ശാന്തികൃഷ്ണ… കാഴ്ചയിൽ എപ്പോഴും ഒരേ സ്റ്റൈൽ പിന്തുടരുന്ന നടി. ചുരുണ്ട മുടിക്കാരി സുന്ദരി.
1964 ജനുവരി 2 ന് ആർ. കൃഷ്ണയുടെയും കെ. ശാരദയുടെയും മകളായി പാലക്കാട്ടെ ഒരു അയ്യർ ഫാമിലിയിലാണ് ശാന്തി കൃഷ്ണ ജനിച്ചത്. മാതൃഭാഷ തമിഴ് ആണ്. എന്നാൽ മലയാളവും അത്രതന്നെ സ്ഫുടമായി സംസാരിക്കാനറിയാം . ശ്രീറാം, സതീഷ്, സുരേഷ് കൃഷ്ണ എന്നീ മൂന്ന് സഹോദരങ്ങളിൽ സുരേഷ് കൃഷ്ണ സിനിമാ സംവിധായകനാണ്.
മുംബൈയിലാണ് ശാന്തികൃഷ്ണ പഠിച്ചതും വളർന്നതും. തന്റെ ആറാം വയസ്സു മുതൽ തന്നെ നൃത്തം അഭ്യസിക്കാൻ തുടങ്ങി. ഒരു സ്റ്റേറ്റിൽ നിന്നും ഒരു വിദ്യാർത്ഥിക്ക് മാത്രം കിട്ടുന്ന കേന്ദ്രസർക്കാർ സ്കോളർഷിപ്പ് മഹാരാഷ്ട്രയിൽ നിന്നും നേടിയാണ് ശാന്തികൃഷ്ണ നൃത്തം പഠിച്ചത്. പതിനൊന്നാം വയസ്സിൽ അരങ്ങേറ്റത്തിന് ശേഷം നിരവധി പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ച ശാന്തി കൃഷ്ണയുടെ ചിത്രങ്ങളും ലേഖനങ്ങളും തമിഴ് ഡെയിലിയിൽ അച്ചടിച്ചു വന്നു. ഇത് സംവിധായകൻ ഭരതൻ കാണാനിടയാവുകയും തന്റെ സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയും ചെയ്തു. സഹോദരനായ സുരേഷ് കൃഷ്ണ, കെ.ബാലചന്ദറിന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു ആ സമയത്ത്.
1976ൽ ഹോമകുണ്ഡം എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും 1981 ൽ റിലീസായ ഭരതൻ ചിത്രമായ നിദ്രയിലൂടെയായിരുന്നു ശാന്തി കൃഷ്ണ ശ്രദ്ധിക്കപ്പെട്ടത്. അതിലൂടെ നിരവധി വേഷങ്ങൾ ലഭിക്കുകയും ചെയ്തു.
വിഷ്ണുലോകം, പക്ഷേ, സുകൃതം, ചകോരം, സാഗരം ശാന്തം, നയം വ്യക്തമാക്കുന്നു, ചില്ല്, കൗരവർ, പിൻഗാമി, കിലുകിലുക്കം, സവിധം, ഇത് ഞങ്ങളുടെ കഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇന്നും മലയാളികൾ നെഞ്ചേറ്റുന്ന, ഒരു കാലഘട്ടത്തിലെ ആത്മാർത്ഥ സ്നേഹത്തിന്റെയും പൊള്ളുന്ന നോവിന്റെയും പ്രതീകമായി ശാന്തി കൃഷ്ണ തന്റെ മികച്ച അഭിനയം കാഴ്ചവച്ചു. മമ്മൂട്ടി, മോഹൻലാൽ, മുരളി, രതീഷ്, തുടങ്ങിയ മുൻനിര നായകന്മാരോടൊപ്പം തിളങ്ങാൻ അവർക്ക് സാധിച്ചു. ഇതിൽ മുരളി- ശാന്തി കൃഷ്ണ താര ജോഡി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത്, നടനായ ശ്രീനാഥുമായി പ്രണയത്തിലാവുകയും 1984 ൽ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ ഗുരുവായൂരിൽ വച്ച് അദ്ദേഹത്തെ തന്റെ ജീവിതപങ്കാളിയായി കൂടെ കൂട്ടുകയും ചെയ്തു ശാന്തികൃഷ്ണ. ‘മംഗളം നേരുന്നു’ ആയിരുന്നു വിവാഹത്തിനു മുൻപുള്ള അവരുടെ അവസാന സിനിമ. വിവാഹശേഷം അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുക്കുകയും തിരുവനന്തപുരത്തേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ 1995ൽ ഇവർ വിവാഹബന്ധം വേർപ്പെടുത്തി.
1993 ൽ സവിധത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡ് നേടി. 1994ൽ ചകോരത്തിലെ ശാരദാമണി എന്ന കഥാപാത്രം ശാന്തി കൃഷ്ണക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു.
1998ൽ അമേരിക്കയിലെ രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഹെഡ് ആയ സദാശിവ ബജോറിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് താമസം മാറിയെങ്കിലും ആ ബന്ധവും വിവാഹമോചനത്തിൽ കലാശിക്കുകയാണുണ്ടായത്. ശാന്തി കൃഷ്ണയുടെ ജീവിതം എന്നും അശാന്തി നിറഞ്ഞതായിരുന്നു. സിനിമകളിൽ മാത്രമല്ല ജീവിതത്തിലും ഒരു ദുഃഖപുത്രി ഇമേജ് ആയിരുന്നു ഇവർക്ക്.
വീണ്ടും 2017 ൽ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ശാന്തികൃഷ്ണയെ തേടി ഫിലിം ഫെയറിന്റെ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് അവാർഡ് എത്തി.
നിരവധി ടിവി ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും ശാന്തികൃഷ്ണ തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. 2023 ൽ ‘വെള്ളാരംകുന്നിലെ വെള്ളി മീനുകൾ ‘ എന്ന സിനിമയിൽ അഭിനയിച്ച് താൻ ഇനിയും വിസ്മൃതിയിലേക്ക് മാഞ്ഞു പോയിട്ടില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഈ പ്രതിഭ നിറഞ്ഞ അഭിനേത്രി.
വായനയും യാത്രകളും നൃത്തവും ഹോബിയായി കൊണ്ടുനടക്കുന്ന ശാന്തികൃഷ്ണയ്ക്ക് രണ്ടു മക്കളാണ്. മിഥുലും മിതാലിയും. ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ശാന്തികൃഷ്ണയെ തേടി കൂടുതൽ അവസരങ്ങൾ എത്തട്ടെ എന്നാശംസിച്ചുകൊണ്ട്,
ഇഷ്ടമുള്ള ഹീറോയിനായിരുന്നു
നല്ല അവതരണം 🙏🌹
ചുരുണ്ട മുടിക്കാരി സുന്ദരിയെ ആർക്കാണ് ഇഷ്ടപ്പെടാത്തത്?
മിക്ക ചിത്രങ്ങളും കണ്ടിട്ടുണ്ടെങ്കിലും വിഷ്ണുലോകവും സവിധവും മനസ്സിൽ തങ്ങിനിൽക്കുന്നു..
ശാന്തി കൃഷ്ണനെ കുറിച്ച് നന്നായി എഴുതി
നല്ല അവതരണം 👍
❤️
Super❤️
നന്നായി എഴുതി.