Thursday, July 17, 2025
Homeസ്പെഷ്യൽശുഭചിന്ത - (120) പ്രകാശഗോപുരങ്ങൾ - (96) 'ക്ഷമാശീലം' ✍പി. എം.എൻ.നമ്പൂതിരി

ശുഭചിന്ത – (120) പ്രകാശഗോപുരങ്ങൾ – (96) ‘ക്ഷമാശീലം’ ✍പി. എം.എൻ.നമ്പൂതിരി

ലോക പ്രസിദ്ധ ശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടനെക്കുറിച്ച് രസകരവും അതേ സമയംതന്നെ പ്രധാന്യമുള്ളതുമായ ഒരു സംഭവ കഥയുണ്ട്. അദ്ദേഹം എട്ടു വർഷം തീഷ്ണമായി കഠിനാദ്ധ്വാനം ചെയ്ത് വളരെ പ്രധാനപ്പെട്ട ഒരു പുസ്തകം എഴുതി പൂർത്തിയാക്കി. ഈ പുസ്തകത്തിൻ്റെ കയ്യെഴുത്തുപ്രതി അദ്ദേഹം ഭദ്രമായി തൻ്റെ മേശപ്പുറത്ത് വെച്ചിരുന്നു. മറ്റൊരു ദിവസം രാത്രിയിൽ ന്യൂട്ടൻ്റെ വളർത്തുനായ കത്തിയെരിയുന്ന മെഴുകുതിരി തട്ടി മറിക്കാനിടയായി. തുടർന്നുണ്ടായ അഗ്നിബാധയിൽ ന്യൂട്ടൻ്റെ പുതിയ ഗ്രന്ഥം കത്തി ചാമ്പലായി. വളരെക്കാലം അത്യധികം അദ്ധ്വാനിച്ച് തയ്യാറാക്കിയ തൻ്റെ പുസ്തകം ചാരമായി മാറിയപ്പോൾ അദ്ദേഹത്തിൻ്റെ മന:സ്ഥിതി വിവരണാതീതമാണ്. ന്യൂട്ടന് തൻ്റെ വിലപ്പെട്ട ഗ്രന്ഥം നഷ്ടപ്പെടുവാൻ ഇടയായതിൽ അതിയായ ദു:ഖമുണ്ടായി.എന്നാൽ ന്യൂട്ടൻ ഡയമണ്ട എന്ന ഓമനപേരാൽ വിളിച്ചിരുന്ന വളർത്തുനായ അറിയാതെ ചെയ്ത തെറ്റാണതെന്നോർത്തപ്പോൾ അദ്ദേഹത്തിൻ്റെ ദു:ഖമെല്ലാം ഓടിയകന്നു. കത്തിയെരിഞ്ഞ പുസ്തകത്തിൻ്റെ കയ്യെഴുത്തുപ്രതി മുഴുവനും അദ്ദേഹം തന്നെ വീണ്ടും തയ്യാറാക്കി. പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ്റെ സംഭവകഥയിൽ നിന്ന് അദ്ദേഹത്തിൻ്റെ അതിരറ്റ ക്ഷമ നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

ഇന്ന് നാം കാണിക്കുന്ന ക്ഷമയേക്കാൾ അനേകം മടങ്ങ് ക്ഷമാശീലം പ്രശ്നസങ്കീർണ്ണമായ ഇന്നത്തെ ലോകത്തിൽ ജീവിക്കുന്ന നമ്മൾക്ക് ഉണ്ടാകേണ്ടതാണ്. അതിരറ്റ ക്ഷമയിലൂടെ മാത്രമേ സങ്കീർണ്ണമായ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കുവാനും അവയെ മറികടക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ.

