Thursday, May 21, 2026
Homeഅമേരിക്ക90 കളിലെ വെള്ളിത്തിളക്കം❤️ 'മധുപാൽ' ✍ ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

90 കളിലെ വെള്ളിത്തിളക്കം❤️ ‘മധുപാൽ’ ✍ ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

മധുപാൽ
———

മലയാള സിനിമയിൽ ചില മുഖങ്ങൾ നായകത്വത്തിന്റെ തിളക്കത്തിലല്ല, അവരുടെ കലയുടെ ആഴത്തിലാണ് ഓർമ്മിക്കപ്പെടുന്നത്. അത്തരത്തിൽ അഭിനയത്തിന്റെ മിതത്വവും സാഹിത്യത്തിന്റെ ഗൗരവവും ഒരുപോലെ ഹൃദയത്തിൽ ചേർത്തുവെച്ച കലാകാരനാണ് മധുപാൽ. അഭിനയത്തെ വെള്ളിത്തിരയിലേക്കും അക്ഷരങ്ങളെ ആത്മാവിലേക്കും പകർത്തിയ പ്രതിഭ!

നടൻ, സംവിധായകൻ, എഴുത്തുകാരൻ, തിരക്കഥാകൃത്ത്- ഓരോ വിശേഷണത്തിനും അതിന്റെ സ്വന്തം ഗൗരവമുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിൽ.
സിനിമയുടെ ഗ്ലാമറിനേക്കാളുപരിയായി സിനിമയെ ഒരു സർഗ്ഗാത്മക മാധ്യമമായിട്ടാണ് അദ്ദേഹം കണ്ടത്. അഭിനയത്തിന്റെ വഴക്കവും സാഹിത്യത്തിന്റെ തെളിച്ചവും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ സർഗ്ഗജീവിതത്തിലേക്കൊരു സഞ്ചാരം!

മലയാള സിനിമയുടെ 1990 കാലഘട്ടങ്ങളിൽ വെള്ളിത്തിരയിലേക്ക് എത്തി, വില്ലനായും സ്വഭാവനടയനായും ഒക്കെ മിന്നിമറിഞ്ഞ് ഓരോ കഥാപാത്രത്തിനും തന്റേതായ ഒരു കയ്യൊപ്പ് ചാർത്തിയിരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ! മധുപാൽ കണ്ണമ്പത്ത്.

1963ൽ കോഴിക്കോട് ചെങ്കളത്ത് ശ്രീ.മാധവമേനോന്റെയും കണ്ണമ്പത്ത് ശ്രീമതി.രുഗ്മിണിയമ്മയുടെയും മകനായിട്ടാണ് മധുപാൽ ജനിച്ചത്. ഇന്ന് സ്കൂൾ സ്പോർട്സിന് പേരുകേട്ട പാലക്കാട് പറളി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോമേഴ്സിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് ജേണലിസത്തിന് ചേർന്ന് പഠിച്ചു. സാഹിത്യത്തോടും സാമൂഹിക വിഷയങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമീപനം പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലും എഴുത്തുകളിലും വ്യക്തമായി പ്രതിഫലിച്ചത് ഈ വിദ്യാഭ്യാസ പശ്ചാത്തലത്തിന്റെ സ്വാധീനമായിരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഭരത് ഗോപി സംവിധാനം ചെയ്ത യമനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് എത്തിയതെങ്കിലും
1994ൽ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച കാശ്മീരത്തിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഒരു സൂപ്പർതാരമായി വാഴ്ത്തപ്പെട്ടില്ലെങ്കിലും അഭിനയം കേവലം ഒരു ഭാവപ്രകടനമല്ല മറിച്ച് കഥാപാത്രത്തിന്റെ ആത്മാവിലേക്കുള്ള സഞ്ചാരമാണെന്ന് തിരിച്ചറിഞ്ഞ നടനായിരുന്നു മധുപൽ.

കാശ്മീരം, ആകാശഗംഗ, ഗുരു, മിസ്റ്റർ ബട്ലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം തന്റെ സാന്നിധ്യം രേഖപ്പെടുത്തി. വില്ലൻ വേഷങ്ങളിലായാലും സ്വഭാവ കഥാപാത്രങ്ങളിലായാലും അഭിനയത്തിന്റെ തന്മയത്വം കൊണ്ട് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ മധുപാലിനെ കൂടുതൽ അടയാളപ്പെടുത്തിയത് അദ്ദേഹത്തിന്റെ സംവിധാന മികവായിരുന്നു. ഗ്ലാമറിനേക്കാൾ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്ന സിനിമകളായിരുന്നു അദ്ദേഹം ഒരുക്കിയത്. മികച്ച റിയലിസ്റ്റിക്ക് ചിത്രങ്ങളായി ഇന്നും അവ കണക്കാക്കപ്പെടുന്നു.

നക്സൽ വർഗീസിന്റെ ജീവിതത്തെ ആസ്പദമാക്കി 2008ൽ നിർമ്മിച്ച തലപ്പാവ് എന്ന ചിത്രത്തിലൂടെ അദ്ദേഹം ഒരു സംവിധായകന്റെ മേലങ്കി അണിയുകയും, ആദ്യ സംരംഭത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുകയും ചെയ്തു. കൂടാതെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, സോഹൻ ആന്റണി മെമ്മോറിയൽ അവാർഡ്, ജെസി ഫൗണ്ടേഷൻ അവാർഡ്, ALA അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

ഒഴിമുറി, കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ, തന്റെ ഉള്ളിലെ എഴുത്തുകാരന്റെ ഭാവനയെയും ക്രാഫ്റ്റ്സ്മാനെയും കൂടുതൽ ശക്തമായി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ അക്ഷരങ്ങളുടെ ഗന്ധം നിറഞ്ഞ സിനിമകളായിരുന്നു അവ. അദ്ദേഹത്തിന്റെ സംവിധാനത്തിൻ കീഴിൽ ജനിച്ച കുപ്രസിദ്ധ പയ്യൻ കേരള ഫിലിംസ് ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കി.

