ബുഫെ ഹാളിൽ ആർത്തി വിവേകത്തെ മറികടക്കാറുണ്ടോ ?
പലതും തീർന്നു പോകും എന്ന ആശങ്കയുണ്ടോ ?
കൊടുത്ത കാശ് മുതലാക്കണ്ടേ എന്ന ചിന്തയുണ്ടോ ?
സൂപ്പ് എപ്പോഴാണ് കുടിക്കേണ്ടത് ?
മലയാളി മാത്രമല്ല ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരിൽ ചിലർക്കെങ്കിലും ഇക്കാര്യത്തിൽ ആശങ്കകളും സംശയങ്ങളും വിഭിന്ന ചിന്തകളും വിഭിന്ന രീതികളും ഉണ്ട് !
സ്കാൻഡിനേവിയൻ ഭക്ഷണ സംസ്കാരത്തിൽ നിന്നാണ് ബുഫെ എന്ന ആശയം പിറക്കുന്നത്.
വലിയ ചടങ്ങുകളിൽ ഡിന്നറിന് മുമ്പായി അതിഥികൾക്ക് അവർ ബ്രെഡും ബട്ടറും ചീസും തുടങ്ങി സ്പൈസി ആയ വോഡ്ക ഉൾപ്പെടെ സ്പിരിറ്റുകൾ വിളമ്പി.
അത് പിന്നീട് മറ്റു ഭക്ഷണങ്ങളും ചേർത്ത് വിപുലീകരിച്ച് ഡിന്നർ പോലെ പ്രധാനമാക്കി.
അങ്ങനെ പല വിഭവങ്ങൾ ഒരുമിച്ച് ഒരേസമയം ഒരേയിടത്തുനിന്ന് കഴിക്കാവുന്ന ഒരു രീതി നിലവിൽ വന്നു.
ഇതുതന്നെയാണ് പിൽക്കാലത്ത് ‘ബുഫെ’ എന്ന ആശയത്തിലേക്ക് മാറിയത്!
©️prasanth
എന്നാൽ ഫ്രാൻസിൽ ഭക്ഷണം വിളമ്പുന്നതിന് ഉപയോഗിച്ചിരുന്ന സൈഡ് ബോർഡ് ഫർണിച്ചറിന്റെ പേരായിരുന്നു Buffets!!
ഈ ഭക്ഷണ രീതി പിന്നീടാ പേരിൽ അറിയപ്പെടാൻ തുടങ്ങി !
(അമേരിക്കൻ ഇംഗ്ലീഷിൽ ‘ബഫേയ്’ എന്നുച്ചരിക്കും.)
ബുഫെ തന്നെ പലവിധത്തിൽ ഉണ്ടല്ലോ!
നമ്മൾ ഒരു ഹോട്ടലിൽ / റിസോർട്ടിൽ താമസിക്കുമ്പോൾ ബ്രേക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ ഒക്കെ കിട്ടുന്ന ബുഫെ.
വിവാഹത്തിനോ മറ്റു ചടങ്ങുകൾക്കോ ചെല്ലുമ്പോൾ നമുക്ക് ലഭിക്കുന്ന ബുഫെ .
ഇതൊന്നുമല്ലാതെ ഒരു പ്രത്യേക ചാർജ് നൽകി റസ്റ്റോറന്റുകളിലോ ഹോട്ടലുകളിലോ നമ്മൾ ആസ്വദിക്കുന്ന all-you-can-eat buffet.
നമ്മിൽ പലർക്കും ബുഫെയിലെ ക്യൂ അത്രയ്ക്കങ്ങട് ഇഷ്ടല്യ !
തുടക്കത്തിൽ ഒന്നു നിന്നു എന്നു വരും.
രണ്ടാമത് വീണ്ടും ഭക്ഷണം എടുക്കാൻ ചെല്ലുമ്പോൾ അപ്പോഴുള്ള ക്യൂ നമ്മൾ അവഗണിക്കും !
നമുക്ക് ഇഷ്ടമുള്ള ഭക്ഷണം എടുക്കാൻ നേരെ അങ്ങോട്ട് ചാടും!
ലൈവ് കൗണ്ടറിൽ ഇഷ്ടമുള്ളത് ഓർഡർ ചെയ്തിട്ട് കുറ്റിയടിച്ച് അവിടെ നിൽക്കും!
ഒന്നു മാറിക്കൊടുത്താൽ ക്യൂവിൽ നിൽക്കുന്ന മറ്റ് രണ്ടുമൂന്നു പേർക്ക് കൂടി ഓർഡർ ചെയ്യാൻ കഴിയും എന്നിരിക്കെയാണീ കലാരിപാടി !
ഓർഡർ ചെയ്തിട്ട് അല്പം മാറി നിന്നാലും നമുക്ക് തരാനുള്ളത് തന്നിരിക്കും.
