Wednesday, April 30, 2025
Homeസ്പെഷ്യൽസ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് - ഭാഗം 17) പട്ടുപൂക്കളും “തലോടി”യും ✍ അവതരണം: ഗിരിജാവാര്യർ

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം 17) പട്ടുപൂക്കളും “തലോടി”യും ✍ അവതരണം: ഗിരിജാവാര്യർ

ഗിരിജാവാര്യർ

ഇക്കഴിഞ്ഞ ക്രിസ്മസിന് എന്റെ മാഷിന്റെ വീട് വരെ ഒന്ന് പോയതാ. തിരിച്ചിറങ്ങുമ്പോൾ, മതിലിൽ നിന്നുപുറത്തേക്ക്ചാഞ്ഞ്, ഒരു വട്ടി നിറയെ പൂക്കളുമായി നിൽക്കുന്നു പട്ടുപൂക്കൾ. (നിങ്ങളൊക്കെ ഇതിനെ എന്തു പേരിട്ടാ വിളിക്ക്യാ എന്നെനിക്കറിയില്ല ) ഒനിയൻ പിങ്ക് കളറിലും, കടും വയലറ്റ് നിറത്തിലും, വെള്ള നിറത്തിലുമൊക്കെ ഇവളങ്ങനെ പൂത്തുനിൽക്കും. എന്റെ ഓർമ്മകളെ യു. പി. ക്‌ളാസുകളിലേക്ക് കൊണ്ടുപോകാൻ ഇവൾക്ക് കഴിഞ്ഞു.

തലമുടിയുടെ കാര്യത്തിൽ കടുത്ത ദാരിദ്ര്യം അനുഭവിച്ച ഒരു കുട്ടിക്കാലമായിരുന്നു എന്റേത്!(ഇപ്പോഴും അതിനു വല്ല്യേ വ്യത്യാസമൊന്നും വന്നിട്ടില്ല.) കറുപ്പൊട്ടുമില്ലാതെ, ചെമ്പിച്ച് കൂർത്തുനിൽക്കുന്ന നാലു രോമങ്ങൾ ആയിരുന്നു എന്റെ ആകെയുള്ള സമ്പാദ്യം!അതുകൊണ്ട് അച്ഛനെനിക്കൊരു പേരും ഇട്ടു. “ചെമ്പൻകുഞ്ഞ് “ന്ന്. വാത്സല്യത്തോടെ അച്ഛൻ ആ പേര് നീട്ടിവിളിക്കുമ്പോൾ എനിക്ക് കലി കയറും. മുടി ഉണ്ടാവാത്തത് എന്റെ കുറ്റം കൊണ്ടാണോ? അമ്മയ്ക്കായിരുന്നു ഏറെ സങ്കടം. കുറേ അധികം കാച്ചെണ്ണകൾ ഞാൻ തേച്ചു,എല്ലാം പാവം അമ്മയുടെ അദ്ധ്വാനത്തിൽ പിറന്നവ! ഇന്നത്തെപ്പോലെ അന്ന് കാച്ചെണ്ണ കടയിൽനിന്ന് വാങ്ങുന്ന ശീലം ഉണ്ടായിരുന്നില്ല. ഇനി കിട്ടാഞ്ഞിട്ടാണോ എന്തോ? വൈദ്യശാലയിൽപ്പോയി വൈദ്യരുടെ കുറിപ്പടി വാങ്ങി, അങ്ങാടിമരുന്നുകളും പച്ചമരുന്നുകളും വെവ്വേറെ ശേഖരിച്ച്, ഇടിച്ചുപിഴിഞ്ഞ്,നീരെടുത്ത്, നാളികേരപ്പാലൊക്കെ ചേർത്ത് അമ്മ ഉരുളിയിൽ കാച്ചിയെടുക്കും.അതു മൂത്തുവരുമ്പോൾ ഒരു മണമുണ്ട്. മണത്തിനു മാറ്റുകൂട്ടാൻ പച്ചക്കർപ്പൂരവും . പറിച്ചെടുക്കുന്ന മരുന്നുകൾക്കായി, അമ്മ പാടവരമ്പിലൊക്കെ തെണ്ടിനടന്ന് കഞ്ഞുണ്ണി (കയ്യോന്നി )യും, പറമ്പിൽനിന്ന് മൈലാഞ്ചിയിലയും, ചെമ്പരത്തിയുമൊക്കെ ശേഖരിക്കും. അച്ഛന്റെ മേശവലിപ്പിൽ അങ്ങനെ ജീവിതംഹോമിച്ച പലജാതി കുറിപ്പടികളുണ്ട്. എല്ലാം എന്റെ മുടിവളർച്ചക്കുവേണ്ടി! ഇടയ്ക്കൊക്കെ കണ്ണിൽ കുരു വരുന്ന ഒരു ഗതികേടും എനിക്കുണ്ടായിരുന്നു. അതിനുമുണ്ട്‌ വൈദ്യന്റെ പ്രതിവിധി എണ്ണ. മാഞ്ചി, മഞ്ചട്ടി, ശീമപ്പച്ചില എന്നീ വാക്കുകളൊക്കെ അങ്ങനെയാണ് ആദ്യമായി കേൾക്കുന്നത്. എല്ലാ കുറിപ്പടികളും അവസാനിക്കുന്നത്”അരക്കിലമർന്ന പാകത്തിൽ അരിച്ചെടുക്കുക “ എന്ന വാക്യത്തിലായിരിക്കും.

