A) നീന്തുകയും, പറക്കുകയും , ചൂളമടിയ്ക്കുകയും ചെയ്യുന്ന പക്ഷി.

കാട്ടുതാറാവുകളെ കാണാൻ കിട്ടുന്നത് അപൂർവമാണ്. ചൂളമടിക്കുന്നതുപോലെ ശബ്ദമുണ്ടാക്കുന്ന ഇവയ്ക്കു ‘ചൂളൻ എരണ്ട’ (വിസിലിങ് ഡക്ക്) എന്നും പേരുണ്ട്. മനുഷ്യസാമീപ്യമുള്ളിടത്തു സാധാരണ വരാറില്ല. ഇവയ്ക്കു നന്നായി നീന്താനും പറക്കാനും കഴിയും. ശത്രുക്കളെ കണ്ടാലുടൻ ചൂളമടിച്ചു വേഗത്തിലോടി പറന്നകലും.
ദേശാടനപക്ഷികളാണു കാട്ടുതാറാവുകൾ. വനത്തോടു ചേർന്ന തണ്ണീർത്തടങ്ങളാണ് ഇഷ്ട ആവാസസ്ഥലം. ഉത്തരേന്ത്യയിലും അതിർത്തി രാജ്യങ്ങളിലും ഒട്ടേറെയുണ്ടായിരുന്ന ഇവ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിലാണ്.3 വർഷം മുൻപു വയനാട്ടിൽ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ നീർപ്പക്ഷി സെൻസസിൽ ചൂളൻ
എരണ്ട ഉൾപ്പെടെ 46 ഇനങ്ങളെ കണ്ടെത്തിയിരുന്നു.
കാട്ടുതാറാവുകൾ മരപ്പൊത്തുകളിലാണു മുട്ടിയിടാറ്. കുഞ്ഞുങ്ങൾ വിരിഞ്ഞാൽ കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലേക്കിറങ്ങും.കുഞ്ഞുങ്ങളോടൊപ്പം നീന്തിത്തുടിക്കുമ്പോൾ മാത്രമാണു കൂടുതൽ നേരം കാണാൻ കഴിയുക.
B)കാറിനേക്കാൾ വലിപ്പമുള്ള മാംസഭോജി

ലോകത്തിലെ ഭീമാകാരനായ മാംസഭോജിയാണ് കടലാന അഥവാ ആനത്തിമിംഗലം. ഒരു കാറിനേക്കാൾ വലിപ്പമുള്ള 3600 കിലോഗ്രാം ഭാരമുള്ള ഈ ജീവി ലോകത്തിലെ ഏറ്റവും വലിയ Carnivoran(മാംസഭോജി) ആയി അറിയപ്പെടുന്നു. വലിയ നീലത്തിമിംഗലങ്ങൾ മാംസഭുക്കുകളാണെങ്കിലും അവ കാർണിവോറ കുടുംബത്തിൽപ്പെടുന്നില്ല. തുമ്പിക്കൈ പോലെ തോന്നിക്കുന്ന നീണ്ട മുഖവും ആനയെപ്പോലെ വലുപ്പവും ഉള്ളതിനാലാണ് ഇവയ്ക്ക് കടലാന എന്ന് പേര് ലഭിച്ചത്.
വടക്കൻ പസഫിക് മഹാസമുദ്രത്തിൽ, ഉത്തര അമേരിക്കയുടെ തീരങ്ങളിലും ദക്ഷിണമേഖലയിലെ ഫാക്ലൻഡ് ദ്വീപിനു ചുറ്റുമുള്ള കടലിലുമാണ് ഇവയെ ഏറ്റവുമധികം കാണപ്പെടുന്നത്. പെൺ വിഭാഗത്തിൽപെട്ടവയുടെ ഭാരം ഏകദേശം 900 കിലോഗ്രാം വരെയാണ്. എന്നാൽ ആൺ കടലാനക്ക് ശരാശരി 3,600 കിലോഗ്രാം ഭാരം ഉണ്ടാകും. ചിലപ്പോൾ ഇത് ചെറിയ കാറുകളുടെ ഭാരത്തിന്റെ ഇരട്ടിയിലധികം വരും. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ കടലാനയ്ക്ക് ഏകദേശം 4,000 കിലോഗ്രാം ഭാരവും 6.8 മീറ്റർ നീളവും ആയിരുന്നു.
കരയിൽ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയുമെങ്കിലും മന്ദഗതിയിലേ മുന്നോട്ടു നീങ്ങാൻ സാധിക്കൂ. കടലോരത്തെ മണൽപ്പുറത്ത് പകൽ കിടന്നുറങ്ങുകയും രാത്രിയിൽ ആഹാരസമ്പാദനത്തിന് കടലിൽ ഇറങ്ങുകയുമാണ് ഇവയുടെ രീതി. ചില പ്രത്യേകയിനം മത്സ്യങ്ങൾ, കണവ, ചെറു തിരണ്ടികൾ, സ്രാവുകൾ എന്നിവയാണ് ഇവയുടെ മുഖ്യ ഭക്ഷണം. കടൽപ്പായലുകളും ഭക്ഷിക്കാറുണ്ട്. പല്ലുകൾ അകന്നതും ചവയ്ക്കാൻ പറ്റാത്ത തരത്തിലുമായതിനാൽ ഭക്ഷണസാധനം ഒന്നായി വിഴുങ്ങാൻ മാത്രമേ ഇവയ്ക്കു കഴിയൂ.
മനുഷ്യനെ അധികം ഭയമില്ലാത്ത ജീവികളാണിവ. കൂട്ടങ്ങളായി കഴിയുന്ന ഇവയെ വളരെ വേഗം വലയിലകപ്പെടുത്താൻ സാധിക്കും. തുകലിനും പല്ലിനുമായി മനുഷ്യർ ഇവയെ വേട്ടയാടാറുണ്ട്. അതുകൊണ്ടു തന്നെ വംശനാശ ഭീഷണി നേരിടുന്നവയാണ് കടലാനകൾ
C) കാളയേക്കാൾ വലിപ്പമുള്ള മൂഷികൻ