വളരെ നിസ്സാരമായ കാര്യങ്ങളുടെ പേരിൽ അക്ഷമരാകുന്നവരാണ് നമ്മളിൽ അധികം പേരും. ഇന്ന് വളരെയധികം തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും എന്നതുകൊണ്ടുതന്നെ അക്ഷമ നമ്മളിൽ താനെ കടന്നു കൂടുവാൻ ഇടയുണ്ട്. ഈ അക്ഷമ താൽക്കാലികമായി നമുക്ക് വിജയം നേടിതന്നേക്കാമെങ്കിലും വിദൂരഭാവിയിൽ അനേകം ദോഷങ്ങൾ വരുത്തിവെയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല. നാം കാണിക്കുന്ന ക്ഷമക്കേടിനും നിരവധിയായ തെറ്റുകൾക്കുമെല്ലാം ഈശ്വരൻ നമ്മെ ശിക്ഷിക്കുകയാണെങ്കിൽ നമ്മുടെ അവസ്ഥ അതീവ ദയനീയമായിരിക്കും. നമ്മുടെ ക്ഷമയുടെ അതിർവരമ്പുകൾ പരീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങൾ പ്രശ്നസങ്കീർണ്ണമായ നമ്മുടെ അനുദിന ജീവിതത്തിൽ ധാരാളം ഉണ്ടാക്കുവാൻ ഇടയുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പതറിപോകാതെ, മനസ്സു മടുക്കാതെ ശാന്തതയോടും സമചിത്തയോടും കൂടെ അവയെ നേരിടുകയാണെങ്കിൽ തീർച്ചയായും വിജയമായിരിക്കും ഫലം. നമ്മുടെ ജീവിതമണ്ഡലങ്ങൾ എത്രമാത്രം വേഗത നിറഞ്ഞതായാലും ക്ഷമയും സമചിത്തതയും കൈവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇറ്റലിയിലെ പ്രസിദ്ധമായ റോമാനഗരം ഒരു ദിവസം കൊണ്ട് പണിയപ്പെട്ടതല്ലെന്ന് ഓർക്കുക. ഇതുപോലെ മഹത്തരമായ കാര്യങ്ങൾ ചെയ്തുതീർക്കുവാൻ അനേകം ദിവസങ്ങളും വർഷങ്ങളും നിരന്തരമായി പരിശ്രമിക്കേണ്ടതായി വരും. നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കുന്നതു പോലെ നടക്കാതെ വരുമ്പോൾ ദ്വേഷ്യം പിടിക്കുകയും അത് ഉപേക്ഷിക്കുകയും ചെയ്യുന്നതിനെയല്ല ക്ഷമ എന്ന് പറയുന്നത്. വിമാനം കണ്ടുപിടിച്ച റെറ്റ് സഹോദരന്മാർ വളരെയധികം ക്ഷമാശീലമുള്ളവരായിരുന്നു. ഏതാണ്ട് പത്തു വർഷത്തോളം പ്രസ്സിൽ ജോലി ചെയ്ത റെറ്റ് സഹോദരന്മാർ നീണ്ട വർഷങ്ങളുടെ പരിശ്രമത്തിനുശേഷം മാത്രമാണ് ഈ ജോലി തങ്ങൾക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കുകയും അത് ഉപേക്ഷിക്കുകയും ചെയ്തത്. അത്യധികമായ ക്ഷമാശീലമാണ് റെറ്റ് സഹോദരന്മാരെ വിമാനം കണ്ടുപിടിക്കുന്നതിലേയ്ക്ക് നയിച്ചത്. ക്ഷമാശീലമില്ലാത്തവർ ദരിദ്രരാണ് എന്ന് ഷെയ്ക്സ്പിയർ അദ്ദേഹത്തിൻ്റെ കൃതിയായ ഒഥല്ലോയിൻ പറയുന്നുണ്ട്. എപ്പോഴും ക്ഷമയോടുകൂടി പ്രവർത്തിക്കുക എന്നത് വളരെ പ്രയാസവും കയ്പുനിറഞ്ഞതുമായ അനുഭവമായിരിക്കും എന്നത് സത്യം തന്നെയാണ്. പക്ഷെ ക്ഷമയുടെ ഫലങ്ങൾ അധീവ മാധുര്യമുള്ളതാണ്. ഇന്ന് നാം ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ആധുനിക ഉപകരണങ്ങളും, ശാസ്ത്രലോകത്തെ വിസ്മയകരമായ കണ്ടുപിടുത്തങ്ങളും അനന്തമായ ക്ഷമയുടെയും പരിശ്രമത്തിൻ്റെയും പ്രത്യക്ഷഫലങ്ങളാണ്. ക്ഷമാശീലം മിക്കപ്പോഴും നമുക്ക് ശക്തി പകരും എന്ന കാര്യത്തിൽ സംശയമില്ല. ക്ഷമയോടും സമചിത്തതയോടും കൂടി കാത്തിരിക്കുക – പ്രവർത്തനം തുടരുക ഇതാണ് വിജയത്തിൻ്റെ ഏറ്റവും വലിയ രഹസ്യം. എന്തൊക്കെ നഷ്ടം സംഭവിച്ചാലും, എത്ര കടുത്ത വെല്ലുവിളിയെ നേരിടേണ്ടതായി വന്നാലും ക്ഷമാശീലം കൈവെടിയരുത്. ക്ഷമയാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.

