ന് കുളങ്ങളും തോടുമൊക്കെ നിറയും. .മുറ്റത്ത് മഴനീർ സ്വന്തമായി നിർമിച്ച ചാലു വഴി ഒഴുകുന്ന ജലത്തിൽ ഇനി ഞങ്ങളുടെ പടക്കപ്പലുകൾ ഇറക്കാം. അതിനായി പഴയ പത്രവും കൊണ്ട് ഓരോരുത്തരുടെ അടുത്തു ചെല്ലും നല്ല മൂഡാണെങ്കിൽ വലുതും ചെറുതും, രണ്ടു നിലയുള്ളതുമൊക്കെയായ കടലാസുവഞ്ചികളും കപ്പലുകളും ഉണ്ടാക്കി തരും.
പിന്നെ ഒഴുകുന്ന ചാലിന്നരികിൽ ഒരു മേളം. എന്റെ കപ്പൽ വേഗത്തിലൊഴുകുന്നു. ഈർക്കിൽ കുത്തി കപ്പിത്താനെ വച്ച മറ്റേയാളുടെ കപ്പൽ ചരിഞ്ഞു വെള്ളം കയറുമ്പോൾ കൂട്ടച്ചിരി.
സഞ്ചരിക്കാതെ തോണി എവിടെ യെങ്കിലും തടഞ്ഞു നിന്നാൽ കമ്പുകൊണ്ട് കുത്തിയോടിക്കൽ.അങ്ങനെ രസിച്ചു നിൽ ക്കുമ്പോൾ പാഞ്ഞെത്തിയ ഹെഡ്മാസ്റ്റർപെരുമഴ ഞങ്ങളെ ഓടിച്ച് അകത്തു കയറ്റും.
ഞങ്ങളുടെ കടലാസുതോണികൾ കണ്ണീർ കായലിൽ ചരിഞ്ഞും ചതഞ്ഞും ചരമം പ്രാപിക്കും.
സ്കൂൾ യാത്രയ്ക്കായി വീട്ടിൽ നിന്നിറങ്ങിയാൽ ഇടവഴികളിൽ വെള്ളം മുട്ടോളം നീന്തി ടാറിട്ട റോഡിലെത്തണം. വീണ്ടും പത്തു മിനിറ്റു നടപ്പ്. വല്ലപ്പോഴും വരുന്ന ബസുകളും, അപൂർവ്വം കാറും, സ്കൂട്ടറും റോഡിൽ കാണാം.
അപകടം മുഴുവൻ നടക്കുന്നത് സൈക്കിൾ ഇടിച്ചാണ്. അതാണ് അന്നത്തെപേടിസ്വപ്നം. സൈക്കിളിൽ നിന്നു വീഴുക, വന്നു തട്ടിവിഴ്ത്തുക. ഒരാളുമുമ്പിലും, മറ്റയാളുപിറകിലുമായി സൈക്കിളിൽ യാത്ര ചെയ്യുന്നവർ ഒരുമിച്ചു വീഴൽ. ഇതൊക്കെ സ്ഥിരക്കാഴ്ചകൾ. നടന്നു പോകുന്ന ഞങ്ങൾക്കു കിട്ടുന്ന ഉപദേശം സൈക്കിൾ മുട്ടാതെ നോക്കി നടക്കണേ എന്നായിരുന്നു. ഇന്നത്തെ മോട്ടോർ വാഹനത്തിരക്ക് സ്വപ്നങ്ങളിൽ മാത്രം.
പത്തുമണിപ്പൂവും (ടേബിൾ റോസ്) നാലു മണിപ്പൂവും മഴയിൽ കുതിർന്നു തളർന്നു നിൽക്കുമ്പോൾ പൂച്ചവാൽച്ചെടിയിലെ കടും ചുവന്ന പൂച്ചവാൽപോലുള്ള പൂക്കൾ യാതൊരു ഭാവമാറ്റവുമില്ലാതെ പെരുമഴയെ ശ്രദ്ധിക്കാതെ ഭൂമിയെ നോക്കി നിൽക്കും.
ഓന്തും അരണയും, വേലിപ്പത്തലിൽ ഇടയ്ക്കിടെ അനങ്ങാതിരുന്നും, തുറിച്ചു നോക്കിയും, പെട്ടെന്ന് ഓടിയും മറയും.
