Wednesday, November 19, 2025
Homeഅമേരിക്കഅമേരിക്ക - (7) 'ന്യൂ യോർക്ക് ചെൽസി മാർക്കറ്റ് & ഹൈ ലൈൻ പാർക്ക്'...

അമേരിക്ക – (7) ‘ന്യൂ യോർക്ക് ചെൽസി മാർക്കറ്റ് & ഹൈ ലൈൻ പാർക്ക്’ (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്: റിറ്റ  ഡൽഹി

ന്യൂ യോർക്ക് ചെൽസി മാർക്കറ്റ് & ഹൈ ലൈൻ പാർക്ക്

പലതരം ഫില്ലിങ്ങോടുകൂടിയുള്ള ബർഗർ, ഹോട്ട് ഡോഗ്, ലോബ്സ്റ്റർ റോൾ, സുഷി, ടാക്കോസ്, ഹമ്മസ്, ജെലാറ്റോ, കൈകൊണ്ട് ഉണ്ടാക്കി എടുത്ത നൂഡിൽസ് …….   ഈ മാർക്കറ്റിൽ തദ്ദേശീയരെയും സഞ്ചാരികളെയും ആകർഷിക്കുന്ന നിരവധി ഭക്ഷണ ഓപ്ഷനുകൾ ഉണ്ട്. ‘ പോറിഡ്ജ്’ എന്നു പറഞ്ഞു കണ്ടെങ്കിലും  നമ്മുടെ   കഞ്ഞിയും പയറും ചുട്ട പപ്പടവും കണ്ടില്ലല്ലോ, എന്ന് ചിന്തിക്കാതിരുന്നില്ല.ന്യൂയോർക്ക് നഗരത്തിലെ ലോകപ്രശസ്തമായ ഭക്ഷണ ടൂറുകൾക്ക് അനുയോജ്യമായ സ്ഥലമാണ് ‘ചെൽസി മാർക്കറ്റ്’.

ചെൽസി മാർക്കറ്റിന് വിശേഷണങ്ങൾ ഇനിയുമുണ്ട്.

മനോഹരമായ പരസ്യവും അതിലെ മ്യൂസിക്കും വെച്ച് എന്നെ പോലെയുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിൽ   രുചി കൊണ്ട് കുട്ടികളുടെ ഇഷ്ടം നേടിയ പാലിൻ്റെ പ്രിയപ്പെട്ട കുക്കിയായ ‘ ഓറിയോ ബിസ്ക്കറ്റ് ‘കണ്ടുപിടിച്ചതും നിർമ്മിച്ചതും ഇവിടെയാണ്. യഥാർത്ഥത്തിൽ നാഷണൽ ബിസ്‌ക്കറ്റ് കമ്പനി (നബിസ്കോ) ഫാക്ടറി സമുച്ചയം സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു ഇവിടം.

ടൂറിസ്റ്റാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. നമ്മുടേതായ പെരുമാറ്റ രീതി കണ്ടു കൊണ്ടായിരിക്കാം ‘ നമസ്തേ’ പറഞ്ഞു കൊണ്ട് അവിടുത്തെ സെക്യുരിറ്റിക്കാരൻ ഞങ്ങളുടെ അടുത്ത് എത്തി. പിന്നീട് ഒരു ഗൈഡിനെ പോലെ അവിടുത്തെ ഓരോ വിശേഷങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുകയായിരുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അദ്ദേഹം കുറച്ചുകാലം സൗദിയിൽ ജോലി ചെയ്തതു കൊണ്ട് ഇന്ത്യക്കാരെയും മലയാളികളേയും വലിയ ഇഷ്ടമാണത്രേ!

‘ പിച്ചായിയെ അറിയുമോ? ‘ സുന്ദർ പിച്ചായി ‘യെ എന്നു ചോദിച്ചപ്പോൾ, അയാളുടെ ‘ ജനറൽ നോളഡ്ജിൽ ഒന്ന് അന്തം വിട്ടെങ്കിലും 1890-കളിൽ നിർമ്മിച്ച ചെൽസി മാർക്കറ്റ്,1990 കളിൽ പുനർവികസനം ചെയ്ത് ഇന്ന് ഈ മാർക്കറ്റിൻ്റെ ഉടമസ്ഥതയിലുള്ളത് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇൻ‌കോർപ്പറേറ്റഡാണത്രേ!

മാർക്കറ്റിൻ്റെ മധ്യഭാഗത്തായി ഒരു ചെറിയ ജലധാരയുണ്ട്. കണ്ടപ്പോൾ വലിയ പ്രത്യേകത യൊന്നും തോന്നിയില്ലെങ്കിലും പുനർനിർമ്മിച്ച വസ്തുക്കൾ, പ്രത്യേകിച്ച് ഡ്രിൽ ബിറ്റുകൾ, ഒരു പൈപ്പ് എന്നിവയിൽ നിന്ന് സൃഷ്ടിച്ചതാണത്രേ ഈ വെള്ളച്ചാട്ടം!

അവിടെ ടൂറിസ്റ്റായ വന്ന പല രാജ്യക്കാരോടും ‘ ഗുഡ് മോണിംഗ്, bonjour…. എന്നിങ്ങനെ പല ഭാഷയിലും ആശംസ പറയുന്നുണ്ടെങ്കിലും അപരിചിതരോട് വർത്തമാനം പറയാനുള്ള ത്വര ഇന്ത്യക്കാർക്ക് മാത്രമാണെന്ന് തോന്നുന്നു. ബാക്കിയുള്ളവർ ഒരു പുഞ്ചിരിയിൽ ഒതുക്കി അദ്ദേഹത്തെ ഓടിച്ചു വിടാനുള്ള ഭാവത്തിലാണ്.

ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായ അലൻ ട്യൂറിംഗിനായി സമർപ്പിച്ചിരിക്കുന്ന ഒരു സംവേദനാത്മക ഇൻസ്റ്റാളേഷൻ ആർട്ടെഹൗസ് ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആധുനികവും ആകർഷകവുമായ ഫോർമാറ്റിൽ പ്രദർശിപ്പിക്കുന്നു. സാങ്കേതികവിദ്യയുമായും കലയുമായും ഇടപഴകുന്നതിനുള്ള ഒരു ആധുനിക സമീപനത്തെ ആർട്ടെഹൗസ് പ്രതിനിധീകരിക്കുന്നു.

ഭക്ഷണ വിൽപ്പനക്കാർക്ക് പുറമേ, സുഗന്ധവ്യഞ്ജനങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ മുതൽ അതുല്യമായ സമ്മാനങ്ങൾ വരെ വിൽക്കുന്ന വിവിധതരം കടകളും മാർക്കറ്റിൽ ഉണ്ട്. മാർക്കറ്റിൻ്റെ പല ഭാഗത്ത് നിറുത്തി ഫോട്ടോകൾ എടുത്ത് തരാനും മടി കാണിച്ചില്ല. അദ്ദേഹത്തിൻ്റെ വിവരണം കാരണം ആ മാർക്കറ്റിനെ കൂടുതലറിയാൻ സാധിച്ചു എന്ന സന്തോഷത്തിൽ ഞങ്ങളും .

ഹൈ ലൈൻ പാർക്ക് 

ഇതിൻ്റെ വിശേഷങ്ങളും പുതുമയുള്ളതാണ്. ചെൽസി മാർക്കറ്റിൽ ഉണ്ടായിരുന്ന ‘ Oreo biscuit ‘ ൻ്റെകമ്പനിയായ നബിസ്കോ, 1959-ൽ ആ സ്ഥലത്തുനിന്ന് മാറി. നബിസ്കോ പ്രദേശം വിട്ടയുടനെ അവിടേക്ക് സാധനങ്ങളുമായി  വരുന്ന റെയിൽ‌വേ ട്രാക്കുകളിൽ ട്രെയിനുകൾ ഓടുന്നത് നിർത്തി. ഉപേക്ഷിക്കപ്പെട്ട റെയിൽ‌വേ ട്രാക്ക് 2009 ൽ ഒരു പൊതു പാർക്കായി വീണ്ടും തുറന്നു.

പാർക്ക് എന്നു പറയുമ്പോൾ  പൂക്കളുടെയും കുറ്റിക്കാടുകളുടെയും ഒരു സമന്വയം എന്നു പറയാം. റെയിവേ ട്രാക്കുകൾ അവിടെയവിടെയായി കാണാം. ഭക്ഷണ സാധനങ്ങളുമായി ചില ചെറുകിട കടക്കാരേയും കണ്ടു. ‘ സൊറ’ പറഞ്ഞിരിക്കാനും നടത്തത്തിന് അനുയോജ്യമായ സ്ഥലം .

കൂട്ടത്തിൽ ഒന്നാം നിലയിൽ നിന്നു കൊണ്ട്   കാണാവുന്ന നഗരത്തിൻ്റെ ട്രാഫിക്ക്, ഒരു പുതുമയുള്ള കാഴ്ച. ആ സ്പോട്ടിൽ നിന്ന് ഫോട്ടോ എടുക്കാനായിരുന്നു കൂടുതൽ ഡിമാൻഡ്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ “വൃത്തികെട്ടതും” പൊതുവെ മോശം അവസ്ഥയിലുമായിരുന്ന ചെൽസി മാർക്കറ്റിനെ റെയിൽ പാതയുടെ ഈ പാർക്ക് പുനരുജ്ജീവിപ്പിച്ചു. ഈ  പാർക്കിൻ്റെ വരവോടെ ഇതിനോട് ചേർന്നുള്ള റിയൽ എസ്റ്റേറ്റ് വികസനത്തിനും കാരണമായി.

2009-ൽ പാർക്ക് തുറന്നതിനുശേഷം ഹൈ ലൈനിനോട് ചേർന്നുള്ള  20 പ്രോപ്പർട്ടികൾ  10 മില്യൺ ഡോളറിന് വിറ്റു എന്നാണ് പറയുന്നത്. ഇതിൻ്റെ വിജയം അമേരിക്കൻ സമകാലിക ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ചറിന്റെ ഒരു ഐക്കണായി ഹൈ ലൈൻ മാറി. കാലഹരണപ്പെട്ട പല പ്രോപ്പർട്ടിയും പുനർനിർമ്മിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള നഗരങ്ങളെ ഹൈ ലൈനിന്റെ വിജയം പ്രചോദിപ്പിച്ചു എന്നാണ് പറയുന്നത്.

എന്നും നമുക്ക് ഒരു പാട് പുതുമകൾ സമ്മാനിക്കുന്ന സ്ഥലമാണ് അമേരിക്ക, What an idea Sirji’ എന്നു പറയുന്നതു പോലെയാണ് ചെൽസി മാർക്കറ്റും അതിനോട് ചേർന്നുള്ള പാർക്കിനെ പറ്റി എനിക്ക് തോന്നിയത്. നിങ്ങൾക്കോ?

Thanks

റിറ്റ ഡൽഹി

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com