അസാധ്യമെന്ന് ഇന്ന് നാം കരുതുന്നതും, നമുക്ക് തോന്നുന്നതുമായ പല കാര്യങ്ങളും നേടിയെടുക്കാൻ ക്ഷമ ഒന്നുകൊണ്ടു മാത്രം നമുക്ക് കഴിയുമെന്ന കാര്യം ഒരിക്കലും മറക്കരുത്. ഇന്നത്തെ മനുഷ്യൻ ജീവിക്കുന്നത് കമ്പ്യൂട്ടറിൻ്റേയും റോക്കറ്റിൻ്റേയും യുഗത്തിലാണ്.അതുകൊണ്ടുതന്നെ കാര്യങ്ങൾ കഴിയുന്നത്ര വേഗത്തിൽ ചെയ്തു തീർക്കണമെന്ന വ്യഗ്രത ഇന്നത്തെ മനുഷ്യരിൽ വളരെയധികം കണ്ടുവരുന്നുണ്ട്. ഈ വ്യഗ്രത ഒരു പരിധിവരെ നല്ലതാണെങ്കിലും അധികമായാൽ വിപരീതഫലങ്ങൾ ഉളവാക്കും. ശ്രമകരവും മഹത്തരവുമായ കാര്യങ്ങൾ ഒറ്റദിവസം കൊണ്ട് സാധ്യമല്ല.തികഞ്ഞ ക്ഷമയോടുകൂടി ജീവിതപ്രശ്‌നങ്ങളെ നാം നേരിടുമ്പോൾ വളരെയധികം വിഷമതകൾ നമുക്ക് സഹിക്കേണ്ടതായി വരുന്നു. ക്ഷമയോടും ദൃഢനിശ്ചയത്തോടും കുടെ കയ്പേറിയ ജീവിത യാഥാർത്ഥ്യങ്ങളേയും പ്രതികൂലമായ സാഹചര്യങ്ങളേയും നേരിടാനുള്ള സന്നദ്ധതയാണ് നമുക്ക് അത്യാവശ്യമായി വേണ്ടത്. എങ്കിൽ മാത്രമേ പ്രതിസന്ധികളെ വിജയകരമായി അതിജീവിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ. ജീവിതത്തിൻ്റെ എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ ക്ഷമാശീലം അത്യന്തം ആവശ്യമാണ്. ലിയോനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ കലാസൃഷ്ടിയാണ് “അവസാന അത്താഴം “ യേശുക്രിസ്തുവിൻ്റെ പീഡാനുഭവത്തിന് തൊട്ട്മുമ്പ് ശിഷ്യന്മാരൊന്നിച്ചുള്ള അത്താഴമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹത്തരമായ ഒരു കഥാസൃഷ്ടിയ്ക്കാണ് ലിയോനാർഡോ രൂപം നൽകിയത്. ഘടികാരത്തിൻ്റെ സൂചികൾക്കൊപ്പം ചലിച്ചു കൊണ്ടാണ് അദ്ദേഹം ഈ വിശ്വപ്രസിദ്ധ കലാസൃഷ്ടി പൂർത്തിയാക്കിയത്. ഇത് മുഴുമിപ്പിക്കാനായി അദ്ദേഹം രണ്ടുവർഷം എടുത്തു. ഇത് ഒരു സുദീർഘമായ കാലയളവാണ്. രണ്ടുവർഷത്തെ കഠിനമായ പരിശ്രമംകൊണ്ടാണ് ലിയോനാർഡോവിന് വിശ്വ പ്രസിദ്ധമായ ഈ കലാസൃഷ്ടി മനോഹരമായി അവസാനിപ്പിക്കുവാൻ സാധിച്ചത്. ‘’അവസാന അത്താഴം “എന്ന പ്രസിദ്ധമായ കലാസൃഷ്ടി യാഥാർത്ഥ്യമാക്കുവാൻ ലിയോനാർഡോ വിന് എത്രമാത്രം ക്ഷമയും പരിശ്രമവുമാണ് വേണ്ടിവന്നത് എന്ന് കാണിക്കുവാൻ വേണ്ടി മാത്രമാണ് ഈ സംഭവം ഇവിടെ ഉദ്ധരിച്ചത്.

ക്ഷമയോടുകൂടി സാവധാനം സമയമെടുത്ത് പരിശ്രമിച്ചാൽ എത്ര ദുഷ്കരമായ കാര്യവും സാധിക്കുമെന്നാണ് ലിയോനാർഡോവിൻ്റെ അനുഭവം വ്യക്തമാക്കുന്നത്. നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള വിഷമതകൾ ഉണ്ടാകാം.എന്നാൽ ക്ഷമയോടുകൂടി മുന്നോട്ട് നീങ്ങുകയാണെങ്കിൽ അവയെ നമുക്ക് അതിജീവിക്കാൻ കഴിയും. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുന്നവരാണ് ജീവിതത്തിൽ വിജയം വരിക്കുന്നതും മഹത്തരമായ കൃത്യങ്ങൾ ചെയ്യുന്നതും. നാം ജീവിതത്തിൽ ഒരു പ്രതിസന്ധിയെ നേരിടുകയാണെങ്കിൽ ഒരു കാരണവശാലും വിനാശകരമായ യാതൊരു തീരുമാനവും എടുക്കരുത് എന്നു മാത്രമല്ല ക്ഷമ കാണിക്കുകയുമാണ് വേണ്ടത്. സങ്കീർണ്ണമായ ജീവിതയാത്രയിൽ തീർച്ചയായും ക്ഷമാശീലം തന്നെയാണ് നമ്മെ ജീവിതവിജയത്തിലേയ്ക്ക് നയിക്കുന്നത്.

പി. എം.എൻ. നമ്പൂതിരി

RELATED ARTICLES

6 COMMENTS

  1. അതെ ഗുരുജി. പ്രതിസന്ധികളിൽ തളരാതെ ക്ഷമയോടെ പ്രവർത്തിക്കുന്നവരാണ് വിജയം കൈവരിയ്ക്കുന്നത്. ‘നന്ദി ഗുരുജി. നമസ്ക്കാരം ‘

  2. സരോജിനി, അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു ട്ടോ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