തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴു സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. മലപ്പുറം വളാഞ്ചേരി പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽനിന്നും വിനോദയാത്ര പോയ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്.
വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്.വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം. വാഹനം പൂർണമായി തകർന്നു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



