പാഷനിസ്റ് സഭ സ്ഥാപിച്ച ഈ വിശുദ്ധൻ ഇറ്റലിയിലെ ഒവാടയിൽ 1964 ജനുവരി 3 ന് ലൂക്കിന്റെയും ആൻ മേരിയുടെയും പതിനാറു മക്കളിൽ ഒരുവനായാണ് ജനിച്ചത്. തികഞ്ഞ ഭക്തിയിൽ ജീവിച്ചിരുന്ന മാതാപിതാക്കൾ വിശുദ്ധരുടെ ജീവചരിത്രം മക്കൾക്ക് വായിച്ചുകൊടുക്കുക പതിവായിരുന്നു. അതിനു ശേഷം അവന്റെ അമ്മ മക്കളെ നോക്കി ഇങ്ങനെ പറയുമായിരുന്നു. “നിങ്ങളെയെല്ലാവരെയും നമ്മുടെ കർത്താവ് വിശുദ്ധരാക്കട്ടെ”.
പാവകൾക്ക് പകരം ആ അമ്മ അവരുടെ കയ്യിൽ വെച്ചുകൊടുത്തത് ക്രൂശിതരൂപമാണ്. പോളിന്റെ കുഞ്ഞു ഹൃദയത്തെ ക്രൂശിതരൂപം വളരെയേറെ സ്വാധീനിച്ചതിന്റെ ഫലമായി ക്രൂശിതനായ യേശുവിനു വേണ്ടി തന്റെ ജീവിതം മുഴുവൻ സമർപ്പിക്കുമെന്ന് അവൻ തീരുമാനമെടുത്തു.
യേശുവിന്റെ പീഡകളെ ഓർത്തു ചെറുപ്പം മുതൽ പോൾ ധ്യാനത്തിൽ മുഴുകുമായിരുന്നു. ആറും ഏഴും മണിക്കൂർ വരെ നീളുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രാർത്ഥനകൾ. വഞ്ചനകളും കുറ്റപ്പെടുത്തലുകളും ചാട്ടവാറടിയും പരിഹാസവും കുരിശിലെ പീഡകളും ഈശോ ക്ഷമയോടെ സഹിച്ചതും ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു കുരിശിൽ മരിച്ചതും ഓർത്ത് വിരക്തിയുടെയും ശൂന്യവൽക്കരണത്തിന്റെയും പാതകൾ പിന്തുടരുവാൻ ശീലിച്ചു.
ചെറുപ്പത്തിൽ പള്ളിയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഭാരമുള്ള ഒരു ബെഞ്ച് കാലിൽ വീണു. ചോരയൊലിക്കുന്ന മുറിവുണ്ടായിട്ടും അവൻ കരഞ്ഞില്ല. ഇതു ദൈവം എനിക്ക് അയച്ചു തന്ന ഒരു റോസപ്പൂവെന്നാണ് അവൻ അതിനെ വിളിച്ചത്.
10 വയസ്സുള്ളപ്പോൾ ജോൺ ബാപ്റ്റിസ്റ്റ് എന്ന അവന്റെ സഹോദരന്റെ കൂടെ പോളിനെ ഒരു പുരോഹിതനായ സുഹൃത്തിനൊപ്പം താമസിക്കാൻ പറഞ്ഞുവിട്ടു. അവർ ഇരുവരും അവിടെ നിന്ന് ഇറ്റാലിയനും ലാറ്റിനുമോക്കെ വായിക്കാനും എഴുതാനും പഠിച്ചു. പ്രായച്ഛിത്ത ജീവിതത്തിന്റെ ഭാഗമായി കിടക്കക്കു പകരം മരപ്പാളികൾ ഉപയോഗിക്കാനും തലയിണയുടെ സ്ഥാനത്ത് ഇഷ്ടിക വെക്കാനും ദീർഘനേരം പ്രാർത്ഥിക്കാനും പരിശീലിച്ചു.
അങ്ങനെ അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സമൂഹം സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ത വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. തന്റെ നിർദ്ദേശകനായ അലക്സാട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ചതിനു ശേഷം യേശുവിന്റെ പീഡാസഹനത്തിന്റെ ആദരവിനായി ഒരു സന്യാസ സമൂഹം താൻ സ്ഥാപിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന തീരുമാനത്തിലെത്തി.
