ഒത്തിരി യാത്രകളും, സ്ഥലങ്ങളും പോയിട്ടുണ്ട് അതിലേറ്റവും ഇഷ്ടം ചോറ്റാനിക്കര (1982) സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എസ്കർഷന് കൊണ്ടുപോയതാണ് മറക്കാൻ പറ്റാത്ത യാത്രയും, സ്ഥലവും .
സ്കൂളിൽ നിന്നും ഞങ്ങളെ എസ്കർഷന് കൊണ്ടുപോയത് പാലക്കാട് സ്ഥലം കാണിക്കാനായിരുന്നു.
അന്നത്തെ കാലത്ത് അന്ന് അവിടെയൊക്കെ പോകുന്നത് വല്യ കാര്യമാണ്, ഞാനാണെങ്കിൽ ദൂരെയൊന്നും പോയിട്ടേയില്ല, ചോറ്റാനിക്കര എന്ന തനി നാട്ടിൻപുറത്ത് ജീവിച്ച എനിക്കത് ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു.
എന്നെ രാവിലെ കുഞ്ഞാഞ്ഞ (ആങ്ങളയെ ഞാൻ ഇങ്ങനെയാ വിളിക്കുന്നത് )
സ്കൂളിൽ കൊണ്ടുപോയാക്കി.. പോകും വഴിയിൽ കഴിക്കാൻ ചിപ്സ്, മുറുക്ക് , പഴം എല്ലാം വാങ്ങിത്തന്നിരുന്നു.ഞാൻ ചെല്ലുമ്പോൾ എല്ലാവരും അതീവ ഉത്സാഹത്തോടെയായിരുന്നു. മിക്സ്ഡ് സ്കൂളിലായിരുന്നു ഞാൻ പഠിച്ചത്. എല്ലാവരും കൂടിയുള്ള ആ യാത്ര ഒരിക്കലും മറക്കാനാകില്ല.
സ്കൂളിൽ നിന്നും ഞങ്ങൾ വെളുപ്പിന് 6 മണിക്ക് യാത്ര തിരിച്ചു. പാട്ടും മേളവുമായി ഞങ്ങൾ യാത്ര തുടങ്ങി. അവിടെ എത്തിയ സമയം ശരിക്കും ഓർമ്മയില്ല. എന്നാലും ഉച്ചക്ക് മുന്നേ ഞങ്ങൾ പാലക്കാട് എത്തിയിരുന്നു . ഏതോ ഹോട്ടലിൽ ഫുഡ് ഏൽപ്പിച്ചിരുന്നു. ഭക്ഷണം കഴിഞ്ഞ് മലമ്പുഴ ഡാം,മലമ്പുഴ യക്ഷി, പീച്ചി ഡാം, പാലക്കാട് കോട്ട…എനിക്ക് ഏറ്റവും ഇഷ്ടമായത് മലമ്പുഴ ഗാർഡനായിരുന്നു ഇപ്പോഴതോർക്കുമ്പോൾ ചിരിവരും.
മലമ്പുഴ ഗാർഡനിൽ നിന്ന് മെയിൻ റോഡിലേക്ക് കടക്കണമെങ്കിൽ തൂക്കുപാലം അല്ലെങ്കിൽ കുത്തനെയുള്ള സ്റ്റെപ്പുകൾ കയറണം. ഇത് രണ്ടിലും കയറാൻ ഞങ്ങൾ പെൺകുട്ടികൾക്ക് പേടിയായിരുന്നു . ആൺകുട്ടികൾ അവർക്കൊരു പേടിയില്ലായിരുന്നു. അവർ സാറിന്റെ കൂടെ തൂക്കുപാലത്തിലൂടെ സുഖമായി അക്കരെയെത്തി .
ഞങ്ങളെകൊണ്ട് ടീച്ചർ വിഷമിച്ചു പോരാത്തതിന് തൂക്കുപാലത്തിനു മുന്നിൽ എഴുതി വച്ചിരിക്കുന്നു “അൻപത് പേരിൽ കൂടുതൽ ആളുകൾ കയറിയാൽ നിങ്ങളുടെ ജീവൻ അപകടത്തിലാണ് ” ഇതുംകൂടി കണ്ടപ്പോൾ ഞങ്ങളുടെ ശരീരം വിറക്കാൻ തുടങ്ങി താഴേക്കു നോക്കിയപ്പോൾ ഡാമിൽ നിന്നും വരുന്ന വെള്ളം കുതിച്ചൊഴുകുന്നു.
പാവം ടീച്ചർ ഒത്തിരി കഷ്ടപ്പെട്ടു ഞങ്ങളോട് ടീച്ചർ പറഞ്ഞു.
“പേടിയാകുന്നെങ്കിൽ കണ്ണടച്ച് എന്റെ കൈയ്യിൽ പിടിച്ചുനടന്നോളു..”