അരണഎല്ലാം പെട്ടെന്ന് മറന്നുപോകുമത്രെ ! താനെന്താ ചെയ്യുന്നത് എന്ന കാര്യം മറന്നു പോയിട്ട് ഓർമിക്കാൻ നിൽക്കുന്നതാണ് അൽപ്പനേരം. മറവിക്കാരെ അരണബുദ്ധി എന്നു വിളിച്ചു കളിയാക്കിയിരുന്നു.
ഓന്താണെങ്കിൽ കുട്ടികളുടെ പൊക്കിൾകൊടി വഴി ചോര കുടിക്കും. അതുകൊണ്ടാണത് സ്ഥിരം നിറം മാറിക്കൊണ്ടിരിക്കുന്നത്. ‘വെറുതെ വേലിക്കൽ പോയി നിൽക്കണ്ട’ കുട്ടികളെ നോക്കാൻ വീട്ടിൽ നിർത്തിയിരിക്കുന്ന ചേച്ചി ഓരോന്നു പറഞ്ഞു പേടിപ്പിക്കും.
അടുക്കളപ്പണിക്കു വേറൊരു ചേച്ചിയുണ്ട്. പക്ഷേ അവർ വൈകുന്നേരം വീട്ടിൽ പോകും. അടുത്തു തന്നെയാണ് വീട്. അമ്മസ്കൂളിൽ പോയാൽ ഇവരൊക്കെയാണ് കൂട്ട്. അമ്മൂമ്മ മഴ തുടങ്ങിയാൽ പിന്നെ പ്രാർത്ഥനയും, നിത്യാരാധന പുസ്തകം ഉച്ചത്തിൽ വായനയുമാണ്. അങ്ങോട്ടു പോയിട്ടു കാര്യമില്ല. പിന്നെ ചേച്ചിമാരുടെ കഥകളാണാശ്രയം.
രണ്ടു പേരും പറയുന്ന പ്രേത കഥകൾ ഓർത്താൽ ഇന്നും ഉറങ്ങാൻ പറ്റില്ല. വേനലവധിക്കു വരുന്ന മുതിർന്ന കുട്ടികളും ഡിറ്റക്ടീവു നോവലുകൾ വായിച്ച് ഭീതി ഉണർത്തുന്ന കഥകൾപറയും. പലതും മനസിലായില്ലെങ്കിലും കേട്ടിരിക്കും. എന്തോ ഒരു ദുഷ്ടശക്തി നീണ്ട പല്ലും നഖവും ഉപയോഗിച്ച് ആദൃശ്യരായി നടക്കുന്നത് മനസിൽ പതിഞ്ഞു.
മഴക്കാലത്തെ പ്രത്യേക അന്തരീക്ഷവും, കാറ്റും രാത്രി കാലങ്ങളിൽ ഭീതിയെ തൊട്ടുണർത്തും. പറമ്പിൻ്റെ പടിഞ്ഞാറെ ഗേയ്റ്റിനരികിൽ ഈറ്റക്കാടുണ്ട്. തൊട്ടടുത്ത് വലിയ കുടമ്പുളി മരവും. രാത്രി മരത്തിൽ നിന്ന് ഒരു ആൺ പ്രേതം വന്ന് ഈറ്റക്കാട്ടിൽ ഇരിക്കും. ഇടവഴിയിൽ കൂടി പോകുന്ന പലരും കണ്ടു പേടിച്ചിട്ടുണ്ടത്രെ. വിവരണം കൂടുമ്പോൾ പകൽ പോലും അതുവഴി പോകാൻ പേടി വരും.
പറമ്പിനു തെക്കുവശത്ത് തോട്ടിനരികിൽ രണ്ടു കൂറ്റൻ ആഞ്ഞിലി മരങ്ങളുണ്ട്. അതിൻ്റെ ഉയർന്ന കൊമ്പിൽ പരുന്തുകൾ കൂടു കൂട്ടിയിട്ടുണ്ട്. പ്രത്യേക ഈണത്തിൽ അവ കരയും. അതും പ്രേതങ്ങളുടെ പുറപ്പാടാണ്.
