അന്ന് കോളജിൽ പഠിച്ചിരുന്ന കാലം, എനിക്ക് അഭിനയം, നാടകം ഒക്കെ തലക്ക് പിടിച്ച് ക്ലാസ്സിൽ കയറാതെ നടന്നിരുന്ന ദിവസങ്ങൾ. ഞാൻ അജയനെ കൂട്ടുപിടിച്ചു എത്രയെത്ര നാടക ക്യാമ്പുകളിൽ കയറിയിറങ്ങിയിരുന്നു. അജയൻ നല്ലപോലെ തബല വായിക്കുമായിരുന്നു, അന്നും, ഇന്നുമതെ. ഞങ്ങൾ പഠിക്കുന്ന കാലത്ത് അന്നത്തെ അമേച്വർ നാടക സമിതികളിൽ കയറിക്കൂടാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥികളായ ഞങ്ങളെ ആരും പരിഗണിച്ചില്ല എന്നതാണ് വാസ്തവം.
തിലകൻ ചേട്ടനും എൻ എൻ പിള്ളയും ഓരോ പൂരപ്പറമ്പിലും പല വേദികളിലും തകർത്താടിയത് ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്. അങ്ങനെ വീട്ടുകാരറിയാതെ നഗരത്തിലെ അറിയപ്പെടുന്ന നാടകവേദിയിൽ അവസരത്തിന് വേണ്ടിച്ചെന്നപ്പോൾ, “ഇപ്പോൾ പോയി പഠിച്ചിട്ട് വാ മക്കളേ” എന്നൊരു ഉപദേശവും തന്ന് പറഞ്ഞു വിട്ടു.
തീവ്രമായ നാടക മോഹം, അതൊന്നുകൊണ്ട് മാത്രം ഞങ്ങൾക്ക് ഒരു തോന്നലുണ്ടായി, എന്തുകൊണ്ട് ഒരു നാടകട്രൂപ്പ് ഉണ്ടാക്കിക്കൂടാ. പഠിപ്പ് അവടെ നിൽക്കട്ടെ, നാടകഭ്രാന്ത് തലക്ക് പിടിച്ചിരിക്കുന്നു. ഇനിയൊരു നാടകട്രൂപ്പ് തുടങ്ങിയിട്ട്തന്നെ കാര്യം. ഞങ്ങൾ തലപുകഞ്ഞ് ആലോചിച്ചു. വീട്ടിൽ പറഞ്ഞാൽ ഒരു നയാപൈസ കിട്ടില്ല, മാത്രമല്ല പഠിപ്പ് മുടക്കിയിട്ട് ഒരു കാര്യത്തിനും അച്ഛനും അമ്മയും സമ്മതിക്കുകയുമില്ല. എന്തായാലും നാടകക്കമ്പനി തുടങ്ങുക തന്നെ.
ആദ്യമായി ഒരു പ്രധാന നടനെക്കണ്ടെത്തണം. ഒട്ടും ആലോചിക്കേണ്ടി വന്നില്ല. എൻ്റെ ഗ്രാമത്തിലെ, ഞങ്ങളെല്ലവരും വാസുചേട്ടൻ എന്ന് വിളിക്കുന്ന കെ.വാസുദേവൻ, നല്ലൊരു അഭിനേതാവാണ്. കോളജിൽ പഠിക്കുന്ന കാലത്ത് നാടകത്തിന് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയ ഒരാൾ. സാമൂഹികോന്നമനം ലക്ഷ്യമാക്കി ജനങ്ങളെ ബോധവൽക്കരിക്കാൻ അന്നത്തെ നാടകങ്ങൾ വളരെയധികം പങ്കുവഹിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു സാമൂഹിക പരിഷ്‌കർത്താവുമായ വാസുചേട്ടനുള്ളപ്പോൾ വേറൊരു നടനെപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ല. വൈകാതെ, ഞാനും അജയനും കൂടി വാസുചേട്ടനെ കാണാനിറങ്ങി. കുറേക്കാലമായി അദ്ദേഹത്തെക്കണ്ടിട്ട്. വലിയ നടനൊക്കെ ആയിക്കാണും, പഴയ പരിചയം വെച്ച് ധൈര്യമായി മുന്നോട്ടിറങ്ങി.
പഴയ, വലിയ തറവാട്, പ്രതാപം ചിതലരിച്ചു പലഭാഗവും വീഴാനായിരിക്കുന്നു. പ്രധാന വാതിൽ മെല്ലെ ചാരിക്കിടക്കുന്നുണ്ട്. ഞങ്ങൾ ഉമ്മറത്ത് കയറി, ഒരൽപ്പം ആശങ്കയോടെ വാതിലിൽ മുട്ടി.
