മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ 44ാംഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
‘സഞ്ചാര സാഹിത്യത്തിലെ അതികായൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ. എസ്.കെ.പൊറ്റെക്കാട് ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
എസ്.കെ. പൊറ്റെക്കാട് (4️⃣4️⃣)

(14/03/1914 – 06/08/1982)
സഞ്ചാരസാഹിത്യ രചനയിൽ മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനാണ് എസ്.കെ. പൊറ്റെക്കാട്.
1913 മാർച്ച് 14 ന് കോഴിക്കോട്ടാണ് ഇദ്ദേഹം ജനിച്ചത്. പൊറ്റെക്കാട്ട് കുഞ്ഞിരാമനും, കുട്ടൂലിയുമായിരുന്നു മാതാപിതാക്കൾ. കോഴിക്കോട് പാലപ്പുറം,
ഗണപതി ഹൈസ്ക്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇൻ്റർമീഡിയറ്റ് പാസ്സായി. തുടർന്ന് ഗുജറാത്തി വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് യാത്രകളിൽ താല്പര്യം ഉണ്ടാവുകയും കപ്പൽമാർഗ്ഗം ലോകത്തിലെ വിവിധ രാജ്യങ്ങൾ സഞ്ചരിക്കുകയും മലയാളത്തിന് അമൂല്യമായ യാത്രാ വിവരണങ്ങൾ എഴുതുകയും ചെയ്തു.
നോവലുകളും, ചെറുകഥകളും കവിതകളും ഒക്കെ എഴുതിയിട്ടുള്ള അദ്ദേഹം സഞ്ചാര സാഹിത്യരചനയിൽ മലയാളത്തിലെ കുലപതി തന്നെയാണ്!
അത് കൊണ്ട് തന്നെ സഞ്ചാര സാഹിത്യകാരൻ എന്ന നാമത്തിലൂടെയാണ് അദ്ദേഹം പ്രസിദ്ധനായത്.
നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്യപൂർവ ഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ. ക്കൊപ്പം യാത്രാവിവരണ ശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ് എസ്.കെ.യുടെ കൈമുതൽ. അന്ന് ലഭ്യമായ പരമാവധി സാദ്ധ്യതകളൊക്കെ മുതലെടുത്തു കൊണ്ടാണ് എസ്.കെ. യാത്ര ചെയ്തത്. മലയാളിക്ക് തീർത്തും അപ്രാപ്യമായ ഇടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാരമാർഗ്ഗങ്ങളും ഹൃദയഹാരിയായി വർണ്ണിച്ചു. കവിത തുളുമ്പുന്ന വർണ്ണനയും ആധികാരികമായ വസ്തുതാ പ്രതിപാദനവുമാണ് എസ്.കെ.യുടെ യാത്രാവിവരണങ്ങളുടെ കാതൽ. കണ്ടതെന്തിനേയും അതേത് ലോകോത്തര കാഴ്ചയായാലും അതിനെ കേരള കാഴ്ചയുമായി തുലനം ചെയ്തു പ്രതിപാദിക്കാനും ആസ്വാദക ഹൃദയത്തിൽ തന്മയീഭാവം സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു!
നൈൽഡയറി, കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി, പാതിരാസൂര്യൻ്റെ നാട്ടിൽ, കാശ്മീർ, ഇന്നത്തെ യൂറോപ്പ്, ഇൻഡോനേഷ്യൻ ഡയറി, മലയാളനാടുകളിൽ, ബാലിദ്വീപ്, യാത്രാസ്മരണകൾ, ഹിമാലയസാമ്രാജ്യത്തിൽ, നേപ്പാൾ യാത്ര എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന യാത്രാവിവരണ ഗ്രന്ഥങ്ങൾ.
ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയായ ‘നൈൽ’ ൻ്റെ തീരത്തുകൂടി ദീർഘദൂരം സഞ്ചരിച്ച് പ്രാചീനകാലത്തിൻ്റെ സംസ്കാരത്തിൻ്റെയും, പരിഷ്ക്കാരത്തിൻ്റെയും, നഷ്ടാവശിഷ്ടങ്ങളും ആധുനിക പരിഷ്ക്കാരത്തിൻ്റെ പ്രത്യേകതകളും മനുഷ്യപ്രയാണത്തിൻ്റെ സൽഫലങ്ങളും നേരിൽ കണ്ടും അനുഭവിച്ചും സ്വാഭാവികമായും വർണ്ണിച്ചിരിക്കുന്ന കൃതിയാണ് ‘നൈൽ ഡയറി’.
ഇറ്റലി, റോം, വെനീസ്, സ്വിറ്റ്സർലാണ്ട്, പാരീസ് തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരത്തിൽ കണ്ട കാഴ്ചകൾ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്ന കൃതിയാണ്
‘ഇന്നത്തെ യൂറോപ്പ്’. ബാലീ ദ്വീപ് എന്ന കൊച്ചു ദ്വീപിലെ വിവരങ്ങൾ കലാമർമ്മജ്ഞനായ എഴുത്തുകാരൻ വിവരിക്കുന്നതാണ് ‘ബാലീദ്വീപ്’ എന്ന കൃതി. ലേഖകൻ്റെ നിരീക്ഷണപാടവം ഇതിൽ വ്യക്തമായി കാണുവാൻ കഴിയുന്നു.