കാരയ്ക്കാമരത്തിൻ്റെ തൊട്ടടുത്ത് വലുതായി വളർന്നു നിൽക്കുന്ന ‘പാല പൂക്കാതിരിക്കാൻ കുട്ടികള് പ്രാർത്ഥിച്ചോളു യക്ഷി ഉറപ്പായും വരും.’
ഇത്രയൊക്കെ ധാരാളം മതി രാത്രി ഇടയ്ക്ക് ഉണർന്നാൽ കരയാൻ .
അന്ന് തവളക്കാൽ കയറ്റുമതി ചെയ്യുന്ന കാലം. പാതിരായ്ക്ക് ഗ്യാസ് ലൈറ്റുമായി ( പെട്രോ മാക്സ്) തവള പിടുത്തക്കാർ ഇറങ്ങും. ലൈറ്റു കണ്ടാൽ ഉടൻ കണ്ണു വലിച്ചടച്ച് കിടക്കും. ഉറങ്ങാത്ത കുട്ടികളെ ചാക്കിൽ കൊണ്ടു പോകും. ആദ്യമാദ്യം ലൈറ്റു കാണുമ്പോൾ അതെന്താണെന്ന ചോദ്യത്തിന് കാട്ടുമാക്കാൻമാർ ഇറങ്ങി എന്നാണു പറഞ്ഞു തന്നിരുന്നത്.
ഈ വക പേടിപ്പെടുത്തലുകൾ ഞങ്ങൾ ഉള്ളിലൊതുക്കി കൊണ്ടു നടന്നു. മാതാപിതാക്കളൊട്ട് അറിഞ്ഞതുമില്ല.
ഒരിക്കലും രാവും പകലും ജനലുകൾ അടച്ചിടാത്ത വീടാണ്. കൊതുക് എന്ന പ്രശ്നം ഓർമയിലില്ല. നിലാമഴയും, ഇരുട്ടും, നാട്ടു വെളിച്ചവും , കാറ്റുമൊക്കെ കണ്ടും കേട്ടുമാണ്പതിവുറക്കം.
തവളയും, ചീവീടും മത്സരിച്ച് ഗാനമേള തുടങ്ങും. ആരാണ് ജയിച്ചതെന്ന് അറിയാൻ പറ്റിയിട്ടില്ല. നിദ്രാ ദേവി തലോടിയുറക്കും. എന്നാലും പാതിരാക്കോഴി കൂവുന്ന ശബ്ദം ഇടയ്ക്കുള്ള ഉണർവിൽ കേൾക്കാറുണ്ട്.
പ്രേതകഥകൾ പകൽ കേൾക്കാൻ വലിയ താൽപര്യമാണ്. നിർബന്ധിച്ചു കഥപറയിപ്പിക്കും. സന്ധ്യയായാൽ തെക്കേ മുറിയിൽ നിന്ന് വടക്കേ മുറിയിലേക്ക് വരാന്തയിൽ കൂടി നടത്തിയിരുന്ന സഞ്ചാരം പിന്നെ ഉൾമുറിയിൽ കൂടി തന്നെയാക്കും.
രാത്രി തട്ടിൻ പുറത്ത് അനങ്ങുന്ന ശബ്ദം കൂടി കേട്ടാൽ പേടി കരച്ചിലായി പുറത്തു വരും.തോട്ടിൻവക്കിൽ ഇപ്പോൾ ആൺ പ്രേതത്തിന്റെ നേതൃത്വത്തിൽ യക്ഷിയും, പിശാചുമൊക്കെ സമ്മേളനം നടത്തുന്ന ദൃശ്യം ഭാവനയിൽ കാണും . ഉറക്കം അതോടെനഷ്ടപ്പെടും.
അമ്മൂമ്മ കട്ടിലിലും കുട്ടികൾ എല്ലാം താഴെയുമാണ് കിടക്കുന്നത്. കഥ കേട്ടവരെല്ലാം ഏതാണ്ട് ഒരേ അവസ്ഥയിലാണ്. പുതപ്പുകൊണ്ട് മുഖം മൂടി കിടക്കും. പക്ഷേ എനിക്ക് താങ്ങാൻ പറ്റില്ല ഞാൻ എഴുന്നേറ്റിരുന്നു കരയും. അമ്മൂമ്മയെ വിളിക്കും.