കുറച്ച് സമയത്തിന് ശേഷം ഒറ്റമുണ്ടും ബനിയനും ധരിച്ച് വാസുചേട്ടൻ പുറത്തേക്ക് വന്നു. ചേട്ടന് ഞങ്ങളെ ശരിക്കും പിടിക്കിട്ടിയില്ലായെന്നു തോന്നുന്നു. തീക്ഷ്ണമായ കണ്ണുകളിലെ ചോദ്യം മനസ്സിലാക്കി ഞങൾ സ്വയം പരിചയപ്പെടുത്തിക്കൊടുത്തു. ഞങ്ങളെ തിരിച്ചറിഞ്ഞതും ചേട്ടൻ ഒരൽപ്പം നീരസത്തോടെ, എന്താണ് ഇപ്പോഴിങ്ങോട്ട് വന്നത് എന്നായി. ഒരു മുഖവുരയില്ലാതെ ഞങ്ങൾ വന്ന കാര്യത്തിലേക്ക് കടന്നു. എല്ലാം വളരെ നിസ്സംഗതയോടെ കേട്ടതിന് ശേഷം വാസുചേട്ടൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ഏതാനും നിമിഷങ്ങൾക്കകം പത്തും എട്ടും വയസ്സ് തോന്നിക്കുന്ന ഒരാൺകുട്ടിയേയും പെൺകുട്ടിയേയും കൊണ്ട് ഉമ്മറത്തേക്ക് വന്നു. “കുട്ടികൾ വിശന്നിട്ട് കരയുന്നു, അരി വാങ്ങാൻ കാശില്ല. ഞങ്ങളെല്ലാവരും കൂടി ഇന്ന് ജീവനൊടുക്കാൻ തീരുമാനിച്ചിരിക്കവേ, എന്തിനാണിപ്പോൾ നിങ്ങളിങ്ങോട്ട് കയറി വന്നത്, എനിക്കാണെങ്കിൽ അഭിനയമല്ലാതെ വേറെയൊരു പണിയും അറിയുകയുമില്ല” എന്നും പറഞ്ഞു ചേട്ടൻ വിതുമ്പാൻ തുടങ്ങി.
ഞങ്ങൾ തരിച്ചിരുന്നു പോയി. ഇതൊരു നിയോഗമായിരുന്നോ, ഈ കുഞ്ഞുങ്ങളെ മരണത്തിൻ്റെ പിടിയിൽനിന്നും വേർപ്പെടുത്തുക എന്നത്. ചെങ്കലർന്ന് കണ്ണുനീർ പൊടിഞ്ഞ വാസുദേവൻ്റെ കണ്ണുകൾ ഞങ്ങൾക്ക് നേരെ നീണ്ടു. ചേട്ടനൊരാവേശത്താൽ എഴുന്നേറ്റ് വന്ന് കുട്ടികളെയും ഞങ്ങളെയും കെട്ടിപ്പിടിച്ചു തേങ്ങി. കുട്ടികൾ ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കിനിന്നു. അപ്പോൾ വാതിൽക്കൽ ഒരു സാരിത്തുമ്പ് കണ്ണീരൊപ്പി അകത്തേക്ക് മറയുന്നത് കണ്ടു. ഞങ്ങൾക്ക് തോന്നി, ഇതാണ് ശരിയായ സമയം, തകർന്നുപോയൊരു കലാകാരൻ്റെ ഉയിർത്തെഴുന്നേൽപ്പിനുള്ള സമയം, ഈ രണ്ടു കുഞ്ഞുങ്ങളുടെയെങ്കിലും ദാരിദ്ര്യം ഒരു പരിധി വരെ ഇല്ലായ്മ ചെയ്യാൻ പറ്റിയ അവസരം.