ഇന്നത്തെ പോലെ സാമൂഹ്യ പുരോഗതിയോ സഞ്ചാര സൗകര്യങ്ങളോ ആധൂനിക ഉപകരണങ്ങളോ വാർത്ത വിനിമയോപാധികളോ ഒന്നുമില്ലാതിരുന്ന ഒരുകാലത്ത് അതിസാഹസികമായി താൻ സന്ദർശിച്ച രാജ്യങ്ങളെയും അവിടുത്തെ ജനവിഭാഗങ്ങളെയും പ്രകൃതി സൗന്ദര്യത്തെയും എല്ലാം കലാസുഭഗമായി അവതിരിപ്പിക്കുവാൻ എസ്.കെ. പൊറ്റെക്കാടിനു കഴിഞ്ഞിട്ടുണ്ട്.
യാത്രാ വിവരണങ്ങൾ കൂടാതെ വിഷകന്യക, നാടൻപ്രേമം, മൂടുപടം, പ്രേമശിക്ഷ, ഒരു തെരുവിൻ്റെ കഥ, ഒരു ദേശത്തിൻ്റെ കഥ എന്നീ നോവലുകളും രാജമല്ലി,
ഏഴിലംപാല, പുള്ളിമാൻ, ചന്ദ്രകാന്തം മുതലായ കഥാസമാഹാരങ്ങളും സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശില്പി എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പരിശ്രമശീലരായ കുറെ ആളുകൾ തിരുവിതാംകൂറിൽ നിന്നും വയനാട്ടിൽ കുടിയേറി. പ്രകൃതിയും മണ്ണുമായും മല്ലിട്ട് കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്ത് ജീവിതവിജയം നേടിയ കഥയാണ് ‘വിഷകന്യക’. എന്ന നോവലിലെ പ്രമേയം. മലയാളത്തിലെ കാൽപനിക നോവലുകളിൽ പ്രധാനപ്പെട്ട ഒന്നാണ്
‘ മൂടുപടം’. കോഴിക്കോട് നഗരത്തിലെ ഒരു തെരുവും അതുമായി ബന്ധപ്പെട്ട അനവധി ആളുകളും കഥാപാത്രങ്ങളായ നോവലാണ് ‘ഒരു തെരുവിൻ്റെ കഥ’. ഈ കൃതി കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയതാണ്.
ഒരു ദേശത്തിൻ്റെ കഥ
പൊറ്റെക്കാട്ടിൻ്റെ ആത്മകഥാപരമായ നോവലാണ്. ഇതിന് ഭാരതീയ ജ്ഞാനപീഠം അവാർഡ് ലഭിച്ചു. കൂടാതെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്ക്കാരവും നേടി!
ജീവിതത്തിലെ സങ്കീർണ്ണമായ തീക്ഷ്ണഭാവങ്ങൾ അദ്ദേഹത്തിൻ്റെ കൃതികളിൽ കാണാം. കാല്പനിക പ്രവണത അവയുടെ മുഖമുദ്രയാണ്. സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളും അവയിൽ ഉൾക്കൊള്ളുന്നുണ്ട് കാവ്യാത്മകമായ പ്രതിപാദനരീതികൊണ്ട് ഈ കൃതികൾ വായനക്കാരെ ആകർഷിക്കുകയും ചെയ്യും.
എസ്.കെ. പൊറ്റെക്കാട്ട് ൻ്റെ ശരിയായ പേര് ശങ്കരൻകുട്ടി എന്നാണ്.
രാഷ്ട്രീയ പ്രവർത്തന മേഖലയിലും അദ്ദേഹം കൈയൊപ്പു പതിച്ചിട്ടുണ്ട്. 1962 ൽ തലശ്ശേരിയിൽ നിന്ന് പാർലമെൻ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജീവിതം തന്നെ വിചിത്രമായ അനുഭൂതികളാലും, കാല്പനികതയുടെ മഴവില്ലാർന്ന ഭാഷയാലും കള്ളിമുള്ളിനു സമാനമായ യാഥാർത്ഥ്യത്തിൻ്റെ തീവ്രതയാലും സാഹിത്യത്തെ വൈവിദ്ധ്യത്തിൻ്റെ നിറവിൽ സ്ഥാപിച്ച ഈ മഹാനുഭാവൻ 1982 ആഗസ്റ്റ് 6 ന് ലോകത്തോട് വിട പറഞ്ഞു🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕




Thank You Srii. Raju Sankarathil Sir 🙏❤️
നല്ല അറിവ്
Thank You Sir 🙏❤️🥰
നല്ലറിവ് 👏👍
Thank You Madam 🙏❤️🥰