കാര്യം അറിയുമ്പോൾ അമ്മൂമ്മ പറയും കുരിശു വരക്കാതെയും തമ്പുരാനെ വിളിക്കാതെയും കിടന്നിട്ടാണ് ഭൂതം, പ്രേതം എന്നൊക്കെ പറയുന്നത്. വേഗം കുരിശു വരക്കാൻ പറയുമ്പോൾ താഴെ മൂടിപ്പുതച്ചു ഉറക്കം നടിച്ചു പേടിയില്ലാത്ത പോലെ അഭിനയിച്ചു തലമൂടി കിടന്നവരുടെ തള്ളവിരൽ നെറ്റിയിലേയ്ക്ക് പോകുന്നതു കാണാം, കുരിശു വരയ്ക്കാൻ .
ഞാൻ പിന്നെയും എഴുന്നേറ്റിരിക്കും. അമ്മൂമ്മ എൻ്റെ കാലിൽ കാൽ മുട്ടിച്ച് കട്ടിലിൽ ഇരിക്കും. ഞാൻ ഉറങ്ങിയ ശേഷമേ അമ്മൂമ്മ കിടക്കൂ.
മഴക്കാലത്താണ് പേടി കൂടുതൽ. കാറ്റിൽ ചില്ലകൾ ഒടിയുന്നതും രാത്രിമഴയുടെ ശബ്ദവും ആരുടെയൊക്കെയോ പുറപ്പാടായി കരുതിയിരുന്നു.
സ്കൂളിൽ കൂട്ടുകാരിൽ നിന്ന് പുതിയ പുതിയ കഥകൾ കേട്ടറിഞ്ഞു കൂടുതൽ പേടിക്കാൻ തുടങ്ങി. അത് മിക്കവാറും മരിച്ചു പോയവരെ കുറിച്ചും, സിമിത്തേരി ബെയ്സ്ട് കഥകളാകും. രാത്രി പേടി കൂടിയപ്പോൾ അമ്മയോടു പറഞ്ഞു. ഇതൊക്കെ നുണക്കഥകളാണെന്നും ഒന്നിനെയും പേടിക്കേണ്ടെന്നും സമാധാനിപ്പിക്കും.
പക്ഷേ എത്ര പറഞ്ഞാലും ഉപദേശിച്ചാലും രാത്രിയുടെ ഭീകരതയിൽ എല്ലാം മറക്കും.
എറണാകുളത്തു വീട്ടിൽ ചെന്നാൽ കുറച്ചു കൂടി വീര്യമുള്ള പ്രേത കഥകളാണ് കേൾക്കുന്നത്. ഇംഗ്ലീഷ് പ്രേതങ്ങളായ ഡ്രാക്കുളയും, പ്രഭുവും കുതിര കുളമ്പടിയും പിന്നെ മുഴുവൻ കഥ മനസിലായില്ലെങ്കിലും, കുതിരക്കാൽവെച്ച മനുഷ്യർ കൊച്ചി പാലത്തിനു താഴെ പേടിപ്പെടുത്താൻ നിൽക്കുന്ന യഥാർത്ഥകഥകളും ഒക്കെ മിക്സായി മഴക്കാല രാത്രികളിൽ സ്വപ്ന രൂപത്തിൽ വന്ന് എഴുന്നേൽപ്പിക്കും.
പേടി മാറ്റാൻ മുതിർന്നവർ എത്ര ഉപദേശിച്ചിട്ടും പാതിരായ്ക്കെങ്ങാനും ഒന്നു ഉണർന്നു പോയാൽ ഇവരൊക്കെ എന്നും ഭീതി നൽകുന്ന രൂപങ്ങളായി ഏറെക്കാലം നില നിന്നു പോന്നു.
കർക്കിടകത്തിൽ മഴ അതിന്റെ താണ്‌ഡവം തുടരും, കടത്തിണ്ണയിൽ ആളുകൾ പണിക്കു പോകാൻ വയ്യാതെ ചൂളിപ്പിടിച്ചു ഇരിക്കുന്നതു കാണാം. ഓലപ്പുരകൾ ചോർന്നൊലിക്കും. വറുതിയുടെ നാളുകളാണ്.
വേനൽക്കാലത്തു തന്നെ ചെറിയ കെട്ടുകളാക്കി ശേഖരിച്ചു വെച്ചിരിക്കുന്ന ഓലച്ചൂട്ടിനും, ഓലമടലിനും, തേങ്ങാ പൊതിച്ച പൊതി മടലിനും, കൊതുമ്പിനുമൊക്കെ ആവശ്യക്കാർ വന്നു തുടങ്ങും.