സ്വന്തം നാട്ടിലെ വാസുദേവൻ എന്ന പ്രതിഭയെ നിഷ്‌ക്കരുണം ഇല്ലാതാക്കാൻ ഞങൾ തയ്യാറല്ലായിരുന്നു. അദ്ദേഹത്തിന് പകരം വേറൊരു നടനെക്കൊണ്ട് വരുന്നതിൽ അർത്ഥമില്ല. വാസുചേട്ടൻ്റെ മക്കളുടെ വിശപ്പിനു അറുതി വരുത്തിയാൽ വാസുചേട്ടൻ നാടക ട്രൂപ്പുമായി സഹകരിക്കുമെന്ന വിശ്വാസത്തിൽ അതിനുള്ള പരിഹാരത്തിനായി പിന്നീടുള്ള ഓട്ടം. എന്ത് ചെയ്യും. രണ്ടുപേരും തലപുകഞ്ഞ് ആലോചിച്ചു. അവസാനം അജയൻ്റെ പറമ്പിലെ മേൽനോട്ടക്കാരൻ ഗോപിച്ചേട്ടനെ താപ്പിലാക്കി. ആ മാസത്തെ തേങ്ങ മറിച്ച് വിറ്റ പൈസ വാങ്ങിച്ചുകൊണ്ട് വന്ന് വാസുചേട്ടൻ്റെ വീട്ടിലേക്ക് ഒരു മാസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കൊടുത്തു. കുറച്ച് കാലത്തേക്ക് കുട്ടികളുടെ വിശപ്പകറ്റാനുള്ളത് ആയല്ലോ അതുകൊണ്ട് ചേട്ടനും സന്തോഷമായി, നാടകത്തിന് അഭിനയിക്കാമെന്ന് വാക്കും തന്നു.
നാടകക്കളരി അടുത്തുള്ള ചായപ്പീടികയുടെ മുകളിലുള്ള മുറികളിൽ ഒരുക്കമായി.
പിന്നീട് ദ്രുതഗതിയിലാണ് കാര്യങ്ങൾ നടന്നത്. ബാക്കിയുള്ള ആർട്ടിസ്റ്റുകളെ വളരെപ്പെട്ടന്ന് തന്നെ തരപ്പെടുത്തി. ഇനി ഈ സമിതിക്കൊരു പേര് വേണം, എൻ്റെ ഇഷ്ടം ഞാൻ.പറഞ്ഞു, “മിത്രവേദിക”. നല്ലപേര്, എല്ലാവർക്കും സമ്മതമായി. അത്യാവശ്യം നാടകങ്ങളും കഥകളും എഴുതി നടന്നിരുന്ന എൻ്റെ കഥ, “നേർച്ചക്കോഴി” തന്നെയാവട്ടെ ആദ്യത്തെ നാടകം എന്നായി അജയൻ. എൻ്റെ കഥ വായിച്ച വാസുചേട്ടനും വിപരീത അഭിപ്രായമുണ്ടായില്ല. അങ്ങനെ നാടക പരിശീലനം കൊടുമ്പിരികൊണ്ടു നടക്കുകയാണ്. അഭിനയവും ഡയലോഗ് പഠിക്കലും പാട്ടും സംഗീതവും അതിനിടക്ക് പൊട്ടിക്കുന്ന ഫലിതവും ഒക്കെയായി തകർത്തു മുന്നേറുന്നു. നാട്ടിലൊരു നാടകസംഘം പ്രവർത്തിക്കുന്നത് കാട്ടുതീ പോലെ പടർന്നു. എല്ലാവർക്കും ആവേശമായി. സ്വന്തം ഗ്രാമത്തിലൊരു നാടകസമിതി, ആലപ്പുഴയിലും കൊല്ലത്തും കോഴിക്കോടുമൊക്കെ നാടകട്രൂപ്പുകളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ നമ്മുടെ നാട്ടിലും.
എല്ലാവർക്കും ഒരു ഉത്സവ പ്രതീതിയായിരുന്നു. നല്ലവരായ നാട്ടുകാരുടെ സഹകരണ മനോഭാവം, നാടകക്കാർക്ക് ചിലർ പ്രഭാത ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ ചിലർ ഉച്ചഭക്ഷണവും മറ്റുചിലർ വൈകുന്നേരങ്ങളിലെ ചായയും നൽകാമെന്ന് ഉറപ്പും നൽകി. മാത്രമല്ല, നല്ല സംഭാവനകൾ തന്നും നാട്ടുകാർ പ്രോത്സാഹിപ്പിച്ചു.
നാടകനടീനടന്മാരുടെ ചിത്രം ഉൾപ്പെടുത്തി നാട്ടിലെ കവലകളിലും മതിലിലും പോസ്റ്ററുകൾ ഒട്ടിച്ചു കഴിഞ്ഞു, മാത്രമല്ല, കെ വാസുദേവൻ എന്ന നടൻ്റെ വലിയൊരു ചിത്രംതന്നെ പ്രധാന കവലയിൽ വെച്ചു.
വളരെപ്പെട്ടന്നാണ് ദിവസങ്ങൾ വിരിഞ്ഞു വീണത്. നാടകത്തിൻ്റെ ആദ്യത്തെ കളി ബുക്കിംഗ് ആയി, ഓണത്തിന്, കോഴിക്കോട് ടൗൺഹാളിൽ. തിക്കോടിയൻ്റെ നാടകവും, സുരാസുവും പകർന്നാട്ടം നൽകിയ കോഴിക്കോട്ടെ ടൗൺഹാളിൽ. എല്ലാവർക്കും നല്ല ഉത്സാഹമായിരുന്നു. സമിതി ഒരു വാൻ വാടകക്ക് എടുത്തു, പോക്കുവരവിനായി.