എന്നാൽ ഈ വൈകല്യത്തിനിടയിലും,എന്റെ തലമുടിക്കു പൂ ചൂടാൻ യോഗം ധാരാളം ണ്ടായീര്ന്നു എന്നുവേണം പറയാൻ. മുറ്റത്തു വിരിയണ റോസാപ്പൂവ്, പിച്ചിപ്പൂവ്വ്, പിന്നെ ഈ പട്ടുപൂക്കൾ എല്ലാം എന്റെ മുടിയെ അലങ്കരിക്കും. പട്ടുപൂക്കളുടെ നീളൻകാലുകൾ പരസ്പരം പിരിച്ചു നൂലോ, നാരോ ഇല്ലാതെ മാല കോർക്കാൻ അമ്മയ്ക്കറിയും. കർക്കടകമാസമായാൽ ഇതിന്റെ കൂടെ ദശപുഷ്പമാലയും ഉണ്ടാവും. എന്റെ കൊച്ചുമുടിയിൽ ഇതൊക്കെ സ്ലെയ്ഡിൽ ബാലൻസ് ചെയ്തുനിർത്തി അമ്മ നിർവൃതിയടയും. ഞാനാണെങ്കിലോ ഇതുതന്നെ ചന്തം എന്ന നിലയിൽ ഞെളിഞ്ഞങ്ങു നടക്കും. ഒരുദിവസം അഞ്ചാംക്ലാസ്സിൽ കർക്കടകം ഒന്നിന് ഇങ്ങനെ ദശപുഷ്പവും വച്ച് ക്‌ളാസിലിരുന്നപ്പോൾ രാമദാസൻ മാഷുടെ പരിഹാസം “ഇങ്ങനെ വന്നാൽ വാരസ്യാരേ, തല പൈയ്യ് കപ്പും “എന്ന്. എനിക്കങ്ങു സങ്കടം വന്നു. “എന്താ ന്റെ തല പുല്ലുവട്ടിയോ മറ്റോ ആണോ, പൈയ്യ് കപ്പാൻ? “ അതും എല്ലാ കുട്ട്യോളുടേം മുമ്പിൽവച്ച്.. എന്റെ ഇമേജ് ആകെ തകർന്നു തരിപ്പണമായീല്ല്യേ! ഏതായാലും അതിനുശേഷം സ്കൂളിലേക്ക് ഞാൻ ദശപുഷ്പം ചൂടി പോയിട്ടില്ല്യാ. കർക്കടകം മുഴുവനും അത് ചൂടണം എന്നത് ആചാരമാണ്.എഴുന്നേറ്റു പല്ലുതേച്ചു കാലും മുഖവും കഴുകി, ശീവോതിക്കൂട്ടിൽ വച്ച ദശപുഷ്പം ചൂടിയാലേ കാപ്പി കിട്ടൂ. (കുളിക്കണം എന്ന നിർബന്ധം, എന്റെ പ്രതിഷേധവും, അച്ഛന്റെ സപ്പോർട്ടും കാരണം, അമ്മ നേരത്തേതന്നെ ഉപേക്ഷിച്ചിരുന്നത് ഭാഗ്യം).സ്കൂളിലെ ഈ സംഭവത്തിനുശേഷം, രാവിലെ ചൂടിയ ദശപുഷ്പമാല സ്കൂൾസമയമാവുമ്പോഴേക്ക് വേലിമുള്ളിനിടയിൽ ഇടംനേടും.