കുറച്ചു താവലും , തേങ്ങയും കൂടി ചോദിക്കും. അരിയിൽ ഉമി മാറ്റി വൃത്തിയാക്കുമ്പോൾ കിട്ടുന്ന പൊടിയരിയാണ് താവൽ. തീരെ നിവൃത്തിയില്ലാത്ത പാവം സ്ത്രീകളാണ് അവരുടെ ഉടുമുണ്ടിന്റെ കോന്തലിൽ തന്നെ നാഴിയിലെടുത്തു ഇട്ടു കൊടുക്കുമ്പോൾ താവൽ സ്വീകരിച്ച് വലിയ പന്തു വെച്ചിരിക്കുന്ന പോലെ കെട്ടി വെച്ചു കൊണ്ടു പോകുന്നത്.
കഞ്ഞിവെള്ളത്തിനും ആവശ്യക്കാർ ഏറെ. മൃഗങ്ങൾക്കു കൊടുക്കാനാണെന്നാണു പറയുന്നത്. കഞ്ഞിവെള്ളത്തിൽ നിറയെ ചോറിട്ടു അമ്മ കൊടുത്തത് അവരുടെ ഉളളറഞ്ഞു തന്നെയായിരുന്നു എന്നു അന്നു ഞാനറിഞ്ഞില്ല.
കോമ്പൗണ്ടിനകത്തു തന്നെയുള്ള തോടുകളിൽ ചേട്ടന്മാർ ചൂണ്ടയിടാൻ തുടങ്ങും. ഞാഞ്ഞൂലും, പാറ്റയുമാണ് ഇരകൾ. അതു തീരുമ്പോൾ എത്തിച്ചു കൊടുക്കൽ കുട്ടികളുടെ ജോലിയാണ്. തട്ടു മ്പുറത്ത് ഇരുട്ടുള്ള ഭാഗത്ത് പാറ്റയും, വടക്കേ മുറ്റത്ത് ഞാഞ്ഞൂൽശേഖരവും ഉണ്ട്. ശനിയും ഞായറുമാണ് മത്സ്യബന്ധനം നടക്കുന്നത്. ജീവനോടെ പിടിച്ച് കുടത്തിലും കലത്തിലും വെള്ളം നിറച്ച് ശേഖരിക്കും .
കുഞ്ഞുമീനുകളെ തോർത്തിലും തുണിയിലും പിടിക്കാൻ അനുവദിക്കില്ല.കാരണം ജലാശയത്തിൽ ഇറങ്ങിയാൽ നല്ല ആഴവും ചെളിയും ഉണ്ട്.
എത്ര മഴയാണെങ്കിലും സ്കൂളവധി പ്രഖ്യാപിച്ചതായി ഓർമയിലില്ല. നല്ല മഴയെങ്കിൽ ഒന്നോ രണ്ടോ പീരിയഡ് നേരത്തേ കൂട്ടബെല്ലടിച്ച് സ്കൂൾ വിടും. അപ്പോഴുണ്ടാകുന്ന ആരവവും സന്തോഷവും വളരെ വലുതായിരുന്നു.
ഞങ്ങളുടെ ദ്വീപിൽ നിന്ന് അന്ന് ജോലിക്കും, പഠനാവശ്യങ്ങൾക്കും മറ്റു സ്ഥലങ്ങളിൽ പോകണമെങ്കിൽ വഞ്ചിയോ, ബോട്ടോ കടക്കണം എന്നിട്ടു വേണം ബസു കയറാൻ. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമൊക്കെ ഈ ജലയാത്ര കഴിഞ്ഞാണ് ലക്ഷ്യസ്ഥാനത്തേയ്ക്ക് അനുദിനം എത്തിച്ചേർത്തിരുന്നത്.
വഞ്ചി യാത്ര തുടങ്ങുമ്പോൾ തന്നെ കാറ്റും മഴയും ആർത്തലച്ചു പെയ്യും. കുട ചൂടി വഞ്ചിയിൽ ഇരിക്കും യാത്രക്കാർ. ഇത്ര വലിയ കാറ്റിലും മഴയിലും തോണി അപകടം കൂടാതെ അക്കരെ എത്തും. ഒരിക്കൽ പോലും യാത്രാ വഞ്ചി മുങ്ങി അപകടമരണം എന്റെ അറിവിൽ ഉണ്ടായിട്ടില്ല.