ടീച്ചറിന്റെ ബുദ്ധിമുട്ട് കണ്ട് സാർ തിരിച്ചു വന്നു .ആളുകൾ കയറുമ്പോൾ പാലം
ആടികളിക്കുന്നു. സത്യം പറഞ്ഞാൽ ടീച്ചർക്കും പേടിയായിരുന്നു. ഞങ്ങളോട് പറയാഞ്ഞിട്ടാണ് ടീച്ചറും, സാറും കൂടി എങ്ങനെയൊക്കെയോ ഞങ്ങളെ
രണ്ടുപേരെ വീതം അക്കരെയെത്തിച്ചു.
കറക്കം എല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങളെ പാലക്കാട് “പ്രിയദർശിനി ” തിയേറ്ററിൽ “തൃഷ്ണ” സിനിമ 2nd ഷോ കാണിച്ചു.
സിനിമയിലെ ഓരോരോ സ്ഥലങ്ങളും ഞങ്ങൾ കണ്ട സ്ഥലങ്ങളും ഒത്തിരി സാമ്യം ഉണ്ടായിരുന്നു. പാലക്കാട് മലകൾ ,കാടുകൾ മഞ്ഞും, തണുപ്പ് എല്ലാം…. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഒരനുഭൂതിയായിരുന്നു ആ കാഴ്ചകൾ . തൃഷ്ണ സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനമുണ്ട് “മൈനാകം കടലിൽ നിന്നുയരുന്നുവോ ” ആ പാട്ടിലെ സീനുകൾ ഇതെല്ലാം പാലക്കാടൻ കാഴ്ച്ചകളുമായി ഒത്തിരി സാമ്യമുണ്ടായിരുന്നു. മലകളിൽ പുകപോലുയരുന്ന മഞ്ഞ്..
ഇതെനിക്ക് മാത്രം തോന്നിയതാട്ടോ ഞാൻ കൂട്ടുകാരോട് ചോദിച്ചപ്പോൾ അവർക്കൊന്നും ഇങ്ങനെയൊന്നും തോന്നിയില്ലന്ന്.
“പോ പെണ്ണേ നിനക്ക് വട്ടാണ് ഞങ്ങൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. ”
ചിലപ്പോൾ ഇതെല്ലാം എന്റെ മനസ്സിന്റെ തോന്നലാകും.
അങ്ങനെ സിനിമയും കഴിഞ്ഞ് ഞങ്ങൾ തിരികെ നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു . ബസിൽ കയറിയയുടനേ എല്ലാരും ഉറക്കം തുടങ്ങി… ഇങ്ങോട്ട് പോരാനുണ്ടായ ഉത്സാഹം തിരിച്ചു പോകുമ്പോൾ ആർക്കുമുണ്ടായില്ല, ഞാനൊഴികെ എല്ലാവർക്കും എങ്ങനേലും വീട്ടിൽ തിരിച്ചെത്തിയാൽ മതിയെന്നായി.
ഞാൻ സൈഡ് സീറ്റിലിരുന്ന് പുറകോട്ടോടി മറയുന്ന കാഴ്ചകൾ നോക്കിയിരുന്നു. പാലക്കാടിനോട് യാത്ര പറയുകയാണെന്നോർത്തപ്പോഴെന്റെ കണ്ണ് നിറഞ്ഞു. സാവകാശം പാലാക്കാട് മലകൾ, പനകൾ എല്ലാം കണ്ണിൽ നിന്നും മറഞ്ഞു.
എപ്പോഴാ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
” എടീ..ബിന്ദു എഴുന്നേൽക്ക് നമ്മൾ സ്കൂളിലെത്തി..”
കൂട്ടുകാരി എന്നെ തോളിൽ തട്ടി വിളിച്ചു. ഞാനേതോ സ്വപ്നലോകത്തിൽ നിന്നും എഴുന്നേറ്റത്പോലെ കണ്ണ് തുറന്നു ചുറ്റും നോക്കി.
കല്യാണം കഴിഞ്ഞ് ഒത്തിരി സ്ഥലങ്ങളിൽ യാത്ര പോയിട്ടുണ്ട് എന്നാലും ഇതുപോലെ ഒരു യാത്രയും എന്റെ ജീവിതത്തിൽ ആസ്വദിച്ചിട്ടില്ല എന്നതാണ് സത്യം.
ചിലപ്പോൾ എന്റെ മനസിന്റെ പ്രത്യേകത ആയിരിക്കും.
ആ യാത്രയിലെ ഒത്തിരി കാര്യങ്ങൾ മറന്നു പോയെങ്കിലും, മനസ്സിൻ കണ്ണാടിയിൽ തെളിഞ്ഞതെല്ലാം ഇവിടെ കൂട്ടുകാർക്കായെഴുതി..




പാലക്കാട് യാത്ര നന്നായി എഴുതി