അങ്ങനെ കാത്തിരുന്ന സുദിനം വന്നെത്തി, ബാനർ കെട്ടിയ വാനിൽ നാടകസംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കൃത്യം 7 മണിക്ക് നാടകം, ടൗൺഹാൾ നിറയെ ആളുകൾ. വാസുചേട്ടൻ അരങ്ങിൽ നിറഞ്ഞാടുകയാണ്. പലവിധ ഭാവങ്ങൾ കാണികളിലും. പരിപാടി കഴിയുന്നതിന് മുമ്പേതന്നെ രണ്ടു പരിപാടി ബുക്കിംഗ് ആയി.
വളരെ നല്ല പ്രതികരണമായിരുന്നു കാണികളിൽ നിന്നുണ്ടായത്. എല്ലാവർക്കും സന്തോഷമായി.
അപ്പോഴേക്കും പുതിയ നാടകവും സംഘവും നാട്ടിലും പുറത്തും ചർച്ചയായി. ഇത്രപെട്ടന്നു ഒരു പുതിയ ട്രൂപ്പ് അംഗീകരിക്കപ്പെടുന്നു, ഒപ്പംതന്നെ ആദ്യത്തെ നാടകവും. വാസുചേട്ടൻ്റെ അഭിനയം ശ്ലാഘനീയം എന്ന് പരക്കെ അറിയപ്പെട്ടു.
ഒരു സ്റ്റേജിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന ക്രമത്തിൽ നാടകം പലപല സ്റ്റേജുകളിൽ വിജയാരവം മുഴക്കി അതിൻ്റെ യാത്ര തുടർന്നുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം, അടുത്ത പരിപാടിക്കുള്ള പരിശീലനത്തിന് ഇടയിൽ നാടകക്കളരിയിലേക്ക് ആരോ വന്നു, വാസുചേട്ടനെക്കാണാൻ. ഒരു രംഗം പരിശീലനം കഴിഞ്ഞപ്പോൾ ചേട്ടനയാളെക്കാണാൻ പുറത്തേക്ക് ചെന്നു. അവർ ഏതാണ്ട് ഒരു പത്തു മിനിറ്റോളം സംസാരിച്ച് കാണും, അപ്പോഴേക്കും വാസു ചേട്ടൻ അതൊന്നും ശരിയാവില്ലെന്നു പറഞ്ഞു വന്നയാളോട് പൊയ്ക്കോളാൻ പറയുന്നത് കേട്ടു. ഞാൻ വിവരം തിരക്കി. അപ്പോഴാണ് അറിയുന്നത്, കൊച്ചിയിൽ പുതിയൊരു നാടകസമിതി രൂപം കൊണ്ടിട്ടുണ്ട്, അതിൽ വാസുദേവൻ്റെ സഹകരണം വേണമെന്ന് ആവശ്യപ്പെട്ടാണ് അയാള് വന്നതെന്ന്. കുറച്ച് നേരത്തെ കൂടിയാലോചനക്ക് ശേഷം ഞങ്ങൾ
വാസുചേട്ടനോട് ആ സമിതിയിൽ സഹകരിക്കാൻ സമ്മതിപ്പിച്ചു. രണ്ടു സമിതിയിൽ ആവുമ്പോൾ പൈസയും കിട്ടുമല്ലോ, കുട്ടികളുടെ പട്ടിണി മാറ്റാൻ കഴിയുമെങ്കിൽ അങ്ങനെയാവട്ടെ എന്ന് കരുതി. വാസുദേവൻ എന്ന നടൻ്റെ അംഗീകാരവുമാണത്.
വാസുചേട്ടൻ ആദ്യം സമ്മതിച്ചില്ല, രണ്ടു സമിതി ഒരുമിച്ച് കൊണ്ടുപോകാനുള്ള വിഷമം അറിയിച്ചു. ഞങൾ നിർബന്ധിച്ച്, നല്ലൊരു കലാകാരനാണ് വാസുദേവൻ. ഈ നാട്ടിലൊതുങ്ങേണ്ട പ്രതിഭയല്ല, എന്നൊക്കെപ്പറഞ്ഞു ചേട്ടനെ കൊച്ചി സമിതിയിൽ ചേരാൻ സമ്മതിപ്പിച്ചു. അങ്ങനെ വാസുദേവൻ കൊച്ചിയിലെ സമിതിയിലും പ്രധാന നടനായി. നല്ല അഭിനയശേഷിയും ശരീരവും ഗാംഭീര്യമുള്ള ശബ്ദത്തിനുടമയുമായ വാസുദേവൻ പിന്നീടങ്ങോട്ട് വളരുകയായിരുന്നു. രണ്ടു സമിതിയിലേയും നാടകം ഒന്നിനൊന്ന് മെച്ചവുമായിരുന്നു. ദിവസവും രണ്ടിലേറെ കളികൾ. ആളുകൾക്കിടയിൽ കെ വാസുദേവൻ ശ്രദ്ധിക്കപ്പെട്ടു, നല്ല നാടകനടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടി വന്നു.
