Saturday, June 13, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (35) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (35) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) ഇ-മെയിലുള്ള മരങ്ങൾ

സ്വന്തമായി ഇ-മെയിൽ വിലാസമുള്ള മരങ്ങൾ സംഭവം അങ്ങു ന്യൂയോർക്ക് സിറ്റിയിലാണ്. 200 മരങ്ങൾക്കാണ് ഐഡി നല്കാൻ പോകുന്നത്. പൊതുജനങ്ങൾക്ക് ഈ മരങ്ങളുമായി നേരിട്ട് ഇടപെടാനുള്ള വ്യത്യസ്തമായ മാർഗമായാണ് ഈ ആശയം. പൊതുജനങ്ങൾക്ക് മരങ്ങളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണിത്. ഇ- മെയിൽ ഐഡി നിലവിൽ വന്നുകഴിയുമ്പോൾ ഓരോ മരത്തെയും സംബന്ധിച്ചുള്ള വിവരങ്ങളും സുഖാന്വേഷണങ്ങളും ഇതിലൂടെ പൊതുജനങ്ങൾക്കു പങ്കുവെയ്ക്കാം. മരത്തിന്റെ നിലവിലെ അവസ്ഥ, ഒടിഞ്ഞ വീഴാറായ കൊമ്പുകൾ, കേടുബാധ എന്നിങ്ങനെ നിങ്ങൾക്ക് എന്തും ചൂണ്ടിക്കാട്ടാൻ ഈ ഇ-മെയിൽ ഐഡി വഴി കഴിയും. സംഭവമേതായാലും അവിടെ വിജയമാണ്. നമുക്കും നോക്കിയാലോ?

