ഓണം അടുത്തുവരുമ്പോൾ എനിക്ക് ആദ്യം ഓർമയിലേക്ക് വരുന്നത് പൂക്കളമല്ല.
ഒരു തറവാടാണ്. കാലത്തിന്റെ എത്രയോ ചുവടുകൾ ഏറ്റിട്ടും പ്രൗഢി ഒട്ടും ചോർന്നുപോകാത്ത ഒരു പഴയ നായർ തറവാട്.
തേക്കുമരത്തൂണുകൾ നെഞ്ചുയർത്തി നിൽക്കുന്ന നാലുകെട്ട്. നടുമുറ്റത്തേക്ക് ആകാശം ചതുരമായി ഇറങ്ങിവരുന്ന വെളിച്ചം. ചുവന്ന ഓക്സൈഡ് തറയിൽ വർഷങ്ങളുടെ മിനുക്ക്. തുളസിത്തറയ്ക്ക് ചുറ്റും സന്ധ്യയുടെ വെളിച്ചം കാത്തുനിൽക്കുന്ന കാറ്റ്. ഉമ്മറത്ത് തൂങ്ങിയ പിച്ചളവിളക്കിൽ എണ്ണയുടെ ഗന്ധം. അടുക്കളയിൽ വലിയ ഉരുളികളിൽ തിളയ്ക്കുന്ന പായസത്തിന്റെ മധുരം, അവിയലിന്റെ തേങ്ങാമണം—ഇതെല്ലാം ചേർന്ന് ആ വീടിന് മാത്രം സ്വന്തമായ ഒരു ഗന്ധം ഉണ്ടായിരുന്നു.
വീട്ടിനുള്ളിൽ കസവുസാരിയണിഞ്ഞ സ്ത്രീകൾ. ചിലരുടെ മുടിയിൽ മുല്ലപ്പൂ. ചിലരുടെ നെറ്റിയിൽ ചന്ദനക്കുറി. കൈകളിലെ സ്വർണവളകൾക്ക് പാരമ്പര്യത്തിന്റെ സംഗീതം.
ഓണസദ്യയ്ക്ക് വരണമെന്ന് അവൾ ക്ഷണിച്ചപ്പോഴാണ് മുസ്ലിം കുട്ടികളും ക്രിസ്ത്യൻ കുട്ടികളും ചേർന്ന ഞങ്ങളുടെ ഒരു ചെറിയ കൂട്ടം അവിടേക്ക് ചെല്ലുന്നത്.
സദ്യ വിളമ്പാൻ സമയമായപ്പോൾ വീട്ടിലെ മുതിർന്നവർ ഞങ്ങളെ വലിയ സ്നേഹത്തോടെ വിളിച്ചിരുത്തി. വലിയ വാഴയിലകൾ ഓരോരുത്തരുടെയും മുന്നിൽ വിരിഞ്ഞു. ഇലയുടെ പച്ചപ്പിന് മുകളിൽ വിഭവങ്ങൾ ഒന്നൊന്നായി നിരന്നു . പരിപ്പ്, നെയ്യ്, കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, കിച്ചടി, പപ്പടം, പഴം, പിന്നെ അവസാനമായി പായസം… സ്വാദിന്‍റെ ഒരു ഉത്സവം തന്നെയായിരുന്നു അത്.
സദ്യ കഴിഞ്ഞ് ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ഓണവെയിൽ മങ്ങിയിരുന്നു.
ഇടവഴിയിലൂടെ നടന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി ചോദിച്ചു.
“ഒരു കാര്യം ശ്രദ്ധിച്ചോ…?”
ഞങ്ങൾ അവളെ നോക്കി.
“എന്തുകൊണ്ടാണ് അവർ നമുക്ക് വാഴയിലയിൽ ഭക്ഷണം തന്നത്? അവരുടെ പാത്രങ്ങളിൽ വിളമ്പാൻ മടിയായതുകൊണ്ടാണോ?”
ഒരൊറ്റ ചോദ്യം..
ചില ചോദ്യങ്ങൾ വിത്തുകളാണ്.
അവ മനസ്സിൽ വീണാൽ ഉടനെ മുളയ്ക്കും.