1720 നവംബർ 22-ന് താൻ ദർശനത്തിൽ കണ്ടത് പോലെയുള്ള സന്യാസ വസ്ത്രം (ഇന്നത്തെ പാഷനിസ്റ്റ് സന്യാസിമാർ ധരിക്കുന്നത് പോലത്തെ) മെത്രാൻ ഇദ്ദേഹത്തെ ധരിപ്പിച്ചു. ആ നിമിഷം മുതൽ തന്റെ സന്യാസ സമൂഹത്തിന്റെ നിയമ പ്രമാണങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി. തന്റെ സന്യാസ സമൂഹത്തിനു അംഗീകാരം നേടുന്നതിനായി 1721-ൽ വിശുദ്ധൻ റോമിൽ പോയെങ്കിലും അതിൽ പരാജയപ്പെട്ടു.
അവസാനം 1741 ലും 1746 ലുമായി ബെനഡിക്ട് പതിനാലാമൻ വിശുദ്ധന്റെ സന്യാസ സമൂഹത്തിന്റെ നിയമങ്ങളെ അംഗീകരിച്ചു. ഇക്കാലയളവിൽ ഒബിടെല്ലോക്ക് സമീപം വിശുദ്ധൻ തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. കുറച്ച് കാലങ്ങൾക്കു ശേഷം അദ്ദേഹം റോമിൽ വിശുദ്ധ ജോണിന്റെയും വിശുദ്ധ പൗലോസിന്റെയും പള്ളികളിലായി ഒരു വലിയ സന്യാസ സമൂഹത്തെ രൂപപ്പെടുത്തി.

50 വർഷത്തോളം വിശുദ്ധ പോൾ ഇറ്റലിയുടെ സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അതിമാനുഷമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. എന്നിരുന്നാലും, ഒരു ദാസനായും, ഒരു പാപിയായുമാണ് വിശുദ്ധൻ തന്നെ തന്നെ വിചാരിച്ചിരുന്നത്.
പ്രകൃതിശക്തികൾ പോലും വിശുദ്ധൻ ക്രൂശിതരൂപം കാണിക്കുമ്പോൾ അനുസരിച്ചിരുന്നു. ഒരിക്കൽ സാന്താഫ്ളൂറയിൽ വിശുദ്ധന്റെ പ്രസംഗം കേൾക്കാൻ ആളുകൾ പള്ളിക്കുള്ളിൽ തടിച്ചുകൂടി . പള്ളിക്കുപുറത്തും അനേകായിരങ്ങൾ നിന്ന് വിശുദ്ധനെ ശ്രവിച്ചു കൊണ്ടിരുന്നു. ഇരുകൂട്ടർക്കും കേൾക്കാൻ വേണ്ടി വിശുദ്ധ പോൾ പള്ളിവാതിൽക്കൽ നിന്ന് പ്രസംഗിച്ചു കൊണ്ടിരുന്നു. ശാന്തവും പ്രകാശമാനവുമായ അന്തരീക്ഷം പെട്ടെന്ന് കറുത്തിരുണ്ടു, തുള്ളിക്കൊരുകുടം എന്നപോലെ മഴ പെയ്യാൻ തുടങ്ങി. ആളുകൾ തലങ്ങും വിലങ്ങും ഓടി. പിശാചിന്റെ പണി ആണെന്നു മനസ്സിലാക്കിയ വിശുദ്ധൻ ക്രൂശിതരൂപമെടുത്തു നീട്ടിപ്പിടിച്ചു പ്രാർത്ഥിച്ചു . ഉടനെ മഴ നിന്നു. ആളുകൾ തിരിച്ചുവരുമ്പോൾ നനഞ്ഞു കുതിർന്നിരുന്ന തങ്ങളുടെ വസ്ത്രങ്ങൾ ഉണങ്ങിയതു കണ്ട് അമ്പരന്നു.
1775-ൽ തന്റെ 81-മത്തെ വയസ്സിൽ റോമിൽവെച്ച് വിശുദ്ധൻ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.




🙏🙏
🥰🥰❤️❤️🥰🥰