പ്രേതബാധ എന്ന പ്രതിഭാസവും സത്യവും ശാസ്ത്രവും മനഃശാസ്ത്രവും (ഭാഗം1)
———————————————————–
എന്താണ് പ്രേതബാധ?
സമൂഹത്തിലെ വിശ്വാസങ്ങളും അനുഭവങ്ങളും.
——————————————–
ഇന്ന് പല സമൂഹങ്ങളിലും പ്രേതബാധ/ ആത്മാവ് കയറി, തുടങ്ങിയ അനുഭവങ്ങൾ വ്യാപകമാണ്. ഒരാൾ മറ്റൊരാളുടെ ശബ്ദത്തിൽ സംസാരിക്കുക, ശാരീരിക നിയന്ത്രണം നഷ്ടപ്പെടുക, രാത്രിയിൽ ആരോ അടുത്തുണ്ടെന്ന തോന്നൽ, മരിച്ചവരെ സ്വപ്നം കാണുക, അപ്രതീക്ഷിതമായ ഭയം, തന്റെ ശരീരത്തിനുള്ളിൽ നിന്നും ആരോ തന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുന്നു എന്ന തോന്നൽ, മറ്റൊരാളായി മാറുക, ശരീരത്തിൽ വിറയൽ അനുഭവപ്പെടുക ഇത്യാദിയുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ പലരും ആദ്യം സമീപിക്കുന്നത് മന്ത്രവാദികൾ, ഉസ്താദുമാർ, പള്ളിയിലെ അച്ചന്മാർ, ജ്യോത്സ്യന്മാർ, ആത്മീയ ചികിത്സകർ തുടങ്ങിയവരെയാണ്. ശാസ്ത്രീയമായ ഒരു മനശാസ്ത്ര ചികിത്സയ്ക്ക് അവസാനം മാത്രമാണ് പലരും എത്തിപ്പെടുന്നത്.
പ്രേതബാധയുടെ ഉത്ഭവം
——————————————–
യാതൊരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെ ഓരോ സംസ്കാരങ്ങളിൽ നിന്നും മതങ്ങളിൽ നിന്നും കടന്നു വന്നിട്ടുള്ള വിശ്വാസമാണിത്. പ്രേതഭയങ്ങൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്.
സമയം എത്തുന്നതിനുമുമ്പ് മരിക്കുന്ന ആളുകൾ, ദുർമരണം സംഭവിക്കുന്നവർ, ആഗ്രഹം പൂർത്തിയാകാതെ മരിക്കുന്നവർ ഒക്കെ ഗതികിട്ടാതെ ദുരാത്മാക്കളായി അലഞ്ഞു നടക്കും എന്നൊരു വിശ്വാസം മിക്കവർക്കും ഉണ്ട്. ഈ ആത്മാക്കൾ ദുർബല മനസ്സുകളിൽ പ്രവേശിച്ച് അവിടെ വസിക്കും എന്നൊരു വിശ്വാസം കൂടിയുണ്ട്.
ആത്മഹത്യ, കൊലപാതകം, അപകടമരണം, ഇവയെല്ലാം ഇതിൽ പെടും. ഈ വിശ്വാസം കാലദേശ ഭാഷാ വ്യത്യാസമില്ലാതെ എല്ലായിടത്തും കടന്നുചെന്നിട്ടുണ്ട്. കൂടാതെ ഡ്രാക്കുള പോലുള്ള ചിത്രങ്ങളും മറ്റും ഇതിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പ്രേതബാധ ഒഴിപ്പിക്കുവാൻ വേണ്ടി ലക്ഷങ്ങൾ വരെ ചിലവാക്കുന്നവരുണ്ട് നമ്മുടെ സമൂഹത്തിൽ. ഇത്തരം ആളുകളെ ചൂഷണം ചെയ്യാൻ വേണ്ടി ഒരു വിഭാഗം വലയും വിരിച്ച് ഇരിക്കുന്നുമുണ്ട്. ഇവർ ഈ ഭയത്തെ ഇരട്ടിപ്പിച്ചു കൊടുക്കും. വരുന്നവരും ഇതുതന്നെയാണ് കേൾക്കാൻ ആഗ്രഹിക്കുന്നതും. ഇവരെ സ്വാധീനിക്കാൻ എളുപ്പമാണ്. ഇതാണ് പ്രേതബാധയുടെ ഉത്ഭവം.
മനുഷ്യ മസ്തിഷ്കം ഈ ഭയത്തെ എങ്ങനെ നിർമ്മിക്കുന്നു എന്ന് നോക്കാം.
——————————————–
നമ്മുടെ ഉപബോധ മനസ്സിൽ കയറിക്കൂടിയിട്ടുള്ള വിശ്വാസങ്ങൾ, ഇമേജുകൾ, ഇമോഷൻസ് തുടങ്ങിയവ ചില സാഹചര്യങ്ങളിൽ ശബ്ദങ്ങളോട് പ്രതികരിക്കാൻ തുടങ്ങും. അത് യഥാർത്ഥമാണെന്ന് നമ്മുടെ മനസ്സ് തെറ്റിദ്ധരിക്കും. അപ്പോൾ നമ്മളിൽ ഒരു fear mode പ്രവർത്തനനിരതമാകും.
ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ മൈൻഡ് ഒരു survival mode ലേക്ക് പോകും. അതായത് നമ്മുടെ വിവേകബുദ്ധി പ്രവർത്തനരഹിതമാവുകയും വൈകാരിക ബുദ്ധി പ്രവർത്തനനിരതമാവുകയും ചെയ്യും. തുടർന്ന് മസ്തിഷ്കത്തിൽ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗമായ Amygdala എന്ന ഏരിയ പ്രവർത്തനനിരതമാവുകയും ചെയ്യും. ഇങ്ങനെയാണ് fear mode ലേക്ക് നമ്മൾ എത്തിപ്പെടുന്നത്.
എവിടെയെങ്കിലും ഒരിടത്ത് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത്, പെട്ടെന്ന് ഒരുതരം സ്തംഭനം പോലെ സംഭവിക്കും. ആ സമയത്ത് വിവേകബുദ്ധി തുടർന്ന് പ്രവർത്തിക്കാതെ വൈകാരികബുദ്ധി ഉണരുന്നു. ആ സമയത്ത് നമ്മുടെ മസ്തിഷ്കത്തിലേക്ക് ചെല്ലുന്ന ആദ്യത്തെ സന്ദേശം ഭയമാണെങ്കിൽ, നമ്മുടെ മസ്തിഷ്കം ആ സന്ദേശം ഏറ്റെടുക്കുന്നു. വിവേകബുദ്ധി ഹൈജാക്ക് ചെയ്യപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്.
(തുടർന്ന് എന്ത് സംഭവിക്കുന്നു എന്ന് അടുത്ത ഭാഗത്തിൽ വായിക്കാം)