2012ൽ പുറത്തിറങ്ങിയ ഒഴിമുറിക്ക് മികച്ച ചിത്രത്തിനുള്ള പേൾ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചു. കൂടാതെ മികച്ച സംവിധായകനുള്ള ജയ്ഹിന്ദ് ടെലിവിഷൻ അവാർഡ്, ദൂരദർശൻ നീരവ് അവാർഡ്, കേരള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

സിനിമയ്ക്കൊപ്പം ടെലിവിഷൻ രംഗത്തും മധുപാൽ തന്റെ കഴിവ് തെളിയിച്ചു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്, ടെലിവിഷൻ വ്യൂവേഴ്സ് അസോസിയേഷൻ അവാർഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ ടെലിവിഷൻ സംഭാവനകൾക്കുള്ള അംഗീകാരമാണ്. യുവതാരം റിയാലിറ്റി ഷോയുടെ ജഡ്ജായും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

90ലധികം സിനിമകളിൽ തെറ്റില്ലാത്ത അഭിനയം കാഴ്ചവച്ച ശേഷം, ഒരു കലാകാരന്റെ തൂലികയിൽ നിന്നും പിറവിയെടുക്കുന്ന വാക്കുകൾക്ക് സിനിമയുടെ ഗ്ലാമറിനേക്കാൾ തിളക്കം ഉണ്ടെന്നും സ്ക്രീനിൽ പകർന്നാടുന്ന വേഷങ്ങളേക്കാൾ ഒരു സാഹിത്യകാരൻ കുറിച്ചിടുന്ന വാക്കുകൾക്ക് കാലത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്നും തെളിയിച്ച, മലയാള സിനിമയുടെ സാഹിത്യ മുഖമാണ് അദ്ദേഹം. കലയെ വെറും കച്ചവടമായി കാണാതെ അതിലെ ആത്മാവിനെ കണ്ടെത്താൻ ശ്രമിച്ചതാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്.

ബാല പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തു യാത്രയുടെ തുടക്കം. പിന്നീട് മാതൃഭൂമി, ഭാഷാപോഷിണി തുടങ്ങിയ മുൻനിര പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹത്തിന്റെ രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തി.

ഒരു ചെറുകഥാകൃത്ത് എന്ന നിലയിൽ മലയാള സാഹിത്യത്തിൽ തന്റേതായ ഒരിടം നേടിയ മധുപാൽ, സാധാരണക്കാരുടെ ജീവിതത്തെയും ആകുലതകളെയും കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾക്ക് അക്ഷരരൂപം നൽകി.

മായാസഞ്ചാരം, മധുപാലിന്റെ കഥകൾ, ഈ ജീവിതം ജീവിച്ചു തീർക്കുന്നത്, ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ, അവൻ(മാർ)ജാരപുത്രൻ, കടൽ ഒരു നദിയുടെ കഥയാണ്, എന്റെ പെൺ നോട്ടങ്ങൾ, ഹീബ്രുവിൽ ഒരു പ്രേമലേഖനം, ഫേസ്ബുക്ക് തുടങ്ങിയവ അദ്ദേഹത്തിന്റെ അക്ഷര സാമ്രാജ്യത്തിലെ സ്പന്ദനങ്ങളാണ്.

കൈരളി അറ്റ്ലസ് സാഹിത്യ പുരസ്കാരം, ഇന്ത്യൻ ട്രൂത്ത് സാഹിത്യ പുരസ്കാരം എന്നിവ കൂടാതെ
സാഹിത്യ രംഗത്തെ സംഭാവനകൾക്ക് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

സിനിമക്കും സാഹിത്യത്തിനും അപ്പുറം സമൂഹത്തോട് നിരന്തരം സംവദിക്കുന്ന ഒരു സാംസ്കാരിക പ്രവർത്തകൻ കൂടിയാണ് മധുപാൽ. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ തന്റെ നിലപാടുകൾ അദ്ദേഹം എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 2004ലെ സുനാമി ദുരന്തബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

നിലവിൽ കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു.

മധുപാലും കുടുംബവും ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. രേഖ വസുമതിയാണ് ഭാര്യ. മാധവി, മീനാക്ഷി എന്നിവർ മക്കളാണ്.

മധുപാൽ വീണ്ടും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്ര എന്ന മമ്മൂട്ടി ചിത്രത്തിലും നിസാം ബഷീർ സംവിധാനം ചെയ്യുന്ന I Nobody എന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിലും റെജിൻ ബാബുവിന്റെ ഭൗമ എന്ന ചിത്രത്തിലും മധുപാൽ വ്യത്യസ്ത വേഷങ്ങളിൽ എത്തുന്നു. തനതായ ശൈലിയിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ മധുപാൽ ഈ പുതിയ റിലീസ് ചിത്രങ്ങളിലൂടെ വീണ്ടും മലയാള സിനിമയിൽ തന്റെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ്.

അഭിനയവും എഴുത്തും സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ ഇഴചേർന്ന ശ്രീ.മധുപാലിന്റെ ജീവിതയാത്ര മലയാള സംസ്കാരത്തിന്റെ ഒരു മനോഹര അധ്യായമാണ്. കലയുടെ ആത്മാവിനെ കണ്ടെത്താൻ ശ്രമിച്ച ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ യാത്ര ഇനിയും ഉയരങ്ങളിലേക്ക് നീങ്ങട്ടെ.

ആസിഫ അഫ്രോസ്, ബാംഗ്ലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com