ലൈവ് കൗണ്ടറിൽ ഓർഡർ ചെയ്യുമ്പോൾ വീട്ടിൽ എന്ന പോലെയാണ് പലരുടെയും ആവശ്യങ്ങൾ !
അല്പം ഉപ്പ് കുറയ്ക്കാനും എണ്ണ കുറയ്ക്കാനും ഒക്കെ പറയുന്നതിൽ തെറ്റില്ല.
എന്നാൽ ആവശ്യത്തിൻ്റെ ലിസ്റ്റിൽ ഒന്നും രണ്ടും മൂന്നും ആവില്ല കാര്യങ്ങൾ !
പത്തു നൂറു പേർക്ക് ലൈവ് ചെയ്തു കൊടുക്കേണ്ട കുക്കിൻ്റെ മാനസിക നില തെറ്റാൻ അതുമാത്രം മതി !
നമ്മൾ ആദ്യമേ തന്നെ പ്ലേറ്റ് നിറയ്ക്കുകയാണ്!
എന്നിട്ട് വാരി വലിച്ച് തിന്നുകയും !
രണ്ടാമത് പോയി എടുക്കേണ്ട ആവശ്യമേ വരുന്നില്ല.
എന്നാലും വാശിക്കെന്ന പോലെ നമ്മൾ പോയി വീണ്ടുമെടുത്തു കൊണ്ടുവന്ന് വയറിൽ ഇല്ലാത്ത സ്ഥലത്ത് കുത്തിനിറയ്ക്കാൻ നോക്കും!
ഒടുവിൽ dessert ന് ലേശം പോലും സ്ഥലമുണ്ടാവില്ല വയറിൽ !
ചിലർ സൂപ്പ് കഴിക്കുന്നത് എല്ലാം കഴിച്ചു കഴിഞ്ഞശേഷമാണ് !
©️prasanth
ഇങ്ങനെയൊക്കെ ചെയ്യുന്ന നമ്മുടെ ധാരണ നമ്മളെ മറ്റാരും ശ്രദ്ധിക്കുന്നില്ല എന്നതാണ്.
സത്യത്തിൽ പല കണ്ണുകളും നമ്മൾ അറിയാതെ നമ്മുടെ ആർത്തി കണ്ട് കളിയാക്കി ചിരിക്കുന്നുണ്ട് , ജീവനക്കാർ ഉൾപ്പെടെ !
ചില ബുഫെ മര്യാദകൾ കർശനമായും പാലിക്കുക.
1. ക്യൂ ഒരു കാരണവശാലും തെറ്റിക്കരുത്. തൊട്ടു മുന്നിലുള്ള ആൾ കൂടുതൽ സമയം എടുക്കുന്നുവെങ്കിൽ അയാളോട് അനുവാദം ചോദിച്ചിട്ട് നമുക്ക് മുന്നിലേക്ക് പോകാം.
2. സെർവ് ചെയ്യാൻ തന്നിരിക്കുന്ന സ്പൂണുകൾ / ടോംഗ്സ് തന്നെ ഉപയോഗിക്കുക. ഒരു ഡിഷിന് തന്നിരിക്കുന്ന സ്പൂൺ മാറ്റി മറ്റൊരു ഡിഷിന് ഒരിക്കലും ഉപയോഗിക്കരുത്.
സ്പൂണുകൾ / ടോംഗ്സ് യഥാസ്ഥാനത്ത് തിരികെ വയ്ക്കുക.
സെർവിങ് സ്പൂണുകളിൽ നമ്മുടെ കൈ തൊടുന്ന ഭാഗം ഒരിക്കലും ഭക്ഷണത്തിൽ തൊടാൻ അനുവദിക്കരുത്.
3. ക്യൂവിൽ നിൽക്കുമ്പോൾ എടുത്ത ആഹാരം ഒരിക്കലും ചവച്ചുകൊണ്ട് നിൽക്കരുത്.
തിരികെ ടേബിളിൽ പോയി കസേരയിലിരുന്ന ശേഷം മാത്രമേ കഴിച്ചു തുടങ്ങാവൂ.
4. തുടക്കത്തിലേ തന്നെ പ്ലേറ്റ് നിറയ്ക്കരുത്. രണ്ടോ മൂന്നോ ഇനങ്ങൾ മാത്രം ആദ്യം എടുക്കുക.
അത് കഴിച്ചു കഴിഞ്ഞ ശേഷം മാത്രം മറ്റ് പ്രധാന ഭക്ഷണത്തിലേക്ക് പോവുക.
©️prasanth
5. ചില സന്ദർഭങ്ങളിൽ ഒഴികെ ( per plate rate ) ഓരോ പ്രാവശ്യവും പ്ലേറ്റ് മാറ്റാവുന്നതാണ്.