എന്റെ പൂചൂടൽ നിർബ്ബാധം തുടർന്നു കൊണ്ടേയിരുന്നു. ഡിഗ്രി ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ അമ്മയുടെ തറവാട്ടിൽ ആയിരുന്നു. അവിടം പൂക്കളുടെ ഒരു നിരതന്നെയുണ്ട്. മുല്ലപൂക്കുന്ന കാലമായാൽ രാജമുല്ല കോയമ്പത്തൂർ മുല്ല, അരിമുല്ല ഇങ്ങനെ പലജാതി. ഇതിന് പുറമെ ഗന്ധരാജൻ എന്ന് വിളിക്കുന്ന ആനമുല്ലയും. ഡിഗ്രി ക്ലാസ്സിൽ എത്തിയപ്പോഴേക്കും ഞാൻ മുല്ലപ്പൂവിലേക്കും റോസാപ്പൂവിലേക്കുംമാത്രം ചുരുങ്ങി. വല്യമ്മയ്ക്ക് (അമ്മയുടെ ചേച്ചി ) പെൺകുട്ട്യോള് കണ്ണ്ഴുതണം എന്നു നിർബന്ധാ. തിലകക്കുറിയും വേണം. അതിനുമുണ്ട് വല്യമ്മയുടെ ഒരു പ്രമാണം, “ കുളിച്ചാൽ തൊടാത്തോനെ, തൊട്ടാൽ കുളിക്കണം” ന്ന്. ചുരുക്കത്തിൽ കണ്ണെഴുതി, പൊട്ടുതൊട്ട്, പൂവും ചൂടിയായിരുന്നു എന്റെ നിത്യവുമുള്ള കോളേജിൽപോക്ക്. അക്കാലത്ത് എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിഎന്നു പറയാവുന്ന ഒരു സുഹൃത്തുണ്ട്. പേര് സുജാത. ആള് കുറച്ച് ആധുനികരീതിയിൽ വസ്ത്രധാരണം ചെയ്യുന്ന പ്രകൃതമാണ്. എന്റെ ഈ കണ്ണെഴുത്തും തിലകക്കുറിയും മൂപ്പത്തിക്കത്ര പിടിക്കുന്നില്ല.

“ഡോ.. വാര്യരേ, താൻ ദ് ഒന്നൂല്ല്യാണ്ടേ ഒരീസം വാ.. ഈ തിലകക്കുറീം കണ്ണെഴുത്തുമൊന്നും ഇല്ലാതെ.. “

കൂട്ടുകാരിയുടെ മോഹമല്ലേ.ഞാൻ സമ്മതിച്ചു.
പിറ്റേന്ന് വല്യമ്മയെ പറഞ്ഞു മനസ്സിലാക്കി ശൂന്യമായ മുഖത്തോടെ ഞാൻ ക്‌ളാസിലെത്തി. സുജാത എന്നെ ആപാദചൂഡം ഒന്നുനോക്കി. പിടിച്ചിട്ടില്ലെന്നു വ്യക്തം. പക്ഷേ പറയാൻ പറ്റുമോ? അവൾതന്നെ കുഴിച്ച കുഴിയല്ലേ?
British History പഠിപ്പിക്കുന്ന രാധ മിസ്സിനൊരു സ്വഭാവമുണ്ട്. ലാസ്റ്റ് ക്‌ളാസിലെ പാഠഭാഗം ഒന്നു റീവൈൻഡ് ചെയ്യൽ.. അത് ചോദ്യോത്തരങ്ങളുടെ രൂപത്തിലായിരിക്കും. സ്ഥിരം ചോദ്യശരങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട അഞ്ചാറു കുട്ടികളുടെ കൂട്ടത്തിൽ എന്നും ഞാൻ ഉണ്ടാവും. അന്നും മിസ്സ്‌ പതിവുതെറ്റിച്ചില്ല. പക്ഷേ, എന്റെ ഊഴമെത്തിയപ്പോൾ ഒന്ന് മടിച്ചുനിന്നു. മുഖത്ത് ഒന്നിരുത്തിനോക്കിയ ശേഷം മിസ്സ്‌ skip ചെയ്തു. ഞാൻ അദ്ഭുതപ്പെട്ടുപോയി. അന്ന് ക്‌ളാസ് കഴിയാൻനേരം ഡെസ്കിനരികിലേക്ക് വന്ന മിസ്സ്‌ ചെറിയ ശബ്ദത്തിൽ ചോദിച്ചു.
“വാട്ട്‌ ഹാപ്പെൻഡ് റ്റു യൂ? ആർ യൂ ഓക്കേ? “
“ഐ ആം ഫൈൻ മിസ്സ്‌.. താങ്ക്യൂ “
എന്നും പറഞ്ഞ് ഞാൻ സുജാതയെനോക്കി ചിരിച്ചു. മിസ്സ്‌ പോയിക്കഴിഞ്ഞപ്പോൾത്തന്നെ അവൾ ആ അലിഖിതനിയമവുമുണ്ടാക്കി.
“വാര്യരേ, താനിനി എന്നും തന്റെ തിലകക്കുറിയുമായി ക്ലാസ്സിൽ വന്നാൽ മതി. ഇന്ന് തന്നെകണ്ടാൽ വല്ല ‘Burial’ ലും കഴിഞ്ഞു വരുമ്പോലെണ്ട്.”
അങ്ങനെ ഞാനെന്റെ പൊട്ടും പൂവുമായി വീണ്ടും കാലം കഴിച്ചു.

