Wednesday, July 9, 2025
Homeമതംമിശിഹായുടെ സ്നേഹിതർ (28) 'വിശുദ്ധ ലൂസി' ✍ അവതരണം: നൈനാൻ വാകത്താനം

മിശിഹായുടെ സ്നേഹിതർ (28) ‘വിശുദ്ധ ലൂസി’ ✍ അവതരണം: നൈനാൻ വാകത്താനം

വിശുദ്ധ ലൂസി
********************

ആദ്യകാല ക്രിസ്ത്യന്‍ രക്തസാക്ഷികളില്‍ കൂടുതല്‍ പ്രചാരം നേടിയ ഒരു വിശുദ്ധയാണ് ലൂസി. ഇറ്റലിയിലെ സിറാക്കൂസില്‍ സമ്പന്നരായ മാതാപിതാക്കളുടെ മകളായി ലൂസി ജനിച്ചു. അച്ഛന്‍ അകാലത്തില്‍ മരിച്ചു. അതോടെ വിധവയായ അമ്മ ഒരു പേഗന്‍ യുവാവിനെ ലൂസിയുടെ ഭര്‍ത്താവാക്കാന്‍ കണ്ടെത്തി.

ലൂസി തന്റെ കന്യാത്വം ദൈവത്തിന് സമര്‍പ്പിച്ചുകഴിഞ്ഞിരുന്നു. എന്നിട്ടും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഭര്‍ത്താവിനെ മാനസാന്തരപ്പെടുത്തി ദൈവത്തോടുള്ള തന്റെ പ്രതിജ്ഞ അംഗീകരിപ്പിക്കാം എന്നായിരുന്നു അവളുടെ പ്രതീക്ഷ.

അമ്മ എവുറ്റീഷ്യ രക്തസ്രാവത്താല്‍ കഷ്ടപ്പെടുകയായിരുന്നു. മകള്‍ ലൂസിയുടെ നിര്‍ബന്ധത്താലാണ്, അമ്പതു മൈല്‍ അകലെയുള്ള കറ്റാനിയായില്‍ വി. അഗത്തായുടെ കബറിടത്തിങ്കല്‍ പോയി പ്രാര്‍ത്ഥിക്കാന്‍ എവുറ്റീഷ്യ സമ്മതിച്ചത്. ഏതായാലും അത്ഭുതകരമായി എവുറ്റീഷ്യ പൂര്‍ണ്ണമായും രോഗമുക്തയായി. അതോടെ, അവരുടെ സ്വത്തിന്റെ നല്ലഭാഗം പാവങ്ങള്‍ക്കു വിതരണം ചെയ്യണമെന്നുള്ള ലൂസിയുടെ ആഗ്രഹം ആ അമ്മ സാധിച്ചുകൊടുത്തു.

പക്ഷേ, അവരുടെ സ്വത്തില്‍ കണ്ണും നട്ടിരുന്ന, ലൂസിയുടെ ഭാവിവരന്‍ അവള്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് അവളെ സിസിലിയുടെ ഗവര്‍ണര്‍ക്ക് ഒറ്റിക്കൊടുത്തു,
ഡയക്ലീഷ്യന്റെ ക്രൂരമായ മതപീഡനം നടക്കുന്ന കാലമായിരുന്നു അത്. ഐക്യവും ദേശഭക്തിയും നിലനില്‍ക്കാന്‍ എല്ലാവരും റോമന്‍ ദേവന്മാരെ ആരാധിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു ചക്രവര്‍ത്തിയുടെ ധാരണ.

അതുകൊണ്ട് തന്റെ സാമ്രാജ്യത്തിന്റെ ശക്തി വര്‍ദ്ധിക്കാന്‍ ഒന്നുകില്‍, ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിക്കണം അല്ലെങ്കില്‍ അവര്‍ നശിക്കണം. ഒരുപക്ഷേ, ആ ക്രിസ്ത്യാനികളെല്ലാം നല്ല ദേശഭക്തരായിരുന്നെങ്കിലും ചക്രവര്‍ത്തി അതു കണക്കിലെടുത്തില്ല. തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന ലൂസി ഭീകരമായ പീഡനത്തിന് ഇരയായി. ആദ്യം അവളെ ഒരു വേശ്യാലയത്തിലാക്കി.

അവളുടെ ചാരിത്ര്യം നശിപ്പിക്കപ്പെടണമെന്നായിരുന്നു ചക്രവര്‍ത്തിയുടെ ഉദ്ദേശ്യം. പക്ഷേ, അത്ഭുതകരമായി അവളെ ദൈവം രക്ഷിച്ചു. പിന്നീട് തീച്ചൂളയില്‍ ചുട്ടു കൊല്ലാനായിരുന്നു കല്പന. പക്ഷേ, അഗ്നി അവളെ സ്പര്‍ശിച്ചതേയില്ല. അവളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ഏറ്റവും ക്രൂരമായ പീഡനങ്ങൾ ഏൽക്കുകയും ചെയ്തു. അവൾ പടയാളികൾക്കെതിരെ പ്രവചനങ്ങൾ നടത്തിയതിൽ അവർ കുപിതനായി. അങ്ങനെ പടയാളികൾ അവളുടെ കഴുത്തിൽ കത്തി കുത്തി ഇറക്കി വിശുദ്ധയെ കൊന്നു.

അവളുടെ ശരീരം സംസ്കരിക്കാൻ വേണ്ടി ഒരുക്കുന്ന സമയത്ത് ലൂസിയുടെ രണ്ടു കണ്ണുകളും യഥാസ്ഥാനത്ത് ഇരിക്കുന്നതായി കാണപ്പെട്ടു. ഈ സംഭവവും അവളുടെ പേരിന്റെ അർത്ഥവും (ലൂസി എന്നാൽ വെളിച്ചം) കാരണമാണ് ലൂസിയെ തിരുസഭ കണ്ണു സംബന്ധമായ രോഗങ്ങളുടെ മധ്യസ്ഥയായി വണങ്ങുന്നത്. ഇന്ന്, സിറാക്കൂസിന്റെ (സിസിലി) സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയാണ് വിശുദ്ധ ലൂസി. ഡിസംബർ 13 വിശുദ്ധ ലൂസിയുടെ തിരുനാൾ ദിനമായി സഭ ആചരിക്കുന്നു.

അവതരണം: നൈനാൻ വാകത്താനം✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