വീട്ടിലുള്ളവരുടെ മനമുരുകിയ നെടുവീർപ്പുകളും പ്രാർത്ഥനയും കൊണ്ടാകാം ഒന്നും സംഭവിക്കാതിരുന്നത് എന്നു കരുതാം.
ഗ്രാമത്തിലെ എല്ലാവരും തന്നെ ദൈവിശ്വാസികളായിരുന്നു എന്നു തോന്നുന്നു. പുറത്തേയ്ക്കിറങ്ങു മുമ്പ് വീട്ടിലെ ദൈവ രൂപത്തിലേക്ക് നോക്കി ആൺ പെൺ ഭേദമില്ലാതെ വണങ്ങുകയും, പ്രാർത്ഥന ശബ്ദമില്ലാതെ ഉരുവിടുകയും ചെയ്യുന്നകാഴ്ച ഞങ്ങൾ കുട്ടികളിലും ആ ശക്തി ഏത വസ്ഥയിലും തുണയാകുമെന്ന വിശ്വാസമേകി. ജീവിതയാത്രയിൽ അതിനെ മുറുകെ പിടിക്കാനും പ്രേരണ നൽകി.
മഴക്കാലവിശേഷങ്ങൾ ഇനിയുമേറെയുണ്ട്. വായിക്കുന്നവരിൽ ഭൂരിഭാഗം പേരും ഏതു നാട്ടിലാണെങ്കിലും ഇതൊക്കെ കണ്ടും കേട്ടും വളർന്നവരായിരിക്കാം. 44 നദികളുള്ള കേരളത്തിൽ ഇതൊക്കെ കാണാത്തവരുണ്ടോ? പക്ഷേ ഇതെല്ലാം നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു.
ആധുനികതയുടെ സൗകര്യങ്ങളിൽ അന്നത്തെ കാലമൊക്കെ വിസ്മൃതിയിലാക്കാതെ ഇടയ്ക്കിടെ ഒന്നോർമ്മിക്കുന്നത് നല്ലതല്ലേ?
അവധിക്കാലാഘോഷം , മഴക്കാലാഘോഷം എന്നിങ്ങനെ എല്ലാം ദൂരെയാത്ര പോയി കണ്ടറിയാതെ നമ്മുടെ പരിസരത്തു തന്നെ ആഘോഷമാക്കിയ ആ നല്ലകാലത്തിന്റെതനിമയും പൊലിമയും എത്ര അന്യസ്ഥല സന്ദർശന യാത്രാ വിശേഷങ്ങൾ പറഞ്ഞാലും സംതൃപ്തി നൽകയില്ല എന്നതു പച്ചയായ യാഥാർഥ്യം മാത്രം.
പണ്ട് നമ്മുടെ കേരള നാട്ടിൽ നിന്ന് വിദേശികൾ സുഗന്ധ വ്യഞ്ജനങ്ങൾ കടത്തിക്കൊണ്ടു പോകുന്നതു കണ്ട് വിഷമിച്ച മന്ത്രിയോട് രാജാവ് പറഞ്ഞത്രെ അവർക്ക് നമ്മുടെ ഞാറ്റുവേല കൊണ്ടു പോകാൻ പറ്റില്ലല്ലോ?
അതെ. ഇവിടെ സസ്യശ്യാമളത നട്ടുപിടിപ്പിക്കാൻ കേരളത്തിനു മാത്രം സ്വന്തമായ ഞാറ്റുവേലക്കാലവും, മൺസൂൺ പെയ്ത്തും ലോകത്തെവിടെയായാലും മനസിൽ സൂക്ഷിക്കാത്ത മലയാളിയുണ്ടോ?
ഓർമകൾ ഉണ്ടായിരുന്നാൽ മാത്രം പോര, ജീവിതയാത്രയിലതുകൂട്ടായിരിക്കണമെക്കാലവും.
ഈരിഴ തോർത്തിൽ പരൽ മീനുകളെ തേടിയിറങ്ങിയ നീരൊഴുക്കിൽ ഉടുമുണ്ടൊഴുകിയൊരോർമ്മ…..