അങ്ങനെയിരിക്കെയാണ്, സ്വന്തം നാട്ടിലെ ക്ഷേത്രത്തിൽ “നേർച്ചക്കോഴി” ബുക്ക് ചെയ്തത്. വാസുചേട്ടൻ അപ്പോഴേക്കും ഒരു നാടകനടൻ എന്ന നിലയിൽ വളരെയധികം വളർന്നു കഴിഞ്ഞിരുന്നു, ഒപ്പംതന്നെ കുറച്ച് അഹങ്കാരവും ഒരൽപ്പം മദ്യപാനവും. അവസാനം പറഞ്ഞ രണ്ടും ദിനംപ്രതി വളർന്നു, കൂടെ അമിതമായ ആത്മവിശ്വാസവും. “മദ്യം അകത്ത് ചെന്നാലും വാസുദേവൻ ഒരു ഡയലോഗ് പോലും തെറ്റിക്കില്ലേടാ മക്കളേ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു അതുറപ്പിക്കും.
മിത്രവേദിക എത്രയോ നാടകങ്ങൾ അരങ്ങേറി കയ്യടിയും അവാർഡുകളുമൊക്കെ വാങ്ങിയിട്ടുണ്ട് എങ്കിലും, അന്നവിടെ അത്രയും ആവേശത്തോടെ ആദ്യമായി റിഹേഴ്സൽ ചെയ്ത അതേ നാടകംതന്നെ മതിയെന്നായിരുന്നു അമ്പലക്കമ്മറ്റിയുടെ തീരുമാനം. അപ്രകാരം സ്വന്തം നാട്ടിൽ “നേർച്ചക്കോഴി” അരങ്ങേറാൻ പോകുന്നു.
അമ്പലത്തിലെ ഉത്സവം വന്നെത്തി…
സന്ധ്യക്ക് ശീവേലി കഴിഞ്ഞ് തൊഴുത് എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി. ഒമ്പത് മണിക്കാണ് നാടകം തുടങ്ങുന്നത്. അന്നാട്ടുകാരുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു ആ നാടകമൊന്നു കാണുക എന്നത്. നാട്ടുകാരും വീട്ടുകാരും അത്യുത്സാഹത്തോടെ അമ്പലപ്പറമ്പിലേക്ക് പ്രവഹിച്ചു. പറഞ്ഞതുപോലെ നാടകപ്രവർത്തകരും കൃത്യസമയത്ത് തന്നെ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. സമയം രാത്രി ഒമ്പത് മണി, മൈക്കിലൂടെ വാസുദേവൻ ചേട്ടൻ്റെ അനുഗ്രഹീത ശബ്ദം അന്തരീക്ഷമാകെ പടർന്നിറങ്ങി. നല്ലവരായ നാട്ടുകാർക്കും, അജയനും എനിക്കും, എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. മെല്ലെമെല്ലെ കർട്ടൻ ഉയർന്നു. കാണികൾ കാത്തിരുന്ന നാടകം അവരിലേക്ക് എത്തിക്കഴിഞ്ഞു. സൂചി താഴെവീണാൽ കേൾക്കാം, അത്രക്ക് നിശബ്ദത. എല്ലാവരും നാടകത്തിൽ മുഴുകിത്തന്നെയിരിക്കുന്നു.
അങ്ങനെ ഇടവേളയായി…
ചിലർ ചായ കുടിക്കുന്നു, കപ്പലണ്ടി കൊറിക്കുന്നു, നാരങ്ങമിട്ടായിക്കാരൻ കാണികളുടെ ഇടയിലൂടെ നടന്ന് മിഠായികൾ കൊടുക്കുന്നു.