B) ഭൂമിക്കടിയിൽ പൂർണ്ണമായും ഉപ്പിൽ നിർമ്മിച്ചൊരു പള്ളി


അറിയാം കൊളംബിയയിലെ സാൾട്ട് കത്തീഡ്രലിനെ കുറിച്ച്.
നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നു കാണുന്ന സാൾട്ട് കത്തീഡ്രലിനെ അവർ ഒരുക്കിയെടുത്തത്. ചുവരുകളിൽ ക്രിസ്തുവിന്റെ പീഡാനുഭവ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി അഞ്ചുവർഷത്തോളം എടുത്തത്രേ. വാസ്തുവിദ്യയുടെ വിസ്മയകരമായ കാഴ്ചകൾ സമ്മാനിക്കുന്നതും കാലം എത്ര പിന്നിട്ടാലും അത്ഭുതം നിറയ്ക്കുന്നതുമായ നിരവധി നിർമ്മിതികൾ നമ്മുടെ ലോകത്തുണ്ട്. അക്കൂട്ടത്തിൽ സന്ദർശകരിൽ കൗതുകവും വിസ്മയവും ഒരുപോലെ ജനിപ്പിക്കുന്ന കാഴ്ചയാണ് കൊളംബിയയിലെ സാൾട്ട് കത്തീഡ്രൽ (salt cathedral). സാൾട്ട് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത് ഭൂമിക്കടിയിൽ 600 അടി താഴ്ചയിലാണ്. ഒരു ഉപ്പു ഖനിയാണ് ദിനംപ്രതി ആയിരക്കണക്കിനാളുകൾ എത്തുന്ന ഒരു ആരാധനാലയം ആയി മാറിയത് എന്നത് ഏറെ അമ്പരപ്പിക്കുന്ന കാര്യമാണ്. രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പ് ദശലക്ഷക്കണക്കിന് ടൺ പാറ ഉപ്പ് വേർതിരിച്ചെടുത്തതിനു ശേഷം ഖനിത്തൊഴിലാളികൾ ഉപേക്ഷിച്ച ഗുഹകളിലും തുരങ്കങ്ങളിലും നിർമ്മിച്ച കത്തീഡ്രൽ ഒരു വാസ്തുവിദ്യാ വിസ്മയം കൂടിയാണ്. ഖനിത്തൊഴിലാളികൾ ഗുഹകൾക്കുള്ളിൽ നിർമ്മിച്ച ഒരു ചെറിയ കൂടാരത്തിൽ നിന്നാണ് സാൾട്ട് കത്തീഡ്രൽ പിറവികൊണ്ടത്. എല്ലാദിവസവും ജോലി തുടങ്ങുന്നതിനു മുൻപായി വിഷവാതകങ്ങൾ, സ്ഫോടനങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവയിൽ നിന്ന് തങ്ങളെ സംരക്ഷിക്കാൻ ജപമാലയുടെ കന്യകയോട് പ്രാർത്ഥിക്കുന്നത് തൊഴിലാളികളുടെ പതിവായിരുന്നു. 1930 -കളിലാണ് തങ്ങളുടെ പ്രാർത്ഥനകൾക്കായി ഇത്തരത്തിൽ ഒരു ചെറിയ കൂടാരം തൊഴിലാളികൾ നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. ഉപ്പ് വേർതിരിച്ചെടുത്തതിന് ശേഷം, ഉപേക്ഷിക്കപ്പെട്ട കുഴികൾ മൂടുന്നതിനു പകരം ഖനി തൊഴിലാളികൾ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന പാതകൾ നിർമ്മിച്ചു. പിന്നീട് 1953 -ൽ കൊളംബിയൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അതൊരു പള്ളിയാക്കി മാറ്റാനുള്ള അനുവാദം കത്തോലിക്ക വിശ്വാസികൾ നേടിയെടുത്തു. എന്നാൽ, 1990 -കൾ ആയപ്പോഴേക്കും ഘടനാപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ കത്തീഡ്രൽ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ആ സമയത്താണ് റിട്ടയേഡ് മൈനിങ് എൻജിനീയറായ ജോർജ് കാസ്റ്റൽബ്ലാങ്കോയും 127 ഓളം ഖനിത്തൊഴിലാളികളും ഏതാനും ശില്പികളും ചേർന്ന് ഭൂമിക്കടിയിൽ തന്നെ കത്തീഡ്രലിന്റെ മറ്റൊരു പതിപ്പ് നിർമിക്കാനായി മുന്നോട്ടുവന്നത്. അതൊരു വലിയ സംരംഭമായിരുന്നു. നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നു കാണുന്ന സാൾട്ട് കത്തീഡ്രലിനെ അവർ ഒരുക്കിയെടുത്തത്. ചുവരുകളിൽ ക്രിസ്തുവിന്റെ പീഡാനുഭവ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി അഞ്ചുവർഷത്തോളം എടുത്തത്രേ. അടച്ചുപൂട്ടിയ പഴയ കത്തീഡ്രലിൽ നിന്നും കൂറ്റൻ ഉപ്പു ബലിപീഠത്തെ അതേപടി തന്നെ പുതിയ കത്തീഡ്രലിലേക്ക് മാറ്റി സ്ഥാപിച്ചു. 16 ടൺ ആണ് ഈ ബലിപീഠത്തിന്റെ ഭാരം. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഇത് ഇല്ലെങ്കിലും, കൊളംബിയയുടെ സാൾട്ട് കത്തീഡ്രലിനെ “കൊളംബിയയിലെ ആദ്യത്തെ അത്ഭുതം” ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോൾ വിനോദസഞ്ചാരികളും തീർഥാടകരും ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നു. പ്രതിവർഷം ഏകദേശം 600,000 സന്ദർശകരെങ്കിലും ഇവിടെയെത്തുന്നുണ്ടെന്നാണ് ടൂർ കോഡിനേറ്റർമാർ പറയുന്നത്.