1000 കിലോ വരെ ഭാരം, ഒന്നര മീറ്ററോളം പൊക്കം, 2.6 മീറ്റർ ശരീരനീളം, ഒരു പടുകൂറ്റൻ എലിയെ അനുസ്മരിപ്പിക്കുന്ന രൂപം. മോനേസി എന്നായിരുന്നു ഈ വിചിത്രമൃഗത്തിന്റെ പേര്. തെക്കേ അമേരിക്കയിൽ നദീസംഗമ മേഖലകളിലാണു പൂർണ സസ്യാഹാരിയായ ഈ ജീവി ജീവിച്ചിരുന്നത്. ഒരു കാളയുടെയോ കുതിരയുടേയോ വലുപ്പമുണ്ടായിരുന്നു ഈ എലിവീരന്.
40 ലക്ഷം വർഷം മുൻപായിരുന്നു ഈ ജീവിയുടെ കാലയളവ്. തെക്കേ അമേരിക്കയിൽ അനേകം ഫോസിലുകള്‍ കണ്ടെത്തിയ ഗവേഷകനായ ആൽവാരോ മോനെസിനോടുള്ള ബഹുമാന സൂചകമായിട്ടാണ് ഈ ജീവിക്ക് മോനേസി എന്നു പേരു നൽകിയത്.
റോഡന്റ് അഥവാ മൂഷികവർഗത്തിൽപെട്ട ഏറ്റവും വലിയ ജീവിയായിട്ടാണ് മൊനേസി വിലയിരുത്തപ്പെടുന്നത്. മൂഷിക വർഗത്തിൽപെടുന്ന എലികളെയും അണ്ണാൻമാരെയും പോലെ വലിയ രണ്ടു മുൻപല്ലുകൾ ഉണ്ടായിരുന്നു.പഴങ്ങളും
ജലസസ്യങ്ങളുമായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. വേരുകളും മരത്തടികളും ഇവ കഴിച്ചിരുന്നെന്നും ഗവേഷകർ പറയുന്നു. 936 പൗണ്ടായിരുന്നു ഇവയ്ക്ക് കടിക്കാൻ പറ്റിയിരുന്ന പരമാവധി ശക്തി. ഇന്നത്തെ കാലത്തെ കടുവകളുടെ
കടിശക്തിയുടെ 3 മടങ്ങാണ് ഇതെന്നു ഗവേഷകർ പറയുന്നു.




സൂപ്പർ… 👏👍