അതിനിടക്കാണ് നാട്ടുകാർ അണിയറയിൽ ചെന്ന് വാസുദേവൻ്റെ അഭിനയത്തെ പ്രശംസിക്കുന്നത്. ഒപ്പം ഒരു മദ്യക്കുപ്പി സമ്മാനിക്കുന്നു, പരസ്പരം കെട്ടിപ്പിടിക്കുന്നു, അങ്ങനെയങ്ങനെ അവരുടെ സന്തോഷം പങ്കുവെക്കുകയാണ്. സന്തോഷപ്രകടനം കൂടിക്കൂടി രംഗം ഒരൽപ്പം വഷളാവുമെന്ന് തോന്നിയപ്പോൾ ഞാനും അജയനും വേഗം ചെന്നു വാസുചേട്ടൻ്റെ അടുത്തേക്ക്. അപ്പോഴേക്കും നാട്ടിലെ പ്രമാണി മുരളിച്ചേട്ടൻ, അദ്ദേഹത്തിൻ്റെ മകൻ കൊണ്ടുവന്ന വിദേശമദ്യക്കുപ്പിയൊന്ന് ഉയർത്തിപ്പിടിച്ച് വാസുദേവൻ്റെ കയ്യിൽ വെച്ച് കൊടുത്തു. ചേട്ടൻ അതു വാങ്ങി വായിച്ചു, “ഗ്ലെൻ മോറയ്” എന്നിട്ടതിനെ നെഞ്ചോട് ചേർത്ത് ഒരുമ്മവെച്ച്കൊണ്ട് പിന്നിലേക്ക് നോക്കി വിളിച്ചു പറയുന്നത് കേട്ടു “എടാ ഒരു ഗ്ലാസ് എടുക്കിനെടാ” എന്ന്. അപ്പോഴേക്കും ഞങ്ങൾ ചെന്ന് വാസുചേട്ടൻ്റെ കൈ പിടിച്ച് അപേക്ഷിച്ചു, “ചേട്ടാ, ഇപ്പൊ കുടിക്കരുത്, ഇനി ഈ നാടകം തീരാൻ ഏതാനും സമയമല്ലേ ബാക്കിയുള്ളൂ, ഇത് കഴിഞ്ഞിട്ട് കുടിക്കാമെന്ന്”. ഞങ്ങളെ തട്ടിമാറ്റിയിട്ട് ചേട്ടൻ പറഞ്ഞു, ” എടാ,നിനക്കൊക്കെ എന്തറിയാം, ഈ വാസുദേവൻ കുടിച്ചെന്നിരിക്കും, ഈ കുപ്പി മുഴുവനും, എന്നാൽ അഭിനയവും ഡയലോഗും ഒരിക്കലും എന്നിൽ നിന്ന് വിട്ട്പോകില്ല” എന്ന് പറഞ്ഞു കുപ്പിതുറന്നു ഒറ്റ വലി. ഇതെല്ലാം ഞൊടിയിടയിലാണ് സംഭവിച്ചത്. ക്ഷിപ്രനേരംകൊണ്ട്, ആരെയും കൂസാത്ത അഹങ്കാരിയായ വാസുദേവൻ്റെ തൽസ്വരൂപം പുറത്തുചാടി.
നാടകം തുടങ്ങി, അയാളുടെ പ്രവേശന സമയമായി. കാല് നിലത്തുറക്കാതെ അസ്പഷ്ടമായ ഡയലോഗ് പറഞ്ഞുകൊണ്ട് വാസുദേവൻ രംഗപ്രവേശനം ചെയ്തു. കാണികൾ അസ്വസ്ഥരായി, മുറുമുറുപ്പ് സംസാരത്തിലേക്ക് കടന്നു. അവസാനം വാസുദേവൻ ഉടുത്ത മുണ്ടുഴിച്ചു നാടകത്തിലില്ലാത്ത ഡയലോഗുകൾ പറഞ്ഞു സ്റ്റേജിൽക്കൂടി തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി,
എല്ലാവർക്കും വിഷമമായി. അങ്ങനെ അന്നത്തെ നാടകം കളി അവിടെ അവസാനിപ്പിച്ചു. നാടകക്കമ്മറ്റിക്കാരും നാട്ടുകാരും നാടകപ്രവർത്തകരും പരസ്പരം കുറ്റപ്പെടുത്തലുകൾ തുടങ്ങി, ഈ ഒരാൾ കാരണം.
മുഴുവനാകാതെ നാടകം നിർത്തി എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകാൻ തുടങ്ങി, ഞാനും അജയനും എൻ്റെ അനിയൻ സുഗതനും രണ്ട് കൂട്ടുകാരുംകൂടി നാടകക്കളരിയിലേക്ക് പോയി. ഞങൾ അസ്വസ്ഥനായിരുന്നു. നാട്ടുകാരോട് എന്ത് സമാധാനം പറയും. ആകെ നാണക്കേടായി.
