പ്രഭോ.. ഇപ്പോൾ ഇങ്ങനെ വിളിക്കാമോ എന്നറിയില്ല. കഥകളിലും നാടകങ്ങളിലും പഴയസിനിമകളിലുമൊക്കെ അങ്ങയെ ഇങ്ങനെ സംബോധന ചെയ്താണ് കേട്ടിട്ടുള്ളത്. എനിക്ക് ഇങ്ങനെയൊന്നും വിളിച്ചു ശീലമില്ലെങ്കിലും അങ്ങയെ ആദ്യമായി കണ്ടതല്ലേ, അങ്ങനെതന്നെ വിളിക്കുന്നു. എന്നെങ്കിലുമൊരിക്കൽ അങ്ങയെ കാണാൻ സാധിച്ചാൽ ചോദിക്കാനായി ധാരാളം കരുതി വച്ചിരുന്നു. പക്ഷേ ഇപ്പോൾ അതിനൊന്നുമത്ര പ്രസക്തിയില്ലാതായി.
ഇപ്പോഴുള്ള എന്റെ ചോദ്യത്തിന് അങ്ങയെപ്പോലെ നീതിമാനായ ഒരാളിൽനിന്നുള്ള മറുപടി ഒരു പുഞ്ചിരിയാവുമെന്നറിയാമെങ്കിലും ചോദിക്കട്ടെ. സത്യത്തിൽ അന്ന് എന്താണ് സംഭവിച്ചത്. അങ്ങയുടെ സുതലപ്രവേശത്തെക്കുറിച്ച് പലരും പലതുമിപ്പോൾ പറയുന്നു. അറിഞ്ഞതും പഠിച്ചതുമായ കാര്യങ്ങളൊക്കെ തിരുത്തിവായിക്കേണ്ടി വരുന്നു.ഇതൊക്കെ അങ്ങറിഞ്ഞിരിയ്ക്കുമല്ലോ. ഓണത്തിന്റെ ഐതീഖ്യത്തിൽ നായകനായ അങ്ങയെ വില്ലനായാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത്.
ഇനിയുമുണ്ട് ചിലതൊക്കെപ്പറയാൻ.
എല്ലാ ആഘോഷങ്ങളും ഇപ്പോൾ രാഷ്ട്രീയമനുസരിച്ചാണ് ആഘോഷിയ്ക്കാറ്.മതങ്ങൾ പങ്കിട്ടെടുത്ത ദൈവങ്ങളെ ഇപ്പോൾ രാഷ്ട്രീയം പങ്കിട്ടിരിയ്ക്കുന്നു.കേരളത്തിന്റെ സ്വന്തം ആഘോഷമായ ഓണംപോലുമിപ്പോൾ മലയാളിയുടെതല്ല. ഓണമെന്ന ഒരുമയുടെ ആഘോഷമെന്ന ഓണസങ്കല്പം മാറിയിരിക്കുന്നു. മതവും രാഷ്ട്രീയവും ഓണത്തിന് മറ്റെന്തൊക്കയോ നിറങ്ങൾ നൽകുന്നു.അതൊക്കെ അങ്ങയെ വല്ലാതെ വിഷമിപ്പിയ്ക്കുന്നുണ്ട് അല്ലെ. ഈ കാര്യത്തിൽ അങ്ങേയ്ക്ക് എന്തെങ്കിലും പോംവഴി നിർദ്ദേശിയ്ക്കാൻ സാധിക്കുമോ. അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾക്കും മഹാവ്യാധികൾക്കുമിടയിൽ പീഡനങ്ങളും കൊലപാതകങ്ങളും വാർത്തയല്ലാതാകുന്നിടത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും പൊറുതിമുട്ടിയ്ക്കുന്ന നാട്ടിൽ വർഷത്തിൽ ഒരു ദിവസമെങ്കിലും മനസുതുറന്നാഹ്ലാദിയ്ക്കുവാൻ സാധികേണ്ടതല്ലേ. അതോരവകാശമല്ലേ.