കടലാസ് തോണികൾ നെഹ്റു ട്രോഫി വളളംകളിയേക്കാൾ ആവേശത്തിൽ ജയങ്ങൾക്കായി ആവേശത്തോണി തുഴഞ്ഞൊരോർമ്മ……മൂവന്തിയിൽ പാലയിൽനിന്നിറങ്ങിവരുന്ന യക്ഷിയുടെ കണ്ണിൽപ്പെടാതെ കരിമ്പടത്തിനുള്ളിലൊളിച്ചൊരോർമ്മ…..
നന്മയുടെ താവൽപ്പൊന്ന് പങ്കിട്ടു കഴിച്ച നിറവിന്റെ ഓർമ്മകൾ…..
കാലങ്ങൾക്കിപ്പുറം തിരികെയാത്രയ്ക്കായി മനമൊരുങ്ങുന്നോർമ്മകളിലേയ്ക്ക് ചിന്തകളുടെ തുഴയെറിഞ്ഞൊരു യാത്ര…..
ഭാവനകൾ ഉരുൾ പൊട്ടുന്ന പോലെയുള്ള അനുഭവം ഈ കഥ വായിക്കുമ്പോൾ
വായനക്കാരുടെ മനസ്സിലും ചെറുപ്പകാല ഓർമ്മകൾ തികട്ടിവരുവാൻ ഈ അനുഭവക്കുറിപ്പ് ഇടയാക്കും എന്നതിൽ സംശയമില്ല . നല്ല വായന അനുഭവം
നല്ല വായനാനുഭവം.മഴക്കാലത്തിന്റെ രസങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല.
ബാല്യത്തിന് സമ്പത്തും ദാരിദ്ര്യവും എല്ലാം ഒരുപോലെയാണ്.എല്ലാവരും എല്ലാംകൊണ്ടും സമ്പന്നർ.
മഴക്കാല ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് ഒരുപിടി സ്നേഹം കൂടുതൽ.
ഇനിയും ഇനിയും എഴുതൂ.ഞങ്ങൾ വായിച്ച് രസിക്കട്ടെ.
മഴക്കാല ഓർമകൾ അയവിറക്കാൻ ഇടവന്നു. മറന്നു കളയാതെ ഇതെല്ലാം എഴുതുന്നതിൽ അഭിനന്ദനം . ഒരു കാലത്ത് എല്ലാവരും തന്നെ ഇതെല്ലാം അനുഭവിച്ചവരായിരിക്കണം.
മഴക്കാല ഓർമ്മകൾ നന്നായിട്ടുണ്ട്, ബാല്യവും കൗമാരവും ആണ് ഒരാളുടെ ജീവിതത്തിലെ സുന്ദര കാലം, അന്നത്തെ സുഖവും ദുഃഖവും എല്ലാം പിൽക്കാലത്തു ജീവിതം കരുപിടിപ്പിക്കുവാൻ ഗുണകരമാവും.
മനോഹരം 👏
❤️❤️
ആദ്യം തന്നെ തലക്കെട്ട് വായിച്ചപ്പോൾ എന്താണ് റോമി ഉദ്ദേശിച്ചിരിക്കുന്നത് എന്ന സംശയമായിരുന്നു. മുഴുവനും വായിച്ചപ്പോഴാണ് അർത്ഥം മനസ്സിലായത്. മഴക്കാല ഓർമ്മകളിലേക്ക് വീണ്ടും കൊണ്ടു പോയതിന് നന്ദി.
റോമി ബെന്നിയുടെ ഓർമ്മക്കുറിപ്പ് താവൽ പൊന്നളന്ന നിറനാഴി ഓർമ്മകൾ – വായനയുടെ ഒരു സ്വർഗ്ഗം തന്നെയാണ്. എന്തെന്തെല്ലാം അനുഭവങ്ങൾ. ഒന്നുകൂടി കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ കൊതിയാവുന്നു…….