ആ ചോദ്യം ഞങ്ങളുടെ എല്ലാവരുടെയും മനസ്സുകളിലേക്ക് പടർന്നു.
ആ പ്രായത്തിൽ സംശയങ്ങൾക്കാണല്ലോ തെളിവുകളെക്കാൾ വലിയ വിശ്വാസ്യത.
ആ സംശയം ഞങ്ങൾ രഹസ്യമായി ഞങ്ങളോടൊപ്പം മാത്രം സൂക്ഷിച്ചു.
ഒരു വാഴയിലയെക്കുറിച്ചുള്ള ആ സംശയം, ആരും കാണാത്ത ഒരു ചെറിയ കല്ലുപോലെ മനസ്സിന്റെ അടിത്തട്ടിൽ കിടന്നു.
ഓണാവധി കഴിഞ്ഞു സ്കൂൾ വീണ്ടും തുറന്നു.
ആദ്യ ദിവസം അവൾ പതിവുപോലെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.
അവളുടെ കണ്ണുകളിൽ ഒരു മാറ്റവുമുണ്ടായിരുന്നില്ല.
മാറ്റം സംഭവിച്ചിരുന്നത് ഞങ്ങളുടെ കണ്ണുകളിലായിരുന്നു.
അവൾ സംസാരിച്ചപ്പോൾ, ഞങ്ങളുടെ മറുപടികൾ ചെറുതായി. അവളിൽ നിന്നും ഞങ്ങൾ പതിയെ അകന്നു
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ എത്രയോ തവണ അവൾ ഞങ്ങളുടെ മുഖത്തേക്ക് നോക്കിയിട്ടുണ്ടാകും.
പറയാതെ നൽകുന്ന ശിക്ഷയാണ് ഏറ്റവും ക്രൂരമെന്ന് അന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല.
അറിയാത്ത ഒരു കുറ്റത്തിന്, അവൾ ശിക്ഷ അനുഭവിക്കുകയായിരുന്നു.
അങ്ങനെ എത്ര വർഷങ്ങൾ കടന്നുപോയി എന്ന് കൃത്യമായി ഓർമ്മയില്ല.
ഞങ്ങൾ വളർന്നു. ബാല്യത്തിലെ സൗഹൃദങ്ങൾ കാലത്തിന്റെ തിരക്കിൽ മാഞ്ഞുപോയി.
പക്ഷേ അവളോടുള്ള അകൽച്ച മാത്രം എവിടെയോ ഉള്ളിൽ ഒരു മൗനമതിൽപോലെ നിന്നു.
അവളോട് അകന്നുനിൽക്കുന്നതിന് ഞങ്ങൾക്കൊരു കാരണം ഉണ്ടായിരുന്നു.
അത് ഒരു വാഴയിലയായിരുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നും.
ഒരു മനുഷ്യന്റെ മനസ്സിനും ഒരു വാഴയിലയ്ക്കും ഇടയിൽ ഇത്ര വലിയൊരു മതിൽ പണിയാൻ എങ്ങനെയാണ് ഞങ്ങൾക്ക് കഴിഞ്ഞത്?
വർഷങ്ങൾക്കിപ്പുറം ജീവിതം കുറച്ചുകൂടി കാര്യഗൗരവമുള്ളതായി മാറിയ കാലത്ത്, ഒരു സൗഹൃദ സംഭാഷണത്തിനിടയിലാണ് തൂശനിലയിൽ സദ്യ വിളമ്പുന്നതിന്റെ ആ മഹത്വത്തെക്കുറിച്ച് അറിയുന്നത്.
വിശിഷ്ടാതിഥികൾക്കാണ് തൂശനിലയിൽ സദ്യ വിളമ്പുക.
ആ വാക്കുകൾ കേട്ടപ്പോൾ ഒരു ഓണസദ്യ പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് ഓടിവന്നു.
ആ പഴയ തറവാട്.
കസവുസാരിയണിഞ്ഞ സ്ത്രീകൾ.
ഞങ്ങളുടെ മുന്നിൽ വിരിഞ്ഞ പച്ച വാഴയിലകൾ.
പിന്നെ—
കൂട്ടുകാരിയുടെ ആ ചോദ്യം.