ഈ സംഭവത്തിൽ വാസുദേവന് അത്ര വിഷമമൊന്നുംതന്നെക്കണ്ടില്ല, എന്നും മദ്യപിച്ച് കൊണ്ടുതന്നെ നാടകട്രൂപ്പുകളിൽ പോകും, എന്നാല് പറഞ്ഞ സമയത്ത്, പറഞ്ഞ സ്ഥലത്തേക്ക് എത്തുകയുമില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തെ നാടകത്തിന് ആരും വിളിക്കാതെയായി. വാസുദേവൻ ഇല്ലെങ്കിലും നാടകം കളിക്കാമെന്നുമായി പല സമിതികൾക്കും. ഒരു വീഴ്‌ച്ച, അത് മറ്റൊരുപാട്പേർക്ക് ചവിട്ടുപടിയാവും. പുതിയ ആളുകൾ നല്ല അഭിനയപാടവമുള്ള കലാകാരന്മാർ രംഗത്തേക്ക് വന്നു.
കുറച്ച് കാലം കഴിഞ്ഞപ്പോൾ വാസുദേവന് നാടകങ്ങളൊന്നുമില്ലാതെയായി. വീട്ടിൽ കുട്ടികൾ വലുതായി, ആവശ്യങ്ങൾ കൂടിവന്നു, വരവ് കുറയുകയും ചെയ്തു. എന്നാലത് വാസുചേട്ടൻ കാര്യമാക്കിയില്ല. ക്രമേണ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു, കുടിക്കാൻ കാശില്ലാതെ വാസുചേട്ടൻ “ഒരു ചാൻസ് താടാ, ഇനി പഴയത് പോലെ ഒന്നും ഉണ്ടാവില്ല” എന്ന് നാടകക്കളരിയിൽ വന്ന് അവസരം ചോദിക്കാൻ തുടങ്ങി. നല്ലൊരു റോളും വിശ്വസിച്ച് ഏൽപ്പിക്കാൻ ആരും തയ്യാറായിരുന്നില്ല.
കാലങ്ങൾ എത്ര വേഗത്തിലാണ് കടന്ന് പോയത്.
ഞാനും അജയനും നാടകത്തിൽനിന്ന് നാടകത്തിലേക്കും സ്റ്റേജുകളിൽനിന്ന് സ്റ്റേജുകളിലേക്കുമുള്ള പലായനത്തിൽ തിരിച്ചറിഞ്ഞു, ഇനിയുള്ള യാത്ര, എങ്ങോട്ടായാലും ഒരുമിച്ചു തന്നെയെന്ന്. “മിത്രവേദിക”യെ എൻ്റെ അനിയൻ സവിതനെ ഏൽപ്പിച്ചു ഞാനും അജയനും കൊൽക്കൊത്തയിലേക്ക് യാത്ര തിരിച്ചു, ഉള്ളിലുറങ്ങിക്കിടന്നിരുന്ന സംഗീതത്തെയൊന്ന് ഉണർത്താൻ. അല്ലെങ്കിലും ഒരു മാറ്റം അനിവാര്യമായിരുന്നു. കുറെക്കാലത്തെ നാടകജീവിതത്തിന് ഒരു അവധി കൊടുക്കണമെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നിയിരുന്നു. മാറ്റങ്ങൾ അനിവാര്യമാണ് എന്നാലും ഞങൾ രണ്ടുപേരും എപ്പോഴും ഒരുമിച്ച് വേണമെന്ന തീരുമാനം ഉറച്ചു തന്നെ നിന്നു.
“ശുരെ ഓ ബനിർ മലാ ദിയെ, തുമി അമർ ചുനിയ ചില്ലേ..” ഖാസി നസ്റുൽ ഇസ്‌ലാം സാബിൻ്റെ വരികൾക്ക് കാബേരി ഗുപ്തയുടെ സംഗീതത്തിൽ പിയു ചക്രബോർത്തിയുടെ മാസ്മരിക സ്വരം കണ്ണും അടച്ചുകൊണ്ട് കേട്ടിരിക്കാനുള്ള സുഖം…
അങ്ങനെ ഞങ്ങളെത്രയെത്ര ഈണങ്ങളിലൂടെ കടന്നുപോയി, എത്രയെത്ര രാഗങ്ങളിൽ മനസ്സും ശരീരവും ഒന്നിച്ചു.