മഴയുടെ പല രൂപഭാവങ്ങൾ തൊട്ട്, മഴക്കാലത്തുതുള്ള ചെടികളുടെ ആലസ്യഭാവവും കാറ്റിൻ്റെ പിടിച്ചുകുലുക്കലും ശരിക്കും ജീവനുള്ള ഒരു വർണ്ണനയാണ് പിന്നെ പൂമാനത്തിലൂടെ പെയ്തിറങ്ങുന്ന മഴയുടെ ഭംഗിയും മഴനൂലുകളെ പിടിച്ചു നിറുത്തുന്ന കുഞ്ഞു റോമിക്കുട്ടിയും മഴ വെള്ളത്തിൽ ഈർക്കിൽ കപ്പിത്താനെയും വച്ചിറക്കുന്ന പടക്കപ്പലുകളും ഓന്തും അരണയും ടേബിൾ റോസും നാലു മണിപ്പൂക്കളും പൂച്ച വാലും പ്രേതവും പിശാശും യക്ഷിയും പാലയും മുളങ്കാടും അമ്മൂമ്മയുടെ സ്നേഹവും സൈക്കിൾ മുട്ടാതെ സൂക്ഷിച്ചു പോകണേ എന്നു പറയുന്നതും, അന്നത്തെ കാലവും, ഏതു പ്രതിസന്ധിയിലും ഈശ്വരവിശ്വാസം തുണയാകും എന്ന ബോധ്യം തന്ന ഒരു കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകളും ഒക്കെക്കൂടി എഴുത്തിൻ്റെ ഒരു സർഗ്ഗ പ്രപഞ്ചം തന്നെയാണ് സൃഷ്ടിക്കുന്നത്.
ഇത് വായിക്കാത്തവർക്ക് നഷ്ടം.
ഗംഭീര എഴുത്ത്.അലങ്കാരങ്ങളും വർണ്ണനകളും കുലംകുത്തി പാഞ്ഞൊഴുകുകയാണ് , ആ തൂലികയിലൂടെ.
ഒരിക്കൽ കൂടി പറയട്ടെ, സാഹിത്യ ലോകത്തെ ഒന്നാം നിര എഴുത്തുകാരി,അസാധ്യ എഴുത്തുകാരിയാണ് റോമി ബെന്നി.അനുഗൃഹീത .
എഴുത്തുകാരിക്ക് അഭിനന്ദനത്തിൻ്റെ പൊൻമലരുകൾ. വീണ്ടും വീണ്ടും എഴുതുക. കാത്തിരിക്കട്ടെ….
നല്ലെഴുത്ത്
മഴയോർമ്മകൾ മനോഹരം റോമി
ദാരിദ്ര്യത്തിന്റെ കറുത്ത മുഖമായിരുന്നു കൂട്ടിക്കാലത്തെ
മഴയ്ക്ക് അതിന്റെ ഭംഗി അന്ന ത്ര ആസ്വദിച്ചിട്ടില്ല. നിന്റെ വരികളിൽ പോയ കാലത്തിന്റെ നനഞ്ഞൊട്ടിയ ഓർമ്മകളെ ഞാൻ തോരാനിടട്ടെ.
എഴുതുക കുട്ടി ഓർമ്മകൾ തിടം വച്ച് നിറയട്ടെ. സ്നേഹം മാത്രം.❤️❤️❤️
സുന്ദരമായ ഭാഷ
ഹൃദയത്തിൽ നിന്നു വരുന്ന ചിത്രങ്ങൾ
കൊച്ചു കൊച്ചനുഭവങ്ങളുടെ വിവരണത്തിലൂടെ തെളിഞ്ഞു വരുന്ന
പഴയ കാലത്തിൻ്റെ ഭൂമണ്ഡലങ്ങൾ.
വീടകങ്ങൾ
മഴക്കാല നിനവുകൾ
ഹരിതസമൃദ്ധി
അങ്ങനെ അങ്ങനെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന
ഓർമ്മകളുടെ കൊയ്ത്തു കാലം.
നന്നായിട്ടുണ്ടു റോമീ
ഇനിയും എഴുതണം
അഭിപ്രായങ്ങളും, പ്രോത്സാഹനവും നൽകിയ പ്രിയപ്പെട്ടവർക്ക് നന്ദി. സത്യസന്ധതയോടെ അനുഭവങ്ങൾ മാത്രം വർണ്ണിച്ചപ്പോൾ അത് സ്വീകരിച്ചതിനും, സ്വാനുഭവങ്ങളോടു ചേർത്തുവെച്ചതിനും ഒത്തിരി സ്നേഹം.