ആ അവകാശംപോലും വരുംകാലത്ത് നഷ്ടമായേക്കാം.
ആഘോഷമെന്ന് കേൾക്കുമ്പോൾ ഇന്ന് ഭീതിയാണ്.ഇനിയൊരിക്കൽക്കൂടി അങ്ങയെ കാണാൻ സാധിയ്‌ക്കുമെന്ന് കരുതുന്നില്ല. കാരണം അങ്ങയുടെ നാട്ടിൽ വീടുകളിൽപോലും ആരും സുരക്ഷിതരല്ല.ഒരുപാട് തിരക്കുണ്ടായിട്ടും അങ്ങ് എന്റെ വാക്കുകൾ കേട്ടല്ലോ. അതാണ് ഏറ്റവും വലിയ ഓണസമ്മാനം. ആർക്കും ആരെയും കേൾക്കാൻ സമയമില്ല.
ഇത്രമാത്രം പ്രശ്നങ്ങളുള്ള നാട്ടിൽ ഒരിക്കൽക്കൂടി വരുവാൻ അങ്ങേയ്ക്ക് മനസുണ്ടാവുമോ. അങ്ങ് വരണം. അങ്ങയെ കാത്തിരിക്കുക എന്നത് ഒരാണ്ടിന്റെ സാഫല്യമാണ്. അങ്ങ് വരണം.
ഇതൊരപേക്ഷയാണ്. ഇപ്പോഴും പിറന്ന മണ്ണിനെ സ്നേഹിയ്ക്കുന്ന ഒരു പ്രജയുടെ അപേക്ഷ.




ജയേച്ചി…. അദ്ദേഹം ഏതു രാഷ്ട്രീയമാണ് ഇഷ്ടപ്പെടുന്നത് എന്ന് ചോദിക്കരുന്നു… എന്തെല്ലാം ചോദിക്കാൻ കിടക്കുന്നു… ഒന്നും ചോദിച്ചില്ല.. ങ്ങാ.. പോട്ടെ ഇനി കാണുമ്പോൾ എല്ലാകാര്യങ്ങളും ചോദിക്കുന്നതിനൊപ്പം എന്റെ ഒരു ഹായ് കൂടി പറഞ്ഞേക്കണേ
കാലം മാറിയപ്പോൾ ആഘോഷങ്ങൾ ആരുടെയൊക്കെയോ നിയന്ത്രണത്തിലായിരിക്കുന്നു. ജാതിമതസംഘടനകൾ ആഘോഷങ്ങളുടെ മതേതരത്വസ്വഭാവം നഷ്ടപ്പെടുത്തിയോ? രാഷ്ട്രീയത്തിന്റെ അതിപ്രസരംമൂലം ഓണപ്പാട്ടുകൾ കേൾക്കേണ്ടയിടത്ത് വിവാദചർച്ചകൾ പെരുകുന്നു.. മികച്ച ലേഖനം.. ഇനിയും ഈ നാട് എങ്ങോട്ട്?
🙌
ഞാൻ മലയാളിമനസ്സിന്റെ ഒരു സ്ഥിരം വായനക്കാരനാണ്. മിക്ക കഥകളും ലേഖനങ്ങളും ഞാൻ വായിക്കാറുണ്ട്. ഈ സബ്ജെക്ട് ആനുകാലിക സംഭവങ്ങളെ ആശയപരമായി അവലോകനം ചെയ്‌ത് പഴയകാലഓർമ്മകളും ഇന്നത്തെ സ്ഥിതിവിശേഷങ്ങളും താരതമ്യം ചെയ്യുന്ന മനോഹരമായ രചനയായി എനിക്ക് അനുഭവപ്പെട്ടു. ഈ വിഷയത്തിൽ മുൻപ്വന്ന രചനകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന നല്ല രചന ചുരുങ്ങിയ വരികളിൽ എഴുതിയ ജയടീച്ചർക്ക് ആശംസകൾ 🙏