“അവരുടെ പാത്രങ്ങളിൽ തരാൻ മടിച്ചതുകൊണ്ടാണോ?”
എന്റെ മനസ്സ് ഒന്ന് പിടഞ്ഞു.
” നമ്മൾ അവളോട് എന്താണ് ചെയ്തത്?”
ആ ചോദ്യം എന്നെ ഉള്ളിൽനിന്ന് പൊള്ളിച്ചു.
ഞങ്ങൾ വിവേചനമെന്ന് കരുതിയത് ആദരവായിരുന്നു.
ഞങ്ങൾ അപമാനമായി കരുതിയത്, ആ വീട്ടിലെ ഏറ്റവും വലിയ സ്നേഹഭാഷകളിലൊന്നായിരുന്നു.
തെറ്റ് അവളുടെ ഭാഗത്തായിരുന്നില്ല.
തെറ്റ് ഞങ്ങളുടെ അറിവില്ലായ്മയിലായിരുന്നു. പക്ഷേ ശിക്ഷ അനുഭവിച്ചത് അവളും.
അത് ഓർത്തപ്പോൾ മനസ്സ് വിങ്ങി.
അവളുടെ മുഖം ഓർമ്മയിൽ വന്നു.
സ്കൂളിൽ ഞങ്ങളുടെ അടുത്തേക്ക് ചിരിച്ചുകൊണ്ട് വന്നിരുന്ന ആ മുഖം..
ഞങ്ങൾ തിരിഞ്ഞുനിന്ന മുഖം..
അവൾക്കൊന്നും മനസ്സിലാകാതെ നിന്ന വിടർന്ന കണ്ണുകൾ.
ഒരിക്കൽ ഞങ്ങൾക്കൊപ്പം ഓടിക്കളിച്ചിരുന്ന ആ കുട്ടി, എന്തുകൊണ്ടാണ് പെട്ടെന്ന് ഞങ്ങളുടെ ലോകത്തിന് പുറത്തായതെന്ന് അറിയാതെ നിന്നിരിക്കണം.
അവളുടെ തെറ്റെന്തായിരുന്നു?
സ്വന്തം ഓണസദ്യയിൽ ഞങ്ങളെ ഏറ്റവും ബഹുമാനത്തോടെ ഇരുത്തിയതോ?
ആ ചോദ്യങ്ങൾക്കു മുന്നിൽ ഞങ്ങളുടെ ബാല്യത്തിലെ എല്ലാ ന്യായീകരണങ്ങളും ഒന്നൊന്നായി തകർന്നുവീണു.
അത് ചിന്തിക്കുമ്പോഴൊക്കെ ഇന്നും ഉള്ളിൽ ഒരു കുറ്റബോധം കയറി വരും.
അവളും ഞങ്ങളും ഏറെ അകന്നുപോയിരുന്നു.
വർഷങ്ങൾക്കുശേഷം പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.
ഞങ്ങൾ മിണ്ടാതെ നിന്നു.
അവൾ മാത്രം പഴയതുപോലെ ചിരിച്ചു.
ആ ചിരിയിൽ എന്നത്തേയും പോലെ
ഒരു പരാതിയും ഉണ്ടായിരുന്നില്ല.
പഴയൊരു വാതിൽ തുറക്കുന്നതുപോലെ അത്ര സ്വാഭാവികമായിരുന്നു ആ ചിരി.
അവൾ ഞങ്ങളോട് പഴയ കാര്യങ്ങൾ അന്വേഷിച്ചില്ല.
ഞങ്ങൾക്കും വിശദീകരിക്കാൻ വാക്കുകൾ കിട്ടിയില്ല.
പതുക്കെ ഞങ്ങൾ വീണ്ടും അടുത്തു.
പഴയ ചിരികൾ തിരിച്ചുവന്നു.
പഴയ ആ സ്നേഹവും.
ഒരിക്കൽ ഞങ്ങൾ പണിത മതിൽ, അവളുടെ ഒരു ചിരിയുടെ മുന്നിൽ എത്ര ദുർബലമായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്.
അതുകൊണ്ടുതന്നെ ഇന്ന് അവളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് കുറ്റബോധത്തേക്കാൾ കൂടുതൽ അഭിമാനമാണ് തോന്നുന്നത്.
