Sunday, May 24, 2026
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - (133) ആര്യന്മാരുടെ ആഗമനം - (ഭാഗം-2) ✍പി.എം.എൻ.നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ – (133) ആര്യന്മാരുടെ ആഗമനം – (ഭാഗം-2) ✍പി.എം.എൻ.നമ്പൂതിരി

ഒരു നിഘണ്ടു ഉണ്ടാക്കുന്ന പക്ഷം പ്രാദേശികമായിട്ടുമാത്രം പ്രചാരമുള്ള വാക്കുകൾ വളരെ കുറച്ചേ ഉണ്ടാകുകയുള്ളൂ. ഈ കാര്യം കേരളത്തിൽ തന്നെ പരിചയമുള്ളവർക്കൊക്കെ അനുഭവമുണ്ടാകാം. കോഴിക്കോട്ട് നിന്ന് വടക്ക് ചന്ദ്രഗിരി -കാസർഗോഡ് – പുഴവരെയുള്ള പ്രദേശത്തെ വടക്കൻ കേരളമായും അവിടെനിന്ന് ഏതാണ്ട് മദ്ധ്യകേരളമായും പിന്നെ കന്യാകുമാരി വരെ തെക്കൻ കേരളമായും വിഭജിക്കാം. ഇവടങ്ങളിലെയെല്ലാം ഭാഷ മലയാളമാണെങ്കിലും വായ്മൊഴിയിൽ സ്വരത്തിലും ഉച്ചാരണത്തിലും വളരെ വ്യത്യാസമുണ്ട്. മൂന്നും മൂന്നുവിധത്തിൽ തന്നെയാണെന്ന് പറയാം.എന്നാൽ സാഹിത്യഭാഷ – പത്ര ഭാഷയിലാകട്ടെ ആ വ്യത്യാസം ഉണ്ടാവുകയുമില്ല. ഈ ഭാർഗ്ഗവ ക്ഷേത്രത്തിലാണെങ്കിൽ -ഭൂപരമായ യാതൊരു വ്യത്യാസവും ഇല്ലാതിരിക്കെ- പർവ്വതങ്ങളെകൊണ്ടും മറ്റും തടസ്സമില്ലാതേയും ഒരേ തരത്തിൽ നീണ്ടുകിടക്കുന്ന ഒരു ഭൂപ്രദേശമായിരിക്കെ – തീരെ സാദൃശ്യമില്ലാതെയുള്ള മഹാരാഷ്ട്രം, കൊങ്കണം, കർണ്ണാടകം, മലയാളം എന്നിങ്ങനെ നാലു ഭാഷകളും പ്രത്യേകിച്ച് നാലു സംസ്ക്കാരങ്ങളും ഭിന്നങ്ങളായി കാണുന്നു.അതുകൊണ്ട് തപതി നദീതീരത്തുനിന്നും തുടർച്ചയായിട്ടല്ല ആര്യന്മാർ തെക്കെ കന്യാകു മാരിവരെ വ്യാപിച്ചതെന്നും തമ്മിൽ ബന്ധത്തിനോ സമ്പർക്കത്തിനോ ഇടയില്ലാത്ത മൂന്നു നാലു പ്രദേശങ്ങളായിട്ടാവണം ആദ്യകാലത്ത് അവർ കുടിപാർത്തു വ്യാപിയ്ക്കുവാൻ തുടങ്ങിയതെന്നും തീർച്ചപ്പെടുത്താം.