നാട്ടിലേക്കൊന്ന് പോയാലോ, രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചു. കത്തുകളിലൂടെ വിവരങ്ങൾ അറിഞ്ഞിരുന്നു, പിന്നീടത് ഇപ്പോൾ വിരൽത്തുമ്പിലേക്ക് മാറിയല്ലോ, എന്നാലും നാടും നാട്ടുകാരെയും കാണാൻ അതിയായ ആഗ്രഹം. ഒട്ടും താമസിച്ചില്ല, നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ നിന്ന് നേരെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക്. ആരെയും അറിയിക്കാത്തത് കൊണ്ട് വിമാനത്താവളത്തിൽ ആരും കാത്തു നിൽക്കാനുമുണ്ടായില്ല, ടാക്സി പിടിച്ച് നേരെ വീട്ടിലേക്ക്. പോകുന്ന വഴി, ഒരുകാലത്ത് സ്പന്ദനമായിരുന്ന മിത്രവേദികയിലേക്ക് കയറാൻ മറന്നില്ല. സുഗതൻ അവിടെത്തന്നെയുണ്ട്. കണ്ടപ്പോൾ പരസ്പരം സ്നേഹവും സങ്കടവും കൈമാറി. എന്നിട്ട് പറഞ്ഞു പഴയപോലെ നാടകമൊന്നും ഓടുന്നില്ല. എല്ലായിടത്തേയും പോലെ ഡിജിറ്റൽ മീഡിയ സങ്കേതികവിദ്യയുടെ വളർച്ച എല്ലാം നാടകത്തേയും മന്ദഗതിയിലാക്കിയെന്നു. എന്നാലും വല്ലപ്പോഴും ഒന്നോ രണ്ടോ കളി എന്ന് പറഞ്ഞു അവസാനിക്കും മുമ്പേ അവിടെ കട്ടിലിൽ നിന്ന് ഒരാൾരൂപം എഴുന്നേറ്റ് വന്ന് അജയനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. താടിയും മുടിയും വളർത്തി മെലിഞ്ഞ ശരീരമുള്ളയാൾ. ഞങൾ ഒരു നിമിഷമൊന്നു ശങ്കിച്ചു, സുഗതൻ പറഞ്ഞു, വാസുച്ചേട്ടനിപ്പോൾ
നാടകത്തിൽ സ്ഥിരം മദ്യപാനിയുടെ റോളിലാണ് അഭിനയിക്കുന്നത്, ജീവിതത്തിലും. എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെയെന്ന് വിചാരിച്ച് കൂടെക്കൂട്ടിയതാണ്. നല്ല കലാകാരനായിരുന്നു, മദ്യപാനം, അതൊന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ഇന്നീ നിലയിലായത്.
നമ്മുടെ നാട്ടിൽ എത്രയോ നല്ലനല്ല കലാകാരുണ്ട്, ചിലരുടെ പതനം മദ്യപാനം കൊണ്ട് ഉണ്ടാവാറുണ്ട്, എന്നാല് തകർച്ചയിൽനിന്ന് ഉയർച്ചയിലേക്ക് വന്ന ഒരാൾ, അതും നാടകീയമായി ഉയിർത്തെഴുന്നേറ്റ മനുഷ്യൻ, മദ്യപാനം കൊണ്ട് സമൂഹത്തിൽ നിന്ന് തിരസ്‌ക്കരിക്കപ്പെടുന്ന കാഴ്ചയാണ് നമ്മൾ കെ.വാസുദേവനിൽ കണ്ടത്.
കലകളിൽ മാത്രം നിപുണത ഉണ്ടായാൽ പോരാ, നല്ല അച്ചടക്കവും ഉണ്ടായേ തീരൂ. ഒരു കലാകാരന് അവൻ്റെ വളർച്ചക്കും സമൂഹത്തിൻ്റെ ഉന്നമനത്തിനും ഇതൊക്കെ വളരേ അത്യാവശ്യമാണ്.
തൻ്റെ ഉയർച്ചയിൽ അഹങ്കരിക്കുന്ന ഏതൊരു കലാകാരനും അധ:പതനമാണ് കാലം കാത്ത് വെക്കുക,
കെ.വാസുദേവനെപ്പോലെ…
(C)@ശ്രീപദം…
സുജാത ശ്രീപദം
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)
മികച്ച വായനാനുഭവം!👍
വളരെ സത്യം…..👍
കലകളിൽ മാത്രം നിപുണത ഉണ്ടായാൽ പോരാ, നല്ല അച്ചടക്കവും ഉണ്ടായേ തീരൂ. ഒരു കലാകാരന് അവൻ്റെ വളർച്ചക്കും സമൂഹത്തിൻ്റെ ഉന്നമനത്തിനും ഇതൊക്കെ വളരേ അത്യാവശ്യമാണ്..
എത്ര സത്യം…
മികച്ച വായനാനുഭവം തന്ന കഥ ഒത്തിരി ഇഷ്ടമായി അഭിനന്ദനങ്ങൾ
നല്ല കഥ 🌹