അല്ലെങ്കിൽ ഒരു പ്രാവശ്യം കഴിച്ച ശേഷമുള്ള വേസ്റ്റ് നിക്ഷേപിക്കാൻ സ്ഥലമുണ്ടെങ്കിൽ അങ്ങനെ ചെയ്ത ശേഷം മാത്രം ആ പ്ലേറ്റ് രണ്ടാമതും മൂന്നാമതും സെർവ് ചെയ്യാൻ ഉപയോഗിക്കുക.
അത് പ്രയാസമുള്ള കാര്യമാണ്.
എന്തായാലും നമ്മൾ കഴിച്ച ഭക്ഷണത്തിന്റെ വേസ്റ്റ് നിറച്ച ആ പ്ലേറ്റുമായി വീണ്ടും ബുഫെയിലേക്ക് പോകരുത്.
അത് ടേബിളിൽ വച്ചാൽ അവർ ക്ലിയർ ചെയ്തോളും.
ക്ലിയർ ചെയ്യേണ്ടതാണ്.
6. ബുഫെയിലെ ഒരു ഭക്ഷണ ഇനവും ദയവായി എടുത്ത് ബാഗുകളിൽ കൊണ്ടുപോകാതിരിക്കുക.
7. ബ്രഡ്, കുക്കീസ് ഉൾപ്പെടെ ഒരു സാധനവും കൈകൊണ്ട് എടുക്കരുത്.
8. ബുഫേ ലൈനിൽനിന്ന് ദയവായി തുമ്മുകയും ചുമക്കുകയും ഒന്നും ചെയ്യരുത്.
9. ബുഫെ മര്യാദകൾ പഠിച്ചിട്ടില്ലാത്ത കുട്ടികളോടൊപ്പം നിന്ന് അവരെ സഹായിക്കുക.
10. ഒരിക്കൽ പ്ലേറ്റിലേക്ക് എടുത്തിട്ട ഒരു ഭക്ഷണവും തിരികെ ബുഫെയിലേയ്ക്ക് വയ്ക്കരുത്.
11. സാലഡുകൾ ഉൾപ്പെടെ appetizers വേണമെന്നുള്ളവർക്ക് അത് ആദ്യം കഴിക്കാം.
അത് വേണ്ടെങ്കിൽ സൂപ്പിലേക്ക് പോകാം.
ബുഫേയിലെ സൂപ്പ് പലപ്പോഴും ദഹനത്തിന് സഹായിക്കുന്നതും കൂടുതൽ ആഹാരം കഴിക്കാതിരിക്കാൻ സഹായിക്കുന്നതുമാണ്!!!
സൂപ്പ് കഴിഞ്ഞ ശേഷമാണ് മെയിൻ കോഴ്സിലേക്ക് പോകേണ്ടത്.
12.കേക്ക്, കുക്കീസ്, രസഗുള , പായസം , ഗുലാബ് ജാമുൻ തുടങ്ങിയ dessert കൾ ബുഫെയുടെ ഏറ്റവും അവസാനമാണ് കഴിക്കേണ്ടത്.
©️prasanth
ഓർത്തിരിക്കുക, കൊടുത്ത കാശ് മുതലാക്കാൻ ഉള്ളതല്ല ബുഫെ !
അത് പലയിനം ആഹാരസാധനങ്ങൾ ഒരുമിച്ച് , നമ്മുടെ ആവശ്യത്തിന് അനുസരിച്ച് മിതമായി ആസ്വദിച്ചു കഴിക്കുന്നതിനു വേണ്ടിയാണ്.
അതിനാൽ ബുഫെയിൽ ആർത്തി നല്ലതല്ല.
ഒരു ‘നല്ല ‘ റസ്റ്റോറന്റിലും ഹോട്ടലിലും ഒരിക്കലും ബുഫെയിലെ ഒരിനവും എല്ലാ ഗസ്റ്റുകളും കഴിക്കാതെ തീർന്നു പോകില്ല.
അവർ അത് വീണ്ടും നിറച്ചു കൊണ്ടിരിക്കും.
വളരെ അപൂർവമായി ഒരിനം തീർന്നു എന്ന് വന്നാൽത്തന്നെ അവരത് നമ്മളെ അറിയിച്ചിരിക്കും.
അറിയിച്ചിരിക്കണം.
അത് അപൂർവമായി മാത്രം സംഭവിക്കുന്നതിനാൽ, അത് കരുതി ആദ്യമേ പ്ലേറ്റ് നിറയ്ക്കണ്ട.
💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙
പ്രശാന്ത് വാസുദേവ്✍
(മുൻ ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്)




കല്യാണങ്ങളിലെ പാർട്ടിക്ക് പോകുമ്പോൾ അറിയാതെ ചിരി വന്നിട്ടുണ്ട്..
ഭക്ഷണം കഴിച്ചിട്ട് മാസങ്ങളായി എന്ന് തോന്നും വിധം ആഹാരം വാരിക്കൂട്ടുന്നവർ.