ഈ കേരളക്കരയ്ക്കു അറബിക്കടൽത്തീരം മുതൽ സഹ്യൻ്റെ അടിവാരം വരെയുള്ള കിഴക്ക് – പടിഞ്ഞാറ് വിസ്താരം ശരാശരി 30-35 നാഴികയിലധികമില്ല. ഇതിൻ്റെ മദ്ധ്യത്തിൽ തെക്കുവടക്കായി ഒരു വരവരച്ച് കിഴക്കും പടിഞ്ഞാറും ഓരോ പകുതിയായി സങ്കല്പിക്കുക; എന്നാൽ ആറന്മുള, കരിക്കാട്, പെരിഞ്ചെല്ലൂർ എന്നിവയൊഴിച്ച് ബാക്കി 29 ഗ്രാമക്ഷേത്രങ്ങളും പടിഞ്ഞാറെ പകുതിയിലാണെന്നു കാണാം. മാത്രമല്ല പയ്യന്നൂർ, പന്നിയൂർ, ശുകപുരം, തിരുവല്ല മുതലായ പ്രധാന ക്ഷേത്രങ്ങളെല്ലാം ഒരുവിധം കടൽക്കരയിലാണെന്നുകൂടി പറയാം. കേരളത്തിൽ ഇന്ന് ഒട്ടാകെ എത്ര ക്ഷേത്രങ്ങളുണ്ടെന്ന് നോക്കുക. അവയിൽ 75 ശതമാനവും ഇരിക്കുന്നത് ഈ പടിഞ്ഞാറ് പകുതിയിലായിരിക്കും. നമ്പൂതിരി ഇല്ലങ്ങളുടെ സ്ഥിതിയും ഇതുതന്നെയാകുന്നു.

ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള കടൽത്തീരം പ്രധാനമായും തെങ്ങ്മാത്രം വളരുന്നതും സമനിരപ്പായി കിടക്കുന്നതുമായ മണൽ പ്രദേശമാണല്ലോ. ഇത്തരം മണൽ പ്രദേശത്ത് കിഴക്ക് പടിഞ്ഞാറ് വിസ്താരം പലതരത്തിലാണെങ്കിലും ശരാശരി രണ്ടുനാഴികയുണ്ടാകുമെന്ന് കണക്കാക്കാം. അവിടങ്ങളിൽ ബ്രാഹ്മണഗൃഹങ്ങൾ അപൂർവ്വമാണെങ്കിലും അമ്പലങ്ങൾ വളരെയുള്ളത് ആ പ്രദേശത്താണ്. ആര്യന്മാർ കപ്പൽ വഴി കടൽക്കരയിലാണ് ആദ്യം വന്നിറങ്ങിയതെന്നും അങ്ങിനെ കടലോരപ്രദേശങ്ങളും സമീപസ്ഥലങ്ങളുമായി തെക്കോട്ടാണ് വ്യാപിച്ചതെന്നും കിഴക്കോട്ടുള്ള സാവധാനത്തിലായിരുന്നുവെന്നും മാത്രമല്ല ഇതു തെളിയിക്കുന്നത് മറിച്ച് കിഴക്കുനിന്നും പാലക്കാടൻ ചുരം വഴിക്കാണ് വന്നിരുന്നതെങ്കിൽ ഗ്രാമക്ഷേത്രങ്ങളും അമ്പലങ്ങളുടെ എണ്ണവും ആര്യന്മാരുടെ സങ്കേതങ്ങളും കിഴക്ക് പകുതിയിലാവാനേ വഴിയുള്ളൂ. ഒലവക്കോട് നിന്ന് കൊല്ലംകോട് വരെയുള്ള ഈ ചുരത്തിന് തെക്കുവടക്കുള്ള വിസ്താരം ഏകദേശം 20 നാഴികയോളമാണുള്ളത്. കിഴക്കുനിന്നാണ് വന്നതെങ്കിൽ ഇന്ന് പട്ടന്മാരെ കാണുന്നതുപോലെ നമ്പൂതിരിമാരുടെ പ്രധാന സങ്കേതങ്ങളും ഗ്രാമക്ഷേത്രങ്ങളും – ശുകപുരം പന്നിയൂർ- എന്നീ സ്ഥലം ആ പ്രദേശത്തായിരുന്നു കാണേണ്ടിയിരുന്നത്. പട്ടന്മാരെല്ലാം കിഴക്കൻ ജില്ലകളിൽ നിന്നും വന്നവരാണെന്നും, കിഴക്ക് നിന്ന് കേരളത്തിലേയ്ക്കുള്ള ഒരേ ഒരു പ്രവേശനദ്വാരം ആ ചുരമാണെന്നും, അതിനാലാണ് അവിടങ്ങളിൽ പട്ടന്മാർ ഇത്ര വർദ്ധിച്ചതോതിൽ പാർത്തു തുടങ്ങിയതെന്നുമുള്ള കാര്യത്തിൻ സംശയമില്ല. പണ്ടുകാലത്ത് പാലക്കാട് താലൂക്കിൽ നമ്പൂതിരിമാർ വളരെയുണ്ടായിരുന്നുവെന്നും പാലക്കാട്ടച്ചൻ എന്നറിയപ്പെടുന്ന രാജ്യവുമായി തെറ്റുകയാൽ നമ്പൂതിരിമാരെല്ലാം അവിടം വിട്ടു പോന്നതാണെന്നുമുള്ള വസ്തുത വിസ്മരിക്കുന്നില്ല.എന്നിരുന്നാലും ചില നമ്പൂതിരിമാർക്കെല്ലാം വസ്തുക്കളും അമ്പലങ്ങളും മുതലായതുണ്ടെന്നല്ലാതെ എടുത്തുപറയത്തക്ക മറ്റു പ്രാധാന്യമൊന്നും ആ ദ്ദേശങ്ങൾക്കുള്ളതായി കാണുന്നില്ല. ഈ വക കാരണങ്ങളെകൊണ്ടു നോക്കുമ്പോൾ പടിഞ്ഞാറൻ വഴിക്കാണ് ആര്യന്മാർ ഇവിടേയ്ക്കു വന്നതെന്നും കിഴക്കൻ വഴിയ്ക്കല്ലെന്നും സംശയാതീതമായി തെളിയുന്നുണ്ട്.