C) ഒറ്റ പുരുഷനും പ്രവേശനം ഇല്ലാത്ത ഉത്സവം

ഇന്ത്യയിലെ പല ആഘോഷങ്ങളിലും മിക്കവാറും പങ്കെടുക്കുന്നത് പുരുഷൻമാർ മാത്രമായിരിക്കും. ഇന്ത്യയിൽ എന്നല്ല. ചിലപ്പോൾ ലോകത്തിലാകെയും അത് അങ്ങനെ തന്നെ ആണ്. ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ പോലും ചിലപ്പോൾ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. എന്നാൽ‌, നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ഒരു ആഘോഷമുണ്ട്. അവിടെ പുരുഷന്മാർക്ക് പ്രവേശനം തന്നെ അനുവദിക്കുന്നില്ല. അരുണാചൽ പ്രദേശിലെ ലോംഗ്ഡിംഗിലുള്ള വാഞ്ചോ ട്രൈബിന്റേതാണ് ഈ ആഘോഷം. അതുപോലെ നോക്റ്റെ ഗോത്രവും ഈ ആഘോഷം സംഘടിപ്പിക്കാറുണ്ട്. താഹ് തവൻ എന്ന് അറിയപ്പെടുന്ന ഈ ഉത്സവം എല്ലാ വർഷവും ഏപ്രിലിലാണ് നടക്കുന്നത്. താഹ് എന്ന വാക്കിന്റെ അർത്ഥം നെല്ല് എന്നാണ്. താ എന്നാൽ ആത്മാവ് എന്നും വൻ എന്നാൽ വരുന്നു എന്നുമാണ് അർത്ഥമാക്കുന്നത്. ഗ്രാമത്തിൽ നിന്നുമുള്ള സ്ത്രീകൾ, വിവിധ ആചാരങ്ങൾ നടത്തിയ ശേഷം, അവരുടെ വയലിൽ നിന്ന് ഒരു തൈ തിരികെ കൊണ്ടുവരും. പിന്നീട് അത് തങ്ങളുടെ വീട്ടിൽ കെട്ടിയിടും. അത് ഫലഭൂയിഷ്ഠതയും ഐശ്വര്യവും കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ മൃ​ഗങ്ങളുമായും മറ്റും മാത്രം ചേർന്നു നിന്നിരുന്ന ഈ ആഘോഷം ഇന്ന് മുഴുവൻ സ്ത്രീകളും പങ്ക് ചേരുന്ന ഉത്സവമായി മാറിക്കഴിഞ്ഞു. ഒപ്പം സസ്യങ്ങളും മൃ​ഗങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഫലഭൂയിഷ്ഠമായ വർഷത്തെയും പ്രതീക്ഷിച്ചു കൊണ്ടാണ് ഈ ഉത്സവം നടക്കുന്നത്. ഉത്സവം നടക്കുന്ന ദിവസം സ്ത്രീകളും പെൺകുട്ടികളും പരമ്പരാ​ഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു കൊണ്ട് തങ്ങളുടെ വയലിലേക്ക് പോകുന്നു. പിന്നീട്, തങ്ങൾ സാധാരണയായി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ, പന്നി, മീൻ ഇവയെല്ലാം ഉണ്ടാക്കുന്നു. ഫാമിൽ നിന്നുള്ള എലികളെയും അവർ പാകം ചെയ്യും എന്നാണ് പറയുന്നത്. ഒറ്റപ്പുരുഷനും അങ്ങോട്ട് കടക്കാനോ ആ ഉത്സവത്തിൽ പങ്ക് ചേരാനോ, ഭക്ഷണത്തിൽ സ്പർശിക്കാനോ അനുവാദമില്ല. ശേഷം സ്ത്രീകളെല്ലാം ചേർന്ന് ഈ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച ശേഷം ആ വർഷത്തിനുള്ളിൽ പ്രായപൂർത്തിയായ പെൺകുട്ടികൾക്കായി പ്രാർത്ഥനയും മറ്റ് ചടങ്ങുകളും നടത്തുന്നു. പിന്നീട്, ആ പെൺകുട്ടികളുടെ അരയിൽ വെള്ളത്തുണി ഉടുപ്പിക്കുന്നു. അവർ വിവാഹത്തിന് യോ​ഗ്യരാണ് എന്നാണ് അത് വെളിവാക്കുന്നത്. നേരത്തെ പ്രാർത്ഥനകളിൽ കരുത്തരായ ആൺകുട്ടികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും ഉണ്ടായിരുന്നു. എന്നാൽ, ഇന്നത് കയ്യിൽ പേനയും പേപ്പറും പിടിച്ചുകൊണ്ടുള്ള പ്രാർത്ഥനയായി മാറിയിട്ടുണ്ട്. കൃത്യമായ വിദ്യാഭ്യാസമാണ് അതിലൂടെ അർത്ഥമാക്കുന്നത്. കൃഷിക്ക് വളരെ അധികം പ്രാധാന്യമുള്ള ഇവിടെ ഈ ഉത്സവവും ആഘോഷവും എല്ലാം കൃഷിയുമായി ബന്ധപ്പെടുത്തിക്കൂടിയാണ് നടക്കുന്നത്. ഉത്സവദിവസം സ്ത്രീകളെല്ലാം ഒത്തുചേരുകയും പാട്ടുപാടുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്യുന്നു. അന്ന് അവിടമെങ്ങും സ്ത്രീകളെ മാത്രമാണ് കാണാൻ സാധിക്കുന്നത്.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com