ഞങ്ങൾ ഒരിക്കൽ അവൾക്കു നൽകിയ മൗനശിക്ഷയെക്കാൾ വലുതായിരുന്നു അവളുടെ മൗനത്തിലെ ക്ഷമ.
ഇന്ന് ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് തോന്നുന്നത്,
ഒരിക്കൽ നമ്മൾ തെറ്റിദ്ധരിച്ച ആളെ തന്നെ, പിന്നീട് ജീവിതത്തിലെ ഏറ്റവും വിശ്വസ്തരായ മനുഷ്യരിൽ ഒരാളാക്കി മാറ്റുന്നത് ഒരുപക്ഷേ കാലത്തിന്റെ ഏറ്റവും മനോഹരമായ പ്രതികാരമായിരിക്കാം.
ഇന്ന് ആ വാഴയിലയെ ഓർക്കുമ്പോൾ എനിക്ക് അതിനോട് ഒരു പരാതിയുമില്ല.
മറിച്ച്, ഒരു നന്ദിയുണ്ട്.
കാരണം അന്ന് ഞങ്ങൾ തെറ്റായി വായിച്ച ആ ഇലയാണ് ഒടുവിൽ മനുഷ്യരെ വായിക്കാൻ ഞങ്ങളെ പഠിപ്പിച്ചത്.
അന്നത്തെ ആ വാഴയില ഇപ്പോഴില്ല. ആ സദ്യയുടെ മണവും കാറ്റിൽ അലിഞ്ഞുപോയി. പക്ഷേ ഏതാനും കുഞ്ഞു മനസ്സുകളുടെ തെറ്റായ ചിന്തയും, മറ്റൊരു കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ സ്നേഹവും ചേർന്ന് എഴുതിയ ആ ഓണക്കഥ ഇന്നും എന്റെ ഉള്ളിൽ മായാതെ കിടക്കുന്നു.




കുട്ടിക്കാലത്ത് ഇത്രയധികം ദുഷിച്ച ചിന്തകൾ ഓണസദ്യ കഴിച്ച അന്നത്തെ കാലത്ത് കുട്ടികൾക്ക് തോന്നിയല്ലോ എന്നാണ് ഞാൻ ഈ കഥ വായിച്ചപ്പോൾ ചിന്തിച്ചത്. ഓണസദ്യ വിളമ്പിയ കുട്ടിയുടെ മനസ്സിൻ്റെ നന്മയും ഈ കഥയിലൂടെ കഥാകൃത്ത് ഭംഗിയായി അവതരിപ്പിക്കുന്നു. എക്കാലത്തും തിന്മ നിറഞ്ഞ ചിന്തകൾ ഉണ്ടാകുന്നവരും കാലം അതിൻ്റെ നന്മയുടെ വശം പിന്നീട് അവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യും എന്നതാണ് സത്യം 🤝🥰 നല്ലൊരു സന്ദേശം ഉൾക്കൊണ്ട കഥ ഇഷ്ടമായി❤️ ഓണാശംസകൾ🌹🏵️😊
അത് ദുഷ്ടചിന്തയായിരുന്നില്ല; കുട്ടിമനസ്സിന്റെ സ്വാഭാവികമായ തെറ്റിദ്ധാരണയായിരുന്നു. അറിവില്ലായ്മയിൽ ഒരു സംഭവത്തിന് കുട്ടികൾ നൽകുന്ന അർത്ഥം പലപ്പോഴും സത്യത്തേക്കാൾ ശക്തമാകും.
ഈ ലേഖനം ഒരാളെ കുറ്റപ്പെടുത്തുന്നതല്ല; ബാല്യത്തിലെ തെറ്റായ ധാരണകൾ എങ്ങനെ മനുഷ്യബന്ധങ്ങളെ സ്വാധീനിക്കുന്നു എന്നും, തിരിച്ചറിവ് അവയെ എങ്ങനെ തിരുത്തുന്നു എന്നും പറയുന്നതാണ്.
👍
❤️🥰😘😘
മികച്ച വായനാനുഭവം
Thank you 🥰😍❤️