കേരളത്തിലെ ഭൂമികൾ കടൽക്കരയിൽ നിന്നു കിഴക്കോട്ട് നീങ്ങുന്നിടത്തോളം ഫലപുഷ്ടി അധികമായിട്ടാനുള്ളത്. അന്നത്തെ പ്രധാന ജീവിതമാർഗ്ഗം കൃഷി മാത്രമായിരുന്നുവെന്ന് പറയേണ്ടതുമില്ല. കിഴക്കൻ വഴിക്കാണ് വന്നതെങ്കിലാകട്ടെ അവരുടെ പ്രധാന സങ്കേതങ്ങളും ഗ്രാമ സങ്കേതങ്ങളും തീർച്ചയായും കിഴക്കേപകുതിയില്ലാതെ കണമായിരുന്നില്ല.അവർ ആദ്യം കണ്ടെത്തുന്ന പ്രദേശം കൂടുതൽ ഫലപുഷ്ടിയുള്ള കിഴക്കൻ പ്രദേശമാണല്ലോ. അവിടെയെല്ലാം വ്യാപിച്ചു നിറഞ്ഞതിനു ശേഷമല്ലാതെ അവയെ വിട്ട താരതമ്യേന താണതരം ഭൂമിയായ ( വിളവു കുറഞ്ഞ പ്രദേശമായ) കടൽക്കരയിലേയ്ക്ക് നീങ്ങിയെന്നു വിചാരിക്കുന്നത് യുക്തിക്കും സംഭാവ്യതയ്ക്കും വിരുദ്ധമാകുന്നു. മാത്രമല്ല കേരളത്തിലേയ്ക്ക് കിഴക്കുനിന്നുള്ള പ്രവേശന മാർഗ്ഗം ഈ ചുരം മാത്രമാകയാൽ മേൽപറഞ്ഞ 20 നാഴികയോളം തെക്കുവടക്ക് വിസ്താരമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ തിങ്ങി താമസിക്കുവാനാണിടയുള്ളത്. അവിടെനിന്ന് തെക്കോട്ട് കന്യാകുമാരിവരെ ഉദ്ദേശം 300 നാഴികയോളവും കാസർഗോഡ് (ചന്ദ്രഗിരി) പുഴയ്ക്ക് 400 നാഴികയോളവും ദൂരമുള്ളതിനാൽ തെക്കോട്ടും വടക്കോട്ടും നീങ്ങുന്നിടത്തോളം ജനവാസം കുറഞ്ഞുവരികയും ചെയ്യുവാനേ വഴിയുള്ളൂ.

(തുടരും)

പി.എം.എൻ.നമ്പൂതിരി.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com