പി. ജി. ഫൈനൽ ഇയറിനു പഠിക്കുമ്പോഴാണ് കല്യാണാലോചന. പെണ്ണ്കാണലിന് വാര്യേത്തെത്തിയ അമ്മായിയമ്മക്ക്‌ എന്റെ മുടി കണ്ട് സങ്കടം. വാത്സല്യത്തോടെ എന്റെ തലമുടിയിൽ തഴുകി അവര് ചോദിച്ചു,

“ഗിരിജേടെ മുടിയൊക്കെ കൊഴിഞ്ഞുപോയതാ? “

“ഹേയ്.. അവൾക്കിപ്പോ മുടി ണ്ടായതല്ലേ!”

ഉടൻവന്നു വല്യമ്മയുടെ നിഷ്കളങ്കമായ പ്രതികരണം.
പറഞ്ഞത് സത്യമാണെങ്കിലും തള്ളിപ്പോയ എന്റെ അമ്മായിയമ്മയുടെ കണ്ണുകൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്!

കല്യാണം കഴിഞ്ഞപ്പോൾ അമ്മയുടെ മൂത്ത ചേച്ചി, അതായത് എന്റെ മറ്റൊരു വല്യമ്മ, എനിക്കൊരു നിർദ്ദേശം തന്നു.
“അപ്പേ.. രാഘവൻ ആയുർവേദ ഡോക്ടറല്ലേ, തലോടി ണ്ടാവാന്ള്ള നല്ല എണ്ണ ഏതാ ന്ന് ചോയ്ച്ച് വാങ്ങി തേക്കണം ട്ടോ!”

ഞാനിത് സമയവും സന്ദർഭവും നോക്കി ആര്യപുത്രനു മുമ്പിൽ അവതരിപ്പിച്ചു. അപ്പോൾ എനിക്കു കിട്ടിയ ശാന്തമായ മറുപടി ഇതാണ്!

“അതേയ്, നെന്റെ വല്യമ്മയോട് പറഞ്ഞേക്കൂ, പാറപ്പൊറത്ത് പുല്ല് മുളപ്പിക്കണ വിദ്യയൊന്നും ഈ വൈദ്യന്മാർക്ക്‌ വശല്ല്യാ ന്ന്!”

ഇന്നീ പട്ടുപൂക്കൾ എന്നെ ഓർമ്മത്തെല്ലിലെങ്ങോട്ടെയ്ക്കോ കൊണ്ടുപോയി.ഈ മനസ്സിന്റെ കാര്യേ…ശരിക്കുമൊരു കുട്ടിക്കൊരങ്ങൻതന്നെ!!

അവതരണം: ഗിരിജാവാര്യർ

RELATED ARTICLES

4 COMMENTS

  1. കലക്കി! ഓരോ ആഴ്ചയും മാഡത്തിന്റെ സ്വപ്നശകലങ്ങൾ വായിക്കാൻ ഞാൻ കാത്തിരിക്കും. 😀👍

  2. ഹൃദയത്തിൽ നിന്നും ഒഴുകിയെത്തുന്ന അനുഭവകുറിപ്പ് വായിക്കുവാൻ നല്ല രസം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